സെൻസർഷിപ് മു​ദ്രവെച്ച കവറിൽ

'മീഡിയവൺ' വാർത്തചാനലിന്​ കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തിയത്​ ചോദ്യംചെയ്​ത ഹരജി കേരള ഹൈകോടതിയിലെ സിംഗിൾ ബെഞ്ച്​ ജഡ്​ജി​ വിധിപറയാനായി മാറ്റിവെച്ചപ്പോൾ എക്​സിക്യൂട്ടിവി​െൻറ നടപടിയെ കർശനമായ ജുഡീഷ്യൽ പരിശോധനക്ക്​ വിധേയമാക്കുന്ന യുക്തിസഹമായ ഉത്തരവായിരുന്നു നാം കാത്തിരുന്നത്​.

ഒരു ടി.വി ചാനലിനെ നിരോധിക്കുക എന്നത് അഭിപ്രായ-ആവിഷ്​കാര സ്വാതന്ത്ര്യത്തി​​നുമേലുള്ള പ്രഹരമായതിനാൽ അവയുടെ 'സ്വയം പ്രഖ്യാപിത കാവലാൾ' എക്‌സിക്യൂട്ടിവി​െൻറ നടപടിയെ കൃത്യമായ മാനദണ്ഡങ്ങളിൽ പരിശോധിക്കുമെന്നുതന്നെ പ്രതീക്ഷിച്ചു.

നിരോധന ഉത്തരവ്​ ഉയർത്തിപ്പിടിക്കാൻ കോടതി താൽപര്യപ്പെട്ട സാഹചര്യത്തിൽ, സമ്പൂർണ നിരോധനം സർക്കാറിനു മുന്നിലുള്ള 'ഏറ്റവും കുറഞ്ഞ നിയന്ത്രണ നടപടി'യാവുന്നതും ആ ഭീഷണിയുടെ വ്യാപ്​തി സർക്കാറി​െൻറ കർശന നടപടി (സമ്പൂർണ നിരോധം)യോളം വരുന്നതും എങ്ങനെയെന്ന്​ അത്​ കാണിച്ചുതരുമെന്നുമായിരുന്നു ​െപാതുധാരണ.

നിരോധനം ശരിവെച്ചു ജസ്​റ്റിസ്​ എൻ. നഗരേഷ്​ എഴുതിയ 'വിധിന്യായ'ത്തിൽ പക്ഷേ, ഇതൊന്നും ഇല്ല. 'വിധിന്യായം' എന്നത്​ ഞാൻ ഉദ്ധരണി ചിഹ്നത്തിൽ ഇടാൻ കാരണം ഒരു ഭരണഘടന കോടതി 'വിധിന്യായം' പുറപ്പെടുവിക്കു​േമ്പാൾ അതിൽ, നിയമപരമായ യുക്തി, ഉദ്ദിഷ്ടഫലം, നിയമപരമായ യുക്​തിയെയും അനന്തരഫലത്തെയും ബന്ധിപ്പിക്കുന്ന ചിലത്​ എന്നിവ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുക. നിയമപരമായ യുക്തി കോടതി എഴുതുന്ന കുറിപ്പിൽ ഇല്ലെന്നുവന്നാൽ വസ്​തുനിഷ്​ഠമായി നോക്കു​േമ്പാൾ കോടതി ചെയ്​തതിനെ 'വിധിന്യായം' എന്ന്​ എങ്ങനെ വിളിക്കാനാവും?

നിയമപരമായ യുക്തിക്കായി നോക്കു​േമ്പാൾ കോടതിയുടെ 'വിധിന്യായ'ത്തിൽ കണ്ട കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:

'ദേശസുരക്ഷ' യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വാഭാവികനീതിയുടെ തത്ത്വങ്ങൾക്കും കോടതികളുടെ ഇടപെടലിനും 'വളരെ പരിമിതമായ പ​ങ്കേ'യുള്ളൂ (ഖണ്ഡിക 32). വേദകാലത്തെ അത്രിസംഹിത ​'ദേശസുരക്ഷ'ക്ക്​ വലിയ പ്രാധാന്യമാണ്​ കൽപിച്ചിരിക്കുന്നത്​ (ഖണ്ഡിക 33). മുദ്രവെച്ച കവറിൽ ചില കാര്യങ്ങൾ ​േകാടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്​. അവ പരിശോധിച്ച ശേഷം 'ശിപാർശകൾ' പൂർണമായി 'ന്യായീകരിക്കത്തക്ക വണ്ണമുള്ളവ'യാണെന്ന്​ കോടതി കണ്ടെത്തി (ഖണ്ഡിക 37).

