ആദിവാസികൾക്ക്​ ജീവിതം തിരിച്ചുകൊടുക്കുക 

മറക്കാറായോ മരുത​​െൻറ ദൈന്യമുഖം? അട്ടപ്പാടിയുടെ തനിമ ഗോത്രവർഗ സംസ്കാരമാണെന്ന് നാഴികക്ക് നാൽപതു വട്ടം ഓർമപ്പെടുത്തുന്നവർ മരുതൻ അനുഭവിച്ച സമാനതയില്ലാത്ത ദുരനുഭവം ഇപ്പോൾ ഓർക്കാറില്ല. 2015ലെ കാലവർഷക്കാലം. പോഷകാഹാരക്കുറവുമൂലം നവജാത ശിശുക്കളുടെ മരണം അട്ടപ്പാടി മലമടക്കുകളിലെ ഊരുകളിൽ തുടരുന്ന നാളുകൾ. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ കോട്ടമല ആദിവാസി ഊരിൽ താമസിക്കുന്ന മരുത​​െൻറയും രങ്കിയുടെയും കൈക്കുഞ്ഞിന് ചികിത്സ ഫലിക്കാതെ വന്നപ്പോൾ ഇരുവരും കോയമ്പത്തൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരുദിനം കഴിഞ്ഞപ്പോൾ കുഞ്ഞ് മരിച്ചു. കുഴിയിലാണ്ട കണ്ണുമായി 45കാരനായ മരുതൻ മൃതദേഹം നാട്ടിലെത്തിക്കാൻ പലരെയും വിളിച്ചു. കേണപേക്ഷിച്ചു. ഫലമുണ്ടായില്ല. ഒടുവിൽ ഇരുവരും കുഞ്ഞി​​െൻറ മൃതദേഹം തോളിലിട്ട് കോയമ്പത്തൂർ ഗാന്ധിപുരം ബസ്​സ്​റ്റാൻഡിൽ എത്തി. ആനക്കട്ടിക്കുള്ള തമിഴ്്നാട് സർക്കാറി​​െൻറ ബസിനെ ലാക്കാക്കി നടന്നപ്പോഴാണ് മരുത​​െൻറ തോളിലുള്ളത് മൃതദേഹമാണെന്ന് ബസുകാർക്ക് മനസ്സിലായത്. അവർ കയറ്റാൻ കൂട്ടാക്കിയില്ല. മരുതനും രങ്കിയും മടങ്ങി. കുഞ്ഞി​​െൻറ മൃതദേഹം ഒരു ബിഗ്ഷോപ്പറിലാക്കി കൈയിൽ തൂക്കി കേരളത്തി​​െൻറ അതിർത്തിയായ ആനക്കട്ടിയിൽ ബസ് ഇറങ്ങി. പിന്നീട് സംസ്കരിച്ചു. കുഞ്ഞിക്കൈയാണോ കാലാണോ വളരുന്നതെന്ന് നോക്കി സ്വന്തം കുഞ്ഞിനെ കൊഞ്ചിക്കുന്ന അച്ഛനമ്മമാർക്ക് ഓർക്കാൻപോലുമാകാത്ത ഈ സംഭവത്തിന് ഉത്തരവാദികൾ പരിഷ്കൃത സമൂഹംതന്നെയാണ്. ആദിവാസിക്ക് നോവുമ്പോഴൊക്കെ ശുശ്രൂഷിക്കാൻ ആളും അർഥവും ഉള്ളതാണ് അഗളി കവലയിലെ ഐ.ടി.ഡി.പി ഓഫിസ്. പട്ടികവർഗ വകുപ്പും പട്ടികവർഗക്കാർക്കുമാത്രമായ ആശുപത്രിയും കാക്കത്തൊള്ളായിരം ക്ഷേമപദ്ധതികളും ഒഴുക്കാൻ ഇഷ്​ടംപോലെ ഫണ്ടും ഉണ്ടായിട്ടാണ് ഈ അവസ്ഥ. 

