???????? ?????? ???????????????? ??? ?????? ??????? ????? ????????? ????????

സവര്‍ണർക്ക്​ ഉത്സവം ആഘോഷിക്കാൻ അവര്‍ണരുടെ സമരപ്പന്തല്‍ പൊളിക്കണോ ‍?

നമ്പൂതിരി നടക്കുന്ന അതേ വഴി തന്നെ നടക്കാനും പൊതു ഇടങ്ങളുണ്ടാക്കാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അയ്യന്‍കാളി തുടങ്ങിവെച്ച സമരം തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവര്‍ ഭരണം നടത്തുന്ന ഉത്തരാധുനിക കാലഘട്ടത്തിലും തുടരുകയാണ്. കാളനും കൂളനും കയറി നിരങ്ങാനുള്ളതല്ല അമ്പലമെന്ന ജാതിമേല്‍ക്കോയ്മയുടെ വാക്കുകള്‍ ഒട്ടും പ്രതാപം നഷ്ടപ്പെടാതെ നമ്മുടെ സമൂഹത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നുണ്ട്. ഈ വാക്കുകളാണ് എറണാകളും പുത്തന്‍ കുരിശ് വടയമ്പാടിയിലെ ദലിത് സമൂഹം കുറച്ചു കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി പൊതുഇടമായി കരുതിയിരുന്ന  മൈതാനം മതില്‍ കെട്ടി തിരിക്കാനുള്ള ശ്രമത്തിനെതിരെ നടത്തിയ ചെറുത്ത് നില്‍പ്പ് ഞായറാഴ്ച സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പോടെ പൊളിച്ചടുക്കി. 

കൊള്ളക്കാരെ പിടിക്കാനെന്ന പോലെ ഞായറാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എത്തി സമര സമിതിയുടെ പന്തല്‍ പൊളിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് വിഫലമാക്കി. എട്ട് സമരസമിതി പ്രവര്‍ത്തരെ അറസ്റ്റു ചെയ്തു. പ്രതിഷേധക്കാരെ ഒഴിപ്പിച്ച ശേഷം ഞായറാഴ്ച ഉച്ചയോടെ എൻ.എസ്.എസി​​​െൻറ മേല്‍നോട്ടത്തില്‍ മൈതാനത്തിലൂടെ പുതിയ വഴിവെട്ടി നട കെട്ടി ക്ഷേത്രത്തി​​​െൻറ ബോര്‍ഡും സ്ഥാപിച്ചു. യാതൊരു വിധ നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്ന് കലക്ടറുടെ ഉത്തരവുള്ളിടത്താണ് പൊലീസിനെ കാവല്‍ നിര്‍ത്തി മേലാളന്‍മാര്‍ വഴി വെട്ടി ബോര്‍ഡ് സ്ഥാപിച്ചത്. സമരത്തിലെ നേതാക്കന്‍മാരെല്ലാം പൊലീസ് സ്റ്റേഷനിലായിരുന്നു. ബാക്കിയുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു പറ്റം ആളുകളെ പൊലീസ് ഭീഷണിപ്പെടുത്തി ഒതുക്കി നിര്‍ത്തി. അങ്ങനെ തര്‍ക്കത്തിലിരിക്കുന്ന ഭൂമിയില്‍ പട്ടാപ്പകല്‍ എല്ലാ നിയമങ്ങളേയും പല്ലിളിച്ച് കാണിച്ച് നിയമപാലകരെ നിയമലംഘനത്തിന് കാവല്‍ നിര്‍ത്തി വഴി വെട്ടി. ഉത്സവം തുടങ്ങുന്നതിന് മുന്നോടിയായി താലം പോകുന്നതിന് ദലിതരുടെ സമരപ്പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് അധികാരികളെ സമീപിച്ചിരുന്നു. ഉത്സവം നടത്തുന്നതിനാവശ്യമായ സൗകര്യം ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. മൈതാനത്തിനിരുവശത്തുകൂടിയുമുള്ള റോഡിലൂടെയാണ് ഇക്കാലമത്രയും താലം എഴുന്നള്ളിച്ചിരുന്നത്. എന്നാല്‍ ഇക്കൊല്ലം തര്‍ക്കഭൂമിയായ മൈതാനത്തിലൂടെ താലം എഴുന്നള്ളിച്ചാല്‍ മാത്രമെ ദേവി പ്രീതിപ്പെടുകയുള്ളു എന്ന് ക്ഷേത്രം ഭാരവാഹികള്‍ക്ക് തോന്നിയിരിക്കാം. 

