വിവാദങ്ങളുടെ സ്വന്തം നയ്​പോൾ

2001ലെ നൊ​േബല്‍ സമ്മാനജേതാവും 1971ലെ ആദ്യകാല ബുക്കര്‍ സമ്മാനജേതാക്കളില്‍ ഒരാളുമായ വിദ്യാധര്‍ സൂരജ്പ്രസാദ് നയ്​​േപാൾ അഥവാ സര്‍ വിദിയ എന്ന സാഹിത്യത്തിലെ ഗർജിക്കുന്ന ശബ്​ദം നിലച്ചു. 86ാം പിറന്നാളിന് ഒരാഴ്ച ബാക്കിനില്‍ക്കെയാണ് ഇംഗ്ലണ്ടില്‍  അദ്ദേഹത്തി​​​െൻറ മരണം. മുപ്പതിൽപരം വിഖ്യാത പുസ്തകങ്ങളുടെ രചയിതാവാണ്. ‘എ ഹൗസ് ഫോര്‍ മിസ്​റ്റര്‍ ബിശ്വാസ്’, ‘ഇന്‍ എ ഫ്രീ സ്​റ്റേറ്റ്’, ‘എ ബെന്‍ഡ്‌ ഇന്‍ ദ റിവർ’  എന്നിവയാണ് ഏറ്റവുമധികം അറിയപ്പെടുന്ന പുസ്തകങ്ങൾ. 1989ല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ​ൈകയില്‍നിന്ന്​ ‘സര്‍’ പട്ടം ലഭിച്ചു.   

സര്‍ വിദിയ ജനിച്ചത്‌ ട്രിനിഡാഡിലെ ഒരു  ഗ്രാമപ്രദേശത്താണ്. 19ാം നൂറ്റാണ്ടില്‍ കരീബിയന്‍ നാടുകളിലേക്ക് കരിമ്പിന്‍തോട്ടങ്ങളില്‍ പണിയെടുക്കാനായി കുടിയേറിയ ഇന്ത്യന്‍ തൊഴിലാളികളായിരുന്നു അദ്ദേഹത്തി​​​െൻറ അച്ഛ​​​െൻറ വീട്ടുകാർ. അമ്മ ദ്രൗപദി ട്രിനിഡാഡില്‍തന്നെയുള്ള സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു. ‘ട്രിനിഡാഡ്‌ ഗാര്‍ഡിയൻ’ പത്രത്തിലെ റിപ്പോര്‍ട്ടറായിരുന്നു അൽപം സാഹിത്യവാസന കൂടിയുണ്ടായിരുന്ന അച്ഛന്‍ ശ്രീപ്രസാദ്. അദ്ദേഹം വായിച്ചുകൊടുത്ത ഡിക്കൻസും ഷേക്സ്പിയറും ഒക്കെ വായിച്ചുവളര്‍ന്ന വിദിയ അവിടെത്തന്നെയുള്ള മെച്ചപ്പെട്ട ഇംഗ്ലീഷ് സ്കൂളില്‍ പഠനം നല്ലനിലയില്‍ പൂര്‍ത്തിയാക്കി ഓക്​സ്​ഫഡിലെ യൂനിവേഴ്​സിറ്റി കോളജില്‍ പഠനത്തിനായി സ്കോളർഷിപ്പോടുകൂടി 1951ല്‍ ഇംഗ്ലണ്ടിലെത്തി. പഠനകാലത്തുതന്നെ എഴുതാന്‍ തുടങ്ങിയിരുന്നു. എങ്കിലും പുതിയ സാഹചര്യങ്ങളുമായി ചേര്‍ന്നുപോകാന്‍ പറ്റാതെ ആദ്യകാലത്ത് മാനസികവിഷമം നേരിട്ട സര്‍ വിദിയ അക്കാലത്ത് ബി.ബി.സിയുടെ കരീബിയന്‍ സര്‍വിസില്‍ സാഹിത്യത്തെക്കുറിച്ചൊരു റേഡിയോ പ്രോഗ്രാം എഡിറ്റ്​ ചെയ്തിരുന്നു. അവിടെ​െവച്ചാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവല്‍ എഴുത്തു തുടങ്ങിയത്.  

