ബസ്​ സർവീസല്ല, കൊള്ളസംഘം തന്നെ...

കൈയ്യില്‍ കുറച്ച് കാശുണ്ട്, കേരളത്തില്‍ ഇത്തിരി പേരുണ്ട് എന്നുകരുതി പുതിയൊരു ബസും വാങ്ങി അന്തര്‍സംസ്ഥാനം കളിക്കാന്‍ ഇറങ്ങിയാല്‍ വിവരമറിയും. ദക്ഷിണേന്ത്യയിലെ ഒരോ റൂട്ടും നിയന്ത്രിക്കുന്നത് മാഫിയകളാണ്. ഇവയുടെ തലപ്പത്ത് പൊലീസ്​ ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാര്‍ വരെയുണ്ട്. പുതിയതായി ആരെങ്കിലും രംഗത്തുവന്നാല്‍ ഇടി ഉറപ്പാണ്. ഉടമക്കിട്ടല്ല പുത്തന്‍ ബസിനിട്ട്. മള്‍ട്ടി ആക്സില്‍ ബസുകളുടെ എഞ്ചിന്‍ പുറകുവശത്തായതിനാല്‍ പിന്നില്‍ വാഹനം ഇടിപ്പിച്ചാല്‍ വണ്ടിയുടെ പണി തീരും.

ഭീമമായ തുക ചെലവിട്ടാലേ പിന്നെ നിരത്തിലിറങ്ങാന്‍ പറ്റൂ. ഏതെങ്കിലും തല്ലിപ്പൊളി ലോറി ഉപയോഗിച്ച് ഇത്തരം രണ്ട് ഇടി കിട്ടുന്നതോടെ ഉടമയുടെ പണിയും തീരും. ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് അവിടുത്തെ വന്‍കിടക്കാരുടെ ഒത്താശയില്ലാതെ പോകുന്ന ബസുകള്‍ക്കാണ് ഈ ഗതികേട് ഏറ്റവും കൂടുതല്‍ നേരിടേണ്ടിവന്നിട്ടുള്ളത്. രാഷ്ര്ടീയരംഗത്തെ ഉന്നതര്‍ക്ക് നേരിട്ട് പങ്കുള്ളതിനാല്‍ കേസ് പോലും ഉണ്ടാവാറില്ല. ഇത് ഒഴിവാക്കാനും മാഫിയകള്‍ വഴി കണ്ടിട്ടുണ്ട്. പ്രശ്നമുള്ള റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ അവിടുത്തെ വന്‍കിടക്കാരുടെ പേര് കൂടി ഏഴുതിവക്കുക. നിശ്ചിത തുക നല്‍കിയാല്‍ ഇതിനുളള സമ്മതം കിട്ടും. പിന്നെ ചക്രവർത്തിമാരുടെ സാമന്തന്‍മാരായി സര്‍വീസ് നടത്താം. കപ്പം കൊടുക്കുന്നിടത്തോളം കാലം സുരക്ഷ അവര്‍ ഉറപ്പാക്കിക്കോളും.

പഴയ ബസുകളുടെ വില്‍പനയാണ് പണമുണ്ടാക്കാന്‍ ഇവര്‍ കണ്ടെത്തിയ മറ്റൊരു വഴി. വന്‍കിട കമ്പനികളുടെ മിക്ക ബസുകളും മൂന്ന് വർഷത്തില്‍ കൂടുതല്‍ ഓടിക്കാറില്ല. അതിന് ശേഷം ഷാസിയും ബോഡിയും വേര്‍പെടുത്തും. പുതിയ ഷാസിയില്‍ പഴയ ബോഡികയറ്റി മിനുക്കിയെടുക്കും. ഷാസി ആര്‍ക്കെങ്കിലും വില്‍ക്കും. മോട്ടോര്‍വാഹന നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണിത്. പക്ഷേ, ആരും വകവെക്കാറില്ല. കോട്ടയം ജില്ലയിലെ പ്രശസ്തമായ ഒരു എഞ്ചിനിയറിങ് കോളജ് ഇത്തരം വണ്ടികളുടെ ആരാധകരാണ്. ടൂറിസ്റ്റ് ബസുടമകളാണ് മറ്റൊരു വിഭാഗം ഉപഭോക്താക്കള്‍.

