കർഷകലഹളയെന്ന് സൗമ്യേന്ദ്രനാഥ ടാഗോർ

1921ലെ മലബാർ സമരത്തെ സമഗ്രമായി വിശകലനം ചെയ്യാനുള്ള ആദ്യ ശ്രമം സൗമ്യേന്ദ്രനാഥ ടാഗോറിന്‍റേതാണ്.
തുടക്കം:
'' പുരാതന ഭൂവിഭാഗമായ കേരളത്തിലെ മലബാർ, തെക്കേയിന്ത്യയിൽ പടിഞ്ഞാറൻ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്നു. 5,792 ചതുരശ്ര നാഴിക വിസ്തീർണമുള്ള മലബാർ ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ടവും സുന്ദരവുമായ മേഖലകളിലൊന്നാണ്.

1922 ലെ കാനേഷുമാരി അനുസരിച്ച് മലബാറിലെ ജനസംഖ്യ മുപ്പത് ലക്ഷത്തിൽ സ്വല്പം കൂടുതലായിരുന്നു. കർഷക കലാപങ്ങളിൽ പ്രധാന പങ്ക് വഹിച്ച ഏറനാട്ടിലെ ജനസംഖ്യ നാല് ലക്ഷവും. അവർ 1,63, 328 ഹിന്ദുക്കളും 2,36, 627 മുസ്ലിംങ്ങളും ആയിരുന്നു.''

''മാപ്പിള' എന്നാണ് മലബാർ മുസ്ലിംകൾ അറിയപ്പെടുന്നത്. അവരിലധികവും ദരിദ്ര കർഷകരായിരുന്നു... മാപ്പിളജന്മികൾ വളരെ കുറവാണ്. കർഷകർ അത്യദ്ധ്വാനം ചെയ്യുന്നവരാണ്. യുഗങ്ങളായി കൃഷി ചെയ്യാതെ കിടന്നിരുന്ന വനഭൂമിയെ അവർ കൃഷിയിടങ്ങളാക്കി. അങ്ങനെ വീണ്ടെടുത്ത ഭൂമിയിൽ നിന്ന് മാപ്പിള കർഷകരെ കുടിയിറക്കി ജന്മിമാർ അത് സ്വന്തമാക്കി.

മലബാറിൽ മിക്കവാറും എല്ലാ ജന്മികളും ഹിന്ദുക്കളാണ്. അവരിൽ അധികം പേരും ബ്രഹ്മണരും. വടക്കേ മലബാറിൽ കുറച്ച് മാപ്പിള ജന്മികളുണ്ട്. മർദ്ദിതരും ചൂഷിതരുമായ മാപ്പിള കൃഷിക്കാർക്ക് മർദ്ദകരായ ജന്മിമാരോടുള്ള കടുത്ത വിദ്വേഷം നൂറ്റാണ്ടുകളായി അവരുടെ മനസിൽ നീറിക്കത്തിക്കൊണ്ടിരുന്നു.''

''1921ലെ മഹത്തായ കർഷക കലാപത്തിനു മുമ്പുതന്നെ മലബാറിൽ മാപ്പിളകൃഷിക്കാരുടെ നേതൃത്വത്തിൽ അമ്പതോളം സമരങ്ങളുണ്ടായിട്ടുണ്ട്. 1836നും 1853 നുമിടയിലുള്ള 17 കൊല്ലങ്ങൾക്കുള്ളിൽ 22ൽ കുറയാത്ത കലാപങ്ങൾ മാപ്പിള കർഷകർക്ക് നേരിടേണ്ടിവന്നു. അല്പം ചില ലഹളകളിൽ മാത്രം അവയുടെ പ്രധാന കാരണങ്ങൾ മതപരമായിരുന്നു. ചിലപ്പോൾ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ചോ അല്ലെങ്കിൽ മതപരിവർത്തനം സംബന്ധിച്ചോ ഉള്ള തർക്കങ്ങൾ ചോര ചൊരിയുന്നതിന് ഇടയാക്കിയിട്ടുണ്ട്. എങ്കിലും താഴെ ചേർക്കുന്ന വിവരണങ്ങളിൽ നിന്നും നമുക്കെത്താൻ കഴിയുന്ന നിഗമനം മിക്ക മാപ്പിള ലഹളകളും അടിസ്ഥാനപരമായി കർഷകസമരങ്ങളായിരുന്നു എന്നാണ്.''