ഞായറാഴ്ച പൊലീസ് സാന്നിധ്യത്തില്‍ വഴി വെട്ടി കെട്ടിയ നട
 


ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സമരപ്പന്തല്‍ പൊളിച്ച് നീക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് എൻ.എസ്.എസ് നേതൃത്വം  ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയത്. അധികൃതര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതോടെ ദലിത് ഭൂ സമര മുന്നണി സമരപ്പന്തലില്‍ ശനിയാഴ്ച രാവിലെ മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. സമരം തുടരവെയാണ്  ഞായറാഴ്ച മൂവാറ്റുപുഴ ഡി.വൈ.എസ് പിയുടെ നേതൃത്വത്തില്‍ പന്തല്‍ പൊളിച്ചുനീക്കിയത്. 

പ്രതിഷേധവുമായെത്തിയ സമരസമിതി കണ്‍വീനര്‍  എം.പി. അയ്യപ്പന്‍കുട്ടി, പി.കെ. രാമകൃഷ്ണൻ, വി.എ. പ്രകാശന്‍, വി.കെ. പ്രവീൺ, വി.കെ. പ്രശാന്ത്, വി.കെ. രതീഷ്, ഐ. ശശിധരൻ, വി.കെ. മോഹനന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിനിടെ സമരക്കാരനായ വി.കെ. മോഹനന്‍ മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ഞായറാഴ്ച രാവിലെ സമര സ്ഥലത്തെത്തിയ കണ്ണൂര്‍ പയ്യന്നൂര്‍ ചിറക്കുണ്ടില്‍ അഭിലാഷ് (28), മൂവാറ്റുപുഴ വൈശാഖില്‍ അനന്തു(22) എന്നീ മാധ്യമ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു.  സമര സ്ഥലത്തെത്തി ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു ഇരുവരും. അഭിലാഷിനെതിരെ നിറ്റ ജലാറ്റിന്‍ ആക്രമണക്കേസ് ആരോപിക്കുന്ന പൊലീസ്, അനന്തു മാവോവാദി വിദ്യാര്‍ഥി സംഘടനയുടെ ഭാരവാഹിയാണെന്നും പറയുന്നു. ഇവരുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെന്നുമാണ് പൊലീസ് ഭാഷ്യം. ഇരുവരെയും റിമാന്‍ഡ് ചെയ്തു.  പൊലീസി​​​െൻറ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി സമരസമിതി പ്രവര്‍ത്തകനായ വടയമ്പാടി ഐവേല്‍ ശശിധരനെയും (41) റിമാന്‍ഡ് ചെയ്തു. 

വടയമ്പാടിയിലെ ദലിതരുടെ സമരത്തിന്​ രണ്ടു വർഷത്തിലേറെ പഴക്കമുണ്ട്​. ഐക്കരനാട് പഞ്ചായത്തിലെ 13ാം വാര്‍ഡില്‍പ്പെട്ട ഭജനമഠം, ലക്ഷം വീട്, സെറ്റില്‍മ​​െൻറ്​, ബലിമുഗള്‍ എന്നീ പട്ടികജാതി കോളനികളിലെ 150ഓളം കുടുംബങ്ങളാണ് സമരത്തിലുള്ളത്. രണ്ട് വര്‍ഷം മുമ്പ് ദലിതർ മൈതാനത്ത് ദേശവിളക്ക് നടത്താന്‍ തീരുമാനിച്ചപ്പോളാണ് മൈതാനം തങ്ങളുടേതാണെന്ന അവകാശ വാദവുമായി എൻ.എസ്.എസ് രംഗത്തെത്തിയത്.

