ടീസ്റ്റയുടെ ജാമ്യം ആശ്വാസംതന്നെ, എങ്കിലും...

ഗുജറാത്ത് പൊലീസ് ഗൂഢാലോചനക്കുറ്റം ചുമത്തി തുറുങ്കിലടച്ചിരുന്ന മനുഷ്യാവകാശ-മാധ്യമ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന് ഒടുവിൽ സുപ്രീംകോടതി ജാമ്യം നൽകിയിരിക്കുന്നു.

1993 ജനുവരിയിലാണ് ടീസ്റ്റയുടെ ശൗര്യം ആദ്യമായി ദർശിക്കുന്നത്. മുംബൈ കലാപത്തീയിൽ വെന്തുരുകവേ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു മുംബൈ സന്ദർശിച്ചപ്പോൾ. രാജ്ഭവനിൽ അദ്ദേഹം നടത്തിയ വാർത്തസമ്മേളനത്തിന്റെ ആമുഖം അവസാനിക്കും മുമ്പ് ആ യുവ മാധ്യമപ്രവർത്തക എഴുന്നേറ്റ് നിന്ന് ചോദിച്ചു.

''മിസ്റ്റർ പ്രൈംമിനിസ്റ്റർ, താങ്കൾ ഈ കലാപം അവസാനിപ്പിക്കാൻ എത്ര ദിവസമെടുക്കും?'' ആ ഒരൊറ്റ ചോദ്യത്തിൽ എല്ലാം അടങ്ങിയിരുന്നു.

18 ഭാഷകൾ വശമുള്ള നരസിംഹ റാവു മറുപടി പറയാൻ വാക്കുകിട്ടാതെ പതറി.

മുഖ്യമന്ത്രിയായിരുന്ന സുധാകർ റാവു നായിക് സഹായത്തിനെത്തി എന്തെല്ലാമോ പറഞ്ഞു എന്നല്ലാതെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായില്ല. തുടർന്ന് കലാപദുരിതങ്ങളെ കുറിച്ച് തുരുതുരാ ചോദ്യശരങ്ങളുതിർത്തു. മറുപടി പറയാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിഷമിക്കവെ മറാഠി പത്രപ്രവർത്തകരിൽ ചിലർ രംഗത്തുവന്ന് വാർത്തസമ്മേളനത്തിന്റെ ഗതി തിരിച്ചുവിടുകയായിരുന്നു.

നരസിംഹ റാവുവോ നായിക്കോ ഒന്നുമല്ല കലാപത്തിന് അറുതി വരുത്തിയത്. നിർത്തിക്കോള്ളൂ എന്ന് ബാൽതാക്കറെ തന്നെ പ്രഖ്യാപിച്ച ശേഷമാണ് കലാപം ഒട്ടൊന്ന് ശമിച്ചത്. അപ്പോഴേക്കും മരണം 2000 കടന്നിരുന്നു. അന്ന് ബിസിനസ് ഇന്ത്യ മാഗസിനിലായിരുന്നു ടീസ്റ്റ. ഒരു ബിസിനസ് മാഗസിനാണെങ്കിലും വ്യവസായ-സാംസ്കാരിക നഗരത്തിന്റെ മനോഗതി തന്നെ മാറ്റിമറിച്ച കലാപം സംബന്ധിച്ച് അവർ എഴുതിയ റിപ്പോർട്ടുകൾ ഒന്നൊഴിയാതെ ബിസിനസ് ഇന്ത്യയിൽ അച്ചടിച്ചു വന്നു.

കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമീഷൻ മുമ്പാകെ നിരവധി ഇരകളെ എത്തിക്കുകയും നിയമപോരാട്ടത്തിന് വഴികാണിച്ചു കൊടുക്കുകയും ചെയ്തു അവർ.

കലാപത്തിൽ പൊലീസ് വഹിച്ച പങ്ക് പുറത്തു കൊണ്ടുവന്നത് അതി സാഹസികമായാണ്. മുംബൈ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് പുറത്തുപോയ വയർലസ് സന്ദേശങ്ങൾ എഫ്.എം ട്രാൻസ്‌മിറ്റർ ഉപയോഗിച്ച് ശേഖരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള പത്രങ്ങളിലൂടെ പുറത്തുവിട്ടത്.

