പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ തീവ്ര ഇസ്രായേല്‍ വിധേയത്വവും യു.എസ് എംബസി തെല്‍ അവീവില്‍നിന്ന് അധിനിവേശ ജറൂസലമിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവും അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തീവ്ര സയണിസ്റ്റ് ആശയക്കാരനും ഇലക്ഷന്‍ കാമ്പയിന്‍ ഉപദേശകനുമായി ഡേവിഡ് എം. ഫ്രീഡ്മാനെ അംബാസഡറായി നിയമിച്ചാണ് ട്രംപ് ഇസ്രായേലി അനുകൂല നിലപാട് ഒന്നുകൂടി ബലപ്പെടുത്തിയത്. ഫലസ്തീന്‍ പ്രശ്നപരിഹാരത്തിന് അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവെച്ച ദ്വിരാഷ്ട്ര ഫോര്‍മുലയെ പാടെ നിരാകരിക്കുന്നയാളാണ് ഫ്രീഡ്മാന്‍. ഇസ്രായേലിന്‍െറ ‘യഥാര്‍ഥ തലസ്ഥാനമായ ജറൂസലമിലെ’ യു.എസ് എംബസിയില്‍നിന്ന് തന്‍െറ ദൗത്യം ആരംഭിക്കുമെന്നാണ്് നിയമന പ്രഖ്യാപനത്തിനു തൊട്ടുപിറകെ നിയുക്ത സ്ഥാനപതി വ്യക്തമാക്കിയിരിക്കുന്നത്. വെസ്റ്റ്ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് താന്‍ കരുതുന്നില്ളെന്നും നയതന്ത്രപരിജ്ഞാനം ഒട്ടുമില്ലാത്ത ഫ്രീഡ്മാന്‍ പറയുന്നു. ഹീബ്രു നന്നായി വശമുള്ളതും  സയണിസത്തിന്‍െറ പ്രമോട്ടറെന്നതുമാണ് ഇദ്ദേഹത്തിന്‍െറ യോഗ്യതകള്‍. അന്താരാഷ്ട്ര നിയമങ്ങളോ ഇസ്രായേലിന്‍െറ അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരെ നിലവില്‍ അമേരിക്ക തുടരുന്ന നയങ്ങളോ തന്‍െറ ഗവണ്‍മെന്‍റിന് ബാധകമായിരിക്കില്ളെന്നാണ് ചുരുക്കത്തില്‍ ട്രംപും അദ്ദേഹത്തിന്‍െറ പുതിയ സ്ഥാനപതിയും പ്രഖ്യാപിച്ചിരിക്കുന്നത്.


