തുടർക്കഥയാകുന്ന സംവരണ അട്ടിമറികൾ

സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനങ്ങളിൽ ഫ്ലോട്ടിങ് സംവരണം നിർത്തലാക്കാൻ സർക്കാർ തീരുമാനമെടുത്തത്​ സംബന്ധിച്ച ‘മാധ്യമം’വാർത്ത മറ്റൊരു സംവരണ അട്ടിമറിശ്രമം കൂടിയാണ് പുറത്തുകൊണ്ടുവന്നത്. മാർച്ച് ആറിന്​ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് പ്രവേശന പരീക്ഷ കമീഷണർക്ക് നൽകിയ കത്തിൽ സർക്കാർ എൻജിനീയറിങ് കോളജുകളിലെ സംവരണത്തിൽ ഫ്ലോട്ടിങ് റിസർവേഷൻ ഒഴിവാക്കി പകരം സ്ഥാപനതല റിസർവേഷൻ നടപ്പാക്കുന്നതിന് തീരുമാനിച്ച വിവരം പ്രോസ്പെക്ടസിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയത്. മുമ്പും ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരുന്നു. 2019 ൽ സർക്കാർതലത്തിലെടുത്ത തീരുമാനം വിവാദമായപ്പോൾ പിൻവലിച്ചു. വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ സംവരണം അട്ടിമറിക്കാൻ പല ഗൂഢശ്രമങ്ങളും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ആസൂത്രണംചെയ്യുന്ന ഇത്തരം അട്ടിമറികൾ ഭരണകർത്താക്കളുടെ ജാഗ്രതക്കുറവുകൊണ്ട് എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്നു എന്നുവേണം കരുതാൻ. ഇത്തരം അട്ടിമറി നടത്തുന്നതിന് സഹായകരമായി ചില റിപ്പോർട്ടുകളും ഇവർതന്നെ സംഘടിപ്പിക്കുന്നതായി കാണാം. എൻജിനീയറിങ്​ കോളജുകളിൽ ഫ്ലോട്ടിങ് സമ്പ്രദായം നിർത്തൽചെയ്യാൻ കാരണമായി ചൂണ്ടിക്കാണിച്ച സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ജനുവരി അഞ്ചിലെ കത്ത്​ അതിന്​ മികച്ച ഒരു ഉദാഹരണമാണ്​. വയനാട്, ഇടുക്കി തുടങ്ങിയ സർക്കാർ എൻജിനീയറിങ്​ കോളജുകളിൽ റാങ്കിൽ മുന്നിൽവരുന്ന കുട്ടികൾ ഫ്ലോട്ടിങ് സംവരണത്തിലൂടെ മറ്റു സർക്കാർ എൻജിനീയറിങ് കോളജുകളിലേക്ക് മാറി അഡ്മിഷൻ നേടുന്നതുകാരണം ഈ രണ്ട് കോളജുകളിലും സംവരണ വിഭാഗത്തിലെ കുട്ടികൾ മാത്രമായി മാറുന്നുവെന്നും അത് പഠനനിലവാരത്തെ സാരമായി ബാധിക്കുന്നു എന്നുമാണ്​ ആ കത്തിന്റെ ഉള്ളടക്കം. 2019ലാകട്ടെ പട്ടികജാതി ഡയറക്ടറുടെ റിപ്പോർട്ടാണ് ഫ്ലോട്ടിങ് നിർത്തുന്നതിന് ആധാരമാക്കിയത്.

എൻജിനീയറിങ് കോളജുകളിലെ ഫ്ലോട്ടിങ് സമ്പ്രദായം നിർത്തലാക്കിയാൽ ഒരേ സംവരണരീതി പിന്തുടരുന്ന സർക്കാർ മെഡിക്കൽ കോളജുകളിലും ഫ്ലോട്ടിങ് സംവരണരീതി അവസാനിപ്പിക്കേണ്ടിവരും . അപ്പോൾ കാരണം പറയുക എൻജിനീയറിങ് കോളജുകളിൽ ഈ രീതി അവസാനിപ്പിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജുകളിലും നിർത്തൽ ചെയ്യുന്നു എന്നാകും. ഈഴവ, മുസ്‍ലിം, ലത്തീൻ കത്തോലിക്ക, പിന്നാക്ക ഹിന്ദു വിശ്വകർമ തുടങ്ങിയ സാമൂഹികവും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വൻതോതിൽ സീറ്റ് നഷ്ടത്തിന് കാരണമാകുന്ന ഈ തീരുമാനം പിൻവലിപ്പിക്കുന്നതിന് ശക്തമായ സമ്മർദം ഉണ്ടായില്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ലഭിക്കുന്നതും നിയമസഭ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയതുമായ സംവരണാനുകൂല്യങ്ങളാണ് തിരിച്ചുകിട്ടാൻ കഴിയാത്ത വിധം നഷ്ടപ്പെടുക.

പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ ഉയർന്ന റാങ്കുള്ള വിദ്യാർഥിക്ക് മെച്ചപ്പെട്ട കോളജുകളിൽ പ്രവേശനം ഉറപ്പാക്കാനും സംവരണ വിഭാഗങ്ങൾക്ക് സീറ്റ് നഷ്ടം ഒഴിവാക്കാനും നിയമസഭ സമിതി ഇടപെട്ടതിനെ തുടർന്നാണ് 20 വർഷം മുമ്പ് ഫ്ലോട്ടിങ് സംവരണം ഏർപ്പെടുത്തിയത്. ഇതുപ്രകാരം സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലുമായി രണ്ട് കോളജുകളിൽ പ്രവേശനത്തിന് അർഹതയുള്ള കുട്ടികൾക്ക് സംവരണ സീറ്റിന്റെ ആനുകൂല്യത്തിൽ മികച്ച കോളജുകളിലേക്ക് മാറുന്നതിന് സാധിക്കും. 2023 അധ്യയനവർഷം ഫ്ലോട്ടിങ് സംവരണ ആനുകൂല്യത്തിൽ പിന്നാക്ക വിഭാഗങ്ങളിലെ 174 വിദ്യാർഥികൾ എം.ബി.ബി.എസിനും 573 വിദ്യാർഥികൾ എൻജിനീയറിങ്ങിനും പ്രവേശനം നേടിയിരുന്നു. ഈ രീതി നിർത്തലാക്കുന്നതോടെ പിന്നാക്ക വിഭാഗത്തിലെ ഒട്ടേറെ വിദ്യാർഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്.

