കാവലിരിക്കേണ്ട വോട്ടുയന്ത്രങ്ങള്‍

വോട്ടുയന്ത്രം സൂക്ഷിച്ച മുറികളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതും സി.സി.ടി.വി കാമറ ഓഫാക്കിവെച്ചതും എന്തിനാണ്? വോട്ടുയന്ത്രം താഴിട്ടു സൂക്ഷിച്ച മുറിയിലേക്ക് രാത്രിയില്‍ വലിയ പെട്ടികളില്‍ കൊണ്ടുവന്ന് വെച്ചതെന്താണ്? സര്‍ക്കാര്‍ ഹൈസ്കൂളിലെ ഹെഡ്മാസ്​റ്റര്‍ വോട്ടുയന്ത്രവുമായി വീട്ടില്‍ പോയതെന്തിനാണ്? താമസിക്കന്‍ അവര്‍ക്ക് പ്രത്യേകമായൊരുക്കിയ സ്ഥലം ഒഴിവാക്കി പോളിങ്​ ഉദ്യോഗസ്ഥര്‍ ബി.ജെ.പി നേതാവി​​​െൻറ ഹോട്ടലിലേക്ക് താമസം മാറ്റിയത് എന്തിനാണ്? ഈ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിന് തലേന്ന് വോട്ടുയന്ത്രങ്ങള്‍ ബി.ജെ.പി നേതാവി​​​െൻറ ഹോട്ടലില്‍ കൊണ്ടു വന്നു വെച്ചതെന്തിനാണ്? നിരവധി പോളിങ്​ ബൂത്തുകളിലെ വോട്ടുപെട്ടികള്‍ രണ്ടുദിവസം കഴിഞ്ഞശേഷം സ്ട്രോങ്​ റൂമിലേക്ക് കൊണ്ടുവന്നതെന്തുകൊണ്ടാണ്?

ബി.ജെ.പി ജയിച്ച ഫലമറിഞ്ഞ ശേഷം എതിരാളികള്‍ ഉന്നയിച്ച ചോദ്യങ്ങളല്ല ഇത്. വോട്ടുകളെണ്ണാന്‍ ഇനിയും ദിവസങ്ങളുള്ള മധ്യപ്രദേശിലെയും ഛത്തിസ്ഗഢിലെയും വോട്ടര്‍മാര്‍ ചോദിച്ച ചോദ്യങ്ങളാണിവ. ആ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ് മത്സരിച്ച സ്ഥാനാര്‍ഥികളുടെ അനുയായികള്‍ വോട്ടെണ്ണുന്ന ദിവസംവരെ വോട്ടുയന്ത്രത്തിലാക്കിയ സമ്മതിദാനാവകാശത്തിന് കാവലിരിക്കാന്‍ തീരുമാനിച്ചത്. സര്‍വാധികാരമുള്ള ഒരു തെരഞ്ഞെടുപ്പ് കമീഷനും ആ കമീഷന് കീഴില്‍ എന്തും ചെയ്തു കൊടുക്കാന്‍ സന്നദ്ധതയുള്ള സംവിധാനങ്ങളുമുണ്ടായിട്ടും രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും സുതാര്യമെന്ന് അവകാശപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് പൗരന്മാര്‍ കാവലിരിക്കേണ്ടി വരുന്നത് എന്തുമാത്രം അപഹാസ്യമാണ്.

