ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് 11-ാം നൂറ്റാണ്ടിൽ മാൾവ ഭരിച്ച രാജാ ഭോജനെക്കുറിച്ചുള്ള പ്രശസ്തമായ നാടോടിക്കഥയുമായി അസാധാരണമായ സാമ്യമുണ്ട്. ഗംഗാതീരത്ത് സന്ധ്യാദീപം അണയാറാവുമ്പോൾ മുത്തശ്ശിമാർ ഇപ്പോഴും പറയാറുള്ള ആ പഴങ്കഥ ഇങ്ങനെയാണ്:
അറിവിനും ചുറുചുറുക്കിനും കൂർമബുദ്ധിക്കും അതി പ്രശസ്തനായിരുന്നു രാജാവ്. അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ശത്രുക്കൾ വിറകൊണ്ടു. കാറ്റിന്റെ ദിശ വായിക്കാനും പുല്ലിനടിയിലൂടെ ഒളിഞ്ഞുവരുന്ന ശത്രുവിന്റെ നേർത്തചലനം പോലും തിരിച്ചറിയാനും അദ്ദേഹത്തിനാകുമായിരുന്നു.‘‘രാജാവറിയാതെ ഒരില പോലും അനങ്ങില്ല’’ എന്ന് പ്രജകൾ അഭിമാനത്തോടെ പറഞ്ഞു. എന്നാൽ, ഒരു ദിവസം അദ്ദേഹം അസുഖബാധിതനായി. പനിയും ചുമയുമൊന്നുമല്ല, ഓർമകളെ കാർന്നുതിന്നുന്ന നിശബ്ദമായ ഒരു രോഗം അദ്ദേഹത്തെ പിടികൂടി. രാജാവിന്റെ കാലുകൾക്ക് കനം അനുഭവപ്പെട്ടു, വാക്കുകൾ ഇടറി, ആ കൂർത്തകണ്ണുകൾ മണിക്കൂറുകളോളം ശൂന്യതയിലേക്ക് നോക്കിയിരുന്നു. തക്കംപാർത്ത് നടന്നിരുന്ന, അതി വിശ്വസ്തരെന്ന് കരുതപ്പെട്ടിരുന്ന, സദാ പുഞ്ചിരിതൂകുന്ന തന്ത്രശാലികളായ രണ്ട് സഹായികൾ - ഇതാണ് തങ്ങളുടെ അവസരമെന്ന് മനസ്സിലാക്കി.
എല്ലാ ദിവസവും രാവിലെ, അവർ രാജാവിന്റെ കാലുകളിൽ കാവി നിറത്തിലുള്ള മൃദുവായ പാദരക്ഷകൾ അണിയിച്ചുകൊണ്ട് മധുരമായി മന്ത്രിച്ചു: ‘‘മഹാരാജാ, അങ്ങ് ഭൂമിയിലെ ഏറ്റവും മികച്ച രാജാവാണ്, അതി ബുദ്ധിമാനും ഉദാരമനസ്കനുമാണ്. അങ്ങ് അൽപം ക്ഷീണിതനാണ്. കുറച്ചുനേരം വിശ്രമിക്കൂ; എല്ലാ കാര്യവും ഞങ്ങൾ നോക്കിക്കൊള്ളാം. അങ്ങയുടെ പേരിൽ എല്ലാ തീരുമാനങ്ങളും ഞങ്ങൾ എടുത്തുകൊള്ളാം."
രാജാവ് മെല്ലെ ചിരിച്ചുകൊണ്ട് തലയാട്ടി. താൻ ഏറ്റവും മികച്ചവനും, ബുദ്ധിമാനും, ഉദാരമതിയുമാണെന്ന പ്രശംസ കേൾക്കാൻ അദ്ദേഹം അപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. അന്നുമുതൽ, രാജാവ് കൊട്ടാരത്തിന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം, ഇവരിരുവരും രാജാവിന്റെ ചെങ്കോൽ പിടിച്ച് തൊട്ടുപിന്നിൽ നിൽക്കുമായിരുന്നു. രാജാവ് സംസാരിക്കാനായി വായ തുറക്കുമ്പോഴേക്ക് ഇവരുടെ ചുണ്ടുകൾ ചലിച്ചുതുടങ്ങും -രാജാവ് പുതുതായി പാട്ടുപഠിച്ച ഒരു കൊച്ചുകുട്ടിയെപ്പോലെ അവരുടെ വാക്കുകൾ ഏറ്റുചൊല്ലി. സദസ്യർ എന്തെങ്കിലും ചോദ്യങ്ങൾ ഉന്നയിച്ചാൽ, ഇരുവരും ഉടൻപറയും: ഇതാണ് മഹാരാജാവിന്റെ ആഗ്രഹം.‘‘രാജാവ് ആശയക്കുഴപ്പത്തോടെ നെറ്റി ചുളിച്ചാൽ, അവർ അദ്ദേഹത്തിന്റെ തോളിൽ തട്ടിക്കൊണ്ട് പറയും, "മഹാരാജാവ് വിഷമിക്കല്ലേ, അങ്ങാണ് രാജാവ്; ഞങ്ങൾ അങ്ങയുടെ സേവകർ മാത്രം.’’
