വര്‍ഗീയതക്ക് കുപ്രസിദ്ധരായ പൊലീസ് സേനയായ ഉത്തര്‍പ്രദേശിലെ പി.എ.സി നടത്തിയ ഹാഷിംപുര കൂട്ടക്കൊലയിലെ ഇരകള്‍ക്ക് നിയമ പോരാട്ടം നടത്തി നഷ്ടപരിഹാരവും പ്രതികള്‍ക്ക് ശിക്ഷയും വാങ്ങിക്കൊടുത്ത മലയാളിയായ ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷക റബേക്ക മാമ്മന്‍ ജോൺ പോരാട്ടവഴിയിലേക്ക് തിരിഞ്ഞുനോക്കുന്നു...
രാജ്യത്തിെൻറ ചരിത്രത്തില്‍ പൊലീസ് സേന നടത്തിയ കുപ്രസിദ്ധമായ വര്‍ഗീയ കൂട്ടക്കുരുതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹൈകോടതി വിധി വന്നുകഴിഞ്ഞു. ഇത്ര നീണ്ട നിയമയുദ്ധം നടത്തിയയാളെന്ന നിലയിൽ ഹൈകോടതി വിധിയോടുള്ള പ്രതികരണം?
ഈ വിധിക്കായി നീണ്ട 31 വര്‍ഷം നീതിക്കായി കാത്തുനിന്ന ഹാഷിംപുരയിലെ ജനങ്ങളുടെ വിജയമാണ് ഇത്. കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത് മാത്രമായിരുന്നില്ല അവരുടെ വേദന. വിചാരണക്കോടതിയില്‍ അവര്‍ നടത്തിയ നിയമപോരാട്ടത്തിലും തിരിച്ചടി നേരിട്ടു. ഹാഷിംപുര കൂട്ടക്കൊല നടത്തിയ മുഴുവന്‍ പ്രതികളെയും വിചാരണ കോടതി വിട്ടയച്ചു. വിചാരണക്കോടതി വിധിയാണ് ഇരകള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത്. രാജ്യത്തെ നിയമവ്യവസ്ഥ ഈ കൂട്ടക്കൊലയുടെ ഇരകളോട് നേരേത്ത ചെയ്ത വലിയൊരു തെറ്റ് തിരുത്തിയതില്‍ ഡല്‍ഹി ഹൈകോടതിയോട് ഞങ്ങള്‍ക്ക് അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ട്. ഒരു സമുദായത്തിലെ 44 മനുഷ്യരെ ലക്ഷ്യമിട്ട് യൂനിഫോമിലെത്തിയ പൊലീസുകാര്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇത്. അങ്ങേയറ്റം ഭീകരമായ കുറ്റകൃത്യമായിരുന്നു ഇത്. ആ കുറ്റകൃത്യത്തിെൻറ ഭയാനകത ഹൈകോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിതമായ കൂട്ടക്കൊല എന്ന് ഹൈകോടതിതന്നെ വ്യക്തമാക്കി. എെൻറ അഭിവാദ്യം ഹാഷിംപുരയിലെ മനുഷ്യര്‍ക്കാണ്. അവരാണ് പോരാട്ടത്തില്‍നിന്ന് പിന്മാറാതെ മുന്നോട്ടുപോയത്. ആ മനുഷ്യരുടെ പോരാട്ടത്തിന് ശബ്ദം നല്കാന് മാത്രമേ അഭിഭാഷകര്‍ക്ക് കഴിയൂ. ഞാനും വൃന്ദ ഗ്രോവറും നടത്തിയ പോരാട്ടമല്ല; നിയമയുദ്ധം നടത്താന്‍ ഹാഷിംപുരക്കാര് കാണിച്ച ധൈര്യമാണ് അഭിനന്ദിക്കപ്പെടേണ്ടത്.
ഈ പോരാട്ടം യഥാർഥത്തിൽ ഹാഷിംപുരയുടേതാണെന്ന്?