മധുവിനെ തല്ലിക്കൊന്നതിലെ അമർഷവും പ്രതിഷേധവും ജനത്തെ ബോധ്യപ്പെടുത്താൻ അട്ടപ്പാടി മലകയറിയവരുടെ എണ്ണം ഏറെയുണ്ട്. മധുവി​​െൻറ ആശ്രിതരെ ആശ്വസിപ്പിക്കാനും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനും ഇവർ നടത്തിയ ആത്മാർഥശ്രമം ശ്രദ്ധേയവും സ്വാഭാവികവും തന്നെ. പ്രതിഷേധത്തി​​െൻറ ഭാഗമാകണമെന്ന് പറഞ്ഞ് അരങ്ങേറിയ സമരരൂപങ്ങളിൽ ചിലത് നെറ്റി ചുളിപ്പിക്കുന്നതുമായി. രാജ്യം ഭരിക്കുന്ന രാഷ്​ട്രീയപാർട്ടിയുടെ കേരളത്തിലെ തലവൻ കൈകൾ രണ്ടും കൂട്ടിക്കെട്ടി നിൽപുസമരമാണ് നടത്തിയത്. നീലത്തോർത്ത് കൈകളിൽ കെട്ടി ഫോട്ടോക്ക് പോസ് ചെയ്ത നേതാവ് പിന്നീട്, അതഴിച്ച് ചുവന്ന മുണ്ടാക്കി. കുറെ സമയത്തിനുശേഷം അദ്ദേഹംതന്നെ ട്വിറ്ററിൽ പോസ്​റ്റിട്ടു. ഇതോടെ അരങ്ങേറിയ വിമർശന പെരുമഴ കേരളം കണ്ടതാണ്. ഇന്ത്യ കണ്ട മികച്ച ക്രിക്കറ്റർമാരിൽ ഒരാളായ വീരേന്ദർ സേവാഗ് മധുവി​​െൻറ കൊലക്കേസിൽ അറസ്​റ്റിലായവരിൽ ചിലരുടെ പേരുകൾ മാത്രം തിരഞ്ഞെടുത്ത് ട്വിറ്ററിൽ പോസ്​റ്റിട്ടത് വിവാദമായപ്പോൾ അദ്ദേഹംതന്നെ പിൻവലിച്ചു. 

മനഃസാക്ഷിയെ മരവിപ്പിച്ച നിഷ്ഠുര സംഭവത്തി​​െൻറ ഞെട്ടൽ മാറുംമുമ്പേയുള്ള ചിന്തകളുടെ ഇത്തരം കാടുകയറ്റം മുമ്പും അട്ടപ്പാടി കണ്ടിട്ടുണ്ട്. പനയോലമേച്ചിലിൽ തുളവീണ ഷോളയൂരിലെ കുടിലിൽ അനങ്ങാൻപോലുമാവാതെ കിടന്ന് മരണം വരിച്ച നഞ്ച​​െൻറയും ഉച്ചക്കഞ്ഞി കിട്ടുമല്ലോയെന്നോർത്ത് നാലാം ക്ലാസ് കഴിഞ്ഞവരെ വീണ്ടും ഒന്നിൽ ചേർക്കാൻ അപേക്ഷയുമായി പാലൂർ സർക്കാർ സ്കൂളിന് മുന്നിലെത്തിയവരുടെയും കഥകൾ അട്ടപ്പാടിക്ക് പറയാനുള്ളവയിൽ ചിലതുമാത്രം.  അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിൽ സർക്കാർ പണംകൊണ്ട് ദീവാളി കുളിക്കുംപോലെ കേരളത്തിൽ മറ്റൊരിടത്തും നടക്കില്ല. കുംഭം പിന്നിടുമ്പോഴേക്കും ദാഹിക്കുന്ന പ്രദേശങ്ങൾ അട്ടപ്പാടിയിൽ മാത്രമല്ല. കേരളത്തിലെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. പലയിടത്തും ക്രമക്കേടുകളും അരങ്ങേറുന്നുണ്ട്. രണ്ടു പതിറ്റാണ്ടിനിടയിൽ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിൽ മാത്രം ശുദ്ധജല പദ്ധതികൾക്കായി സർക്കാർ രേഖയിൽ ചെലവഴിച്ചത് 29.6 കോടി രൂപയാണ്. പലരുടെയും പോക്കറ്റിലേക്കാണ് ഇതിൽ നല്ലൊരു പങ്ക് പോയത്. ഒരു കിലോമീറ്റർ ചുറ്റളവിൽ 38 കുടിവെള്ള പദ്ധതികൾ അഗളി പഞ്ചായത്തിൽ മാത്രമുണ്ട്. പദ്ധതി ആവിഷ്കരിക്കുന്നതിൽതന്നെ തുടങ്ങുന്ന അപാകത പണം ചെലവഴിക്കുന്നതോടെ രൂ​ക്ഷത പ്രാപിക്കുന്നു.

