ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടോ പൊമ്പിളെ ഒരുമൈക്ക്

ശൂന്യതയില്‍ നിന്ന് രൂപംകൊണ്ട് കൊടുങ്കാറ്റു കണക്കെ ആഞ്ഞടിച്ചായിരുന്നു കേരള ചരിത്രത്തില്‍ പൊമ്പിള ഒരുമൈ അവരുടെ പേര് എഴുതി ചേര്‍ത്തത്. ഇന്ന് എത്രമേൽ ശിഥിലമാണേലും ഒറ്റയടിക്ക് ആരും എഴുതിത്തള്ളാന്‍ ധൈര്യപ്പെടുകയില്ല. തേയില തോട്ടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ കൂലി വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങിയപ്പോള്‍ തൊഴിലാളി വര്‍ഗത്തി​െൻറ സംഘടിത ശക്തി എന്തെന്ന് പരമ്പരാഗത തൊഴിലാളി സംഘങ്ങളെ പോലും ബോധ്യപ്പെടുത്തുന്നതായിരുന്നു.  ഒന്നാം മൂന്നാര്‍ സമരവും രണ്ടാം മൂന്നാര്‍ സമരവും കഴിഞ്ഞ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മൂന്നാര്‍ വീണ്ടും പുകയുകയാണ്. സമരരംഗത്തുള്ളത് പൊമ്പിളെ ഒരുമൈയും. പക്ഷേ ഇത്തവണ അവരുടെ ആവശ്യം കൂലിവർധനവല്ല.  

സ്വന്തം ജില്ലയില്‍ നിന്നുള്ള മന്ത്രി എം.എം മണി മാപ്പുപറയുക, രാജിവെക്കുക എന്നാണ്. സ്വന്തം നാക്കി​െൻറ ഗുണം കൊണ്ട് ജയിലില്‍ കിടക്കേണ്ടി വന്നിട്ടും പഠിച്ചിട്ടില്ലാത്ത മന്ത്രി ഇത്തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് കുടുങ്ങിയത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ സബ്കലക്ടറും അതിന് അളവില്‍ കവിഞ്ഞ പ്രാധാന്യം നല്‍കുന്ന (മണിയുടെ ഭാഷയില്‍) മാധ്യമങ്ങളും അദ്ദേഹത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. കയ്യേറ്റഭൂമിയില്‍ സ്ഥാപിച്ച കുരിശ് എതിര്‍പ്പുകളെ അവഗണിച്ച് പൊളിച്ചടുക്കിയപ്പോള്‍ നിയന്ത്രണം വിട്ട മന്ത്രി വായില്‍ തോന്നിയ ഭാഷയില്‍ സബ്കലക്ടറെയും മാധ്യമങ്ങളെയും അസഭ്യം വിളിച്ചുപറഞ്ഞു. കൂട്ടത്തില്‍ പൊമ്പിള ഒരുമൈയുടെ പേര് പരാമര്‍ശിക്കപ്പെടുകയും ചെയ്തു.