മുസ്‍ലിം ഗലികളിൽ വെടിവെക്കാൻ ഉത്തരവിടുന്നതും, അവർ ആക്രമിക്കപ്പെടുന്ന പ്രദേശങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് നിർദേശിക്കുന്നതും വീടുകളും കെട്ടിടങ്ങളും ബിസിനസ് സ്ഥാപനങ്ങളും കത്തിക്കുന്ന റൂട്ടുകളിലേക്ക് അഗ്നിശമന സേന പോകേണ്ടതില്ലെന്ന് ചട്ടംകെട്ടുന്നതുമെല്ലാം പൊലീസിന്റെ വയർലെസ് ടേപ്പുകളിലുണ്ടായിരുന്നു. അവ പുറത്തു വന്നതോടെ നിൽക്കക്കള്ളിയില്ലാതായ മുംബൈ പൊലീസ് അന്നേ ടീസ്റ്റയെ കുരുക്കാൻ വഴി തേടി.

കലാപത്തിന്റെ കനലണയും മുമ്പ് ബാന്ദ്രയിലെ ലക്കി ഹോട്ടലിൽ മുംബൈയിലെ സംസ്കാരിക-മാധ്യമ പ്രവർത്തകർ ഒരു യോഗം വിളിച്ചുചേർത്തു. നഗരത്തിലെ മധ്യവർഗ മുസ്‍ലിം പ്രമുഖരും യോഗത്തിനെത്തി. അവിടെ വെച്ചാണ് വർഗീയത നേരിടാനുള്ള പല നടപടികളെക്കുറിച്ചും ആലോചിച്ച കൂട്ടത്തിൽ കമ്യൂണലിസം കോമ്പാറ്റ് എന്ന പ്രസിദ്ധീകരണം തുടങ്ങാൻ തീരുമാനിച്ചതും ആവശ്യമായ സഹായം എല്ലാവരും വാഗ്ദാനം ചെയ്തതും.

'ബിസിനസ് ഇന്ത്യ'യിൽ നിന്ന് രാജിവെച്ച് ടീസ്റ്റ പ്രസിദ്ധീകരണത്തിന്റെ മുഴുവൻ സമയ എഡിറ്ററായി.

ഇവർക്കൊപ്പം ഭർത്താവ് ജാവേദ് ആനന്ദ്, ജസ്യൂട്ട് പുരോഹിതൻ ഫാ.സെഡറിക് പ്രകാശ്, പ്രമുഖ പത്രപ്രവർത്തകനായ അനിൽ ദർക്കർ, പരസ്യകലയിൽ പകരംവെക്കാനില്ലാത്ത പേരായിരുന്ന അലിക്ക് പദംസി, നാടക രംഗത്തെ മുൻനിര നാമമായിരുന്ന വിജയ് ടെണ്ടുൽകർ, കവിയും ഗാനരചിയതാവുമായ ജാവേദ് അക്തർ, നടൻ രാഹുൽ ബോസ് തുടങ്ങിയവർ കൈകോർത്ത് ആരംഭിച്ചതാണ് സി.ജെ.പി എന്ന സന്നദ്ധ സംഘടന.

മഹാരാഷ്ട്ര, ഗുജറാത്ത് മേഖലയിൽ നടന്നിട്ടുള്ള ഒട്ടേറെ സ്ഫോടനങ്ങൾക്ക് പിറകിൽ പ്രവർത്തിച്ച ഹിന്ദുത്വ സംഘടനകളായ സനാതൻ സൻസ്ഥ, അഭിനവ് ഭാരത് എന്നിവയെ തുറന്നു കാട്ടുന്നതിലും ഇതുസംബന്ധിച്ച് ഒരുപാട് രഹസ്യങ്ങൾ മഹാരാഷ്ട്ര എ.ടി.എസിന് കൈമാറുന്നതിനും ഇവർക്ക് സാധിച്ചു.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിക്കും ഗുജറാത്ത് പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും ഗവൺമെൻറിനും ഉണ്ടായിരുന്ന പങ്കിനെ കുറിച്ച് നിരവധി വാർത്തകൾ പുറത്തുകൊണ്ടുവരുന്നതിൽ ടീസ്റ്റ പങ്കുവഹിച്ചു, കലാപ ഇരകളുടെ നിയമ പോരാട്ടത്തിനും അവർ മുന്നിട്ടിറങ്ങി. അതിനൊടുവിലാണ് 2004 ഏപ്രിൽ മാസത്തിൽ ബെസ്റ്റ് ബേക്കറി കേസ് കേൾക്കാൻ സുപ്രീംകോടതി സന്മനസ്സ് കാണിച്ചതും ഗുജറാത്ത് കോടതിയിൽ നിന്ന് കേസ് മുംബൈയിലേക്ക് മാറ്റാൻ സുപ്രീംകോടതി അനുമതി കൊടുത്തതുമെല്ലാം. 2013 വരെ കേസുകൾ നീണ്ടു.

