വിദ്വേഷത്തിന്‍റെ വാക്കുകൾ നഷ്ടപ്പെടുത്തുന്നതെന്ത് ?

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ 75 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ ജീ​വി​ക്കു​ന്നു​ണ്ട്. വ​ൻ​കി​ട ബി​സി​ന​സു​കാ​രും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളും വ​രെ​യു​ള്ള ഇ​വ​ർ രാ​ജ്യ​ത്തേ​ക്ക്​ അ​യ​ക്കു​ന്ന പ​ണം ന​മ്മു​ടെ സാ​മ്പ​ത്തി​ക​രം​ഗ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണ്​. സം​ഘ​ർ​ഷ​ര​ഹി​ത​മാ​യ അ​ന്ത​രീ​ക്ഷം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത്​ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ന്​ അ​നി​വാ​ര്യ​മാ​ണ്. സം​ശ​യ​ത്തോ​ടെ​യും മു​ൻ​വി​ധി​യോ​ടെ​യും ഇ​ന്ത്യ​ക്കാ​രെ ഒ​രു​കാ​ല​ത്തും അ​റ​ബ്​ ലോ​കം വീ​ക്ഷി​ച്ചി​ട്ടി​ല്ല. പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്ക്​ കാ​ര​ണ​മാ​യാ​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മ​ത്.

'സ്റ്റേ സ്ട്രോങ് ഇന്ത്യ', കഴിഞ്ഞവർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ അറബ് ലോകത്തെ സുപ്രധാന നഗരങ്ങളിലെ കൂറ്റൻ ബോർഡുകളിൽ തെളിഞ്ഞ സന്ദേശമായിരുന്നു ഇത്. കോവിഡ് മഹാമാരിയുടെ അതിതീവ്രമായ തരംഗത്തിൽ വലഞ്ഞുലഞ്ഞ്, ജീവവായുപോലുമില്ലാതെ ഇന്ത്യ പ്രയാസപ്പെട്ട സന്ദർഭത്തിൽ കുറിക്കപ്പെട്ട ഐക്യദാർഢ്യ വാചകങ്ങൾ. ആശംസാബോർഡുകളുയർത്തുക മാത്രമായിരുന്നില്ല, ചെറുതും വലുതുമായ എല്ലാ അറബ് രാഷ്ട്രങ്ങളും ഓക്സിജൻ കണ്ടെയ്നറുകളും മരുന്നുകളും ഇന്ത്യക്ക് സമ്മാനമായി എത്തിച്ചു. അതിനുമുമ്പ് കേരളം പ്രളയക്കെടുതിയിൽ വലഞ്ഞപ്പോഴും ആദ്യമായി നീട്ടിയ ആശ്വാസത്തിന്റെ കരങ്ങൾ അറബ് രാജ്യങ്ങളുടേതായിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന പരസ്പരബന്ധത്തിന്‍റെ സ്വാഭാവികമായ ബാധ്യതയായാണ് ആ ജനത ചേർത്തുപിടിക്കലിനെ കണ്ടുപോരുന്നത്. അറബ് ലോകത്ത് വേദനയുണ്ടാകുമ്പോൾ ഇന്ത്യയും ഒരു നല്ല സുഹൃത്തിനെ പോലെ എന്നും ഓടിയെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ യു.എ.ഇ പ്രസിഡൻറായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ മരിച്ചപ്പോൾ ഇന്ത്യ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും ഉപരാഷ്ട്രപതിയെ അബൂദബിയിലേക്ക് അയച്ച് അനുശോചനം അറിയിക്കുകയുമുണ്ടായി. രാഷ്ട്രീയ-സാമ്പത്തിക ബന്ധത്തോടൊപ്പം, രണ്ടു ജനതകൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പാരസ്പര്യത്തിന് ഈ നിലപാട് രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുണ്ടെന്നത് വിസ്മരിക്കാനാവില്ല.

അറബ് മനസ്സിൽ ഇന്ത്യൻമുഖം മാറുന്നോ?