ഖുദ്സ് (ജറൂസലം) പൂര്‍ണമായും ഇസ്രായേലികളുടെ നിയന്ത്രണത്തിലായിട്ട് അഞ്ചു പതിറ്റാണ്ടായി. മസ്ജിദുല്‍ അഖ്സ സ്ഥിതിചെയ്യുന്ന ജറൂസലം പലവിധത്തിലുള്ള അധിനിവേശങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും നൂറ്റാണ്ടുകളായി മുസ്ലിം ലോകത്തിന്‍െറ ഭാഗമായാണ് നിലകൊണ്ടിരുന്നത്. കൊളോണിയല്‍ അധിനിവേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായി ഇസ്രായേല്‍ നിലവില്‍വന്ന 1948ലാണ് ഏറ്റവുമൊടുവില്‍ ജറൂസലം രണ്ടായി വിഭജിക്കപ്പെടുന്നത്. അഖ്സ ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലം ജോര്‍ഡന്‍െറ നിയന്ത്രണത്തിലും പടിഞ്ഞാറന്‍ ഭാഗം ഇസ്രായേലിന്‍െറ കൈവശവുമായി. എന്നാല്‍, 1967ല്‍ അറബികളുമായുള്ള ആറു ദിന യുദ്ധത്തില്‍ വെസ്റ്റ്ബാങ്കും അതിന്‍െറ ഭാഗമായ കിഴക്കന്‍ ജറൂസലം നഗരവും ജോര്‍ഡനില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്തു. ഈ അധിനിവേശം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല. അധിനിവേശ ജറൂസലമില്‍നിന്ന് പിന്മാറാന്‍ 1967ല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസാക്കിയ 242ാം നമ്പര്‍ പ്രമേയം ഇസ്രായേല്‍ ഇന്നോളം പാലിച്ചില്ളെന്നു മാത്രമല്ല, മുസ്ലിം ലോകത്തിന്‍െറ പ്രതിഷേധങ്ങള്‍ വകവെക്കാതെ ജറൂസലം തലസ്ഥാനമായി പ്രഖ്യാപിച്ച് 1980ല്‍ നിയമം പാസാക്കുകയാണ് ഉണ്ടായത്. പ്രസ്തുത നടപടി 478-ാം നമ്പര്‍ പ്രമേയത്തിലൂടെ നിയമവിരുദ്ധമാണെന്ന് യു.എന്‍ പ്രഖ്യാപിച്ചെങ്കിലും സയണിസ്റ്റ് ഭരണകൂടം വഴങ്ങിയില്ല. 1967ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്ന് ഇസ്രായേല്‍ പിന്മാറുകയും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം രൂപംകൊള്ളുകയും ചെയ്യുന്ന ഒരു നാള്‍ ഫലസ്തീനികള്‍ ഏറെക്കാലമായി സ്വപ്നം കാണുന്നു. എന്നാല്‍, ജറൂസലം അവിഭാജ്യ ഭാഗമാണെന്നും അതേക്കുറിച്ച ചര്‍ച്ചപോലുമില്ളെന്ന ഇസ്രായേല്‍ നിലപാടിനൊപ്പമാണ് അമേരിക്ക. 
കിഴക്കന്‍ ജറൂസലം കൈയടക്കിയതോടെ സയണിസ്റ്റുകളുടെ ഗൂഢതന്ത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. സോളമന്‍ പ്രവാചകന്‍െറ ദേവാലയം (ഹൈക്കല്‍) കണ്ടത്തൊനെന്ന പേരില്‍ മസ്ജിദുല്‍ അഖ്സയുടെ ചുവട്ടില്‍ ഉത്ഖനനം നടത്തിയായിരുന്നു തുടക്കം. 1969 ആഗസ്റ്റ് 21ന് വെയ്ന്‍സ് മൈക്കല്‍ എന്ന ആസ്ട്രേലിയന്‍ ക്രിസ്ത്യന്‍ സയണിസ്റ്റ് മസ്ജിദുല്‍ അഖ്സക്ക് തീയിട്ടത്് ലോക മുസ്ലിംകളുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സംഭവമാണ്. മസ്ജിദുല്‍ അഖ്സ തകര്‍ക്കാന്‍ ഇസ്രായേല്‍ ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ മുസ്ലിം ലോകം ഗൗരവത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയത് ഈ സംഭവത്തോടെയാണ്. അഖ്സയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചേര്‍ന്ന മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടിയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സിന്‍െറ (ഒ.ഐ.സി) പിറവിക്കുപോലും വഴിവെച്ചത്.

ട്രപിനെയും ഭാര്യയെയും ഒബാമ സ്വീകരിക്കുന്നു
 


ജറൂസലമിന്‍െറ കിഴക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളെ ഒരൊറ്റ നഗരവും ഇസ്രായേലിന്‍െറ എക്കാലത്തേക്കുമുള്ള തലസ്ഥാനവുമായി പ്രഖ്യാപിക്കുന്ന ‘ജറൂസലം നിയമം’ 1980ല്‍ ഇസ്രായേല്‍ നെസറ്റ് (പാര്‍ലമെന്‍റ്) പാസാക്കിയെങ്കിലും യു.എന്‍ അംഗീകരിച്ചിട്ടില്ല. കിഴക്കന്‍ ജറൂസലം അധിനിവേശത്തിലൂടെ ഇസ്രായേലിനോട് ചേര്‍ത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് 478ാം നമ്പര്‍ പ്രമേയത്തില്‍ യു.എന്‍ വ്യക്തമാക്കി. വീറ്റോ പ്രയോഗിച്ചില്ളെങ്കിലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകവഴി ഇസ്രായേലിന്‍െറ നടപടി ശരിയല്ളെന്ന സന്ദേശമാണ് അമേരിക്ക നല്‍കിയത്. എന്നാല്‍, രക്ഷാസമിതി പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച ഇസ്രായേല്‍ ഭരണസിരാകേന്ദ്രങ്ങള്‍ ഒന്നൊന്നായി ജറൂസലമിലേക്ക് മാറ്റാന്‍ തുടങ്ങി. നെസറ്റ് മന്ദിരവും പ്രധാനമന്ത്രിയുടെയും പ്രസിഡന്‍റിന്‍െറയും വസതികളുമൊക്കെ അവിടത്തെന്നെ പണിത് ജറൂസലം എക്കാലവും ജൂതരാഷ്ട്രത്തിന്‍െറ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

