പാകിസ്​താൻ: കടുവയും ജീപ്പും മത്സരത്തിനിറങ്ങു​േമ്പാൾ 

പട്ടാള നിഴലിലല്ലാതെ തുടര്‍ച്ചയായ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പാണ് ജൂലൈ 25ന് പാകിസ്​താനില്‍ നടക്കാനിരിക്കുന്നത്. ലണ്ടനില്‍നിന്ന്​ വെള്ളിയാഴ്ചയോടെ പാകിസ്​താനില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും മകള്‍ മർയമും തെരഞ്ഞെടുപ്പ് ചിത്രത്തില്‍നിന്ന് പുറത്താണെങ്കിലും അവര്‍ക്ക് നിര്‍ണായക സ്വാധീനം ഇപ്പോഴുമുണ്ട്. അഴിമതിക്കേസില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കപ്പെട്ടതുകൊണ്ടാണ് നവാസ് ശരീഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പ്രചാരണം നടത്താനോ കഴിയാതെ വന്നത്. 2013ലെ തെരഞ്ഞെടുപ്പില്‍നിന്നുള്ള അടിസ്ഥാനപരമായ വ്യത്യാസമാണിത്. പാകിസ്​താന്‍ പാര്‍ലമ​​​​െൻറായ നാഷനല്‍ അസംബ്ലിയിലേക്ക് 166പേരെ ജയിപ്പിച്ച് നവാസ് ശരീഫ് കഴിഞ്ഞ തവണ നിറഞ്ഞുനിന്നു. തൊട്ടടുത്ത എതിരാളി ഇംറാന്‍ഖാന് വെറും 36 സീറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. പാകിസ്​താ​​​​​െൻറ ചരിത്രത്തിലെ ഏറ്റവും വിജയശ്രീലാളിതനായ ഈ പ്രധാനമന്ത്രി വിമാനത്താവളത്തില്‍നിന്ന്​ പുറത്തുകടക്കുമോ അതോ, അറസ്​റ്റ്​ ചെയ്യപ്പെടുമോ എന്നതാണ് ഇത്തവണത്തെ ചോദ്യം. 2013ലേതില്‍നിന്ന്​ ആ രാജ്യം ജനാധിപത്യവീഥിയില്‍ ഒരുപടി കൂടി മുന്നോട്ടുപോകുന്നതി​​​​​െൻറ നിദര്‍ശനമായാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വ്യാഖ്യാനിക്കപ്പെടുന്നത്. പൊതുജീവിതം സംശുദ്ധമാക്കാനുള്ള നീക്കങ്ങളില്‍ രാജ്യം വിജയിക്കുകയാണെന്നും പട്ടാള ഭരണകൂടങ്ങളുടെ നിഴലില്‍നിന്ന്​ ആ രാജ്യം പതുക്കെ ജനാധിപത്യസംവിധാനങ്ങളിലൂടെ കരുത്താർജിക്കുകയാണെന്നും തോന്നും. പക്ഷേ, സൂക്ഷ്മവിശകലനത്തില്‍ പാക്​ തെരഞ്ഞെടുപ്പ് അത്രയൊന്നും മികച്ച സന്ദേശങ്ങളല്ല ഒടുവില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. 

ഭരണകക്ഷിയായ ‘നൂന്‍ ലീഗ്’ (നവാസി​​​​​െൻറ പേരിലെ ആദ്യാക്ഷരമായ ‘എൻ’ ഉർദു അക്ഷരമാലയിൽ ‘നൂൻ’ ആണ്​) അഥവാ, മുസ്‌ലിംലീഗ് നവാസ് ശരീഫ് വിഭാഗം ഇപ്പോഴും രാജ്യത്തെ ഏറ്റവും പ്രബലമായ രാഷ്​ട്രീയസംഘടന തന്നെയാണ്. അഴിമതിക്കേസുകള്‍ ഈ പാര്‍ട്ടിയെ താഴെ തട്ടില്‍ വല്ലാതെയൊന്നും തളര്‍ത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീഫി​​​​​െൻറ ഭരണകാലം പാക്​ ജനജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഈ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തുറുപ്പുചീട്ട്. ഭീകരതയെ വലിയൊരളവില്‍ നിയന്ത്രിച്ചതും ഭരണകാലത്തുടനീളം വളര്‍ച്ച നിരക്ക് അഞ്ചു ശതമാനത്തിനു മുകളില്‍ നിലനിര്‍ത്തിയതും വ്യവസായങ്ങള്‍ക്ക് രാജ്യത്തുടനീളം കുറഞ്ഞ വിലയ്​ക്ക് വൈദ്യുതി ലഭ്യമാക്കിയതും ചൈനയില്‍നിന്ന്​ വന്‍കിട നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചതുമൊക്കെ നവാസ് ശരീഫി​​​​​െൻറ ഭരണനേട്ടങ്ങളുടെ പട്ടികയിലുണ്ട്. സൈന്യത്തെ പതുക്കെ നവാസ് അപ്രസക്തമാക്കുന്നതും കാണാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് പരസ്യമെന്നുതന്നെ പറയാനാവും വിധമാണ് സൈന്യം ‘നൂന്‍ ലീഗി’നെതിരെ കരുക്കള്‍ നീക്കുന്നത്. പ്രധാനപ്പെട്ട എല്ലാ നൂന്‍ നേതാക്കള്‍ക്കെതിരെയും പാകിസ്​താനില്‍ അഴിമതിക്കേസുകളുണ്ട്. പാര്‍ട്ടി വിട്ടു പുറത്തുവരുന്ന പ്രമുഖരെ ജീപ്പ് ചിഹ്നത്തില്‍ സ്വതന്ത്രരായി മത്സരിപ്പിക്കുന്നത് ‘അധികാരം അദൃശ്യമായി നിയന്ത്രിക്കുന്ന ശക്തികളാ’ണെന്ന് മർയം നവാസ് ലണ്ടനില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ‘അദൃശ്യ ശക്തികള്‍’ മറ്റാരുമല്ല സൈന്യവും ഐ.എസ്.ഐയുമാണെന്ന് പാർട്ടി എം.പി റാണ ഇഖ്ബാല്‍ സിറാജ് ലീഗ് തൊട്ടുപിറകെ വെളിപ്പെടുത്തി. പാര്‍ട്ടിയുടെ ടിക്കറ്റ് മടക്കിനല്‍കി ജീപ്പ് ചിഹ്നത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് ഐ.എസ്.ഐ തന്നെ വിളിച്ചുവരുത്തിയെന്നും അനുസരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ചെകിട്ടത്തടിച്ച് അപമാനിച്ചുവെന്നും റാണ കുറ്റപ്പെടുത്തി. ഏതായാലും പാകിസ്​താനിലെ ഏതാണ്ടെല്ലാ പ്രമുഖ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും ഫെഡറല്‍ ഇലക്​ഷന്‍ ബ്യൂറോ ജീപ്പ് ചിഹ്നം അനുവദിച്ചത് വലിയൊരളവില്‍ സംശയത്തിനിടനൽകുന്നു. ശരീഫ് മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ചൗധരി നിസാര്‍ അലി ഖാന്‍ തന്നെയാണ് ജീപ്പ് സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍. നൂന്‍ ലീഗ് വിട്ട് ‘ജീപ്പ് കക്ഷി’യിലേക്ക് ചേക്കേറുന്നവരുടെ എണ്ണം ദിനേനയെന്നോണം കൂടിവരികയുമാണ്​.
മറുഭാഗത്ത് സിന്ധ് മേഖലയില്‍ ആസിഫ് സര്‍ദാരിയുടെ പി.പി.പിയോ വടക്കന്‍ പ്രവിശ്യയില്‍ ഇംറാന്‍ ഖാ​​​​​െൻറ തഹ്‌രികെ ഇന്‍സാഫോ ഒന്നും പഴയ പ്രകടനങ്ങള്‍ ആവര്‍ത്തിക്കുന്ന ലക്ഷണം കാണാനില്ല.

