ആർ.സി.ഇ.പി: ഇന്ത്യ തലകൊടുക്കുന്നതെന്തിന്​?

2009 ൽ ഇന്ത്യ ഒപ്പുവെച്ച ആസിയാൻ കരാർ പൗരന്മാരുടെ ഉപജീവനമാർഗങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് ഏറ്റവു ം വലിയ ഉദാഹരണമാണ് കാർഷികോൽപന്നങ്ങൾക്കുണ്ടായ വൻ വിലയിടിവ്. ആസിയാൻ കരാറിനേക്കാൾ ദുരിതം വിതക്കുന്നതാണ് ഇന്ത്യ ഒപ്പിടാൻ പോകുന്ന റീജനൽ കോംപ്രഹെൻസിവ് ഇക്കണോമിക് പാർട്​ണർഷിപ്​ അഥവാ ആർ.സി.ഇ.പി കരാർ. ഇത് നിലവിൽവരുന്നതോടെ ക ാർഷിക, ചെറുകിടവ്യവസായ ഉൽപന്നങ്ങളുൾപ്പെടെ സാധാരണക്കാർക്കു വേണ്ട എല്ലാ ഉൽപന്നങ്ങളും പകുതിയിൽ താഴെ വിലക്ക് മറ് റു രാജ്യങ്ങളിൽനിന്ന് നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യപ്പെടും.

ഗാട്ട് കരാറും ഡബ്ല്യു.ടി.ഒയുമടക്കം ഇത്തരം കരാറുകളൊക്കെ എന്നും ഇന്ത്യയിലെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയി​ട്ടേയുള്ളൂ. 180 ലധികം രാജ്യങ്ങൾ ഉൾപ്പെടുന ്ന ലോക വ്യാപാരസംഘടനയുടെ തീരുമാനപ്രകാരം 1995 മുതൽ ലോക വിപണി ഘട്ടംഘട്ടമായി തുറന്നുകൊടുത്തപ്പോൾ നമ്മുടെ വിപണി യും തുറന്നുകൊടുക്കേണ്ടിവന്നു. അതോടെയാണ്​ റബർ, കുരുമുളക്, ഏലം എന്നിവയടക്കമുള്ളവയുടെ വിലയിടിയാൻ തുടങ്ങിയത്​.

ഇന്ത്യ ആർ.സി.ഇ.പി കരാറിൽ ഒപ്പിട്ടാൽ മരുന്ന്, കൃഷി, വിത്ത് തുടങ്ങി നിരവധി േമഖലകളിൽ സാധാരണക്കാരെ ഏറെ പ്രതികൂല മായി ബാധിക്കുമെന്ന് ഫോറം ഫോർ ട്രേഡ് ജസ്​റ്റിസ് കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിലെ നിബ ന്ധനകൾ രാജ്യവിരുദ്ധവും ജനവിരുദ്ധവുമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് ആർ.സി.ഇ.പി?

ആസിയാൻ കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾ അടക്കം 16 രാജ്യങ്ങൾ ചേർന്ന് ഒപ്പിടാൻ പോകുന്ന വ്യാപാരകരാറാണ് ആർ.സി.ഇ.പി. തെക്കുകിഴക്ക്​ ഏഷ് യൻ രാജ്യങ്ങളായ മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കംബോഡിയ, മ്യാന്മർ, ബ്രൂണെ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്​ലൻഡ്​, വിയറ ്റ്നാം എന്നിവയാണ്​ ആസിയാൻ രാജ്യങ്ങൾ. ഇവക്കൊപ്പം ചൈന, ആസ്​​ട്രേലിയ, ഇന്ത്യ, ജപ്പാൻ, ന്യൂസിലൻഡ്​, ദക്ഷിണ കൊറിയ എ ന്നീ രാജ്യങ്ങൾകൂടി ആർ.സി.ഇ.പിയുടെ ഭാഗമാകും. ആഭ്യന്തര ഉൽപാദനം, ജനസംഖ്യ, മാനവവിഭവശേഷി എന്നിങ്ങനെ യോജിക്കാൻ പറ്റ ുന്ന സമാന മേഖലകളൊന്നുമില്ലാത്ത രാജ്യങ്ങൾ തമ്മിലുണ്ടാക്കുന്ന ഇത്തരം കൂട്ടായ്മകൾ പ്രബലരാജ്യങ്ങൾക്കു മാത്രമേ ഗുണംചെയ്യൂ എന്ന് മുമ്പുതന്നെ വിമർശനം ഉയർന്നിരുന്നു.