ഇരുളർ വിഭാഗമാണ് ആദിവാസികളിൽ കൂടുതൽ. മൂവായിരത്തിൽ താഴെ വരുന്ന കുറുമ്പർ വിഭാഗക്കാർ കേവലം 19 ഊരുകളിൽ മാത്രമേ ഉള്ളൂ. പക്ഷേ, ഇവർക്കെല്ലാം ഒരേ അളവുകോൽവെച്ചാണ് പദ്ധതി ആവിഷ്കാരം. ചോളവും തിനയും റാഗിയും ചാമയും ആദിവാസികൾ കൃഷി ചെയ്യാൻ മറന്നപോലെയാണ്. ഇത്തരം കൃഷിയിടങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒരു നടപടിയും ഇല്ല. അരിയേക്കാൾ ഊരുകളിൽ റാഗിക്കാണ് പ്രാധാന്യം. വിവിധ വകുപ്പുകളിലൂടെയുള്ള ഫണ്ട് വിനിയോഗം നിർത്തി ഒരൊറ്റ ഏജൻസിയിലൂടെ പദ്ധതി നിർവഹണം പ്രാവർത്തികമാക്കാൻ ഇനിയെങ്കിലും ഭരണകൂടം തയാറാകണം. വർഷങ്ങളായി പ്രവർത്തനക്ഷമമായ ഇൻറഗ്രേറ്റഡ് ട്രൈബൽ ​െഡവല്പമ​െൻറ് പ്രോജക്ടിനെ തന്നെ ഇതിന് സജ്ജമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. വികസനപ്രവർത്തനങ്ങൾ നാട്ടുപങ്കാളിത്തത്തോടെ തുടങ്ങാൻ ഒരുകാലത്ത് അട്ടപ്പാടിയിൽ മൂപ്പന്മാരുടെ കൂട്ടായ്മയുണ്ടായിരുന്നു. മൂപ്പൻസ് കൗൺസിൽ എന്നറിയപ്പെടുന്ന ഈ സംവിധാനം ഇപ്പോഴില്ല. ഇത് പുനരുജ്ജീവിപ്പിക്കാൻ ശ്രമം വേണം. അട്ടപ്പാടിയുടെ എക്കാലത്തെയും ശാപമാണ് ഭൂമിപ്രശ്നം. റവന്യൂ^വനം വകുപ്പുകളുടെ ഏകോപിത പ്രവർത്തനവും ഭരണക്കാരുടെ നിശ്ചയ ദാർഢ്യവും ഇക്കാര്യത്തിൽ കൂടിയേ തീരൂ.

അന്ധവിശ്വാസങ്ങൾക്ക് വേരിറക്കമുള്ള മണ്ണാണിവിടം. നാഗമാണിക്യം മുതൽ ഇരുട്ടും നിലാവും വരെ ആദിവാസികളുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അടിക്കല്ലാണ്. മലയാളവും തമിഴുമല്ലാത്ത ഗോത്രഭാഷ ഭൂരിഭാഗം ഊരുകളിലും ഉപയോഗിക്കുന്നവരും സവിശേഷ ചടങ്ങുകളോടെ ഓരോ ആഘോഷത്തെയും സമീപിക്കുന്നവരുമാണ് ആദിവാസികൾ. ധരിക്കുന്ന വേഷത്തിൽപോലും പ്രത്യേകത കാത്തുസൂക്ഷിക്കുന്നവർ. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ഇവരെ പറഞ്ഞുപറ്റിക്കുന്നത് സംവത്സരങ്ങളായി ചിലരുടെ ഹോബിയാണ്. വന്നവാസികൾ എന്ന് ആദിവാസികൾ വിളിക്കുന്ന കുടിയേറ്റ ജനതയില്ലാതെ ഒരു അട്ടപ്പാടി ഇല്ലെന്നതും വസ്തുത. ജനസംഖ്യയിൽ ഏറെ നിർണായകമാണ് കുടിയേറ്റക്കാർ. ഇവരുടെ സഹകരണത്തിലാണ് അട്ടപ്പാടിയുടെ ഭാവി. ഇവരെ തമ്മിൽ തെറ്റിക്കാൻ ആസൂത്രിതശ്രമം പലപ്പോഴും ഉണ്ടാവാറുണ്ട്. ആദിവാസികളെ ചൂഷണം ചെയ്യാൻ നോമ്പുനോറ്റവർക്ക് ഈ ഭിന്നതയുടെ ആഴം കൂട്ടേണ്ടതും ആവശ്യംതന്നെ. വർഷങ്ങളായി തുടരുന്ന സ്വന്തം ഗോത്രരീതി അഭംഗുരം തുടരാൻ പാവം ആദിവാസിയെ അനുവദിക്കുക. കനിവോടെ അതിന് വഴിയൊരുക്കുക. അമർത്തിക്കരയാൻപോലുമാവാതെ വിടപറഞ്ഞ മധുവി​േൻറത് ഉൾക്കാമ്പുള്ള പാഠമാണെന്ന് ഓർക്കുക. 
 

Tags:    
News Summary - Tribal people issues in kerala-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.