വിവാദമായ മൈതാനം
 


മൈതാനം പൊതു ഭൂമിയാണെന്ന് ദലിതര്‍ പറയുമ്പോള്‍ തങ്ങളുടേതാണെന്നും 1981ല്‍ പട്ടയം ലഭിച്ചതാണെന്നും എന്‍.എസ്.എസ് അവകാശപ്പെടുന്നു.  മാത്രമല്ല ദേവീക്ഷേത്രത്തിന് സമീപത്ത് ദേശവിളക്ക് നടത്താന്‍ പാടില്ലെന്നും ഇവര്‍ പറഞ്ഞു. പ്രശ്‌നമായതോടെ അമ്പലത്തിന് ചുറ്റും മതില്‍ കെട്ടാന്‍ അനുകൂലമായ ഉത്തരവ് ആര്‍.ഡി.ഒയില്‍ നിന്നും കരയോഗം ഭാരവാഹികള്‍ സമ്പാദിച്ചു. ആര്‍.ഡി.ഒ രാമചന്ദ്രന്‍ നായരാണ് മതില്‍ കെട്ടാന്‍ അനുമതി നല്‍കിയത്. എന്നാല്‍ മതില്‍ കെട്ടാനുള്ള നീക്കം ദലിതര്‍ തടഞ്ഞു. ആര്‍.ഡി.ഒയുടെ ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് സഹായം വേണമെന്ന ആവശ്യവുമായി എന്‍.എസ്.എസ് ഹൈകോടതിയെ സമീപിച്ചു. തുടര്‍ന്ന് ദലിതരുടെ വാദം കൂടി കേള്‍ക്കാന്‍ കോടതി തയ്യാറായി. ദലിതര്‍ കേസ് വാദിക്കാന്‍ ഏല്‍പ്പിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അരുണ്‍ നായര്‍ എന്ന വക്കീലിനെയായിരുന്നു. ഇയാള്‍ മതില്‍ കെട്ടാന്‍ തടസ്സമില്ലെന്ന് കോടതിയെ അറിയിച്ചു. അതോടെ സമര സമിതി എല്ലാ അര്‍ഥത്തിലും വഞ്ചിക്കപ്പെട്ടു. യാതൊരു ബുദ്ധിമുട്ടുമില്ലാതെ മൈതാനത്തിന് ചുറ്റും മതില്‍ നിര്‍മിക്കുന്നതിന് എന്‍.എസ്.എസ്  പൊലീസ് സംരക്ഷണം നേടിയെടുക്കുകയും ചെയ്തു. 

കഴിഞ്ഞ മാര്‍ച്ച് ആറിന് രാവിലെ ആരംഭിച്ച മതില്‍ നിര്‍മാണം തടയാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന 30 പേരെ പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. ദലിത് പ്രതിഷേധം മറികടന്ന് അമ്പലത്തിന് ചുറ്റും മതില്‍ കെട്ടി. മൈതാനത്തി​​​െൻറ 12 മീറ്ററും അമ്പലത്തിനോട് ചേര്‍ത്ത് മതില്‍ കെട്ടി ഈ സ്ഥലത്തുണ്ടായിരുന്ന ആല്‍മരം അമ്പലമുറ്റത്താക്കി. അമ്പലത്തിന് ചുറ്റും മതില്‍ കെട്ടിയതിനു പുറമെ  മൈതാനത്തിന് ചുറ്റും ഒരാള്‍ പൊക്കത്തില്‍ സവര്‍ണര്‍ ജാതിമതിലും കെട്ടിപ്പൊക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ദലിത് ഭൂ അവകാശ സമര മുന്നണി രൂപവത്കരിച്ച്  സമരം ആരംഭിച്ചു. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ സമരത്തെ മുഖവിലക്കെടുത്തില്ല. ഏപ്രില്‍ ഒന്‍പതിന് ചേര്‍ന്ന ഗ്രാമസഭയില്‍ മൈതാനം പൊതുജനങ്ങള്‍ക്ക് വിട്ടു നല്‍കാനും മതില്‍ പൊളിക്കാനും ധാരണയായി. എല്ലാവരും കൈയടിച്ച്​ പാസ്സാക്കിയ തീരുമാനം ഗ്രാമസഭ തീര്‍ന്നതോടെ മറക്കുകയും ചെയ്തു. ഏപ്രില്‍ 14ന് അംബേദ്കര്‍ ജന്മദിന സമ്മേളനം നടത്തി. സി.ആര്‍. നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം തുടങ്ങിയവര്‍ ആ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് മൈതാനത്തിന് ചുറ്റും കെട്ടിയ മതില്‍ പൊളിച്ചു. ഇതിനിടെ ദലിതര്‍ റിലേ നിരാഹാര സത്യാഗ്രഹവും ആരംഭിച്ചു. മതില്‍ വീണ്ടും കെട്ടുമെന്ന് ഉറപ്പുള്ളതിനാലാണ് സമരം തുടര്‍ന്നത്. 

സമര സമിതി
 


കലക്ടര്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്തതോടെ സമരം അവസാനിപ്പിച്ചു. എന്നാല്‍ രണ്ട് മാസം മുമ്പ് ഇവിടെയുണ്ടായിരുന്ന സമരപ്പന്തല്‍ കത്തിച്ചു. അപ്പോളും അധികാരികള്‍ രംഗത്തെത്തുകയും ജനുവരി 22 ന് ഉത്സവം ആരംഭിക്കുന്നതിന് മുമ്പായി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്‌തെങ്കിലും ഒന്നും സംഭവിച്ചില്ല. 