ഭിന്നശേഷി സംവരണം നടപ്പാക്കാനെന്നപേരിൽ മുസ്‍ലിം സമുദായത്തിന് നീക്കിവെച്ച രണ്ട് ടേണുകൾ എടുത്ത് ഭിന്നശേഷിക്കാർക്ക് നൽകിയത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് ഞാൻ നിയമസഭ സമ്മേളനത്തിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കുകയും മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത്​ നൽകുകയും ചെയ്​തിരുന്നു. അന്ന് പ്രസ്തുത ഉത്തരവ് പുനഃ പരിശോധിക്കുമെന്നും ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും സാമൂഹികനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു സഭക്ക് ഉറപ്പുനൽകിയിരുന്നതുമാണ്.

പക്ഷേ, പ്രസ്തുത ഉത്തരവിനെ സാധൂകരിക്കുന്ന പുതിയ ഉത്തരവാണ് പിന്നീട്​ പുറത്തുവന്നത്. ഇതോടെ പിഎസ്.സി നടത്തുന്ന നിയമനങ്ങളിൽ മുസ്‍ലിം സംവരണം രണ്ടു ശതമാനം കുറയുമെന്ന അവസ്ഥയുണ്ടായി. അതിനുശേഷം മുഖ്യമന്ത്രിക്ക് നൽകിയ കത്ത് സാമൂഹികനീതി വകുപ്പ് മന്ത്രിക്ക് റഫർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ മന്ത്രി വിശദമായ ഒരു കുറിപ്പ് തന്നിട്ടുണ്ട്. അതിലും ആശങ്ക വേണ്ട എന്നാണ് അറിയിച്ചത്. മുസ്‍ലിം വിഭാഗത്തിന് നിലവിലുണ്ടായിരുന്ന രണ്ട് ടേണുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്നതോടൊപ്പം അതേ ടേണിൽ ഔട്ട് ഓഫ് ടേൺ പ്രസ്തുത സമുദായത്തിന് നൽകും എന്നാണ് വിശദീകരണം. എന്നാൽ, ആരെങ്കിലും കോടതിനടപടികളിലേക്ക് പോകുകയും ഔട്ട് ഓഫ് ടേൺ നിർത്തൽചെയ്യാൻ ഉത്തരവുണ്ടാവുകയും ചെയ്താൽ രണ്ട് ശതമാനത്തിന്റെ നഷ്ടമാണ് പ്രസ്തുത സമുദായത്തിന് ഉണ്ടാവുക. പറഞ്ഞുനിൽക്കാൻ കോടതി വിധിയുടെ പശ്ചാത്തലവും വിവരിക്കാനാവും. സച്ചാർ കമീഷൻ നിർദേശം കേരളത്തിൽ നടപ്പാക്കുന്നതിന് നിയമിതമായ പാലോളി കമ്മിറ്റി നിർദേശപ്രകാരം കൊണ്ടുവന്ന ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ 80:20അനുപാതം കോടതി വിധികളെ തുടർന്ന് മാറിയ അനുഭവവും നമ്മുടെ മുന്നിലുണ്ട്.

സർവകലാശാലകളിൽ വിവിധ നിയമനങ്ങളിൽ സംവരണ നിഷേധവും അട്ടിമറിയും സർവസാധാരണമാണ്. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ കോഴിക്കോട് സർവകലാശാലയുടെ അധ്യാപക നിയമനത്തിലെ ബാക്ക് ലോഗ് നികത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി നൽകിയ മറുപടികളും അതിന്റെ അനുബന്ധ രേഖകളും പരിശോധിച്ചാൽ പിന്നാക്കവിഭാഗങ്ങൾക്ക് ലഭിക്കേണ്ട 33 തസ്തികകൾ നഷ്ടപ്പെട്ടത് സർവകലാശാലതന്നെ സമ്മതിച്ചിട്ടുള്ളത് കാണാൻ കഴിയും. പല നിയമന നടപടികളും കോടതി കയറിക്കൊണ്ടിരിക്കുകയാണ്. സർക്കാർ ഉത്തരവ് ഉണ്ടായിട്ടുപോലും ബാക്ക് ലോഗ് ഒഴിവുകൾ നികത്താതെയാണ് കാലിക്കറ്റ് സർവകലാശാല അസിസ്റ്റൻറ് പ്രഫസർ നിയമനം നടത്തിയത്. ഈ തസ്തികയിൽ മാത്രം 33 ഒഴിവുകളുടെ നഷ്ടമാണ് പിന്നാക്ക വിഭാഗങ്ങൾക്ക് ഉണ്ടായത്. മറ്റു തസ്തികകളുടെ കണക്ക് കൂടി പരിഗണിച്ചാൽ സംവരണനഷ്ടത്തിന്റെ തോത് ഇനിയും കൂടും.

(ലേഖകൻ നിയമസഭാംഗവും സഭയിലെ വിദ്യാഭ്യാസത്തിന്റെ വിഷയനിർണയ സമിതിയിലെ അംഗവുമാണ്)

Tags:    
News Summary - reservation coups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.