അശ്ളീല പ്രയോഗത്തിനിടയില്‍ പൊമ്പിളെ ഒരുമൈയുടെ പേര് വന്നതിനെ ന്യായീകരിക്കാന്‍ പാര്‍ട്ടിയും മന്ത്രിയും എറെ പണിപ്പെട്ടിട്ടും സ്ത്രീവിരുദ്ധപരാമര്‍ശമെന്നപേരില്‍ കത്തിപ്പടരുകയായിരുന്നു. 17 മിനുറ്റ് നീണ്ട പ്രസംഗം മുഴുവനായി കേള്‍ക്കുന്നയാള്‍ക്ക് സ്ത്രീവിരുദ്ധത കണ്ടുപിടിക്കാന്‍ പ്രയാസമാണെങ്കിലും അ നവസരത്തിലുള്ള പ്രയോഗം ആ സാധ്യതയെ തള്ളിക്കളയാന്‍ ആകാത്തതായിരുന്നു. മുഖ്യമന്ത്രിയും പാർട്ടിയും വെറുമൊരു ശാസനകൊണ്ട് സംഭവം നിസാരവത്കരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം അത് രാഷ്ട്രീയ ആയുധമാക്കി കഴിഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സമരം ചെയ്ത് മൂന്നാറിലെ തോട്ടം തൊഴിലാളികളല്ല  പൊമ്പിളെ ഒരുമൈ എന്ന പേരില്‍ ഇന്ന് സമരരംഗത്തുള്ളത്. അന്ന് സമരരംഗത്തുണ്ടായിരുന്ന ഗോമതിയും രാജേശ്വരിയും സമരത്തി​െൻറ മുന്‍ നിരയിലുണ്ടെങ്കിലും തോട്ടംതൊഴിലാളി സ്ത്രീകളുടെ എണ്ണം വിരലിലെണ്ണാവുന്നതേയുള്ളൂ. പിന്‍നിരയിലാകട്ടെ തൊപ്പിയിട്ട ആം ആദ്മിക്കാരനും രാജ്യമൊട്ടുക്കും കാവിപുതപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ബി.ജെ.പിക്കാരും അവരുടെ മഹിളാ സിംഹവും, വിരലിലെണ്ണാവുന്ന പെണ്‍പുലികള്‍ മാത്രമുള്ള കോണ്‍ഗ്രസുകാരും അവിടെ രംഗത്തിറങ്ങിയിരിക്കുന്നു. മണിയെ രാജിവെപ്പിച്ച് വിജയക്കൊടിനാട്ടുക, തൊഴിലാളിവര്‍ഗ്ഗത്തിെന്‍റയും സ്ത്രീത്വത്തി​െൻറയും സംരക്ഷകരായി സ്വയം ഒന്നുമിനുങ്ങുക,  പറ്റിയാല്‍ ആ പൊമ്പിളൈ കൂട്ടത്തെ മൊത്തത്തില്‍ ഹൈജാക് ചെയ്യുക. പക്ഷേ പ്രതിക്കൂട്ടിലുള്ള സി.പി.എമ്മും ഗ്യാലറിയിലിരുന്ന കാഴ്ച്ചക്കാണുന്ന സി.പി.ഐയും മുഖം മിനുക്കാന്‍ നിര്‍വഹമില്ലാതിരിക്കുന്ന അവസ്ഥയിലാണ്.


എന്നിരുന്നാലും, മൂന്നാറില്‍ നിന്ന് പഴയ ചായക്കോപ്പയിലെ കൊടുങ്കാറ്റുപ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയാകും ഫലമെന്നാണ് അവിടെ രാഷ്്ട്രീയ പരിസരം സൂചിപ്പിക്കുന്നത്. കേരളം വിറപ്പിച്ച ആ സംഘടിതപെണ്‍കൂട്ടായ്മയെ വളരെ വിദഗ്ധമായി തളര്‍ത്തിയും വിഭജിച്ചുമാണ് സി.പി.എമ്മും സി.പി.ഐയും ഇപ്പോള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നത്. മൂന്നാറിലെ തോട്ടം സമരാനന്തരം പൊമ്പിളൈ ഒരുമൈക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിച്ചാല്‍ അക്കാര്യം പിടിക്കിട്ടും.