ആദ്യ നോവല്‍ 1957ല്‍ പ്രസിദ്ധീകരിച്ചു, ‘ദ മിസ്​റ്റിക് മസ്സ്’. ഇത് പില്‍ക്കാലത്ത് ഐവറി മെര്‍ച്ചൻറ്​ സിനിമയാക്കിയിരുന്നു. ആദ്യ നോവല്‍ ജനിച്ച നാടി​​​െൻറ പശ്ചാത്തലത്തില്‍ രചിച്ചതായതുകൊണ്ട് അതവിടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഏതാണ്ട് വര്‍ഷത്തില്‍ ഒരു പുസ്തകം എന്ന തോതിൽ എഴുതി എന്നാണ്​ പറയപ്പെടുന്നത്‌. എങ്കിലും നാലാമത്തെ നോവലായ ‘എ ഹൗസ് ഫോര്‍ മിസ്​റ്റര്‍ ബിശ്വാസ്’, ധനികയായ ഭാര്യയുടെ സ്വാധീനം ജീവിതത്തില്‍ കുറക്കാന്‍ ശ്രമിക്കുന്ന മധ്യവയസ്കനായ പത്രപ്രവര്‍ത്തക​​​െൻറ കഥ. ഇതാണ് വിമര്‍ശകശ്രദ്ധ ഏറ്റുവാങ്ങിയ അദ്ദേഹത്തി​​​െൻറ ആദ്യ പുസ്തകം. ആത്മകഥാപരമായ ഈ പുസ്തകത്തിനു ലോകം മുഴുവന്‍ ആരാധകരുണ്ടായി. കൊളോണിയല്‍ സമൂഹം ഒരു മനുഷ്യന്​ എങ്ങനെ പരിമിതികള്‍ സൃഷ്​ടിക്കുന്നു എന്ന് വ്യക്തമാക്കുന്ന പുസ്തകം. അതിശ്രദ്ധേയമായ ഗദ്യമെഴുതുന്ന എഴുത്തുകാരനെന്ന അംഗീകാരം അങ്ങനെ അദ്ദേഹത്തിനു കിട്ടി. അന്ന് 30 വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു സര്‍ വിദിയക്ക്‌. ഇന്നും അദ്ദേഹത്തി​​​െൻറ ഏറ്റവും നല്ല പുസ്തകമായി കൊണ്ടാടപ്പെടുന്നതും ഇതുതന്നെ. 

1960കളില്‍ അദ്ദേഹം കഥേതരസാഹിത്യത്തിലേക്ക് തിരിഞ്ഞു. 19ാം നൂറ്റാണ്ടില്‍ നോവല്‍ അതി​​​െൻറ പാരമ്യത്തില്‍  എത്തിയെന്നും  നോവല്‍ മരിച്ചു എന്നുമായിരുന്നു അദ്ദേഹത്തി​​​െൻറ മതം. ആഫ്രിക്ക, ഇന്ത്യ, മധ്യപൂര്‍വേഷ്യയിലല്ലാത്ത ഇസ്​ലാമിക രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍  ധാരാളം യാത്ര ചെയ്തു കൊണ്ട് എഴുതിയ പുസ്തകങ്ങളിലും ഒപ്പം നല്‍കിയ അഭിമുഖങ്ങളിലും അദ്ദേഹം കുറിച്ചിട്ട അഭിപ്രായങ്ങള്‍ പലപ്പോഴും വിവാദങ്ങളായി. 