സര്‍ദാരിയുടെ ജനപ്രീതി ഏതാണ്ട് പൂര്‍ണമായും അസ്തമിച്ച അവസ്ഥയാണ്. മറുഭാഗത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ മികച്ച സ്ഥാനാര്‍ഥികളുമായി രംഗത്തുള്ളത് ഇംറാ​​​​​െൻറ പാര്‍ട്ടി തന്നെ. പാകിസ്​താനിലുടനീളം ഇംറാ​​​​​െൻറ സാധ്യത വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും കാലം തഹ്‌രീകെ ഇന്‍സാഫിനൊപ്പം നിന്ന ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പെ സഖ്യം അവസാനിപ്പിച്ച്​ ജംഇയ്യതുല്‍ ഇസ്‌ലാമുമായി ചേര്‍ന്ന് പഴയ മുത്തഹിദയെ മജ്‌ലിസെ അമല്‍ മുന്നണിക്ക് രൂപം കൊടുത്ത് മത്സരിക്കാൻ തീരുമാനിച്ചതാണ് സ്വന്തം ശക്തികേന്ദ്രമായ വടക്കന്‍ മേഖലയില്‍ ഇംറാനെ ദുര്‍ബലമാക്കുന്നത്. ഖൈബര്‍ പഖ്​തൂൻഖ്വ മേഖലയില്‍ ജമാഅത്തി​​​​​െൻറ പര്‍വേസ് ഖട്ടക്​ ആയിരുന്നു ഇതുവരെ മുഖ്യമന്ത്രി. അതേസമയം, ഇംറാനുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതിനെ ചൊല്ലിയല്ല രാജിയെന്നും പൊതു മിനിമം പരിപാടിയില്‍ മുന്നോട്ടു വെച്ച എല്ലാ കാര്യങ്ങളും പരസ്പര സഹകരണത്തോടെ നടപ്പാക്കിയശേഷമാണ് വേര്‍പിരിയുന്നതെന്നും ഖട്ടക് അവകാശപ്പെട്ടിരുന്നു. പര്‍വേസ് മുശര്‍റഫി​​​​​െൻറ കാലത്തും ഇംറാ​​​​​െൻറ പിന്തുണയോടെ 2002 മുതല്‍ 2008 വരെയുള്ള കാലത്തും വടക്കന്‍ പ്രവിശ്യയില്‍ എം.എം.എ സര്‍ക്കാര്‍ രൂപവത്​കരിച്ചിരുന്നു. എന്നാല്‍, ഇംറാനും എം.എം.എയും പരസ്പരം തള്ളിപ്പറയാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യസാധ്യതകള്‍ നിലനില്‍ക്കുന്നുമുണ്ട്. ഗോത്രമേഖലയില്‍ ഖാന്‍ അബ്​ദുല്‍ ഗഫ്ഫാര്‍ ഖാ​​​​​െൻറ ചെറുമകന്‍ വലി ഖാന്‍ നയിക്കുന്ന അവാമി നാഷനല്‍ പാര്‍ട്ടി വലിയൊരളവില്‍ പിന്നാക്കം പോകാനും നിലവിലെ സാഹചര്യം വഴിയൊരുക്കും. ലണ്ടനിലിരുന്ന് പാകിസ്​താനെ, വിശിഷ്യ സിന്ധ് മേഖലയെ വിറപ്പിച്ചു നിര്‍ത്തുന്ന അൽതാഫ് ഹുസൈ​​​​​െൻറ മുഹാജിര്‍ ഖൗമി മൂവ്​മ​​​​െൻറ്​ എന്ന എം.ക്യു.എം  ഫാറൂഖ് സത്താറി​​​​​െൻറ നേതൃത്വത്തില്‍ പിളര്‍ന്ന് പാകിസ്​താനില്‍ പുതിയ ഘടകം രൂപവത്​കരിച്ചതോടെ സിന്ധില്‍ ആരും ജയിച്ചു കയറുമെന്ന സാഹചര്യമാണ് നിലവില്‍. അൽതാഫുമായുള്ള ചില ധാരണകളും അവര്‍ വെട്ടിപ്പിടിക്കുന്ന വോട്ടി​​​​​െൻറ കരുത്തില്‍ ശേഷിച്ച മറ്റുള്ളവരെ പിന്നിലാക്കുന്ന പി.പി.പിയുടെ തന്ത്രവുമൊക്കെ ഇത്തവണ പാളുമെന്നാണ് സൂചനകള്‍. കറാച്ചി, -ഹൈദരാബാദ് മേഖലകളില്‍ സ്വാധീനമുള്ള പാക് സര്‍സമീന്‍ പാര്‍ട്ടി പുതിയ സാഹചര്യം ഉപയോഗപ്പെടുത്തി നേട്ടം കൊയ്യുമെന്നും വിലയിരുത്തുന്നുണ്ട്.  

