???????? ??????????????? ??.??. ??????????

ജീവിതം തമാശയായി കണ്ട കുഞ്ഞിക്ക

കുഞ്ഞബ്ദുല്ലയും ഞാനും ഒരേ നാട്ടുകാരാണ്, വടകരയിൽ തന്നെ പാറക്കടവ്. അഹങ്കാരമായി തന്നെ പറയട്ടെ, ഞങ്ങളുടെ  സ്വന്തം എഴുത്തുകാരനാണ് കുഞ്ഞിക്ക. കഥകൾ നേരത്തെ  തന്നെ വായിക്കാറുണ്ടായിരുന്നെങ്കിലും ഭ്രാന്ത് പിടിപ്പിച്ചത് സ്മാരകശിലകളാണ്. നോവലിന്‍റെ ഒരു ലക്കത്തിൽ പാറക്കടവിൽ നിന്നും വന്ന കുത്ത് റാത്തീബിനെ പറ്റി പറയുകയുണ്ടായി. അങ്ങനെയൊന്നില്ലെന്ന് ഞാനന്ന് തർക്കിച്ചിരുന്നു.

പിന്നീട് ഞാൻ ഗൾഫിൽ പോയി. അപ്പോഴും അദ്ദേഹം കത്തുകൾ അയക്കുമായിരുന്നു. മിക്കാവാറുമെണ്ണം ഞാൻ സൂക്ഷിച്ചിട്ടുണ്ട്. എഴുത്തിൽ എന്‍റെ പ്രചോദനവും  സഹായവുമെല്ലാം  കുഞ്ഞിക്കയാണ്. കഥകളല്ലാതെ വലിയൊരു ക്യാൻവാസിൽ അറബിയും ഒട്ടകവും മരുഭൂമിയുമെല്ലാം പ്രമേയമാക്കി നീ ഒരു നോവലെഴുതണമെന്ന് എന്നോട് എപ്പോഴും പറയുമായിരുന്നു. എന്‍റെ തെരഞ്ഞടുത്ത കഥകൾക്ക് അവതാരിക എഴുതിയതും കുഞ്ഞിക്കയാണ്.

അൽപ്പം ദേഷ്യക്കാരനാണ്. ടി. പത്മനാഭനുമായുണ്ടായിരുന്ന കേസിൽ തോൽക്കുമെന്ന് ഞാൻ ഇടക്ക് പറയുമ്പോൾ നീ പത്മനാഭന്‍റെ ആളാണെന്ന് പറഞ്ഞ് എന്നോട് ദേഷ്യപ്പെടും. അൽപ്പസമയത്തേക്ക് മാത്രം. പിന്നെ എല്ലാം പഴയതുപോലെ. അതാണ് പ്രകൃതം. മുൻപ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ കാസർകോഡ് ഒരു  പരിപാടിയിൽ ഞാൻ വിമർശിച്ച് സംസാരിച്ചു. വഴക്കാകുമെന്ന് ഒാർത്തെങ്കിലും അത് അവന്‍റെ നിലപാടല്ലെ, അവൻ പറയട്ടെ എന്ന് പറഞ്ഞ് ചിരിച്ചു തള്ളി. സ്വഭാവവും അൽപ്പം വിചിത്രമായിരുന്നു. അഭിപ്രായങ്ങൾ മാറ്റി പറഞ്ഞു കൊണ്ടേയിരിക്കും. വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കും. എപ്പോളുമങ്ങനെയാണ്.

അധികമാർക്കുമറിയാത്ത കാര്യമുണ്ട് കുഞ്ഞബ്ദുല്ല ഒരു പത്രാധിപർക്കൂടിയായിരുന്നു. 1970കളിൽ ഗൾഫിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജീവരാഗം മാസികയിൽ കുറച്ചുകാലമുണ്ടായിരുന്നു.  ഞങ്ങൾ ഗർഫിലെ കുറച്ച് സുഹൃത്തുകൾ ചേർന്നാണ് അത് തുടങ്ങിയത്. കോവിലനെ പോലുള്ളവർ അതിൽ എഴുതിയിരുന്നു. ഒരുപാട് മികച്ച ലക്കങ്ങൾ വന്ന മാസികയാണ്. പിന്നീട് നിന്നുപോയി.

ഒരിക്കൽ എസ്.കെ പൊറ്റക്കാടുമൊത്ത്  ദുബൈയിൽ വന്നിരുന്നു. അന്ന് എസ്.കെയെ പറ്റി തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചത് ഒാർമിക്കുന്നു. വാരാദ്യ മാധ്യമത്തിന് വേണ്ടി ഞാൻ ഇന്‍റർവ്യൂ ചെയ്തിരുന്നു. ഹദീസുകളെക്കുറിച്ച് (നബി വചനം) ചില കഥകൾ ഞാൻ എഴുതിയിട്ടുണ്ടെന്നും അതാരും കണ്ടിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു.

എല്ലാവരെയും വായിപ്പിക്കുന്ന രചനകളാണ് കുഞ്ഞബ്ദുല്ലയുടേത്. അദ്ദേഹത്തിന് എഴുത്ത് ഗൗരവവും ജീവിതം തമാശയുമായിരുന്നു. സുഹൃത്തുക്കൾ നിരവധിയാണ്. ഡൽഹിയിലെ വിശേഷം പറഞ്ഞു തുടങ്ങിയാൽ തീരില്ല.  കാക്കനാടനും വിജയനുമൊക്കെയായിരിക്കും കൂട്ട് ദുഃഖിതർക്കൊരു പൂമരം പോലെ മുകുന്ദനവിടെ ഉണ്ടായിരുന്നു എന്ന് പറയുമായിരുന്നു. അങ്ങനെ എത്രയെത്രപേർ. 

"ആധുനിക രചനകളിലൊന്നും ജീവിതമില്ലെന്ന് അന്നേ മനസിലായി. ഭാഷ മനസിലാക്കാൻ വായിച്ചു. വാൾട്ടർ സ്കോട്ടിലേക്ക് തന്നെ മടങ്ങി. അന്ന് ഏറെ കൺഫ്യൂഷൻ ഉണ്ടായി സ്വയം മനസ്സില്ലാക്കാൻ കഴിയാത്ത രചനകൾ വേണ്ടെന്ന് വെച്ചു. മറ്റുള്ളവരുടെ കുട്ടി അച്ഛാ എന്ന് വിളിക്കുന്ന പോലാണത്" 

വേരുള്ള എഴുത്തുകാരനായിരുന്നു കുഞ്ഞബ്ദുല്ല.

Tags:    
News Summary - PK Parakkadavu says about Punathil kunjabdulla-Open forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.