വിവാദങ്ങളുടെ രാജകുമാരനായിരുന്നു നയ്​​േപാൾ. സ്ത്രീവിരുദ്ധമായ അഭിപ്രായങ്ങള്‍ പറയാന്‍ ഒട്ടും മടിയില്ലായിരുന്നു എന്ന് മാത്രമല്ല, സ്ത്രീകള്‍ എഴുതുന്നതിനെക്കുറിച്ചും അദ്ദേഹം പരിഹസിച്ച്​ സംസാരിച്ചിരുന്നു. ഒരു പുസ്തകം രണ്ടു പേജ്​ വായിക്കുമ്പോള്‍തന്നെ ഇതെഴുതിയത് ഒരു സ്ത്രീയാണോ എന്ന് തനിക്കു പറയാന്‍ കഴിയും എന്നായിരുന്നു അദ്ദേഹത്തി​​​െൻറ വാദം. അദ്ദേഹത്തി​​​െൻറ വിവാഹജീവിതവും സ്ത്രീസുഹൃത്തുക്കളും അതുപോലെ ചര്‍ച്ചാവിഷയമായിരുന്നു. 

ഇന്ത്യന്‍ സ്ത്രീകള്‍ പൊട്ടു തൊടുന്നതിനെപ്പറ്റി ‘തലക്കകത്തൊന്നുമില്ല എന്നു പറയാനാണ്’ എന്നും, ഇന്ത്യയെ ‘അടിമകളുടെ സമൂഹ’മെന്നും ആഫ്രിക്കക്ക്​ ‘ഭാവിയില്ല’ എന്നും പറഞ്ഞത്​ വളരെ ചര്‍ച്ചചെയ്യപ്പെട്ടു. പൊതുവേ അഭിമുഖങ്ങള്‍ കൊടുക്കാന്‍ മടിയുണ്ടായിരുന്ന അദ്ദേഹം, ഇഷ്​ടപ്പെടാത്ത ഒരു ചോദ്യത്തിന് മുന്നില്‍ ഇറങ്ങിപ്പോക്ക​ുവരെ നടത്തുമായിരുന്നു. എന്നാല്‍, ചിലപ്പോള്‍ സരസമായി വര്‍ത്തമാനം പറയാനും തുനിഞ്ഞിരുന്നു. റുഷ്ദിക്കെതിരെ പുറപ്പെടുവിച്ച വധാഹ്വാനത്തെപ്പറ്റി സര്‍ വിദിയ പറഞ്ഞത് ‘അത് സാഹിത്യവിമര്‍ശനത്തി​​​െൻറ പരമകോടി’ എന്നായിരുന്നു.  

മതവും രാഷ്​ട്രീയവും അദ്ദേഹം സംശയത്തോടെ കണ്ടിരുന്ന വിഷയങ്ങളായിരുന്നു. അദ്ദേഹത്തി​​​െൻറ ‘എ ബെന്‍ഡ്‌ ഇന്‍ ദ റിവർ’ എന്ന  ശ്രദ്ധേയമായ പുസ്തകത്തിലെ ആദ്യ വരികളാണ് അദ്ദേഹത്തി​​​െൻറ തത്ത്വശാസ്ത്രമെന്നു പറയാം. “The world is what it is; men who are nothing, who allow themselves to become nothing, have no place in it.” (ലോകം എന്താണോ അതുതന്നെയാണ്. ഒന്നുമല്ലാത്ത മനുഷ്യന്, സ്വയം ഒന്നുമല്ലാതെയാകാന്‍ അനുവദിക്കുന്ന മനുഷ്യന്, അവന് അതില്‍ ഇടമില്ല). 2008ല്‍ പാട്രിക് ഫ്രഞ്ച് രചിച്ച അദ്ദേഹത്തി​​​െൻറ ജീവചരിത്രത്തി​​​െൻറ ശീര്‍ഷകവും ഇതുതന്നെ- ‘ദ വേള്‍ഡ് ഈസ്‌ വാട്ട്‌ ഇറ്റ്‌ ഈസ്‌’.  

Tags:    
News Summary - Naipaul Memories - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.