ചൈനയുടെ ഉത്സാഹം

ആർ.സി.ഇ.പി കരാർ യാഥാർഥ്യമാക്കാൻ ഏറ്റവും കൂടുതൽ വിയർപ്പൊഴുക്കുന്നത് ചൈനയാണ്. നിലവിൽ ഇന്ത്യക്ക് െചെനയുമായി നേരിട്ട്​ ഒരുതരത്തിലുള്ള വ്യാപാര കരാറുമില്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യ പൂർണമായി തുറന്നുകിട്ടുന്നത് ചൈനക്ക്​ സുപ്രധാന ചുവടായിരിക്കും. ഏത് ഉൽപന്നവും ഇന്ത്യയിൽ ഉണ്ടാക്കുന്നതിനേക്കാൾ പകുതി ​െചലവിൽ നിർമിക്കാം എന്നതിനാൽ ഇന്ത്യൻ വിപണി വളരെ പെ​െട്ടന്ന് കീഴടക്കാൻ ചൈനീസ് കമ്പനികൾക്ക് കഴിഞ്ഞേക്കും. തങ്ങളുടെ 90 ശതമാനം ഉൽപന്നങ്ങൾക്കും ചുങ്കം ചുമത്താതെ ഇറക്കുമതി അനുവദിക്കണമെന്നാണ് ചൈന തുടക്കം മുതൽ ആവശ്യപ്പെടുന്നത്. ഇത് നടപ്പായാൽ ചൈനീസ്​ ഉൽപന്നങ്ങൾ ഇന്ത്യൻ വിപണി കീഴടക്കുമെന്നും സ്​റ്റീൽ, അലുമിനിയം, ചെമ്പ്, ടെക്​സ്​റ്റൈൽ കമ്പനികളും മരുന്ന് ഉൽപാദകരും ഫാക്ടറികൾ അടച്ചുപൂട്ടേണ്ടിവരുമെന്നും ഉടമകളുടെ സംഘടനകൾ കണക്കു സഹിതം സർക്കാറിനെ അറിയിച്ചിട്ടുണ്ട്.

വർഷങ്ങൾക്കുമുമ്പ് 100 ബൾബുകളുള്ള ചൈനീസ് അലങ്കാര ബൾബ്സെറ്റ് 30 രൂപക്ക് കിട്ടിയിരുന്നത് ഓർക്കുമല്ലോ. ഇത് വ്യാപകമായതോടെ നമ്മുടെ നാട്ടിൽ ഇത്തരം ബൾബുകൾ ഉണ്ടാക്കിയിരുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങൾ പൂട്ടിപ്പോയി. ഇത്തരം നിരവധി ചൈനീസ്​ ഉൽപന്നങ്ങൾ ഇപ്പോൾതന്നെ നാട്ടിലെ ലക്ഷക്കണക്കിന് പേരുടെ തൊഴിൽ നഷ്​ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കാർഷിക വിഭവങ്ങളുടെ ഏറ്റവും വലിയ ആറാമത്തെ കയറ്റുമതിക്കാരാണ് ചൈന. പയറുവർഗങ്ങൾ, ഉള്ളി, വെളുത്തുള്ളി, ആപ്പിൾ, ശീതീകരിച്ച കോഴിയിറച്ചി, മത്സ്യം എന്നിവയിൽ ചൈനയെ വെല്ലുവിളിക്കാനുള്ള ശേഷി നമുക്കില്ല. ഇന്ത്യ മ്യാന്മറിൽനിന്നു പയറുവർഗങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ ചൈനീസ് കമ്പനികൾ മ്യാന്മറിലെ പയറുവർഗങ്ങൾ മൊത്തം വാങ്ങുകയും നമ്മുടെ സർക്കാറിന് ചൈനയിൽനിന്നും പയറുവർഗങ്ങൾ വാങ്ങേണ്ട ഗതികേട് ഉണ്ടാവുകയും ചെയ്​തിരുന്നു. ഇത്തരത്തിൽ ഓരോ മേഖലയിലും കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലായിരിക്കും കരാറിലെ ഉറപ്പുകൾ നടപ്പാക്കപ്പെടുക എന്നത് ഏതാണ്ട് ഉറപ്പാണ്.

നമ്മെ എങ്ങനെ ബാധിക്കും?

