നമ്മുടെ കുട്ടികളെ ലഹരിയിൽനിന്ന് രക്ഷിക്കാൻ

ഏതാനും വർഷം മുമ്പ് ഡൽഹിയിലെ വഴിയോരങ്ങളിലും ട്രാഫിക് സിഗ്നലുകൾക്കരികിലുമെല്ലാം ലഹരിവസ്തുക്കൾ ഉപയോഗിച്ച് മയങ്ങിനിൽക്കുന്ന പത്തിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികളെ കണ്ട് അമ്പരന്നുപോയിട്ടുണ്ട്. എ​ന്തൊക്കെ കുഴപ്പങ്ങൾ വന്നാലും നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും ഉണ്ടാവില്ല എന്നും കരുതിയിട്ടുണ്ട്.

ഇന്നിപ്പോൾ കൗമാരക്കാരുടെ ലഹരി ഉപയോഗം കേരളത്തിൽ വ്യാപകവും നിത്യചർച്ചയുമാണ്. നാടാകെ ലഹരിക്കെതിരെ മനുഷ്യച്ചങ്ങലകളും പ്രതിജ്ഞകളും പ്രസംഗങ്ങളും നടക്കുന്നു. ലഹരിമരുന്നുകളുടെ കടത്തും വിപണനവും ഇല്ലാതാക്കുക എന്നത് അധികാരികളുടെ, അഥവാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മാ​ത്രം സാധ്യമാക്കാൻ കഴിയുന്ന ദൗത്യമാണ്; എന്നാൽ, വ്യക്തികളുടെ വിശിഷ്യാ കൗമാരക്കാരുടെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരുമുൾപ്പെടെ ഓരോരുത്തർക്കും പങ്കുവഹിക്കാനുണ്ട്. പക്ഷേ, ആ പങ്ക് ശരിയാംവിധത്തിൽ നമ്മൾ നിർവഹിക്കുന്നുണ്ടോ?

സ്കൂളുകളിൽ അല്ലെങ്കിൽ വീട്ടിനുള്ളിൽ കുട്ടികൾ ഒളിപ്പിച്ചുവെച്ചിരുന്ന മയക്കുമരുന്ന് കുറ്റാന്വേഷകരുടെ വൈദഗ്ധ്യത്തോടെ കണ്ടെടുത്ത വിവരം അധ്യാപകരും രക്ഷിതാക്കളും പങ്കുവെക്കാറുണ്ട്. നല്ല കാര്യംതന്നെ. എന്നാൽ, ആ കുട്ടികൾ മനസ്സിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിഷമം കണ്ടെടുക്കാൻ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടോ,

ശ്രമിക്കാറുണ്ടോ? അഡിക്ഷൻ എങ്ങനെ ഉണ്ടാവുന്നു?

മാനസികാഘാതങ്ങളെക്കുറിച്ചും ആസക്തികളെക്കുറിച്ചും വിപുലമായ ഗവേഷണങ്ങൾ നടത്തുന്ന ഗബോർ മേറ്റെയുടെ അഭിപ്രായത്തിൽ ലഹരിമരുന്ന് മാത്രമല്ല, ഏതുതരം അഡിക്ഷനും (സോഷ്യൽ മീഡിയ അഡിക്ഷൻ, വർക്ക്ഹോളിസം, ഷോപ്പിങ് അഡിക്ഷൻ തുടങ്ങി എന്തും) ​വൈകാരിക ​വ്യഥകളിൽനിന്ന് രക്ഷപ്പെടാൻ മനുഷ്യമനസ്സ് കണ്ടെത്തുന്ന ഒരു വഴിയാണ്.