15ാം നൂറ്റാണ്ടി​െൻറ അവസാനം മുതൽ 17ാം നൂറ്റാണ്ടി​െൻറ മധ്യകാലം വരെ വെസ്​്​റ്റ്​മിനിസ്​റ്ററിലെ രാജകൊട്ടാരത്തിൽ നിലനിന്നിരുന്ന കോടതിയാണ്​ സ്​റ്റാർ ചേംബർ. ന്യായമായ നിയമനിർവഹണം ഉറപ്പാക്കാൻ സ്​ഥാപിതമായ ആ കോടതി ക്രമേണ അധികാര ദുർവിനിയോഗവും പക്ഷപാതവും വഴി രാഷ്​ട്രീയ-സാമുഹിക അടിച്ചമർത്തലുകളുടെ കൂടാരമായി മാറി.

ഒരു സർക്കാർ വക്കീൽ എഴുന്നേറ്റുനിന്ന് 'ദേശസുരക്ഷ' എന്നു പറയുമ്പോഴെല്ലാം കോടതികൾ സമ്പൂർണമായി സ്​റ്റാർ ​േചംബർ ​രീതിയിലേക്കു​ പോയാൽ ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ എന്തൊരു ലക്ഷ്യത്തിന​ാണോ അവർ നിലനിൽക്കുന്നത്​ അതിനെ സ്വയമേവ അടച്ചുകളയലാവും. ഈ പറഞ്ഞത്​ കേരള ഹൈകോടതിക്കും സുപ്രീംകോടതിക്കും ബാധകമാണ്​.

2019ലെ ഡിജി കേബിൾ നെറ്റ്​വർക്​ കേസിൽ സു​പ്രീംകോടതി നടത്തിയ വിധിയാണ്​ ഏറിയും കുറഞ്ഞുമുള്ള രീതിയിൽ ഈ കേസിൽ കേരള ഹൈകോടതി ഉദ്ധരിച്ചിരിക്കുന്നത്​. (മുംബൈ കേന്ദ്രീകരിച്ച്​ 14 സംസ്​ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന കേബിൾ വിതരണ കമ്പനിയാണ്​ ഡിജി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ ക്ലിയറൻസ്​ നൽകാത്തതിനാൽ​ കേന്ദ്ര വിവരവിതരണ മന്ത്രാലയം അവർക്കു ലൈസൻസ്​ നിഷേധിച്ചു. ഇതിനെ ചോദ്യം ചെയ്​ത്​ നൽകിയ ഹരജി ദേശസുരക്ഷ കാരണം പറഞ്ഞ്​ 2019 ജനുവരിയിൽ സുപ്രീംകോടതി തള്ളി).

മുദ്ര വെച്ച കവറിൽ സർക്കാർ സമർപ്പിച്ച​ എന്തോ ചില സംഗതികൾ കണ്ട്​ തൃപ്​തിപ്പെട്ട്​ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനെ ന്യായീകരിക്കു​േമ്പാൾ ഒരു സ്വതന്ത്ര സ്​ഥാപനം എന്ന നിലയിൽ കോടതിയുടെ അസ്​തിത്വം​ അപ്രധാനമായി മാറുന്നു. ​അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള സമ്പൂർണനിരോധനം ശരിവെക്കും മുമ്പ്​​ ആ നിരോധനം ഏതു വിധത്തിൽ ന്യായയുക്തമാണെന്നും നാലുവട്ട ആനുപാതിക പരിശോധന എത്രമാത്രം തൃപ്​തികരമായിരുന്നുവെന്നും പൊതുസമൂഹത്തിന്​ മുമ്പാകെ വിശദമാക്കാൻ കോടതിക്കു ബാധ്യതയുണ്ട്​.

ദേശസുരക്ഷ സംബന്ധിക്കുന്ന വിഷയം കോടതിയുടെ അധികാര പരിധിക്ക്​ പുറത്താണെന്നു​ പറയുന്ന കേരള ഹൈകോടതിയും സു​പ്രീംകോടതിയും അവലംബിക്കുന്നത്​ 1985ലെ ഒരു യു.കെ ഹൗസ്​​ ഓഫ്​ ലോഡ്​സ്​ വിധിയാണ്​. തുടക്കത്തിലേ പറയ​ട്ടെ, ഗവ. കമ്യൂണിക്കേഷൻസ്​ ഹെഡ്​ക്വാർട്ടേഴ്​സ്​ (ജി.സി.എച്ച്​.ക്യൂ-യു.കെയിലെ സർക്കാറിനും സായുധ സേനക്കും രഹസ്യാന്വേഷണ വിവരങ്ങളും സന്ദേശങ്ങളും കൈമാറാൻ ചുമതലപ്പെട്ട രഹസ്യാന്വേഷണ സുരക്ഷ വിഭാഗം) വിധിന്യായം​ എന്നു​ പരക്കെ അറിയപ്പെടുന്ന വിധി അടിസ്​ഥാനപരമായി ബ്രിട്ടനിലെ പ്രത്യേക അധികാരവുമായി ബന്ധപ്പെട്ടായിരുന്നു. ഇന്ത്യൻ ഭരണഘടന നിയമത്തിൽ അതിന്​ തത്തുല്യമായ ഒന്നല്ല.