വാങ്ങുന്നവനും വില്‍ക്കുന്നവനും ലക്ഷങ്ങള്‍ ലാഭം കിട്ടുമെന്നതാണ് ഈ ഇടപാടി​​​െൻറ ഗുണം. ഷാസി വാങ്ങി അന്യനാട്ടിലിട്ട് ബോഡി നിര്‍മിക്കും. പഴയ ബസ് നന്നാക്കുന്നുവെന്നാണ് രേഖയിലുണ്ടാവുക. പുതിയ ബോഡി നിര്‍മിക്കുമ്പോള്‍ നല്‍കേണ്ട 1.25 ലക്ഷം രൂപയുടെ നികുതി പോക്കറ്റില്‍ കിടക്കും. നാട്ടില്‍ എത്തിക്കുമ്പോള്‍ പുത്തന്‍ വണ്ടിയുടെ സകല ഗമയും ഉണ്ടാവും. റീ രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ പുതിയ നമ്പരും കിട്ടും. പുതിയ ഷാസിയില്‍ പഴയ ബോഡി കയറ്റിയാല്‍ പുതിയ ബോഡിയുടെ നികുതി മാത്രം നല്‍കിയാല്‍ മതി. ഇതുവഴി ഏതാണ്ട് പത്ത് ലക്ഷം രൂപക്കടുത്ത്​ ലാഭം പഴയ ഉടമക്കും ഉണ്ടാവും.

ടിക്കറ്റ് ബുക്കിംഗ് എന്ന കൊള്ളയടി
കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളും ആര്‍ക്കും ഉപയോഗപ്പെടാത്ത തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളതെന്നത് ബംഗളൂരു മലയാളികള്‍ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണമാണ്. ഇത് സ്വകാര്യ ബസ് ലോബിയും റെയില്‍വേയും തമ്മിലുള്ള ഒത്തുകളിയാണെന്നും ആക്ഷേപമുണ്ട്. വര്‍ഷങ്ങളായി ഓണം, ക്രിസ്മസ്, വിഷു, ഈസ്റ്റര്‍ തുടങ്ങിയ വിശേഷ അവസരങ്ങളില്‍ ടിക്കറ്റ് കിട്ടില്ല എന്നതാണ് കേരളത്തിലേക്കുള്ള അന്തര്‍സംസ്ഥാന ബസ്​ സര്‍വീസുകളുടെ ഏറ്റവും വലിയ പ്രത്യേകത. ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ല എന്നുറപ്പായാല്‍ നിരക്ക് രണ്ടിരട്ടി വരെ ഉയര്‍ന്നേക്കാം. ഏത് ഏജന്‍സിയില്‍ ചെന്ന് ചോദിച്ചാലും റെഗുലര്‍ ബസ്സില്‍ ടിക്കറ്റില്ല എന്ന മറുപടിയാണ് കിട്ടുക. പകരം സ്പെഷ്യല്‍ ബസ് ഇട്ട് സഹായിക്കാന്‍ ബംഗളൂരുവിലുള്ള ഏജന്‍സികള്‍ക്ക് മടിയില്ല.

കേരളത്തിലേക്കുള്ള ഭൂരിഭാഗം സ്വകാര്യ ബസ്സുകളും പുറപ്പെടുന്ന മടിവാളയില്‍ നിന്നോ ഖലാസി പാളയത്ത് നിന്നോ ഒരു പിക്ക് അപ്പ് ബസ്സില്‍ കയറി കര്‍ണാടക അതിത്തിയായ ഹോസൂരില്‍ ചെല്ലുമ്പോള്‍ അവിടെ ഒരു പഴഞ്ചന്‍ ബസ് കിടപ്പുണ്ടാവും. ഇതാണ് സ്പെഷ്യല്‍ ബസ്. കണ്ടം ചെയ്യാറായ ഈ ബസിന് മള്‍ട്ടി ആക്സില്‍ വോള്‍വോയുടെ ചാര്‍ജായിരിക്കും ഈടാക്കുകയെന്ന് മാത്രം. ഇക്കുറി പാര്‍ലമ​​​െൻറ് തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും നിരക്ക് കൂട്ടി മലയാളികളെ കഷ്ടപ്പെടുത്തി. കഴിഞ്ഞ ഓണക്കാലത്ത് ബംഗളൂരു, മുംബൈ, മൈസൂര്‍, മംഗലാപുരം, ചെന്നൈ, മധുര റൂട്ടുകളില്‍ അനധികൃത സര്‍വീസ് നടത്തുന്ന എ.സി, നോണ്‍ എ.സി ബസുകള്‍ സാധാരണ നിരക്കിനെക്കാള്‍ 50 മുതല്‍ 100 ശതമാനംവരെയാണ് അധികമായി ഈടാക്കിയത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്ന് ബംഗളൂരുവിലേക്ക് ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകൾ കൃത്യമായി സർവീസ് നടത്താത്തത്​ മാഫിയ മുതലെടുത്തു. സംസ്ഥാനത്തുനിന്ന് പുറപ്പെടുന്ന കര്‍ണാടക, തമിഴ്നാട് ബസുകളില്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തും പല ട്രയിനുകളിലും റിസര്‍വേഷന്‍ പൂർത്തിയായതും വന്‍ കൊള്ളക്കുള്ള അവസരം സ്വകാര്യ ബസുടമകള്‍ക്ക് തുറന്ന് കൊടുത്തിരുന്നു.