കൗമാരക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രായംതന്നെ വല്ലാത്തൊരു കാലമാണ്. ഹോർമോണുകൾ, ശരീരം, മനസ്സ് എല്ലാം മാറുന്ന സമയം. അവരുടെ മേൽ ഉള്ളിൽനിന്നും പുറമെനിന്നും പലതരം സമ്മർദങ്ങൾ വന്നുചേരുന്നു. നല്ല മാർക്ക് വാങ്ങണം, നല്ല കൂട്ടുകാരെ നേടണം, സമൂഹവും സമൂഹ മാധ്യമങ്ങളും സൃഷ്ടിക്കുന്ന വാർപ്പ് മാതൃകയിൽ ശാരീരിക സൗന്ദര്യം സ്വന്തമാക്കണം, എല്ലാവരുടെയും ശ്രദ്ധ നേടണം എന്നിങ്ങനെ നൂറുകൂട്ടം വിഷയങ്ങളാണ് ആ കുഞ്ഞുങ്ങൾ ആഗ്രഹിക്കുകയും ചിന്തിച്ച് ആകുലപ്പെടുകയും ചെയ്യുന്നത്. ഇത്തരം ഘട്ടങ്ങളിൽ അവർക്ക് മാനസിക പിന്തുണ ലഭിക്കേണ്ട ഏറ്റവും പ്രധാന ​സ്രോതസ്സുകളാണ് അധ്യാപകരും കുടുംബാംഗങ്ങളും. എന്നാൽ, വീട്ടിൽനിന്നും സ്കൂളിൽനിന്നും പലപ്പോഴും വഴക്കും താരതമ്യപ്പെടുത്തലുകളുമാണ് അവർ കേൾക്കേണ്ടി വരുന്നത്. വീട്ടിലെ സ്വരച്ചേർച്ചയില്ലായ്മ കുട്ടികളെ വല്ലാതെ ബാധിക്കും. ഇത്തരം വൈകാരികമായ പ്രശ്നങ്ങളിലൂടെ കടന്നുപോവുന്നവർ ആവശ്യമായ പിന്തുണയോ സമാശ്വാസമോ ലഭിക്കാതെ വരുമ്പോഴാണ് നിരാശയിലേക്കും അതിൽനിന്ന് ഒളിച്ചോടാനെന്ന മട്ടിൽ അഡിക്ഷനുകളിലേക്കും എത്തിപ്പെടുന്നത്.

ഇതിനു പുറമെ സാഹസിക-വീരപരിവേഷ ചിന്തയും സിഗരറ്റിലേക്കും കഞ്ചാവിലേക്കും മറ്റ് അതിമാരക മയക്കുമരുന്നുകളിലേക്കും കുട്ടികളെ കൊണ്ടെത്തിക്കുന്നുണ്ട്. പുകവലി/മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മൂലക്ക് എഴുതിവെച്ച സ്​ക്രീനിലൂടെ പുകവലിച്ചൂതുന്ന നായകനും അടിപൊളി പാട്ടിനും അടിപിടിക്കും അകമ്പടിയായി പൊടിവലിച്ചുകയറ്റുന്ന യുവതാരങ്ങളുമെല്ലാം കുട്ടികളുടെ മനസ്സിൽ പതിയുന്നുണ്ട്. കൂട്ടുകാരിൽ ആർക്കെങ്കിലും ഈ ശീലമുണ്ടെന്ന അറിവ്, സ്വതേ ജിജ്ഞാസുക്കളായ കുട്ടികളെ ഒരു തവണ പരീക്ഷിച്ചുനോക്കിയാലോ എന്ന ആശയത്തിൽ കൊണ്ടെത്തിക്കുന്നുണ്ട്. ഒറ്റത്തവണത്തേക്ക് മാത്രം എന്ന ചിന്തയോടെ തുടങ്ങുന്ന ഉപയോഗമാണ് പിന്നീട് ശീലമായി മാറുന്നത്.

ഇത് അവരുടെ അപരാധമല്ല

സമ്മർദത്തെ മറികടക്കാൻ തുടങ്ങിയതായാലും പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണെങ്കിലും ലഹരിയിൽനിന്ന് പിന്മാറുക എന്നത് ഒരു ദിവസം കൊണ്ട് സാധ്യമാവുന്ന കാര്യമല്ല.