നൂന്‍ ലീഗിലെയും ഖാഇ​ദെ അഅ്​സം ലീഗിലെയും വിമതര്‍ ചേര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രൂപംകൊടുത്ത ബലൂചിസ്​താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) യിലേക്ക് മേഖലയിലെ എല്ലാ കരുത്തന്മാരും ചേക്കേറിയിട്ടുണ്ട്. സ്വാഭാവികമായും നൂന്‍ ലീഗിന് കനത്ത നഷ്​ടം സംഭവിക്കും. 16 സീറ്റുകളില്‍ ഈ മേഖലയില്‍ ബി.എ.പി ജയിച്ചു കയറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീറ്റുകള്‍ ചില വ്യക്തികളും അവരുടെ ഗോത്രങ്ങളും കാലങ്ങളായി ​ൈകയടക്കി വെച്ചതാണ്. പി.പി.പി, തഹ്‌രീകെ ഇന്‍സാഫ് എന്നീ പാര്‍ട്ടികള്‍ക്ക് മേഖലയില്‍ ലഭിച്ചു കൊണ്ടിരുന്ന സീറ്റുകളും എണ്ണം കുറയും. സംജ്‌റാനി, ബൈസന്‍ജോ പോലുള്ള ഈ മേഖലയിലെ ഗോത്രനേതാക്കള്‍ ഏതു പാര്‍ട്ടിയിലേക്ക് ചേക്കേറിയാലും അവര്‍ക്കൊപ്പമായിരിക്കും ജനം. പുതിയ പാര്‍ട്ടിയുടെ രംഗപ്രവേശത്തോടെ ഇന്ത്യയുടെ സുഹൃത്തായ പഖ്​തൂൻഖ്വ മില്ലി അവാമി പാര്‍ട്ടി നേതാവ് മഹ്​മൂദ് അചക്‌സായി മിക്കവാറും ഈ തെരഞ്ഞെടുപ്പോടെ ബലൂചിസ്​താനില്‍ അപ്രസക്തനായിമാറും. അദ്ദേഹം ഒറ്റ സീറ്റില്‍ പോലും ജയിക്കാനിടയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും ആര്‍ക്കും വ്യക്തമായ മുന്‍കൈ ഇല്ലാത്ത ഈ തെരഞ്ഞെടുപ്പില്‍ നവാസ് ശരീഫി​​​​​െൻറ പാര്‍ട്ടിയും ഇംറാനും തമ്മിലാണ് ഏറ്റുമുട്ടലെന്നും തൂക്കു മന്ത്രിസഭയിലേക്കാണ് പാകിസ്​താന്‍ നീങ്ങുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അത്തരമൊരു സാഹചര്യത്തില്‍ ജീപ്പ് മുതല്‍ എം.എം.എയും ബി.എ.പിയുമൊക്കെ നിര്‍ണായക ശക്തികളായി ഉയർന്നുവരാനും സാധ്യതയുണ്ട്.  

നവാസ് ശരീഫിനെ അഴിമതി കുറ്റത്തിന് പാകിസ്​താനില്‍ ശിക്ഷിക്കാനായതു പോലെ മുസ്‌ലിം ലീഗ് (നവാസ് ശരീഫ്) ഗ്രൂപ്പിലെ മിക്ക പ്രമുഖരെയും അഴിമതിക്കേസുകളില്‍ കുരുക്കാനായത് ആ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രതിച്ഛായയെ ഒറ്റനോട്ടത്തില്‍ മെച്ചപ്പെടുത്തുന്നുണ്ട്. പ​േക്ഷ, മടങ്ങിയെത്തുന്ന നവാസ് ശരീഫ് പാകിസ്​താൻ രാഷ്​​ട്രീയത്തില്‍ എന്ത് പ്രതിഫലനമാണ് ഉണ്ടാക്കുകയെന്നാണ് രാഷ്​​ട്രീയനിരീക്ഷകര്‍ അത്ഭുതപ്പെടുന്നത്. നൂന്‍ ലീഗിന് ഈ മടങ്ങിവരവ് നേട്ടമുണ്ടാക്കുമെന്ന് കരുതുന്നവരും എമ്പാടുമുണ്ട്. തന്നെ ജയിലില്‍ അടയ്​ക്കാനാവുമെങ്കിലും ത​​​​​െൻറ വാക്കുകളെ തളച്ചിടാനാവില്ലെന്നാണ് ലണ്ടനില്‍നിന്ന്​ പാകിസ്​താനിലേക്കു മടങ്ങുന്നതിനു മുമ്പെ നവാസ് വ്യക്തമാക്കിയത്. ഒരു പ്രധാനമന്ത്രിയെ പോലും വിചാരണ നടത്തി തുറുങ്കിലടക്കുന്ന പാകിസ്​താൻ മാതൃക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ അത്ഭുതകരമായി തോന്നുന്നുണ്ടാവാം. അത് സംവിധാനത്തി​​​​​െൻറ വിശുദ്ധിയാണെന്ന് അംഗീകരിച്ചു കൊടുത്താല്‍ തന്നെയും നവാസ് ശരീഫിനെതിരെ നടന്ന നീക്കങ്ങളില്‍ സൈന്യത്തി​​​​​െൻറ നിഗൂഢമായ ഇടപെടലുകളുണ്ടെന്ന് പിന്നീടുള്ള നീക്കങ്ങള്‍ തെളിയിച്ചതോടെ രാഷ്​​ട്രീയ അഴിമതിയുടെ കാര്യത്തില്‍ പാകിസ്​താൻ നേടിയത് നേട്ടം തന്നെയോ എന്ന സംശയമാണ് ബാക്കിയാക്കുന്നത്. ശരീഫി​​​​​െൻറ കടുവ ആയാലും ഇംറാ​​​​​െൻറ ബാറ്റ് ആയാലും സൈന്യത്തി​​​​​െൻറ ജീപ്പ് ആയാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരുപാട് ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നതാണ് പാകിസ്​താൻ തെരഞ്ഞെടുപ്പ്.

Tags:    
News Summary - Pakistan: Tigar and Jeep For Election - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.