ഭജനമഠത്തി​​​െൻറ ശുദ്ധി നിലനിര്‍ത്താനും സമൂഹ്യവിരുദ്ധരില്‍ നിന്നും ക്ഷേത്രത്തേയും പരിസരത്തേയും സംരക്ഷിക്കാനുമാണ് മതില്‍ കെട്ടിയതെന്നുമാണ്​ എന്‍.എസ്.എസ് കരയോഗം ഭാരവാഹികള്‍ പറയുന്നത്​. തീവ്രനിലപാടുകാരായ ചിലര്‍ ഇതിനെ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ യാതൊരു തടസവുമില്ല. വിവാദ ഭൂമി പുറമ്പോക്കാണെന്ന വാദം അടിസ്ഥാന രഹിതമാണ്. നിയമപ്രകാരം തങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടുള്ളതും അധികാരികള്‍ രേഖകള്‍ പരിശോധിച്ച് ഇക്കാര്യം സമ്മതിച്ചതുമാണ്. ഇതി​​​െൻറ അടിസ്ഥാനത്തിലാണ് ഹൈകോടതി മതില്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്നും ഇവര്‍ പറയുന്നു. 

പട്ടയമല്ലാതെ ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് രേഖകള്‍ കാണിക്കാന്‍ എന്‍.എസ്.എസിനോട് ആവശ്യപ്പെട്ടപ്പോള്‍ കൈമലര്‍ത്തുകയായിരുന്നുവെന്ന് സമര സമിതിക്കാര്‍ പറയുന്നു. ഉന്നത സ്വാധീനമുപയോഗിച്ചാണ് പട്ടയം സ്വന്തമാക്കിയതും ദലിത് പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതുമെന്നാണ് സമര സിമിതി പ്രവര്‍ത്തകരുടെ ആരോപണം. 

മൈതാനത്തിന് ചുറ്റും കെട്ടിയ മതില്‍ പൊളിച്ച നിലയില്‍
 


1924 മാര്‍ച്ച് 30 നാണ് വൈക്കം ​േക്ഷത്രത്തിനടുത്ത പൊതുവഴിയില്‍ കൂടി ആര്‍ക്കും സഞ്ചരിക്കാനുള്ള അവകാശത്തിന് വേണ്ടി സംഘടിത ബഹുജന മുന്നേറ്റമുണ്ടായത്. വൈക്കത്തു നിന്നും 35 കിലോ മീറ്റര്‍ ദൂരം മാത്രമുള്ള വടയമ്പാട് 80 വര്‍ഷങ്ങള്‍ക്കിപ്പുറവും പൊതു ഇടത്തിനായുള്ള സമരം നടക്കുകയാണ്. ജാതിമേല്‍ക്കോയ്മയുടെ സംഘടിത ശക്തികളും ഭരണവര്‍ഗത്തി​​​െൻറ പിന്‍ബലവും ചേര്‍ന്ന് ദലിത് സമരങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. ദലിതര്‍ കൂട്ടമായി മതപരിവർത്തനം ചെയ്യുന്നത്​ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു കീഴാളനും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സര്‍ സി.പി അവസരം കൊട​ുത്തത്​. കാലഘട്ടം മാറിയെങ്കിലും ജാതി മേല്‍ക്കോയ്മയും അടിസ്ഥാന വര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്നുമുള്ള ധാരണക്കും മാറ്റമൊന്നുമില്ല. അതി​​​െൻറ പ്രതിഫലനമാണ് വടനയമ്പാടിയിലെ ദലിതര്‍ മതിലിനപ്പുറത്തു നില്‍ക്കേണ്ടവരാണെന്ന് കല്‍പ്പിക്കുകയും പൊതു ഇടം സ്വകാര്യ ഇടമാക്കി മാറ്റുകയും ചെയ്യുന്നത്. വടയമ്പാടി ഭജനമഠം ദേവീ ക്ഷേത്രത്തില്‍ സവര്‍ണര്‍ ഉത്സവം ആഘോഷിക്കുമ്പോള്‍ തൊട്ടിപ്പുറത്ത് ചിതറിക്കപ്പെട്ട ഒരു പറ്റം ദലിതര്‍ അവകാശത്തിന് വേണ്ടി സമരം നടത്തുകയാണ്. 

Tags:    
News Summary - vadayampady Protest -Openforum Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.