സമീപകാലത്ത് അറബ് ജനതയിൽ ഇന്ത്യയെ സംബന്ധിച്ച ചിത്രം മാറുകയാണോ? ഇല്ലെന്ന് പറയാനാർക്കും സാധ്യമല്ല. അതിന്റെ കാരണങ്ങൾ സുവ്യക്തമാണ്. ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ, ഹിജാബുൾപ്പെടെ വിശ്വാസചിഹ്നങ്ങൾക്ക് മേലുള്ള കൈയേറ്റം, ആരാധനാലയങ്ങൾക്ക് മേലുള്ള കടന്നുകയറ്റം, ഏറ്റവും ഒടുവിൽ ലോകം അത്യാദരവോടെ കാണുന്ന പ്രവാചകനെതിരായ അവഹേളനം... സമൂഹമാധ്യമങ്ങൾ വളരെ സജീവമായ പശ്ചിമേഷ്യയിലെ സാധാരണക്കാർക്കിടയിൽ ഇത്തരം വിഷയങ്ങൾ കാട്ടുതീപോലെയാണ് പടരുന്നത്. ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ ചാനൽചർച്ചയിലെ വാക്കുകൾ ഇന്ത്യയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നില്ല. എന്നാൽ, ദിവസങ്ങൾക്ക് ശേഷം അറബ് ലോകത്തെ സമൂഹമാധ്യമങ്ങളിൽ ഇത് ട്രെൻഡിങ്ങായി. സൗദി, ഖത്തർ, കുവൈത്ത് തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും വിവിധ സമൂഹമാധ്യമങ്ങളിലൂടെ 'മോദീ..., പ്രവാചകനെ തൊട്ട് കളിവേണ്ട' എന്ന അർഥമുള്ള ഹാഷ്ടാഗോടെ പ്രതിഷേധം അലയടിച്ചു. ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളും പ്രചരിച്ചു. ചിലയിടങ്ങളിൽ സൂപ്പർമാർക്കറ്റുകളിൽനിന്ന് ഇന്ത്യൻ ഉൽപന്നങ്ങൾ എടുത്തുമാറ്റിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരുവിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടെന്നും റിപ്പോർട്ടുണ്ടായി. പ്രതിഷേധം ശക്തമായതോടെ ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പ്രസ്താവനയെ സൗദി, യു.എ.ഇ, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയങ്ങളും അപലപിച്ച് രംഗത്തുവന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി), ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) മുസ്ലിം വേൾഡ് ലീഗ് തുടങ്ങിയ ഗൾഫ്-ഇസ്ലാമിക ലോകത്തെ ശക്തമായ കൂട്ടായ്മകളും പ്രസ്താവനകളുമായി രംഗത്തെത്തി. സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത നടപടികളാണിത്. ഈ ദിവസങ്ങൾ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തർ സന്ദർശന സമയം കൂടിയായിരുന്നു. അറബ് സമൂഹത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽക്കുന്നരൂപത്തിൽ നടന്ന പ്രചാരണങ്ങൾ സന്ദർശനത്തിന്‍റെ നിറംകെടുത്തി. നൂപുർ ശർമയേയും നവീൻകുമാർ ജിൻഡാലിനെയും പുറത്താക്കാൻ ബി.ജെ.പി സന്നദ്ധമായതോടെയാണ് സമൂഹമാധ്യമ പ്രതിഷേധം അൽപമെങ്കിലും തണുത്തത്.

വെറുപ്പിന്‍റെ പ്രവാസ പ്രതിനിധികൾ

പി.സി. ജോർജിന്‍റെ വിദ്വേഷപ്രസംഗത്തിലൂടെ കുപ്രസിദ്ധമായ അനന്തപുരി സമ്മേളനത്തിൽ ഖത്തറിൽനിന്നെത്തിയ ദുർഗാദാസ് ശിശുപാലൻ നടത്തിയ പരാമർശവും പ്രവാസലോകത്ത് വളരെയേറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഗൾഫ് നാടുകളിൽ മതപരിവർത്തനം നടക്കുന്നതായും തീവ്രവാദികളുടെ ലൈംഗിക ആവശ്യത്തിനായി നഴ്സുമാരെ റിക്രൂട്ട്മെന്‍റ് ചെയ്യുന്നു എന്നുമാണ് ഇയാൾ പ്രസ്താവിച്ചത്. വിദേശരാജ്യങ്ങളിൽ മലയാളഭാഷ പഠനത്തിനായി കേരളസർക്കാർ രൂപവത്കരിച്ച മിഷന്‍റെ കോഓഡിനേറ്ററാണിയാൾ എന്നതാണ് ഏവരെയും ഞെട്ടിച്ച വസ്തുത. പ്രവാസി മലയാളിസമൂഹം ഒന്നടങ്കം തള്ളിക്കളഞ്ഞ ഈ പ്രസ്താവന അറബ് സമൂഹത്തിലും ചർച്ചയായി. ഇയാളെ ജോലിയിൽനിന്നും കോഓഡിനേറ്റർ സ്ഥാനത്തുനിന്നും നീക്കിയെങ്കിലും 'പോറ്റമ്മ നാടെ'ന്ന് മലയാള പ്രവാസലോകം സ്നേഹപൂർവം വിളിക്കുന്ന അറബ് ദേശങ്ങളുമായി ഉലയാത്തബന്ധം നിലനിർത്താൻ ഇത്തരം ഇത്തിൾക്കണ്ണികൾ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