കെ.എസ്.ആര്‍.ടി.സി.യുടെ ചതി
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ആഡംബര ബസ് സര്‍വീസുകള്‍ ഇത്രയധികം പുഷ്ടിപ്പെട്ടത് 2011-^2012 കാലഘട്ടത്തിലാണ്. കര്‍ണാടകയിലെ പ്രഫഷണല്‍ കോളജുകളിലേക്ക് മലയാളിക്കുട്ടികള്‍ കുത്തിയൊഴുകുന്ന കാലമായിരുന്നു അത്. ഈ റൂട്ടില്‍ നിരവധി ബസ്​ സർസുകള്‍ നടത്തുന്ന കമ്പനിയില്‍ ഭാഗിക ഉടമസ്ഥതയുള്ളയാളാണ് അന്ന് കെ.എസ്.ആര്‍.ടി.സിയുടെ താക്കോല്‍ സ്ഥാനം കൈയടക്കിയിരുന്നത്. 2012 ലെ ക്രിസ്തുമസ് കാലത്തിന് തൊട്ടുമുമ്പ് കെ.എസ്.ആര്‍.ടി.സിയുടെ വോള്‍വോ എ.സി ബസ് സര്‍വീസുകളും നിർത്തി ഇയാള്‍ സ്വകാര്യ മേഖലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതിന് മുമ്പ് കോര്‍പറേഷൻെറ വോള്‍വോയല്ലാത്ത 16 എ.സി ബസുകള്‍ ബംഗളൂരു സര്‍വീസ് നിത്തിയിരുന്നു.

സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് എന്നിവ ഉപയോഗിച്ച് 41 സര്‍വീസുകള്‍ നടത്തിയാണ് ആ ഉല്‍സവകാലം കെ.എസ്.ആര്‍.ടി.സി കഴിച്ചുകൂട്ടിയത്. വോള്‍വോയല്ലാത്ത 16 എസി ബസുകളും ബോഡിമാറ്റി ഫാസ്റ്റ്, ഓര്‍ഡിനറി സര്‍വീസുകളാക്കിയതോടെ ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിക്ക് എസി ബസുകള്‍ ഇല്ലാതായി. ഈ സമയത്ത് കര്‍ണാടക ആർ.ടി.സി ബംഗളൂരുവിലേക്ക്​ അത്യാധുനിക മള്‍ട്ടി ആക്സില്‍ ബസുകള്‍ അടക്കം 12 എ.സി ബസുകള്‍ ഓടിച്ചിരുന്നു. യാത്രക്കാര്‍ അധികമുള്ള ദിവസങ്ങളില്‍ പ്രത്യേകം ബസുകളും ഓടിച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ദിനംപ്രതി പുതിയ ബസുകളും നിരത്തിലിറക്കി. ഇയാൾ കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്തായതോടെ സ്ഥിതി അൽപം മെച്ചപ്പെട്ടിട്ടുണ്ട്. പുതു തലമുറജീവനക്കാർ അൽപം കൂടി കാര്യക്ഷമതയോടെ ജോലി ചെയ്യുന്നതും ആശാവഹമാണ്.
(തുടരും)

Tags:    
News Summary - looting Inter state bus mafia- special series part 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.