അക്ഷരത്തീയാൽ കൊളുത്തിയ സ്വാതന്ത്ര്യജ്വാല

അവർണജനത അറിവു തേടുന്നത് ധിക്കാരമായി ഗണിക്കപ്പെട്ട കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകുന്നതിന് 1904ൽ Ayyankali വെങ്ങാനൂരിൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. കുപിതരായ മേൽജാതിക്കാർ സ്കൂളിന് തീവെച്ചു. അയ്യൻകാളി പിന്മാറിയില്ല, പകരം കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് സമരംചെയ്തു. ഞങ്ങളുടെ കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടത്ത് 'മുട്ടിപ്പുല്ല്' മുളപ്പിക്കുമെന്നായിരുന്നു സമരത്തിന്റെ മുദ്രാവാക്യം.

മൂന്ന് വർഷം നീണ്ട സമരത്തിനുശേഷം തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ 1907ല്‍ ദലിതർക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിട്ടു. എന്നാൽ, ഇത് അംഗീകരിക്കാൻ സവർണർ തയാറായില്ല. അവർണ വിദ്യാർഥികളോട് അധ്യാപകർ നിന്ദ്യമായി പെരുമാറി. പുലയക്കുട്ടികളെ പടിക്ക് പുറത്തു നിർത്തി. സർക്കാർ ഉത്തരവ് നടപ്പാക്കാൻ ഊരൂട്ടമ്പലം സ്കൂളിലേക്ക് പഞ്ചമി എന്ന എട്ടുവയസ്സുകാരിയുടെ കൈയും പിടിച്ച് അയ്യൻകാളിയെത്തി.

അയിത്തജാതിക്കാരെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന ഹെഡ്മാസ്റ്ററുടെ മറുപടി വകവെക്കാതെ അയ്യൻകാളി പഞ്ചമിയെ സ്കൂൾ ബെഞ്ചിൽ കൊണ്ടിരുത്തി. ഇത് വലിയ ബഹളത്തിനിടയാക്കി. കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തിൽ അയ്യൻകാളിയെയും കൂട്ടരെയും ക്രൂരമായി മർദിച്ചു. പഞ്ചമി കയറിയ സ്കൂൾ അവർ തീയിട്ടു നശിപ്പിച്ചു.

മാറനല്ലൂർ പ്രദേശത്താകെ ആക്രമികള്‍ അഴിഞ്ഞാടി. ദലിത് കർഷക തൊഴിലാളികൾ പാർത്തിരുന്ന കണ്ടല, മുണ്ടൻചിറ, ഇറയംകോട്, ആനമല, കൊശവല്ലൂർ, കരിങ്ങൽ, അരുവിക്കര തുടങ്ങിയ പ്രദേശങ്ങൾക്കു നേരെ കനത്ത അക്രമം നടന്നു. കുടിലുകൾക്ക് തീയിട്ടു.

ദലിത് സ്ത്രീകളെ മാനഭംഗപ്പെടുത്തി. അയ്യൻകാളി പിന്മാറിയില്ല. ഊരൂട്ടമ്പലത്തിന് പിന്നാലെ വെങ്ങാനൂർ ചാവടി സ്കൂളിലും പുലയ വിദ്യാർഥികളുമായി അയ്യൻകാളി ചെന്നു. അവിടെയും ആക്രമണം നടന്നു. ഇതോടെ ശക്തമായ കർഷകസമരം ആരംഭിച്ചു.

വിദ്യാഭ്യാസ അവകാശത്തിനായി ലോകചരിത്രത്തിൽ ആദ്യമായി നടന്ന പ്രക്ഷോഭമായിരുന്നു ഈ പണിമുടക്ക്. ഇതിനുപിന്നാലെ തിരുവിതാംകൂറിൽ ദലിതർക്ക് പഠനാവകാശം ലഭിച്ചു. 1914ൽ വീണ്ടും സ്കൂൾ പ്രവേശന ഉത്തരവ് ഇറക്കി. 1904ൽ തുടങ്ങി 1914ൽ അവസാനിച്ച ഒരു പതിറ്റാണ്ട് നീണ്ടുനിന്ന സമരമായി ഇതുമാറി. കൊല്ലവർഷം 1090ൽ നടന്നതുകൊണ്ട് തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നു.

Tags:    
News Summary - The flame of freedom lit by letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.