അന്ന് സമരത്തില്‍ മുന്‍ നിരപോരാളികളായിരുന്നു ലിസിസണ്ണിയും ഗോമതി അഗസ്റ്റിനും ഇന്ദ്രാണിയും. ഇന്ന് ഗോമതി മാത്രമുള്ളത് നിരവധി രാഷ്്ട്രീയ പങ്ക് കച്ചവടത്തി​െൻറ ബാക്കി ചിത്രമാണ്. ഒന്നാം ഘട്ട സമരം കഴിഞ്ഞയുടന്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പെണ്‍കൂട്ടായ്മയെ പലരീതിയില്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നാറിലെ എറ്റവും ശക്തമായ തൊഴിലാളി സംഘമായ എ.ഐ.ടി.യുസിയും, മണ്ഡലം ഭരിക്കുന്ന സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു ഈ സ്ത്രീ തൊഴിലാളികള്‍. സി.ഐ.ടി.യുവില്‍ നിന്ന് വന്ന് ഇന്ദ്രാണി ആദ്യം തന്നെ പൊമ്പിളൈ ഒരുമൈ വിട്ട് പാര്‍ട്ടിയിലേക്ക് തിരിച്ചുപോയി. എ.ഐ.ടി.യു.സി കുടുംബാഗമായ ഗോമതിയും സി.പി.എമ്മി​െൻറ ലോക്കല്‍കമ്മറ്റി അംഗമായ ലിസിയും ഒരു തിരിച്ചുപോക്കില്ളെന്ന് പ്രഖ്യാപിച്ച് തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പൊമ്പിളെ ഒരുമൈയെ എത്തിച്ചു. ദേവികുളംകാരിയായ ഗോമതിയെ ലിസിയുടെ നാടായ മൂന്നാര്‍ നല്ലത്തണ്ണി ബ്ളോക്ക് ഡിവിഷനില്‍ നിര്‍ത്തി വിജയിപ്പിച്ചു. പൊമ്പിളൈ ഒരുമൈ ജനകീയമാകുന്നത് നിലനില്‍പ്പി​െൻറ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയപാര്‍ട്ടികള്‍ പലരീതിയില്‍ പ്രതിരോധം സൃഷ്ടിച്ചു.

തെരഞ്ഞെടുപ്പ് ഫലം വന്ന അടുത്തദിവസം സി.ഐ.ടി.യുക്കാരുടെ മര്‍ദ്ദനമേറ്റ് ലിസിയും ഗോമതിയും ആശുപത്രിയില്‍ കിടക്കുന്നതാണ് കണ്ടത്. തങ്ങളുടെ അധികാരലക്ഷ്യങ്ങള്‍ക്ക് വണ്ടി ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍ എല്‍.ഡി.എഫി​െൻറയും, യു.ഡി.എഫി​െൻറ ഭാഗമാകില്ളെന്ന് വ്യക്തമാക്കിയിരുന്നു.  ബി.ജെ.പിയും മറ്റു ചെറുപാര്‍ട്ടികളും ഇവര്‍ക്ക് വേണ്ടി കരുക്കള്‍ നീക്കിയെങ്കിലും ആദ്യഘട്ടത്തില്‍ നിലപാടെടുത്തിരുന്നില്ല.

മൂന്നാര്‍ സമരത്തിന് പിന്‍സീറ്റിലുണ്ടായിരുന്നെന്ന് ആരോപണമുയര്‍ന്ന തീവ്രതമിഴ് രാഷ്്ട്രീയ കക്ഷികളും ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒടുവില്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കാനെന്ന മട്ടില്‍ ദേവികുളം എസ്്റ്റേറ്റിലത്തെി ഗോമതിയെ പുറത്ത് ചാടിക്കാന്‍ എ.ഐ.ഡി.എം.കെ പ്രതിനിധികള്‍ ശ്രമിച്ചു. ചര്‍ച്ച നടത്തി അടുത്തദിവസം മുതൽ ഗോമതിയെ കാണാതായി. നാലുദിവസം കഴിഞ്ഞത്തെിയ ഗോമതിയെ പൊമ്പിളെ ഒരുമൈയില്‍ നിന്ന് പുറത്താക്കിയതായി ലിസിയും കൂട്ടരും പ്രഖ്യാപിച്ചു. സി.ഐ.ടി.യുവുമായി നടന്ന അടിപിടിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മാറിനിന്നതാണെന്ന് ഗോമതിയും എ.ഐ.ഡി.എം.കെയില്‍ നിന്ന് ലഭിച്ച വന്‍ തുക വാങ്ങാന്‍ പോയതാണെന്ന് ലിസിയും സംഘവും ആരോപിച്ചു.  വന്‍തുകയുടെ ചെക്ക് ഗോമതി സഹകരണബാങ്ക് വഴി മാറാന്‍ ശ്രമിച്ചിരുന്നെന്ന് ലിസി വെളിപ്പെടുത്തി. ബ്ളോക്ക് അംഗമാണെങ്കിലും ഗോമതി ഒറ്റപ്പെട്ടു. വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളും അവര്‍ക്ക് തമിഴ് തൊഴിലാളികള്‍ക്കിടിയില്‍ അവമതിപ്പുണ്ടാക്കി.