അെത, ഞങ്ങള്‍ അവര്‍ക്കു പിറകില്‍ നില്‍ക്കുകയായിരുന്നു. ഇന്നത്തെ ഹൈകോടതി വിധിയിലെ വാര്‍ത്ത ഞങ്ങളുെടതല്ല. ആ മനുഷ്യരുടെ കഥയാണ്. ആ കഥ കോടതിക്ക് മുമ്പാകെ വെക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. പരമ ദരിദ്രരായ ആ സ്ത്രീകളും പുരുഷന്മാരും ഇത്രമാത്രം തിരിച്ചടികളുണ്ടായിട്ടും ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. ചെറുപ്പക്കാരായ മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കളെയും ഭര്ത്താക്കന്മാരെ നഷ്ടപ്പെട്ട ഭാര്യമാരെയും ഉടപ്പിറപ്പുകളെ നഷ്ടപ്പെട്ട സഹോദരങ്ങളെയും ഓര്‍ത്തുനോക്കൂ. നീണ്ട 31 വര്‍ഷമായിട്ടും രാജ്യത്തെ നിയമ വ്യവസഥയിലുള്ള വിശ്വാസം ഇന്നുവരെ അവരുപേക്ഷിച്ചില്ല.
ഹൈകോടതി എല്ലാവരെയും ശിക്ഷിച്ച കേസില്‍ പിന്നെന്തുകൊണ്ടാണ് വിചാരണക്കോടതി എല്ലാവരെയും വെറുതെ വിട്ടത്? വിചാരണക്കേടതിക്ക് പറ്റിയ പിഴവ് എവിടെയാണ്?
തെളിവുകള്‍ സംബന്ധിച്ച സങ്കീര്‍ണമായ ചോദ്യമാണ് ഇത്. കോടതിയില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ മുഴുവന്‍ ഇവിടെ നിരത്താൻ കഴിയില്ലല്ലോ. വിധിപ്രസ്താവത്തില്‍ അവ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. ആകക്കൂടി എനിക്ക് പറയാന്‍ കഴിയുക ഒരു കാര്യമാണ്. 31 വര്‍ഷം മുമ്പ് കൂട്ടക്കൊല നടന്ന ദിവസമുണ്ടായ സംഭവം കോടതിക്കു മുമ്പാകെ അനാവരണം ചെയ്യാനായി. കൂട്ടക്കൊല നടത്താനുപയോഗിച്ച ട്രക്ക് പി.എ.സിയുടെ സി ബറ്റാലിയെൻറ 41ാം കമ്പനിയുടെ പക്കല്‍ സംഭവ ദിവസം ഉണ്ടായിരുന്നുവെന്ന് ഹൈകോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞു. ആ ട്രക്ക് ഹാഷിംപുരയിലേക്ക് പോയിട്ടുണ്ടെന്നും അവിടെ നിന്ന് 44 മുസ്ലിംകളെ എടുത്താണ് ആ ട്രക്ക് പോന്നതെന്നും അന്നു രാത്രി അത്രയും മനുഷ്യരെ കൊലപ്പെടുത്തിയെന്നും സ്ഥാപിക്കാനുമായി. ട്രക്കിലുണ്ടായ മനുഷ്യരക്തം കഴുകിക്കളഞ്ഞതിെൻറ തെളിവും ട്രക്കില്‍ വെടിയുണ്ട പതിഞ്ഞതിെൻറ പാടുകളും കൂട്ടക്കൊലയുടെ നിഷേധിക്കാനാവാത്ത തെളിവുകളായി. ഇതിനെല്ലാം പുറമെ കൂട്ടക്കുരുതിയില്‍ നിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട അഞ്ച് ഇരകളുടെ ദൃക്സാക്ഷി മൊഴി എല്ലാറ്റിനുമുപരിയായ തെളിവായിരുന്നു. കിരാതമായ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന കൃത്യമായ വിവരണം നല്‍കിയത് ഈ ദൃക്സാക്ഷികളാണ്. ഇതുകൂടാതെ ഹൈകോടതിയെ ഒരു കാര്യം കൂടി ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്കായി. കൊല നടത്തിയത് ബറ്റാലിയന് തന്നെയാണ് എന്ന്.