''അരനൂറ്റാണ്ടിനിടയിൽ മലബാറിൽ പലയിടത്തായി പൊട്ടിപ്പുറപ്പെട്ട അനവധി കർഷക കലാപങ്ങളുടെ പരമകാഷ്ഠയാണ് 1921ലെ മഹത്തായ കർഷക കലാപം. 1920ൽ ഒക്ടോബറിൽ കോഴിക്കോട്ടും സമീപ പ്രദേശങ്ങളിലും ഒരു കുടിയാൻ പ്രസ്ഥാനം ആരംഭിച്ചു. ജന്മിമാർ നിരന്തരം പാട്ടം വർദ്ധിപ്പിക്കുന്നതും കൃഷിക്കാരെ കൃഷി നിലങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നതുമാണ് ഈ കുടിയാൻ പ്രസ്ഥാനം ഉണ്ടാക്കാൻ കാരണം. മലബാറിൽ കുടിയാൻ പ്രസ്ഥാനം അതിശക്തമായപ്പോൾതന്നെ ഖിലാഫത്ത് പ്രസ്ഥാനവും നിലവിൽവന്നു. ഒന്നാമത്തെ ഖിലാഫത്ത് യോഗം 1920ൽ മഞ്ചേരിയിൽ ചേർന്നു. മലബാറിലെ മുസ്ലിം ജനസംഖ്യയുടെ മുക്കാൽഭാഗം വരുന്ന മാപ്പിളകൃഷിക്കാരെ തങ്ങളുടെ ഭാഗത്തു നിർത്താൻ വേണ്ടി കുടിയാൻ പ്രസ്ഥാനത്തിനു പിന്തുണ നൽകാൻ ഖിലാഫത്ത് പ്രസ്ഥാനം നിർബന്ധിതമായി.''

''കലാപം നടക്കുമ്പോഴും അതിനു ശേഷവും ഒരു മൂന്നാം കക്ഷിയുടെ പിന്തുണയോടെ തല്പരകക്ഷികൾ ഈ കർഷക കലാപത്തെ ഹിന്ദുക്കൾക്കെതിരെ മുസ്ലിംകൾ നടത്തിയ വർഗീയ ലഹളയാണെന്ന് വരുത്തിത്തീർക്കാൻ കിണഞ്ഞു ശ്രമിക്കുകയുണ്ടായി. പക്ഷേ, ഒരൊറ്റ ഹിന്ദുവിനേയും ഹിന്ദുവാണെന്ന കാരണത്താൽ കൊന്നിട്ടില്ലെന്നും ജന്മികളായതുകൊണ്ടോ ഗവൺമെന്‍റിന്‍റെ മൂടുതാങ്ങികളായതുകൊണ്ടോ മാത്രമാണ് ചിലരെ കൊന്നതെന്നുമുള്ള വസ്തുത ആർക്കും നിഷേധിക്കാനാവില്ല.

ഗാന്ധിസത്തിലേക്ക് മാറി പിൽക്കാലത്ത് നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്ന, കുടിയാൻ പ്രസ്ഥാനത്തിന്‍റെ നേതാക്കളിലൊരാളായ നാരായണമേനോൻ, മാപ്പിള കലാപകാരികൾ ഹിന്ദുക്കളെ വർഗീയ വിദ്വേഷം കൊണ്ട് ഒരിക്കലും ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ചില കൊള്ളകൾ ചിലയിടങ്ങളിൽ നടന്നത് കലാപനേതാക്കളുടെ കണ്ണിൽ പെട്ടപ്പോൾ, ഹിന്ദുക്കളുടെ വീടുകൾ കൊള്ളയടിച്ചവർക്ക് കടുത്ത ശിക്ഷകൾ നൽകി. നിരപരാധികളായ ഹിന്ദുക്കളെ ഉപദ്രവിച്ച ചിലരുടെ കൈപ്പത്തി കലാപനേതാക്കൾ മുറിച്ചുകളയുകയും കൊള്ള സാധനങ്ങൾ ഉടമകൾക്ക് തിരിച്ചു കൊടുക്കുകയും ചെയ്തു.''

''ജന്മിമാർ ഒന്നടങ്കം കൃഷിക്കാർക്കെതിരെ സർക്കാറിനെ പിന്തുണച്ചു. മലബാറിലെ ഏറ്റവും വലിയ സമ്പന്ന ജന്മിയായ പൂമുള്ളി മനയും വൻകിട ജന്മികളായ പാഴിയോട്ടുമന, കൂടല്ലൂർ മന, ചേവയൂർ മന, ഊർപ്പുളശ്ശേരി മന, നിലമ്പൂർ രാജ തുടങ്ങിയവയും കർഷക കലാപകാരികൾക്കെതിരെ സർക്കാറിന്‍റെ ഭാഗത്ത് പൂർണമായും അണിനിരന്നു. അങ്ങിനെ തന്നെയാണ് പണക്കാരായ മാപ്പിളമാരും ചെയ്തത്. മാപ്പിളധനികർ കലാപത്തിൽ പങ്കെടുത്തില്ലെന്നു മാത്രമല്ല, അതിനെ സജീവമായെതിർക്കുകയും എല്ലാവിധത്തിലും സർക്കാറിനെ സഹായിക്കുകയും ചെയ്തു.''