അറംപറ്റുന്ന മുന്നറിയിപ്പുകള്‍
തെരഞ്ഞെടുപ്പി​​​െൻറ നാഡിമിടിപ്പുകളറിയാന്‍ സംസ്ഥാനമൊട്ടുക്കും സഞ്ചരിച്ച ശേഷം ഭോപാലി​െലത്തിയപ്പോള്‍ കണ്ട ഉന്നത പൊലീസ് ഒാഫിസര്‍ പറഞ്ഞ വാക്കുകള്‍ അറംപറ്റുന്ന തരത്തിലുള്ള വാര്‍ത്തകളാണ് വോട്ടെടുപ്പ് കഴിഞ്ഞ ദിവസം തൊട്ട് അവിടെനിന്ന് വന്നുകൊണ്ടിരിക്കുന്നത്. കര്‍ഷകരിലും ദലിതുകളിലും മാത്രമല്ല, തനിക്ക് കീഴിലുള്ള പൊലീസ് ജീവനക്കാരില്‍ പോലും നുരഞ്ഞുപൊന്തുകയാണ് ഭരണവിരുദ്ധ വികാരമെന്ന് പറഞ്ഞശേഷം അത് മറികടക്കാന്‍ ഏതു തരത്തിലുള്ള നീക്കങ്ങളും മറുഭാഗത്തുനിന്നുണ്ടാകുമെന്ന് ആ ഒാഫിസര്‍ അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന്, വോട്ടുയന്ത്രങ്ങളെക്കുറിച്ച് ഛത്തിസ്ഗഢില്‍ നിന്നുയര്‍ന്ന പരാതികള്‍ ചുണ്ടിക്കാണിക്കുകയും ചെയ്തു. ജില്ല ഭരണകൂടവും പൊലീസ് സംവിധാനവും വിചാരിച്ചാല്‍ വോട്ടുയന്ത്രത്തിലും അട്ടിമറി നടത്താന്‍ കഴിയുമെന്നും കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ വ്യാപകമായി അരങ്ങേറിയ പരാതികള്‍ക്ക് ഇത്തരം ഉദ്യോഗസ്ഥരാണ് കാരണക്കാരെന്നും ഉന്നത പൊലീസ് ഒാഫിസര്‍ വ്യക്തമാക്കിയിരുന്നു. ഈ രണ്ട് കൂട്ടരുടെ അനുവാദവും ആസൂത്രണവുമില്ലാതെ വോട്ടുയന്ത്രങ്ങളില്‍ അട്ടിമറി നടത്താന്‍ കഴിയില്ലെന്നും ഒാഫിസര്‍ പറഞ്ഞു.

സമയം കഴി​െഞ്ഞത്തിയ വോട്ടുയന്ത്രങ്ങള്‍
മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ പോളിങ്​ ബൂത്തുകളില്‍ നിന്നുള്ള 34 വോട്ടുയന്ത്രങ്ങള്‍ 48 മണിക്കൂര്‍ കഴിഞ്ഞ് നമ്പര്‍ പ്ലേറ്റില്ലാത്ത സ്കൂള്‍ ബസിലും മിനി ട്രക്കിലുമായി കൊണ്ടുവന്നിറക്കിയത് വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഇതിന് അനുവാദം നല്‍കിയ ജില്ല കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനുമെതിരെ നടപടി വേണമെന്ന ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങി. ബി.ജെ.പിയുടെ എം.എല്‍.എക്ക് ബന്ധമുള്ള ഹോട്ടല്‍ മുറിയില്‍നിന്ന് വോട്ടുയന്ത്രങ്ങള്‍ പിടികൂടിയതിന് സമാനമായ സംഭവം എന്ന നിലക്കാണ് കോണ്‍ഗ്രസ് നടപടി ആവശ്യപ്പെട്ടത്. വോട്ടുയന്ത്രങ്ങള്‍ ബി.ജെ.പി നേതാവി​​​െൻറ ഹോട്ടലില്‍ വെച്ച പോളിങ്​ ഉദ്യോഗസ്ഥരെ രാത്രി ജനം വളഞ്ഞതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍, സ്കൂള്‍ ബസില്‍ രണ്ടുദിവസം കഴിഞ്ഞ് കൊണ്ടുവന്നിറക്കിയത് വോട്ടെടുപ്പിന് ഉപയോഗിക്കാത്ത കരുതലിന് വെച്ചവയാണെന്ന മറുപടിയാണ് ജില്ല ഭരണകൂടം നല്‍കിയത്.

അതേസമയം, വോ​െട്ടടുപ്പ്​ കഴിഞ്ഞ് ബൂത്ത് അടച്ച് മടങ്ങുമ്പോള്‍ കരുതലിന് വെച്ച ഇത്രയും വോട്ടുയന്ത്രങ്ങള്‍ കൂടെ എടുക്കാതെ രണ്ടുദിവസം കഴിഞ്ഞ് കൊണ്ടുവന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയില്ല. ഈ തരത്തില്‍ വോട്ടുയന്ത്രങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്കെതിരെ നിയമ നടപടിയൊന്നും എടുത്തിട്ടില്ല. സമ്മതിദാനാവകാശം വോട്ടുയന്ത്രങ്ങളിലാക്കി സൂക്ഷിച്ച് വോട്ടെണ്ണി തുടങ്ങും മുമ്പാണ് ഇക്കുറി വോട്ടുയന്ത്രങ്ങളെക്കുറിച്ച്​ ആക്ഷേപങ്ങളുയര്‍ന്നു തുടങ്ങിയ​തെന്നത്​ ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രതികൂടലമാകുമ്പോള്‍ വോട്ടുയന്ത്രങ്ങളെ പഴി പറയുന്നുവെന്ന് ഇനിയാര്‍ക്കും പറയാനാവില്ല.