സാമ്പത്തികമേഖലയിൽ ഗൾഫ് പ്രധാനം

ഏഴു ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ വ്യാപാരമൂല്യം 189 ബില്യൺ ഡോളറിന്‍റേതാണ് (14 ലക്ഷം കോടിയിലേറെ ഇന്ത്യൻ രൂപ). രാജ്യത്തിന്‍റെ ആകെ കയറ്റുമതി-ഇറക്കുമതിയുടെ 18.3 ശതമാനം വരുമിതെന്ന് വാണിജ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ ബന്ധം പുതിയ തലത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ മുന്നോടിയായി യു.എ.ഇയുമായി സമഗ്ര സാമ്പത്തിക സഹകരണക്കരാർ(സെപ) ഒപ്പുവെച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. അടുത്ത അഞ്ചു വർഷത്തിൽ വ്യാപാരം നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കുകയാണ് കരാറിന്‍റെ ലക്ഷ്യം. യു.എ.ഇ ആദ്യമായി 'സെപ' ഒപ്പുവെക്കുന്നതും ഇന്ത്യയുമായാണെന്ന് ഇതിനൊപ്പം കാണേണ്ടതുണ്ട്. ഇത്തരത്തിൽ പുതിയ കരാറുകൾ എല്ലാ രാജ്യങ്ങളുമായും ആലോചനയിലുണ്ട്.

ജി.സി.സി രാജ്യങ്ങളിൽ 75 ലക്ഷത്തോളം ഇന്ത്യക്കാർ ജീവിക്കുന്നുണ്ട്. വൻകിട ബിസിനസുകാരും സാധാരണ തൊഴിലാളികളും വരെയുള്ള ഇവർ രാജ്യത്തേക്ക് അയക്കുന്ന പണം നമ്മുടെ സാമ്പത്തികരംഗത്തിന്‍റെ നട്ടെല്ലാണ്. സംഘർഷരഹിതമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നത് ഇവരുടെ ജീവിതത്തിന് അനിവാര്യമാണ്. സംശയത്തോടെയും മുൻവിധിയോടെയും ഇന്ത്യക്കാരെ ഒരുകാലത്തും അറബ് ലോകം വീക്ഷിച്ചിട്ടില്ല. പുതിയ സംഭവവികാസങ്ങൾ അത്തരം പ്രവണതകൾക്ക് കാരണമായാൽ വലിയ തിരിച്ചടിയാകുമത്. ഇന്ത്യയിലേക്ക് പണമയക്കുന്നത് ഏറ്റവും കൂടുതൽ ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. ആകെ റെമിറ്റൻസിന്‍റെ 27 ശതമാനം യു.എ.ഇയിൽനിന്നും 11.6 ശതമാനം സൗദി അറേബ്യയിൽനിന്നുമാണ്. മറ്റു ഗൾഫ് രാജ്യങ്ങളും ചെറുതല്ലാത്ത സംഭാവന ഇക്കാര്യത്തിൽ നൽകുന്നുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‍റെ കാര്യത്തിലും വലിയ സംഭാവനയാണ് ഈ രാജ്യങ്ങൾ നിർവഹിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപരാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. കഴിഞ്ഞ മൂന്നു വർഷത്തിൽ മാത്രം 5.5 ബില്യണാണ് യു.എ.ഇ മാത്രം നിക്ഷേപിച്ചത്. സൗദിയും വലിയ പങ്ക് ഇക്കാര്യത്തിൽ വഹിക്കുന്നുണ്ട്.

ഇന്ത്യയുടെ എണ്ണ ആവശ്യങ്ങളുടെ 40 ശതമാനത്തോളവും ആശ്രയിച്ചിരിക്കുന്നത് ജി.സി.സി രാജ്യങ്ങളെയും ഇറാനെയുമാണ്. ഇതിൽ 14 ശതമാനം സൗദിയേയും 10 ശതമാനം യു.എ.ഇയെയും ആറു ശതമാനം ഖത്തറിനെയുമാണ് ആശ്രയിക്കുന്നത്.

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലെ ധാർമികവും രാഷ്ട്രീയവും സാമ്പത്തികവുമായ ആഴമേറിയ ബന്ധത്തിൽ പരിക്കേൽക്കുന്ന നഷ്ടം നികത്താൻ ചെറിയ നടപടികൾ മതിയാവില്ല. വിദ്വേഷത്തിന്‍റെ വാക്കുകളെ മുളയിലേ നുള്ളുന്നത് ഇനി അചിന്ത്യമാണ്. കാരണം, അത് രാഷ്ട്ര ശരീരത്തിന്‍റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും കയറിപ്പറ്റിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, ഇന്ത്യൻജനതയുടെ പൊതുവികാരവും നിയമത്തിന്‍റെ സംരക്ഷണവും വിദ്വേഷത്തിനും വെറുപ്പിനും ഒപ്പമല്ലെന്ന് ലോകത്തിന് ബോധ്യമാകാൻ നമ്മുടെ നിലക്കാത്ത ശബ്ദം അനിവാര്യമാണ്.

Tags:    
News Summary - Nupur Sharma blasphemous remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.