'പിഴച്ചുപോയ തലമുറ'യെ കുറ്റപ്പെടുത്തിക്കൊണ്ടാണ് നിലവിൽ നമുക്കിടയിൽ നടക്കുന്ന ലഹരിവിരുദ്ധ ചർച്ചകൾ മുഴുവനും. ഒരു കുട്ടിയുടെ സദാചാരത്തകർച്ചയും സ്വഭാവദൂഷ്യവുമായി കണ്ട് കുറ്റപ്പെടുത്തി, ഒറ്റപ്പെടുത്തി ഒഴിഞ്ഞുമാറുന്നതിനു പകരം അതിന് കാരണമായ സാഹചര്യം കണ്ടെത്താനും ഒരു രോഗമായോ, സഹായത്തിനായുള്ള ശ്രദ്ധക്ഷണിക്കലായോ പരിഗണിച്ച് ചികിത്സയും പിന്തുണയും നൽകുകയാണ് വേണ്ടത്.

താൻ ഒറ്റപ്പെടുന്നു എന്ന ചിന്തതന്നെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുമെന്നിരിക്കെ കൂടുതൽ ഒറ്റപ്പെടുത്തലുകളും പഴിപറച്ചിലുകളും അവരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ കൂടുതൽ വഷളാക്കാൻ മാത്രമേ ഉപകരിക്കൂ.

ലഹരി ഉപയോഗിക്കുന്ന ഒരാളെ അതിൽനിന്ന് രക്ഷിച്ചെടുക്കാൻ വൈദ്യസഹായം തേടുന്നത് നാണക്കേടായും അനാവശ്യമായും കരുതുന്നവരാണ് അധികപേരും. പലതരം ലഹരികൾക്ക് അതിനനുസൃതമായ ചികിത്സകൾ വേണ്ടിവരും, അതിലുപരി അതിന്റെ മാനസികമായ കാരണങ്ങൾ കണ്ടെത്തുകയും വേണം. എന്നാൽ മാത്രമേ വീണ്ടും ലഹരിയിലേക്ക് നീങ്ങുന്നതിന് തടയിടൽ സാധ്യമാവൂ. കുടുംബാംഗങ്ങളും അധ്യാപകരും ചുറ്റും കൂടിനിന്ന് കുറ്റപ്പെടുത്തുകയും വൈകാരികമായി ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യുന്നതാണ് നമുക്കിടയിലെ രീതി. അവ്വിധത്തിൽ ആരെയെങ്കിലും ലഹരിയിൽനിന്ന് പിന്തിരിപ്പിക്കാം എന്നു കരുതുന്നത് തികഞ്ഞ അബദ്ധമാണ്. ഏറെ ക്ഷമയും മാനസിക പിന്തുണയും പരിശ്രമവും വഴി മാത്രം സാധ്യമാവുന്ന കാര്യമാണ് ലഹരിമുക്തി.

ഡൽഹിയിൽ വെച്ച് കണ്ട കുട്ടികളുടെ മനസ്സിലെ സങ്കടങ്ങളെക്കുറിച്ചും അവരെ കേൾക്കാൻ ആരുമുണ്ടായിരുന്നില്ലെന്ന സത്യവും ഞാൻ തിരിച്ചറിഞ്ഞത് കുറെയേറെ വർഷങ്ങൾക്ക് ശേഷമായിരുന്നുവെന്ന് പ്രിയ വായനക്കാരോടും, രക്ഷിതാക്കളോടും തുറന്നു പറയട്ടെ.

(മാനസികാഘാതം നേരിട്ടവർക്കിടയിൽ പ്രവർത്തിക്കുന്ന സൈക്കോളജിക്കൽ കൗൺസലറാണ് ലേഖിക)

Full View


Tags:    
News Summary - To save our children from addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.