കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും ഒത്തുചേരുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേള, 64ാമത് കേരള സ്കൂള്‍ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ അരങ്ങേറുകയാണ്. അഞ്ചു രാപ്പകലുകൾ നീളുന്ന ഈ മഹാമേള മതനിരപേക്ഷ കേരളത്തിന്റെ സാംസ്കാരിക കരുത്ത് വിളിച്ചോതുന്ന വേദികളായി മാറും.
1957ല്‍ വെറും ഇരുന്നൂറോളം പേര് പങ്കെടുത്ത ഒരു ചെറിയ കലാമത്സരത്തിൽ നിന്ന് പതിനയ്യായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരക്കുന്ന മേളയായി നമ്മുടെ കലോത്സവം വളർന്നിരിക്കുന്നു. വൈവിധ്യങ്ങളെ തകർത്ത് ഏകതാനത അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത്, വൈജാത്യങ്ങളെ സംരക്ഷിക്കാനും ആഘോഷിക്കാനുമുള്ള നമ്മുടെ പോരാട്ടം കൂടിയാണ് ഈ കലോത്സവം. എല്ലാ സാംസ്കാരിക രൂപങ്ങളെയും ഉള്‍ച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ഗോത്രകലകളെക്കൂടി കലോത്സവത്തിന്റെ ഭാഗമാക്കിയത് ഇതിന് ഉദാഹരണമാണ്.
ഇത്തവണത്തെ കലോത്സവം ‘ഉത്തരവാദിത്ത കലോത്സവം’ എന്ന പുതിയ ആശയത്തിലാണ് സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി സ്വന്തം കുപ്പികൾ കരുതുക, പോഷകസമൃദ്ധമായ ഭക്ഷണം മാത്രം വിളമ്പുക എന്നിവയാണ് പ്രധാന സവിശേഷതകൾ. മത്സരത്തോടൊപ്പം തോൽവിയെ മാന്യമായി അംഗീകരിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഈ മേള കുട്ടികളെ പ്രാപ്തരാക്കും. സമൂഹത്തോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ള ഒരു തലമുറയെ ഇതിലൂടെ നമുക്ക് വാർത്തെടുക്കാം.
കലോത്സവങ്ങൾ കേവലം മത്സരവേദികളല്ല, മറിച്ച് അതൊരു സാംസ്കാരിക വിനിമയ പാഠശാലയാണ്. നിർഭാഗ്യവശാൽ ചില രക്ഷിതാക്കളെങ്കിലും അമിതമായ മത്സരബുദ്ധിയോടെ ഇതിനെ സമീപിക്കുന്നത് കുട്ടികളിൽ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. രക്ഷിതാക്കൾ ഇതിൽ സ്വയം തിരുത്തൽ വരുത്തേണ്ടതുണ്ട്. കുട്ടികൾ നിർഭയമായി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കട്ടെ. ‘മത്സരം വേണ്ട, ഉത്സവം മതി’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, തൃശൂരിന്റെ മണ്ണിൽ വിരിയുന്ന ഈ കലാവസന്തത്തെ നമുക്ക് നെഞ്ചിലേറ്റാം. എല്ലാ പ്രതിഭകൾക്കും വിജയാശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.