ട്രപിനെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നവര്‍
 


ട്രംപ് ഭരണകൂടത്തിന്‍െറ ഇസ്രായേല്‍ വിധേയത്വത്തിനെതിരെ അമേരിക്കക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അധിനിവേശ ഭീകരരായ ഇസ്രായേലിനെ വെള്ളപൂശാനുള്ള നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രാന്തരീയ തലത്തില്‍ ഉയര്‍ന്നുവരുന്ന പ്രതികരണം തള്ളി മുന്നോട്ടുപോകാന്‍ ട്രംപിനു കഴിയില്ല. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരെ ഡിസംബറില്‍ യു.എന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയം സുപ്രധാനമാണ്. പ്രമേയം വീറ്റോ ചെയ്യാതെ വിട്ടുനില്‍ക്കുകവഴി ഇസ്രായേലിന്‍െറ എല്ലാ ധിക്കാരങ്ങള്‍ക്കും അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ളെന്ന മുന്നറിയിപ്പാണ് പ്രസിഡന്‍റ് പദവിയില്‍നിന്ന് ഒഴിയും മുമ്പ് ഒബാമ ഇസ്രായേലിനു നല്‍കിയത്. കഴിഞ്ഞ ദിവസം പാരിസില്‍ സമാപിച്ച ഇസ്രായേല്‍-ഫലസ്തീന്‍ സമ്മേളനവും 1967ലെ അതിര്‍ത്തികള്‍ മുന്‍നിര്‍ത്തിയുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്‍െറ രൂപത്കരണത്തിന് ആഹ്വാനം നല്‍കിയാണ് സമാപിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെയും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിന്‍െറയും ഇസ്രായില്‍ പ്രേമം പുതിയ കാര്യമല്ല. എന്നാല്‍, ഫ്രാന്‍സും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇസ്രായേലിന്‍െറ അധിനിവേശ ഭീകരതക്കെതിരെ നിലപാട് കടുപ്പിച്ചത് ഫലസ്തീനികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. വെസ്റ്റ്ബാങ്കിലും ഗസ്സയിലും വെവ്വേറെ ഭരണം നടത്തുന്ന ഫലസ്തീനിലെ മുഖ്യ കക്ഷികളായ ഫത്ഹും ഹമാസും ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാനും തെരഞ്ഞെടുപ്പ് നടത്താനും കഴിഞ്ഞ ദിവസം മോസ്കോയില്‍ തീരുമാനിച്ചത് ട്രംപിന്‍െറ ഭീഷണിയുടെ പശ്ചാത്തലത്തിലായാലും അല്ളെങ്കിലും സ്വാഗതാര്‍ഹമായ നടപടിയാണ്. തങ്ങളുടെ ഭാവി രാഷ്ട്രത്തിന്‍െറ തലസ്ഥാനത്തെ (ജറൂസലം) ഇസ്രായേലിന് തീറെഴുതിക്കൊടുക്കാനുള്ള ട്രംപിന്‍െറ അപകടകരമായ നീക്കങ്ങള്‍ക്കെതിരെ ഇടപെടണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്റോവിനോട് ഫലസ്തീന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പുതിയ സാഹചര്യത്തില്‍ റഷ്യക്ക് മാത്രമേ നല്ളൊരു മധ്യസ്ഥനാവാന്‍ കഴിയൂവെന്നാണ് ഹമാസ് നേതാവ് അബൂ മര്‍സൂഖിന്‍െറ നിരീക്ഷണം.

Tags:    
News Summary - Trump's inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.