സുബ്രമണ്യന്‍ സ്വാമി ഹാഷിംപുര കേസില്‍ കക്ഷിചേരാനുള്ള ഒരു ശ്രമം നടത്തിയിരുന്നുവല്ലോ. താങ്കളും വൃന്ദ ഗ്രോവറും സ്വാമിയോട് എന്ത് നിലപാടാണ് സ്വീകരിച്ചത്? കേസും വിചാരണയും നീണ്ടുപോകുമെന്ന് പറഞ്ഞ് സ്വാമിയെ കക്ഷിയാക്കുന്നതിനെ ഇരുവരും എതിര്‍ത്തിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു?
ഹൈകോടതിയില്‍ സുബ്രമണ്യന്‍ സ്വാമി സമര്‍പ്പിച്ച അപേക്ഷയെ ഞങ്ങളൊരിക്കലും എതിര്‍ത്തിട്ടില്ല. ഹാഷിംപുര കൂട്ടക്കൊല അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്നായിരുന്നു സ്വാമിയുടെ ആവശ്യം. അത് തള്ളിക്കളഞ്ഞുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ഹൈകോടതി ഈ കേസില്‍ പ്രതികളെ ശിക്ഷിച്ച് അന്തിമവിധി പുറപ്പെടുവിച്ചല്ലോ. എല്ലാവര്ക്കും ശിക്ഷ നല്കിയ സ്ഥിതിക്ക് ഇനി ഒരു പ്രത്യേക അന്വേഷണ സംഘത്തിെൻറ ആവശ്യവുമില്ല. ഹൈകോടതിയില്‍ ഞങ്ങള്‍ ഏതായാലും ഈ വിഷയമുന്നയിച്ചിട്ടില്ല. ഞങ്ങളിരുവര്‍ക്കും സുബ്രമണ്യന്‍ സ്വാമിയുടെ ഹരജിയില്‍ സുപ്രീംകോടതി ഒരു നോട്ടീസും അയച്ചിട്ടില്ല. നോട്ടീസ് ലഭിക്കാതെ സ്വാമിയുടെ ഹരജിയില്‍ ഒരു മറുപടി നല്‍കുക സാധ്യവുമല്ല. ഏതായാലും കേസിെൻറ മെറിറ്റിലായിരുന്നു ഞങ്ങളുടെ വാദം. ആ വാദം ഇപ്പോള്‍ വിജയം കാണുകയും ചെയ്തിരിക്കുന്നു.
31 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിലെ ഇരകളുടെ നഷ്ടപരിഹാരത്തിെൻറ അവസ്ഥയെന്താണ്? കൊല്ലപ്പെട്ട മുഴുവന്‍ മനുഷ്യര്‍ക്കും നഷ്ടപരിഹാരം വകവെച്ചുകിട്ടിയോ?
വിചാരണക്കോടതി പ്രതികളെ വിട്ടയച്ചതിനെതിരെ സമര്‍പ്പിച്ച അപ്പീലിനു പുറമെ നഷ്ടപരിഹാരത്തിന് മറ്റൊരു ഹരജി നല്‍കുകയാണ് ഞങ്ങള്‍ ചെയ്തത്. അതേത്തുടര്‍ന്ന് കൊല്ലപ്പെട്ട 44 പേരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. നഷ്ടപരിഹാര തുക പലര്‍ക്കും വ്യത്യസ്തമായിരുന്നു. ഒരാള്‍ കൊല്ലപ്പെട്ട കുടുംബങ്ങളും ഒന്നിലേറെ പേര് കൊല്ലപ്പെട്ട കുടുംബങ്ങളുമുണ്ടായിരുന്നു. എല്ലാവര്ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത് ഹൈകോടതി വിധിയെ തുടര്‍ന്നായിരുന്നു. അതാകട്ടെ ഞങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലുമായിരുന്നു.
മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ അതിക്രമങ്ങള്‍ വ്യാപകമായ ഈ സമയത്ത് ഹൈകോടതി വിധിയെ അതിനെതിരായ മുന്നറിയിപ്പായി കാണാന്‍ കഴിയുമോ?
ഹാഷിംപുരയില്‍ നടന്നത് വംശഹത്യയാണ്. യൂനിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ന്യൂനപക്ഷ സമുദായത്തെ തടങ്കലിലാക്കി നടപ്പാക്കിയ കൂട്ടക്കൊലയാണിതെന്ന് ഹൈകോടതി വിധിയില്‍ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.