ഭരണകൂട നടപടി മൗലികാവകാശങ്ങളെ ഉല്ലംഘിക്കു​േമ്പാൾ അത്​ നിർണയിക്കാൻ കോടതികൾക്ക്​ വ്യക്തമായ മാനദണ്ഡം വികസിപ്പിച്ചിട്ടുണ്ട്​ നമ്മുടെ ഭരണഘടന. എക്​സിക്യൂട്ടിവി​െൻറ നടപടികൾക്ക​ുമേൽ മൗലികാവകാശങ്ങളുടെ ഉരകല്ലിൽ വ്യക്​തമായ ജുഡീഷ്യൽ അവലോകനത്തിന്​ ഭരണഘടന ഇടനൽകുന്നു. ആ ഭരണഘടനയെ വ്യാഖ്യാനിക്കു​േമ്പാൾ പാർലമെന്ററി പരമാധികാരം പിന്തുടരുന്ന അധികാരപരിധിയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിക്കുന്ന ബ്രിട്ടീഷ്​ കോടതി വിധികൾ എങ്ങനെയാണ്​ പ്രസക്​തമാവുന്നത്​? ചില അന്വേഷണങ്ങളിൽ ജി.സി.എച്ച്​.ക്യൂ കേസി​െൻറ ഉപയോഗം 2015ലെ സു​പ്രീംകോടതി വിധിയിലേക്ക്​ കൂട്ടിക്കൊണ്ടുപോകുന്നു.

'ദേശസുരക്ഷ' എന്ന് വിളിച്ചുപറയുന്ന ഓരോ തവണയും എക്സിക്യൂട്ടിവിന് കഴിയുന്നത്ര ഇളവുനൽകാൻ ഉതകുന്ന ഒരു കേസ് യൂറോപ്യൻ ദ്വീപുസമൂഹങ്ങളിൽ നിന്ന്​ കണ്ടെത്തിയെടുത്തത്​ വിധിന്യായത്തിലുണ്ട്​. 2015ലെ കേസിനുശേഷമുള്ള വിധിന്യായങ്ങളും അതേ നിരീക്ഷണങ്ങളും അതേ ഉദ്ധരണികളും പ്രഫസർ വില്യം വേഡിനെക്കുറിച്ചുള്ള അതേ പരാമർശവും തനിപ്പകർപ്പായുണ്ട്​. അങ്ങനെയാണ്​ ഈ കേസിലെ നിയമശാസ്ത്രം വികാസം പ്രാപിച്ചത്.

എന്തൊക്കെപ്പറഞ്ഞാലും കേരള ഹൈകോടതിയുടെ 'വിധിന്യായം' മുദ്രവെച്ച കവറിൽ വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ നിയമശാസ്​ത്രത്തിന്​ കാര്യമായ ഒരു സംഭാവന അർപ്പിച്ചിരിക്കുന്നു. പൗരരുടെ അവകാശം എന്തി​െൻറ പേരിലാണ്​ ഹനിച്ചതെന്ന്​ ഹരജിക്കാർക്കോ പൊതുസമൂഹത്തിനോ അറിയാൻ കഴിയാത്ത വിധം സർക്കാറും ​ജഡ്​ജിയും തമ്മിൽ കൈമാറുന്ന രഹസ്യ സാമഗ്രികളുടെ ബലിപീഠത്തിൽ മൗലികാവകാശങ്ങൾ ബലികഴിക്കപ്പെടുകയാണ്​. അതുവഴി സ്​റ്റാർ ​േചംബർ തീർച്ചയായും അനുയോജ്യനായ ഒരു നേരവകാശിയെ കണ്ടെത്തിയിരിക്കുന്നു.

(സുപ്രീംകോടതി അഭിഭാഷകനും നിരീക്ഷകനുമാണ്​ ലേഖകൻ)

കടപ്പാട്​: Indian Constitutional law and Philosophy blog www.livelaw.in

Tags:    
News Summary - Censorship By Sealed Cover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.