അവസരം മുതലെടുത്ത ലിസിയും കൂട്ടരും ആം ആദ്മിപാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പൊമ്പിളൈ ഒരുമൈയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. ഡല്‍ഹിയിലത്തെി അരവിന്ദ് കെജ്​രിവാളുമായി കൂടികാഴ്ചയും നടത്തി. സംസ്ഥാന പ്രസിഡന്‍റ് സി.ആര്‍. നീലകണ്ഠനായിരുന്നു പിന്നീട് പൊമ്പിളെ ഒരുമൈയുടെ ജീവാത്മാവും പരമാത്മാവും. ലിസിക്കൊപ്പം രാജേശ്വരിയും നേതൃത്വ സ്ഥാനത്തേക്ക് ഉയർന്നു. പാർട്ടി ഏറ്റെടുത്ത ശേഷം വൻ തോതിൽ ഫണ്ട് വന്നു. പട്ടിണിപാവങ്ങളായ തൊഴിലാളികളുടെ ലയങ്ങൾ അരിയടക്കമുള്ളവ എത്തിക്കാൻ തുടങ്ങി. പതിയെ പതിയെ ലയങ്ങളിൽ നിലയുറപ്പിക്കാൻ ആം ആദ്മിക്ക് കഴിഞ്ഞു. ഇതിനിടയിൽ നിലനിൽപ്പിനായി ഗോമതി സി.പി.എമ്മിനൊപ്പം നിന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ആ‍യിടക്കാണ് പൊമ്പിളൈ ഒരുമൈയുടെ പ്രസിഡൻറ് ലിസിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്. കാരണം കൂടാതെ മീറ്റിങ്ങിൽ നിന്നു വിട്ടുനിൽക്കുന്നതും വരവ് ചെലവ് കണക്കുകൾ കൃത്യമായി ബോധിപ്പിക്കാത്തതുമാണെന്നാണ് പൊമ്പിളെ ഒരുമൈ നേതാവ് രാജേശ്വരി  ചൂണ്ടിക്കാണിക്കുന്നത്.

'ഓരോ തൊഴിലാളി കുടുംബത്തിനും ഒരേക്കര്‍ ഭൂമി'എന്ന വിപ്ലവകരമായ അവകാശ പ്രഖ്യാപനവും  ഗോമതി സി.പി.എം വിട്ട് പൊമ്പിളെ ഒരുമൈയിലേക്ക് തിരിച്ചുവരവും ഒരു വൻ സംഭവമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആം ആദ്മിക്കും പൊമ്പിളെ ഒരുമൈക്കും മണിയുടെ വാക്കുകൾ തരപ്പെട്ടുകിട്ടിയത്.
വേണ്ടത്ര മാധ്യമ ശ്രദ്ധയില്ലാതെ അവസാനിക്കുമായിരുന്ന ആ അവകാശ പ്രഖ്യാപനം മൂന്നാർ കയ്യേറ്റം പൊളിക്കലി​​െൻറ പശ്ചാത്തലത്തിൽ വീണുകിട്ടിയ മണിയുടെ വാക്കുകൾ ഉപകാരമായി എന്നുവേണം കരുതാൻ.

തൊഴിലാളികളുടെ ദാരിദ്ര്യം വേണ്ടുവോളം മുതലെടുത്ത രാഷ്ട്രീയ പാർട്ടികൾ ഇത് പുതിയ അവസരമായി കണ്ട് ഉപയോഗപ്പെടുത്തുന്നുമുണ്ട്. ആൾബലം കുറഞ്ഞ ഈ സ്ത്രീ തൊഴിലാളി പ്രസ്ഥാനത്തിന് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടോ എന്നു കണ്ടറിയണം.

Tags:    
News Summary - pombilai orumai munnar hunger strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.