പല പരാതികളും പ്രാദേശിക കോടതിയും മുംബൈ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയെങ്കിലും ചിലവ തള്ളാൻ കഴിയാതെ വഴിയിൽ കിടന്നു. ഗുജറാത്ത് മന്ത്രിസഭാംഗമായിരുന്ന മായാ കൊട്നാനിക്കെതിരായ കേസ് അതിലൊന്നായിരുന്നു. കോൺഗ്രസ് നേതാവും മുൻ എം.പിയുമായിരുന്ന ഇഹ്സാൻ ജാഫരി ഉൾപ്പെടെയുള്ള നിരപരാധികളെ ഗുൽബർഗ് സൊസൈറ്റിയിൽ ജീവനോടെ ചുട്ടെരിച്ച കേസിൽ നീതി തേടി അദ്ദേഹത്തിന്റെ വിധവ സകിയ ജാഫരി ഇറങ്ങിപ്പുറപ്പെട്ടപ്പോൾ സർവവിധ പിന്തുണയുമായി ടീസ്റ്റ ഒപ്പം നടന്നു.

ഗുജറാത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയ ആ കേസ് ഇന്ത്യയിലെ കലാപ ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. സുപ്രീംകോടതി നിയോഗിച്ച കമീഷൻ മോദിക്ക് നൽകിയ ക്ലീൻചിറ്റ് ശരിവെക്കുകയും സകിയ എന്ന വിധവയുടെ കേസ് തള്ളുകയും ചെയ്തതിന് പിറകെ വിധിന്യായത്തിൽ വന്ന ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് ടീസ്റ്റയെ തിരക്കിട്ട് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം ലംഘിച്ച് അറസ്റ്റ് ചെയ്യാനെത്തിയ ഗുജറാത്ത് പൊലീസ് സംഘത്തിന് മുന്നിലും അവർ പതറാത്ത പോരാളിയായി നിലകൊണ്ടു. ടീസ്റ്റക്ക് പിറകെ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും പിടിച്ചു കൊണ്ടുപോയി അവർ.

സുപ്രീംകോടതി വിധിന്യായത്തിന്റെ ചുവടുപിടിച്ച് ചമച്ച എഫ്.ഐ.ആറിൽ അറസ്റ്റ് ചെയ്യപ്പെട്ട ടീസ്റ്റക്ക് രണ്ടു മാസങ്ങൾക്ക് ശേഷം സുപ്രീംകോടതി ഇടപെടലിൽ ജാമ്യം ലഭിച്ചു എന്നത് ആശ്വാസകരമാണ്. ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ നിരീക്ഷണങ്ങളും ഇടക്കാല ജാമ്യം അനുവദിക്കാതെ ദീർഘകാലം കസ്റ്റഡിയിൽ വെക്കുന്നതിൽ പ്രകടിപ്പിച്ച അസ്വസ്ഥതയുമെല്ലാം മനുഷ്യപ്പറ്റുള്ള ഓരോ പൗരനും സമാശ്വാസം പകരുന്നത് തന്നെയാണ്.

എന്നാൽ, ആർ.ബി. ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും പോലുള്ള നീതിയുടെ പോരാളികൾ ഇപ്പോഴും കൽത്തുറുങ്കിൽ തുടരുകയാണ് എന്ന യാഥാർഥ്യം നമ്മുടെ ആശ്വാസങ്ങളെയപ്പാടെ മന്ദീഭവിപ്പിക്കുന്നു.

Tags:    
News Summary - Teesta's bail is a relief, but...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.