കേരളത്തിൽ കൃഷിയെ മാത്രം ആശ്രയിക്കുന്ന ഏകദേശം 25 ലക്ഷം കുടുംബങ്ങളുണ്ട്. കാലിവളർത്തൽ, നെല്ല്, നാളികേരം, കുരുമുളക്, കശുവണ്ടി, ഏലം, കാപ്പി, തേയില, റബർ, വാഴ എന്നിവയൊക്കെ ഇവരുടെ വരുമാനമാർഗങ്ങളാണ്. 65 ശതമാനത്തിലേറെ സ്ത്രീകളും ഭൂരഹിത തൊഴിലാളികളുമാണ് കാലിവളർത്തലിനെ ആശ്രയിക്കുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട കാർഷികവിളകൾതന്നെ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ചൈന, മലേഷ്യ, തായ്​ലൻഡ്​, ഫിലിപ്പീൻസ്, കംബോഡിയ, വിയറ്റ്നാം, മ്യാന്മർ, ലാവോസ് എന്നിവയൊക്കെ. മിക്ക കാർഷികവിളകളിലും കേരളത്തേക്കാൾ പതിന്മടങ്ങ് ഉൽപാദനക്ഷമതയുള്ള രാജ്യങ്ങളാണിവ. അതേസമയം, കൂലി അടക്കമുള്ള ഉൽപാദന ചെലവുകൾ വളരെ കുറവുമാണ്. ഒരു കിലോ റബർ ഉൽപാദിപ്പിക്കാൻ 40 മുതൽ 50 രൂപ വരെ മാത്രം ചെലവാക്കേണ്ടിവരുന്ന രാജ്യങ്ങൾ ഈ കൂട്ടത്തിലുണ്ട്. കേരളത്തിൽ ഇത് 120 രൂപക്കു മുകളിലാണ്. തായ്​ലൻഡ്​ പ്രതിദിനം 42 ലക്ഷം ടൺ റബർ ഉൽപാദിപ്പിക്കുേമ്പാൾ ഇന്ത്യയിലെ ഉൽപാദനം വെറും ആറു ലക്ഷം ടണ്ണാണ്. കരാർ നടപ്പായാൽ ഇത്തരം രാജ്യങ്ങളിൽനിന്ന് അനിയന്ത്രിതമായി റബർ എത്തും. അരി, കശുവണ്ടി, നാളികേരം എന്നിവയുടെയൊക്കെ സ്ഥിതിയും ഇതുതന്നെ.

ഇന്ത്യയുടെ ക്ഷീരമേഖല ലക്ഷ്യമിട്ടാണ് ആസ്​ട്രേലിയയും ന്യൂസിലൻഡും കരാറുമായി നീങ്ങുന്നത്. ആർ.സി.ഇ.പി കരാർ പ്രകാരം ന്യൂസിലൻഡിൽനിന്നും ആസ്​ട്രേലിയയിൽനിന്നും ഇറക്കുമതി ചെയ്യുന്ന പാലുമായി മത്സരിക്കണമെങ്കിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഓരോ ലിറ്റർ പാലിനും എട്ടു മുതൽ പത്തു വരെ രൂപ സബ്സിഡി നൽ​േകണ്ടിവരുമെന്നാണ് കണക്ക്​.

നിലവിലുള്ള ഇറക്കുമതി ചുങ്കത്തി​​െൻറ 90 ശതമാനവും കരാർ ഒപ്പിടുന്ന ദിവസംതന്നെ വെട്ടിച്ചുരുക്കണമെന്നാണ് ഇതുവരെ നടന്ന എല്ലാ ചർച്ചകളിലും ആർ.സി.ഇ.പി പങ്കാളിത്ത രാജ്യങ്ങൾ ആവശ്യപ്പെടുന്നത്. ഇപ്പോൾതന്നെ വലിയ വ്യാപാരക്കമ്മിയുള്ള ഇന്ത്യയുടെ സ്ഥിതി കൂടുതൽ മോശമാകാനേ ഇത് ഉപകരിക്കൂ.

ജനപ്രതിനിധികൾ നോക്കുകുത്തികൾ

അന്താരാഷ്​ട്ര കരാറുകളിൽ പങ്കാളിയാകാനും ഒപ്പിടാനും പാർലമ​​െൻറി​​െൻറ അനുമതി ആവശ്യമി​ല്ലെന്ന്​ നിയമവിദഗ്​ധർ പറയുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അറിയാതെ ഏതാനും ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേർന്ന് രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്ന രീതിയാണ് ഇത്തരം കരാറുകളുടെ കാര്യത്തിൽ നിലനിൽക്കുന്നത്. ആർ.സി.ഇ.പിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു വർഷത്തിനിടെ അംഗരാജ്യങ്ങൾ 27ലേറെ ഉദ്യോഗസ്ഥതല ചർച്ചകളും പത്തോളം മന്ത്രിതല ചർച്ചകളും നടത്തിയിരുന്നു. ഇന്ത്യയുടെ കാർഷിക മേഖലക്ക് കരാർ വലിയ വെല്ലുവിളിയുയർത്തുമെന്ന് ചർച്ചകളുടെ തുടക്കത്തിൽതന്നെ വ്യക്തമായിരുന്നു.