ഇന്ന്, നിതീഷ് കുമാർ എല്ലാം ഭാരതീയ ജനത പാർട്ടിക്ക് അടിയറവ് വെച്ചിരിക്കുകയാണ് -ആഭ്യന്തര വകുപ്പും സ്പീക്കർ സ്ഥാനവും എല്ലാറ്റിനുമുപരി യഥാർഥ അധികാരവും. ബി.ജെ.പിക്കാരനായ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, നിതീഷിന്റെ നേതൃത്വത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് നടിക്കാൻ പോലും ഇപ്പോൾ മെനക്കെടുന്നില്ല; പകരം ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ മാതൃകയിൽ ബിഹാറിലും ഒരു ‘ബുൾഡോസർ രാജ്’ നടപ്പാക്കുകയാണ്.
എന്നിട്ടും, പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും ഉത്തരവുകൾ സ്വീകരിക്കുന്ന ഈ ഇരട്ടകൾ ഇപ്പോഴും പറയുന്നു: ‘‘എല്ലാ തീരുമാനങ്ങളും നിതീഷ് ജി യാണ് കൈക്കൊള്ളുന്നത്."
നിതീഷ് കുമാർ താൻ എവിടെയാണെന്നോ ചുറ്റും എന്താണ് നടക്കുന്നതെന്നോ ശരിക്കും അറിയുന്നുണ്ടോ എന്ന് ആരും സംശയിച്ചുപോകും. മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കെ, അദ്ദേഹത്തിന്റെ ഉത്തരവെന്ന പേരിൽ ഏകദേശം 1.51 കോടി സ്ത്രീകൾക്ക് 10,000 രൂപ വീതം പണം നൽകി ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ വിലയ്ക്കുവാങ്ങിയതാണെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ടോ? അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദൾ (യുനൈറ്റഡ്) 85 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പി 89 സീറ്റുകൾ നേടി. എന്നാൽ, തന്റെ പാർട്ടിയുടെ പേരിൽ വിജയിച്ചവരുടെ മുഖമെങ്കിലും അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയുന്നുണ്ടോ?
നാഗ്പൂരിലെ ധൈര്യവും സർഗാത്മകതയും
രാഷ്ട്രീയ സ്വയംസേവകസംഘം പിറവിയെടുത്ത നാഗ്പൂരിന്റെ മണ്ണിൽ നിന്ന് ഹിന്ദുരാഷ്ട്ര അജണ്ടകളെക്കുറിച്ച് അത്രമേൽ നിർഭയനായി സംസാരിച്ച അശുതോഷിന്റേത് വല്ലാത്തൊരു ധൈര്യം തന്നെയായിരുന്നു. മധുരനാരങ്ങകളുടെ കൂടി നഗരമായ നാഗ്പൂരിൽ നടന്ന ഏഴാമത് ഓറഞ്ച് സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ തിങ്ങിനിറഞ്ഞ വേദിയിലാണ് ആംആദ്മി പാർട്ടി സ്ഥാപകാംഗം എന്ന മേൽവിലാസം വിട്ട് തന്റെ തട്ടകമായ മാധ്യമ പ്രവർത്തനത്തിലേക്ക് സന്തോഷപൂർവം തിരിച്ചെത്തിയ ‘ഹിന്ദുരാഷ്ട്ര’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ അശുതോഷ് ആർ.എസ്.എസിന്റെ ഒരു നൂറ്റാണ്ടിനെ കീറിമുറിച്ചത്: ആർ.എസ്.എസിന്റെ വളർച്ച, വിവിധ പോഷക സംഘടനകൾ, സംഘ പ്രചാരകനായിരുന്ന പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യയെ ഹെഡ്ഗേവാർ, സവർക്കർ, ഗോൾവാൾക്കർ, എന്തിന് ഗോദ്സെ പോലും സ്വപ്നം കണ്ട - ന്യൂനപക്ഷങ്ങൾ രണ്ടാം തരം പൗരന്മാരായും, മനുസ്മൃതി നിർദേശിക്കുന്ന അടിമത്തത്തിലേക്ക് ശൂദ്രരെ വീണ്ടും ആട്ടിത്തെളിക്കുന്നതുമായ ഹിന്ദു രാഷ്ട്രമാക്കാൻ നടത്തുന്ന നീക്കങ്ങൾ എന്നിവയെല്ലാം അദ്ദേഹം വിശദമായി സംസാരിച്ചു. സംഘത്തിന്റെ ഹൃദയഭൂമിയിൽ നടന്ന ആ സാഹിത്യ സംഭാഷണം സാധാരണമായിരുന്നില്ല; നിശബ്ദമായ ധീരകൃത്യമായിരുന്നു.
