മിതവാദി സി. കൃഷ്​ണ​ന്‍റെ ദേശീയതാവിമർശവും ജനായത്തപാതയും

കേരള പത്രപ്രവർത്തനത്തിന്‍റെ അലകും പിടിയും കരുപ്പിടിപ്പിച്ച് കേരള നവോത്ഥാനത്തെ മലബാറിലേക്കു വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നാരായണഗുരുവിന്‍റെ വൽസല ശിഷ്യനായിരുന്നു മിതവാദി സി. കൃഷ്ണൻ (1867–1938). 1913 മുതൽ കോഴിക്കോട്ടു നിന്നിറങ്ങിയ മിതവാദി മാസികയുടേയും പത്രത്തിന്‍റെയും നിർഭയനായ പത്രാധിപർ, ഹൈക്കോടതി അഭിഭാഷകൻ, നിയമിഞ്​ജൻ, സാമൂഹ്യപ്രവർത്തകൻ, സമുദായ പരിഷ്കർത്താവ്, എഴുത്തുകാരൻ, നവോത്ഥാന സാംസ്​കാരിക പോരാളി എന്നിങ്ങനെ വിവിധ തലങ്ങളിൽ കേരളത്തിന്‍റെ ആധുനികതയ്ക്ക് നിർണായക സംഭാവനകൾ നൽകിയ ചങ്ങരം കൊമരത്ത് കൃഷ്ണൻ വക്കീലിന്‍റെ ജന്മദിനമാണ് ജൂൺ 11. അരുവിപ്പുറം പ്രതിഷ്ഠ, വില്ലുവണ്ടിയാത്ര, കൊച്ചി കായൽസമ്മേളനം, ചേറായി പന്തിഭോജനം എന്നിങ്ങനെ കേരളത്തെ മാറ്റിയ സമരപരിവർത്തനങ്ങളിലൊന്നാണ് അദ്ദേഹം മഞ്ചേരി രാമയ്യരുമായി ചേർന്നു നടത്തിയ 1917 ലെ കോഴിക്കോട് തളി അമ്പലവഴിയിലൂടെ അവർണർക്കുള്ള ജാതിവിലക്കു ലംഘിച്ച്​ സ്വന്തം കുതിരവണ്ടിയിൽ നടത്തിയ സഞ്ചാരം.

മലബാറിന്‍റെ തെക്കേയറ്റത്ത് ഗുരുവായൂരിനടുത്തുള്ള മുല്ലശേരിയിലെ ചങ്ങരംകൊമരത്ത് എന്ന പ്രാചീന അവർണ കുടുംബത്തിലാണ് സി. കൃഷ്ണൻ 1867 ൽ പിറന്നത്. ബ്രിട്ടീഷ് മലബാറിലായിരുന്നതിനാൽ വിവേചനമില്ലാതെ ആംഗലരീതിയിലുള്ള ഉന്നതവിദ്യാഭ്യാസം നേടാനും ലോകത്തെ കുറിച്ചും ആധുനികതയെ കുറിച്ചും അറിയാനും പഠിക്കാനും അദ്ദേഹത്തിനവസരം കിട്ടി. ഏതാണ്ട് സമകാലത്ത് നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിൽ വിദ്യാഭ്യാസ, സേവന അവസരങ്ങൾ നിഷേധിക്കപ്പെട്ട ഡോക്ടർ പൽപ്പുവിനെ ഇവിടെ ഓർക്കാം. ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ ഗുണഫലങ്ങൾ അനുഭവിച്ച മിതവാദി തൊട്ടുകൂടാത്തവരായ ത​ന്‍റെ സഹോദരങ്ങൾക്കും അതെല്ലാം നേടിക്കൊടുക്കാനായി ശബ്ദമുയർത്താൻ തീരുമാനിച്ചു. 1907 ൽ നാരായണഗുരുവിനെ മലബാർ സന്ദർശിക്കാൻ ക്ഷണിക്കുന്നത് മിതവാദിയും കോഴിക്കോട് കല്ലിങ്കൽമഠത്തിൽ രാരിച്ചൻ മൂപ്പനും മൂർക്കോത്തു കുമാരനും കൂടിയാണ്.