സൗമ്യേന്ദ്രനാഥ ടാഗോർ

''ഗവൺമെന്‍റിന്‍റെ സംരക്ഷണത്തോടെ ആര്യസമാജക്കാർ വിവിധ കലാപബാധിത കേന്ദ്രങ്ങളിൽ പോയി ലഹളക്കാർ വധിച്ച ചുരുക്കം ചില ഹിന്ദുക്കളുടെ ഫോട്ടോ എടുത്തു. അത് മാപ്പിളമാരുടെ കഠോര കൃത്യങ്ങളുടെ തെളിവായി ഹിന്ദുക്കളുടെ മുമ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തു. പട്ടാളക്കാർ നടത്തിയ ആക്രമങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാനോ, തൂക്കിയും വെടിവെച്ചും കൊല്ലപ്പെട്ട നൂറുകണക്കിന് മാപ്പിള കലാപകാരികളുടേയോ, പട്ടാളക്കാരുടെ ബലാൽസംഗത്തിനും മറ്റുഭേദ്യങ്ങൾക്കുമിരയായ മാപ്പിള സ്ത്രീകളുടേയോ ഫോട്ടോകളെടുക്കാൻ ആര്യസമാജക്കാർ ശ്രമിച്ചില്ല എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗവൺമെന്‍റ് ചാരന്മാരും ഒറ്റുകാരുമായി പ്രവർത്തിച്ചതുമൂലം കൊല്ലപ്പെട്ട ഹിന്ദുക്കളുടെ ഫോട്ടോകൾ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും ആര്യസമാജക്കാർ പ്രദർശിപ്പിക്കുന്നുണ്ട്.''


''ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം മൂലം നാടാകെ രാഷ്ട്രീയമായി തിളച്ചുമറിയുമ്പോഴാണ് ഈ കർഷകകലാപം പൊട്ടിപ്പുറപ്പെട്ടത്. അതിനോട് ഗാന്ധിജിയുടെ സമീപനമെന്തായിരുന്നുവെന്ന് വിവേകപൂർവം അന്വേഷിക്കേണ്ടിയിരിക്കുന്നു'' - എന്നു പറഞ്ഞുകൊണ്ട് ഗാന്ധിജിയുടെ ലേഖനങ്ങളെ പരിശോധിക്കുന്ന സൗമ്യേൻ ഒടുവിൽ ഇങ്ങനെ കുറിക്കുന്നു:

''അക്രമരാഹിത്യത്തിന്‍റെ നേരിയ മൂടുപടത്തിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഗാന്ധിസത്തിന്‍റെ വർഗപരമായ ഉള്ളടക്കം അതിന്‍റെ എല്ലാ വൈരൂപ്യങ്ങളോടേയും അനാവരണം ചെയ്യപ്പെട്ടു. കൃഷിക്കാർ നടത്തിയ ഫ്രാൻസിലെ കർഷക കലാപവുമായി (1358ലെ) മലബാർ കലാപത്തിനുള്ള സാമ്യം മനസിലാക്കി മലബാറിലെ ഗാന്ധിസ്റ്റ് കോൺഗ്രസ് നേതാക്കൾ കലാപത്തെ തുരങ്കം വെക്കാൻ അഹിംസാ സിദ്ധാന്തം ഉപയോഗിച്ചു. ഇതിനേക്കാളെല്ലാമുപരിയായി, കലാപം വർഗ്ഗീയമായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ പതിനെട്ടടവുകളും അവർ പ്രയോഗിച്ചു.''

മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ജ്യേഷ്ഠന്‍റെ മകനാണ് സൗമ്യേൻ. ജനനം കൽക്കത്തയിൽ 1901ൽ. 1926 മുതൽ ബംഗാളിലെ ഇടതുപക്ഷ രാഷട്രീയത്തിൽ സജീവമായി. ജർമനിയിലും റഷ്യയിലുമെല്ലാം കടന്നുചെന്നു.

മുഴുനീള രാഷ്ട്രീയ യാത്രികനായിരുന്ന സൗമ്യേൻ 1934ലോ '35ലോ മലബാർ സന്ദർശിക്കുന്നുണ്ട്. ആ യാത്രക്ക് ശേഷം രചിച്ചതാണ് Pesants revolt in Malabar എന്ന ദീർഘ പ്രബന്ധം. പ്രമുഖ ഇടതുപക്ഷ സൈദ്ധാന്തികനും ഹ്യൂമനിസ്റ്റുമായിരുന്ന എം. റഷീദ് ആണ് അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. (സ്വാതന്ത്ര്യ സമര സേനാനിയായ ഇ. മൊയ്തു മൗലവിയുടെ മകനാണ് റഷീദ്).

1921ലെ മലബാറിലെ കർഷക ലഹള എന്ന പേരിൽ പുസ്തകമാക്കിയപ്പോൾ മുപ്പത്തിയേഴ് പേജു മാത്രമേയുള്ളൂ. വലിയൊരു ലഘുലേഖ. ശൈഖ് മുഹമ്മദ് കാരക്കുന്നാണ് അവതാരിക എഴുതിയത്. കൊല്ലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന 'ഇംപ്രിന്‍റ്' 1997ൽ പ്രസിദ്ധീകരിച്ച എഡിഷനാണ് കണ്ടിട്ടുള്ളത്. അതിനു മുമ്പോ ശേഷമോ ആരെങ്കിലും പ്രസിദ്ധീകരിച്ചതായി അറിയാൻ സാധിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.