ഇത് അംഗീകരിക്കുന്ന കേന്ദ്ര സർക്കാർ വ്യവസായ, വാണിജ്യ തലങ്ങളിലും സേവന മേഖലയിലും വൻ കുതിപ്പുണ്ടാകുമെന്ന ന്യായമാണ് മുന്നോട്ടുവെച്ചത്. എന്നാൽ, 27ാം വട്ട ചർച്ചയോടെ വ്യവസായികോൽപന്നങ്ങളുടെ നികുതിരഹിതവും അനിയന്ത്രിതവുമായ ഇറക്കുമതി ഉണ്ടാകുമെന്നും ചൈനയുടെ വിപണിയായി ഇന്ത്യ മാറുമെന്നും ബി.ജെ.പി സർക്കാറി​​െൻറ സ്വപ്നപദ്ധതിയായ മേക്ക് ഇൻ ഇന്ത്യ പദ്ധതി അട്ടിമറിക്കപ്പെടുമെന്നും ഉറപ്പായി. ഇതോടെയാണ് കരാറി​​െൻറ കാര്യത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കാൻ അവർ നിർബന്ധിതരായത്.

ഉയരേണ്ടത് പ്രതിഷേധം

ലോക വ്യാപാര സംഘടനയുടെ 2018 ലെ കണക്കനുസരിച്ച്​ ലോകരാജ്യങ്ങളോ അവയുടെ സ്വതന്ത്രകൂട്ടായ്​മകളോ തമ്മിൽ ഏർപ്പെട്ടിരിക്കുന്ന വ്യാപാരകരാറുകളുടെ എണ്ണം 481 ആണ്​. ഇതിൽ ഏതാണ്ട്​ 301 എണ്ണം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ലോക വ്യാപാരത്തി​​​െൻറ 60 ശതമാനത്തോളം ഇത്തരം കരാറുകളുടെ അടിസ്​ഥാനത്തിലാണ്​ നടക്കുന്നത്​.

ഓരോ കരാറും നടപ്പാക്കു​േമ്പാൾ അതത്​ രാജ്യങ്ങളുടെ വിദേശ വ്യാപാരം വർധിക്കുമെന്നും അതുവഴി ആളോഹരി വരുമാനവും കൂലിയും വർധിപ്പിക്കും എന്നുമാണ്​ പ്രചരിപ്പിക്കപ്പെടുന്നത്​. എന്നാൽ, തൊഴിലില്ലായ്​മയും പട്ടിണിയും സാമ്പത്തിക അന്തരവും കൂടുന്നു എന്നതാണ്​ ഗാട്ടും ഡബ്ല്യു.ടി.ഒയും ആസിയാനും കാണിച്ചുതരുന്നത്​. ഇത്തരം കുരുക്കുകൾ മനസ്സിലാക്കി വിവിധ രാജ്യങ്ങൾ വ്യാപാരകരാറുകളിൽനിന്ന് പുറത്തുചാടാൻ ശ്രമിക്കുേമ്പാൾ സാമ്പത്തിക മുരടിപ്പിൽ നട്ടംതിരിയുന്ന ഇന്ത്യ പുതിയ കരാറുകൾക്ക് തലവെച്ചുകൊടുക്കുന്നത് എന്തിന് എന്ന ചോദ്യം ഉയരുന്നുണ്ട്.
ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ ട്രാൻസ് പസഫിക് പാർട്ണർഷിപ്​ (ടി.പി.പി) അടക്കം അമേരിക്കൻ താൽപര്യങ്ങൾ​െക്കതിരായ നിരവധി കരാറുകളിൽനിന്ന് പിന്മാറിക്കഴിഞ്ഞു. ആർ.സി.ഇ.പി കരാറിൽനിന്ന് വിട്ടുനിൽക്കുന്നതാണ് ഇന്ത്യക്ക് ഗുണകരം എന്നു പറയുന്നവരിൽ സംഘ്​പരിവാറിലെ സ്വദേശി ജാഗരൺ മഞ്ചും ഉണ്ട്. അല്ലാത്തപക്ഷം ആഭ്യന്തര, വ്യവസായ, വാണിജ്യമേഖലക്കൊപ്പം ഇന്ത്യൻ കാർഷിക സമ്പദ്ഘടനയും തകർന്നടിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

2018 മാർച്ച് ആദ്യം ചേർന്ന കേന്ദ്ര സർക്കാറിലെ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലും കരാറിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. അതായത്,​ പരിണത ഫലം എന്താകുമെന്നതിനെക്കുറിച്ച്​ ഒരുതരത്തിലുള്ള ബോധ്യവുമില്ലാതെയും ജനപ്രതിനിധികളുമായോ സംസ്ഥാന സർക്കാറുകളുമായോ കൂടിയാലോചിക്കാതെയും ജനവികാരം കണക്കിലെടുക്കാതെയും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കരാറാണിത്. ദേശവ്യാപകമായ പ്രതിഷേധം ഉയർന്നുവന്നാൽ മാത്രമേ ഇൗ കരാറിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറൂ.

Tags:    
News Summary - RCEP - Is India ready for RCEP embrace- Open forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.