സിസ്റ്റർ ലിനിയെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. നിപ്പ എന്ന മാരക വ്യാധിക്ക് മുന്നിൽ കേരളം പകച്ചുനിന്ന നാളുകളിൽ രോഗികളെ പരിചരിച്ച് ലോകത്തോട് വിട പറഞ്ഞ കേരളത്തിന്റെ മാലാഖയാണ് നഴ്സ് ലിനി. രണ്ട് പിഞ്ചുമക്കളെ അനാഥരാക്കിയാണ് ലിനി മടങ്ങിയത്. അത് കേരളത്തിന്റെ മനസാക്ഷിയെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു. ''സജീഷേട്ടാ...ആം ഓൾമോസ്റ്റ് ഓൺ ദ് വേ..നിങ്ങളെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല...സോറി...ലവൻ, കുഞ്ഞു, ഇവരെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ...''
നിപ്പ വൈറസ് പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനി (28) മരിക്കുന്നതിനുമുൻപ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കിടന്ന് ഭർത്താവിനെഴുതിയ കത്താണിത്. ബഹ്റൈനിൽ ജോലി ചെയ്യുന്ന ഭർത്താവ് സജീഷ് എത്തുമ്പോൾ കാണാൻ കഴിയില്ലെന്ന പേടിയിലായിരുന്നു ലിനി. ഈ വരികൾ അന്ന് കേരളത്തെ നൊമ്പരപ്പെടുത്തിയത് ചില്ലറയൊന്നുമല്ല. ലിനിയുടെ മരണത്തിന് ശേഷം സജീഷ് ഗൾഫിൽനിന്നും മടങ്ങിയെത്തി നാട്ടിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു.
മക്കളായ റിതുലിനും സിദ്ധാർഥിനും ഒപ്പം കഴിഞ്ഞുവരികയായിരുന്നു സജീഷ്. ഇപ്പോൾ അവർ മൂവരും ഒരു പുതുജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. സജീഷിനും മക്കൾക്കും കൂട്ടായി അധ്യാപികയായ പ്രതിഭയും മകൾ ദേവപ്രിയയുമാണ് എത്തിയിരിക്കുന്നത്. പ്രതിഭയുടെയും സജീഷിന്റെയും വിവാഹം ലളിതമായി കഴിഞ്ഞയാഴ്ച നടന്നു. ഇരുവരും മക്കളും പുതുജീവിതത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. ലിനി സിസ്റ്ററുടെ നിഴൽ എപ്പോഴും കൂടെയുണ്ടാകുമെന്നും അവർ ദൈവത്തെപ്പോലെയാണെന്നും പ്രതിഭ പറഞ്ഞു. അമ്മ വിവാഹക്കാര്യം ആദ്യം വന്നുപറഞ്ഞത് തന്നോടാണെന്നും ആലാചിച്ചപ്പോൾ എന്തുകൊണ്ടും നല്ലതാണെന്ന് തോന്നിയെന്നും രണ്ട് അനിയൻമാരെ കിട്ടിയതിൽ സന്തോഷമുണ്ടെന്നും പ്രതിഭയുടെ ആദ്യ വിവാഹത്തിലെ മകൾ ദേവപ്രിയ പറഞ്ഞു. പ്ലസ് ടു വിദ്യാർഥിനിയാണ് ദേവ. സിദ്ധാർഥും റിതുലും സന്തുഷ്ടരാണ്. അമ്മയെയും ചേച്ചിയെയും ഇഷ്ടമാണെന്നായിരുന്നു അവരുടെ വാക്കുകൾ.
വിവാഹകാര്യം പറഞ്ഞപ്പോൾ പലരും പിന്തിരിപ്പിച്ചെന്നും ലിനിയുടെ ബന്ധുക്കൾ അടക്കം നിർബന്ധിച്ചിട്ടാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതെന്നും സജീഷ് പറഞ്ഞു. 'സജീഷേട്ടനെയും മക്കളെയും ഒക്കെ പറ്റി അറിയുന്നത് മീഡിയ വഴിയാണ്. ലിനി സിസ്റ്ററിന്റെ എഴുത്തിലൂടെ കുടുംബത്തിലെ സ്നേഹത്തെ കുറിച്ച് അറിയാൻ കഴിയും. വലിയ റിസ്ക് ആണെന്ന് കൂട്ടുകാർ അടക്കം പറഞ്ഞു. രണ്ടാനമ്മ എന്ന രീതി ഞങ്ങളിലൂടെ മാറട്ടെ എന്നാണ് ആഗ്രഹം. മൂന്ന് മക്കളെയും വളർത്തി വലുതാക്കണം. നെഗറ്റീവ് ആയി കമന്റ് പറഞ്ഞവർ ഒരുപാടുണ്ട്' -പ്രതിഭ പറയുന്നു.
ലിനിയുടെ സ്നേഹം മക്കൾക്ക് തുടർന്ന് കിട്ടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്ന് സജീഷ് പറയുന്നു. അമ്മയില്ലാത്ത മക്കളായി അവർ വളരരുത് എന്ന് ഉറപ്പിച്ചിരുന്നു. ഇത്രയും നാളും മക്കൾക്ക് അച്ഛനും അമ്മയും ഞാനായിരുന്നു. നാല് വർഷമായി മക്കൾക്ക് അച്ഛനും അമ്മയും ഒക്കെ ഞാനായിരുന്നു. ലിനിയെ കുറിച്ച് സംസാരിച്ച് ആണ് ഞങ്ങൾ തുടങ്ങുന്നത്. ലിനി തന്നെ എഴുതിവെച്ചൊരു വേഡുണ്ട്. അച്ഛനെ പോലെ തനിച്ചാകരുത്. ആ ഒരു ലെറ്ററിൽ തന്നെ അവൾ അത് കാണിച്ചുവെച്ചു. അതായത് ഒരിക്കലും മക്കൾക്ക് സ്നേഹം കൊടുക്കണമെങ്കിൽ നമുക്ക് സ്നേഹം കിട്ടണം. നമ്മൾ സ്നേഹത്തോടും സന്തോഷത്തോടും ഇരിക്കുമ്പോഴാണ് നമ്മുടെ മക്കൾക്കും അത് നൽകാനാകൂ. ഒരിക്കലും സങ്കടപ്പെട്ടിരിക്കുന്ന ആൾക്ക് മക്കൾക്ക് ആ സ്നേഹം കൊടുക്കാനാവില്ല. അതുകൊണ്ടുതന്നെ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി തന്നെ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് -സജീഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.