കൊച്ചിയിൽ ഗുരുവിന്‍റെ സാഹോദര്യ സന്ദേശങ്ങൾ 1917 ലെ മിശ്രഭോജനത്തിലൂടെയും മിശ്രവിവാഹ സംഘത്തിലൂടെയും സഹോദര പ്രസ്​ഥാനത്തിലൂടെയും വികസിപ്പിച്ച സഹോദരനയ്യപ്പനുമായി ചേർന്നു കൊണ്ട് 1920 കളിലും മുപ്പതുകളിലും കേരളത്തിലെ ആദ്യ നവബുദ്ധവാദത്തിനു തുടക്കം കുറിച്ചതും മിതവാദിയാണ്. 1890 കളിൽ തമിഴകത്ത് അയ്യോതിതാസർ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ദ്രാവിഡ നവബുദ്ധമത പ്രസ്​ഥാനത്തിനു ശേഷമായിരുന്നു മിതവാദിയുടേയും സഹോദരന്‍റെയും കേരള നവബുദ്ധവാദം. 1950 കളിലെ അംബേദ്കറുടെ നവയാനത്തിനു ദശകങ്ങൾ മുമ്പായിരുന്നു ഇത്. മിതമായ മധ്യമാർഗത്തി​ന്‍റെ തത്വചിന്തയെയാണ് അദ്ദേഹം ബുദ്ധനിൽ നിന്നും നാരാണയ ഗുരുവിൽ നിന്നും ഉൾക്കൊണ്ടത്​. ഇത്​ ബുദ്ധതത്വ പ്രദീപം എന്ന രചനയിൽ വിശദമാക്കുന്നുണ്ട്​. വക്കീലിന്‍റെ ജനായത്ത രാഷ്ട്രീയാദർശങ്ങളും ബഹുജനോന്മുഖമായ നൈതിക പ്രാഗൽഭ്യവും അറിഞ്ഞാശീർവദിച്ച ഗുരു സ്​ഥാപനസ്വത്തുക്കളുടെ ധർമകർത്താ സ്​ഥാനം നൽകിയാദരിക്കുകയുമുണ്ടായി.

ഫൂലേയും അംബേദ്കറും ആശാനും ഒക്കെ പലരീതിയിൽ വിശദമാക്കിയിട്ടുള്ളതുപോലെ അധിനിവേശ ആധുനികതയുടെ ബഹുജനോപകാരപ്രദമായ ഗുണഫലങ്ങളെ പ്രതിരോധിച്ചു കൊണ്ട് ജാതിയുടേയും വർണത്തിന്‍റെയും ആയിരത്താണ്ടുകളായി തുടരുന്ന ആന്തരാധിനിവേശത്തെയാണ് മിതവാദിയും എതിർത്തത്. സാമൂഹ്യ സ്വാതന്ത്ര്യമില്ലാതെ കേവല രാഷ്ട്രീയ സ്വാതന്ത്ര്യം നിരർഥകമാണെന്ന് മിതവാദിയും പ്രഖ്യാപിച്ചു. ജാതിഹിന്ദുത്വത്തിൽ നിന്നുള്ള മോചനമാണ് പ്രാഥമികമെന്നും രാജ്യത്തിന്‍റെ രാഷ്ട്രീയ സ്വാതന്ത്ര്യം അതിനുശേഷമേ സാർഥകമാകൂ എന്ന നിലപാടിൽ അദ്ദേഹം ഫൂലേയേ പോലെ ഇന്ത്യൻ ഹൈന്ദവദേശീയവാദത്തെ എതിർത്തു, കോൺഗ്രസിനേയും ഗാന്ധിജിയേയും ദേശീയവാദനിലപാടുകളേയും വിമർശിച്ചു. ഫൂലേയുടേയും അംബേദ്കറുടേയും ദേശീയവാദ വിമർശത്തെ കുറിച്ചുള്ള ഗോപാൽ ഗുരുവിന്‍റെയും, നാരായണഗുരുവിന്‍റെയും ആശാ​േന്‍റയും ദേശീയവാദ വിമർശത്തെ കുറിച്ചുള്ള ജെ. രഘുവിന്‍റെയും ബി. രാജീവന്‍റെയും പഠനങ്ങൾ ഇവിടെ പാഠാന്തര പ്രസക്​തിയുണർത്തുന്നു. വൈദികമായ വർണാശ്രമധർമത്തിലും ജാതിഹിന്ദുത്വത്തിലും ഉൗന്നി സമഗ്രാധിപത്യമാകുന്ന വർത്തമാന സംസ്​കാരദേശീയവാദ സന്ദർഭത്തിൽ മിതവാദിയുടെ ദേശീയവാദവിമർശം ഏറെ കാലികമാണ്.