ആ ഉത്സവം തികച്ചും ആഘോഷഭരിതമായിരുന്നു. അത് സാധ്യമാക്കിയത് സുനിൽ റൈസോണി എന്ന മനുഷ്യനാണ് - റൈസോണി ഗ്രൂപ് ചെയർമാനും വിദ്യാഭ്യാസ പ്രവർത്തകനും മനുഷ്യസ്നേഹിയുമായ അദ്ദേഹത്തിന് പുസ്തകങ്ങളോടുള്ള അഭിനിവേശം അദ്ദേഹത്തിന്റെ ഉദാരമനസ്കത പോലെ തന്നെ അതിരില്ലാത്തതാണ്.
ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള എഴുത്തുകാരും വായനക്കാരും അഭിനേതാക്കളും ചിന്തകരുമെല്ലാം അണിനിരന്ന മേളയിൽ തിളങ്ങി നിന്നവരിൽ ഒരാൾ പുതിയ എഴുത്തുകാർക്കും മുതിർന്ന എഴുത്തുകാർക്കും ഒരുപോലെ ഒരു ആലയമാ 'ദി ബുക്ക് ബേക്കേഴ്സ്' ലിറ്റററി ഏജൻസിയുടെ ഊർജസ്വലനായ യുവ സി.ഇ.ഒ സുഹൈൽ മാത്തൂർ ആയിരുന്നു. ദിവ്യരൂപ് ഭട്നാഗർ, റാഷിമ സ്വരൂപ് വർമ, ഭാസ്വർ മുഖർജി തുടങ്ങി നിരവധി എഴുത്തുകാരും ഒപ്പമുണ്ടായിരുന്നു. ഇവരിൽ എന്റെ ഹൃദയം കവർന്നത് സുഹൃത്തുക്കൾ സ്നേഹത്തോടെ "ദേബു" എന്ന് വിളിക്കുന്ന ദിവ്യരൂപ് ആണ്.
എഴുപതുകളിലെ, ഐ.ഐ.ടി-ഐ.ഐ.എം (IIT-IIM) സന്തതിയായ ദേബു, നാല് പതിറ്റാണ്ടുകൾ കോർപറേറ്റ് ലോകത്ത് ചെലവഴിച്ച ശേഷം ഇപ്പോൾ തന്റെ ആവേശം കുറ്റാന്വേഷണ നോവലുകളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു. ഓം ബുക്സ് ഇന്റർനാഷനൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ 'മസ്സൂറി മർഡേഴ്സ്' (Mussoorie Murders) മലനിരകളുടെ പശ്ചാത്തലത്തിൽ മനോഹരമായി മെനഞ്ഞെടുത്ത ഒരു കുറ്റാന്വേഷണ കഥയാണ്. ‘ഞാൻ കോർപറേറ്റ് ജീവിതം പൂർണമായി ജീവിച്ചു’ കണ്ണുകളിൽ തിളക്കത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു, "ഇപ്പോൾ ഞാൻ എഴുത്തുകാരന്റെ ജീവിതം അതിലും പൂർണമായി ജീവിക്കുന്നു."
താങ്കളുടെ എഴുത്ത് ഏറെക്കാലം ഇനിയും തുടരട്ടെ, ദേബു ദാ. ഒന്നിനും ഒരിക്കലും വൈകിയിട്ടില്ല. ഫ്രാങ്ക് മക്കോർട്ടിന് 'ഏഞ്ചലാസ് ആഷസ്' (Angela’s Ashes) എന്ന കൃതിയിലൂടെ ലോകം കീഴടക്കുമ്പോൾ 66 വയസ്സായിരുന്നു. ലോറ ഇംഗൽസ് വൈൽഡർ തന്റെ 'ലിറ്റിൽ ഹൗസ്' പരമ്പര തുടങ്ങിയത് അവരുടെ അറുപതുകളിലാണ്. ഹാരിയറ്റ് ഡോർ 73ാം വയസ്സിലാണ് നാഷനൽ ബുക്ക് അവാർഡ് നേടിയത്. പ്രശസ്തരുടെ പാതയിലൂടെയാണ് താങ്കളുടെ സഞ്ചാരം - ഏറ്റവും മികച്ച അധ്യായങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് ഞാൻ കരുതുന്നു.
കയ്പേറിയ സത്യങ്ങൾ പറയാൻ ധൈര്യം കാണിക്കുന്ന സാഹിത്യോത്സവങ്ങൾക്കും പുസ്തകങ്ങൾക്ക് ലോകത്തെ മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്ന സംഘാടകർക്കും സർഗാത്മകതക്ക് വിരമിക്കൽ പ്രായമില്ലെന്ന് നമ്മളെ ഓർമിപ്പിക്കുന്ന എഴുപതുകാരായ നവാഗത എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.