പരിഹാരത്തി​​​െൻറ ഗുജറാത്ത് മോഡല്‍
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടുയന്ത്രങ്ങളില്‍ അട്ടിമറി നടത്താന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ബി.ജെ.പി സര്‍ക്കാറിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം ഉയര്‍ന്നിരുന്ന സൂറത്തില്‍ വോട്ടുയന്ത്രം മാറ്റിവെക്കാനുള്ള ശ്രമത്തിനെതിരെ ജനങ്ങള്‍ നടത്തിയ ചെറുത്തുനില്‍പിനിടയില്‍ വെടിവെപ്പ്​ പോലുമുണ്ടായി.

അത്തരം പരാതികളില്‍ പരിഹാര നടപടിയൊന്നും തെരഞ്ഞെടുപ്പ് കമീഷ​​​െൻറ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. അതേസമയം, പരാതികളെ ജാഗ്രതയോടെ നേരിട്ട് ഏറെക്കുറെ കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞത് ജിഗ്​നേഷ് മേവാനിയുടെ മണ്ഡലത്തില്‍ മാത്രമാണ്. പുറത്തുനിന്നുപോലും ത​​​െൻറ വളൻറിയര്‍മാരെ ഇറക്കി വോട്ടുനാളില്‍ നടത്തിയ പഴുതടച്ച ബൂത്ത് പ്രവര്‍ത്തനത്തിലൂടെയാണ് കൈവിട്ടുപോകുമെന്ന് കരുതിയിരുന്ന ജയം സാമാന്യം മികച്ച ഭൂരിപക്ഷത്തിന് നേടാന്‍ മേവാനിക്ക് കഴിഞ്ഞത്. ഗുജറാത്തിലെ മറ്റു മണ്ഡലങ്ങളെന്ന പോലെ അമര്‍ത്തുന്ന വോട്ടുകളൊക്കെ താമരക്ക് പോകുന്ന വോട്ടുയന്ത്രങ്ങളുടെ പതിവ് രോഗം മേവാനിയുടെ മണ്ഡലത്തില്‍ വ്യാപകമായുണ്ടായിരുന്നു. എന്നാല്‍, അത്തരം യന്ത്രങ്ങള്‍ മാറ്റിവെക്കാതെ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് വാശിയില്‍ മേവാനിയുടെ ബൂത്ത് ഏജൻറുമാര്‍ ഉറച്ചു നിന്നു. അനാവശ്യമായ പരാതികളുന്നയിച്ച് വോട്ടെടുപ്പ് തടസ്സപ്പെടുത്തുകയാണെന്ന് ബി.ജെ.പി എതിര്‍പ്രചാരണം നടത്തി.

താമരക്ക് മാത്രം വീഴുന്ന വോട്ടുയന്ത്രങ്ങള്‍ക്ക് പകരം വെക്കാന്‍ റിസര്‍വ് ആയി വെച്ച യന്ത്രങ്ങളും മതിയാകാതെ വന്നു. അവിടംകൊണ്ടും നിര്‍ത്താതെ, നിര്‍ത്തിവെച്ച അത്രയും സമയം വോട്ടെടുപ്പ് വെകീട്ട് നീട്ടിവെപ്പിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരാതി പരിഹരിക്കാന്‍ കഴിയാതിരുന്ന മൂന്ന് ബൂത്തുകളില്‍ റീപോളിങ്ങും മേവാനി നടത്തിച്ചു. മേവാനിയുടെ വളൻറിയര്‍മാര്‍ വോട്ടെടുപ്പ് നാളില്‍ നടത്തിയ നിരന്തരമായ പോരാട്ടത്തെ തുടര്‍ന്നാണ് തോല്‍ക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച മേവാനി 20,000ത്തിലേറെ വോട്ടി​​​െൻറ ഭൂരിപക്ഷത്തിന് ജയിച്ചത്. അതേസമയം, വോട്ടുയന്ത്രങ്ങളെ കുറിച്ചുള്ള പരാതി പരിഹാരത്തിന് ഇഞ്ചോടിഞ്ച്​ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് വന്‍വിജയം കാത്തിരുന്ന സൂറത്തിലെ മണ്ഡലങ്ങളിലെല്ലാം ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

Tags:    
News Summary - Voting Machine - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.