സാമൂഹ്യ ഉച്ചനീചത്വത്തിന്‍റെ ആധാരമായ ജാതിഹിന്ദുത്വത്തിനു പുറത്തുമാത്രമേ മാനവികവും നൈതികവുമായ സാമൂഹ്യ നിർമിതി സാധ്യമാവൂ എന്നതാണ് അദ്ദേഹത്തിന്‍റെ സമതയോടെയുള്ള ദീർഘദർശനം. ഇ. മാധവന്‍റെ സ്വതന്ത്ര സമുദായത്തിന് 1934 ൽ മിതവാദി അവതാരിക എഴുതുന്നത് ഈ സാമൂഹ്യ വിമർശചിന്തയിലൂന്നിയാണ്. ധാർമികമതദർശനത്തിന്‍റെയും തത്വചിന്തയുടേയും തലത്തിൽ തന്നെ സനാതനമായ വൈദിക വർണാശ്രമധർമത്തിന്‍റെ വിമർശവും വിബേദവുമായ അനിത്യവാദത്തിന്‍റെ യുകതിയുകതമായ ബുദ്ധചിന്തയിലേക്കദ്ദേഹം വഴിമാറുന്നതിങ്ങനെയാണ്. നവബുദ്ധനെ പോലെ ഹിന്ദുത്വത്തിന്‍റെ ജാതിനരകത്തിൽ നിന്നുള്ള പരിപൂർണ വിടുതി അദ്ദേഹം ആരാഞ്ഞു. അഭിപ്രായ, മത സ്വാതന്ത്ര്യത്തിന്‍റെയും മാനസാന്തരത്തിന്‍റെയും വഴികളെ നാണുവാശാനെ പോലെ കാരുണ്യത്തോടെ ഉയർത്തിപ്പിടിച്ചു. സഹോദര മതങ്ങളിലേക്കും അയൽരാജ്യങ്ങളിലേക്കും അൻപോടെ ശ്രദ്ധിച്ചു. മാത്രമല്ല തന്‍റെ ആദർശമാതൃകയായ ഗുരുവിന്‍റെ സാമൂഹ്യചിന്തയിലും ബോധനത്തിലും ബുദ്ധവചനങ്ങളുടെ മാനവികവും മതേതരവുമായ ബഹുസ്വരത അദ്ദേഹം ആഴത്തിൽ തിരിച്ചറിഞ്ഞു. അയ്യോതിതാസരേയും മൂലൂരിനേയും സഹോദരനേയും അംബേദ്കറേയും പോലെ പാലി പഠിക്കാനും പാലി പുസ്​തകങ്ങൾ ശേഖരിക്കാനും മിതവാദി ശ്രദ്ധിച്ചിരുന്നു.

ഇന്നും കോഴിക്കോട് കടപ്പുറത്തിനടുത്തുള്ള കസ്റ്റംസ്​ റോഡിലെ ബുദ്ധവിഹാരത്തിൽ പാലിയും തമിഴും സിംഹളവും ആംഗലവും മലയാളവും സംസ്​കൃതവുമെല്ലാമടങ്ങുന്ന നൂറുകണക്കിന് പുസ്​തകങ്ങൾ മിതവാദിയുടെ പുസ്​തകാലയത്തി​ന്‍റെ അവശേഷിപ്പായുണ്ട്​.

കോഴിക്കോട്ടെ ഈ അനന്യമായ ചരിത്രയിടവും എടുപ്പും മിതവാദിയുടെ സ്​മരണകളും ജീവിതസന്ദേശവും നിലനിർത്താനായി മലബാറിലെ ഒരു കേരള നവോത്ഥാന ചരിത്ര സ്​മാരകമായി സംരക്ഷിക്കേണ്ടതുണ്ട്. ധമ്മസ്​കന്ദരുടെ താനൂർ പരിയാപുരത്തെ ബൗദ്ധ ഗുഹാവിഹാരവും ഫറൂക്ക് മണ്ണൂർവളവിലെ ചൈത്യ വിഹാരവും ഒപ്പം കൂട്ടണം. അദ്ദേഹത്തിന്‍റെ മുഖപ്രസംഗങ്ങളുടേയും രാഷ്ട്രീയ ലേഖനങ്ങളുടേയും പഠനങ്ങളുടേയും സമാഹാരവും പുറത്തിറക്കേണ്ടതുണ്ട്. ജനകീയ സർക്കാരുകളുടെ ചുമതലയാണിത്. സംസ്​കാര ദേശീയവാദവും ജാതിഹിന്ദുത്വവും ഹിംസാത്്മകമായും വംശഹത്യാത്്മകമായും മനുഷ്യാവകാശങ്ങളിലും പൗരാവകാശങ്ങളിലും കടന്നു കയറുമ്പോൾ മിതവാദി പ്രതിനിധാനം ചെയ്യുന്ന, ഹിന്ദുത്വത്തിൻെറയും അധീശ ദേശീയവാദത്തിന്‍റെയും നൈതിക വിമർശവും പ്രതിനിധാനത്തിന്‍റെ ജനായത്ത സംസ്​കാര രാഷ്ട്രീയവും ഏറെ നിർണായകമാകുന്നു.

(കാലടി സംസ്​കൃത സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് െപ്രാഫസറാണ്​ ലേഖകൻ )

Tags:    
News Summary - mithavadi c krishnan's birth anniversary triggers some thoughts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.