കീഴാറ്റൂരിലെ വയൽക്കിളികളും വെട്ടുകിളികളും 

‘നീതിമാനെ നമുക്ക് പതിയിരുന്ന് ആക്രമിക്കാം. അവൻ നമുക്ക്​ ശല്യമാണ്. അവൻ നമ്മുടെ പ്രവൃത്തികളെ എതിർക്കുന്നു, നിയമം ലംഘിക്കുന്നതിനെയും ശിക്ഷണവിരുദ്ധമായി പ്രവർത്തിക്കുന്നതിനെയും കുറിച്ച് അവൻ നമ്മെ ശാസിക്കുന്നു.‘ (ബൈബിൾ : ജ്ഞാനം: 2:12–13) കീഴാറ്റൂരിലെ വയൽക്കിളികളെ തുരത്താൻ സി.പി.എം സമരം ആരംഭിച്ചതോടെ കണ്ണൂർ ജില്ലയിലെ കൃഷിക്കാരുടെ ആ ചുകപ്പുഗ്രാമം നന്ദിഗ്രാമും സിംഗൂരിനുമൊപ്പം കർഷക സമരചരിത്രത്തി​​​െൻറ ഭാഗമാകുകയാണ്. ബംഗാളിൽ കൃഷിക്കാരുടെ കൈവശഭൂമി അപഹരിക്കാൻ ഇടതുമുന്നണി ഗവ​ൺമ​​െൻറും പാർട്ടിയും മുമ്പു കൈകോർത്തതുപോലെ കീഴാറ്റൂരിലും സമാനസമരമുഖമാണ് തുറന്നിട്ടുള്ളത്.  ഞായറാഴ്ച വയൽക്കിളികളുടെ മൂന്നാംഘട്ട സമരവും അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്​ഥാനത്തെ പരിസ്​ഥിതി–പൗരാവകാശ പ്രവർത്തകർ നടത്തുന്ന മാർച്ചും കൃഷിക്കാരോടും കർഷക സമരത്തോടുമുള്ള സി.പി.എമ്മി​​​െൻറയും പിണറായി ഗവ​ൺമ​​െൻറി​​​െൻറയും നയവൈരുധ്യങ്ങളാണ് തുറന്നുകാട്ടുന്നത്.

ബി.ജെ.പിയും ശിവസേനയും ചേർന്നുഭരിക്കുന്ന മഹാരാഷ്​ട്രയിൽ കിസാൻസഭയുടെ നേതൃത്വത്തിൽ നടത്തിയ ലോങ്​ മാർച്ചി​​​െൻറ വിജയത്തെയും പത്തുകോടി ഒപ്പു സംഭരിച്ച്​ മോദി ഗവൺമ​​െൻറി​​​െൻറ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ അഖിലേന്ത്യ കിസാൻസഭ ആരംഭിച്ച ദേശീയ സമര​െത്തയും അപഹാസ്യമാക്കുകയാണ് മുഖ്യമന്ത്രിയും പാർട്ടിയും കേരളത്തിൽ. വയൽക്കിളികൾ എന്ന പേരിൽ കീഴാറ്റൂരിലെ ദരിദ്ര കൃഷിക്കാരെയും കർഷകത്തൊഴിലാളികളെയും ദേശീയപാതയുടെ ദിശാമാറ്റത്തിനെതിരെ സമരരംഗത്തിറക്കിയത് സി.പി.എം തന്നെയായിരുന്നു.  സി.പി.എമ്മുകാരനായ സ്​ഥലം എം.എൽ.എയും പാർട്ടി ഏരിയ നേതൃത്വവും വയൽക്കിളികൾക്കൊപ്പമായിരുന്നു. കൃഷിയിടങ്ങളും പരിസ്​ഥിതിയും തകർക്കുന്നതൊഴിവാക്കാൻ ദേശീയപാതയുടെ ദിശ മാറ്റണമെന്നതാണ് അന്നും സമരക്കാരുടെ ആവശ്യം.

സി.പി.എമ്മിനോട് രാഷ്​ട്രീയ വിധേയത്വമുള്ള കേരള ശാസ്​ത്രസാഹിത്യ പരിഷത്തുപോലും ബദൽസാധ്യത നിർദേശിച്ചിരുന്നു.  എന്നിട്ടും, സമരരംഗത്തുനിന്ന് പിന്മാറാൻ സി.പി.എം നേതൃത്വം നിർദേശിച്ചു. ബോധ്യപ്പെടാതെ വയൽക്കിളികൾ ഉറച്ചുനിന്നു.  കൂടിയാലോചിച്ച് അഭിപ്രായ സമന്വയത്തിലൂടെ എപ്പോഴോ പരിഹരിക്കാൻ കഴിയുമായിരുന്ന കേവലം ഒരു ദിശാമാറ്റപ്രശ്നമാണ് സങ്കീർണമാക്കിയത്. സംസ്​ഥാന ഗവൺമ​​െൻറി​​​െൻറ വികസനപ്രവർത്തനം തടയാനുള്ള രാഷ്​ട്രീയ – സാമ്രാജ്യത്വ ഗൂഢാലോചനയെന്ന്​ സമരത്തിനെ മുദ്രകുത്തി.  മാവോയിസ്​റ്റുകളും ഫാഷിസ്​റ്റുകളും സി.ഐ.എപോലുള്ള സാമ്രാജ്യത്വ ഏജൻസികളും സമരത്തിനു പിന്നിലുണ്ടെന്ന് നിയമസഭയിലും പുറത്തും ഇതിനായി പ്രചാരണം അഴിച്ചുവിട്ടു. പാർട്ടി കൽപ്പിച്ചിട്ടും കേൾക്കാതെ സമരരംഗത്ത് ഉറച്ചുനിന്ന വയൽക്കിളികൾ കീഴാറ്റൂരിനെ കേരളത്തിലെ നന്ദിഗ്രാമോ സിംഗൂരോ ആക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം നേതൃത്വം കുറ്റപ്പെടുത്തി.  

യഥാർഥത്തിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നതും അതിനുവേണ്ടി ഒന്നര ലക്ഷത്തോളം ലോഡ് മണ്ണിറക്കാൻ സമീപദേശങ്ങളിലെ പതിനൊന്നോളം കുന്നുകൾ ഇടിച്ചുനിരത്തുന്നതും ആ മേഖലയിലാകെ ഗുരുതരമായ പാരിസ്​ഥിതിക പ്രശ്നങ്ങൾ സൃഷ്​ടിക്കുമെന്നതാണ് സമരത്തിനാധാരമായ യഥാർഥ പ്രശ്നം.  റിയൽ എസ്​റ്റേറ്റ് മാഫിയ രാഷ്​ട്രീയ പിൻബലത്തോടെ സമാന്തര വ്യാപാര വികസന പദ്ധതികളും നിക്ഷിപ്ത താൽപര്യങ്ങളുമായി ഇതിനു പിന്നിലുണ്ടെന്നാണ് സമരനേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.  കീഴാറ്റൂർ സി.പി.എം ശക്​തികേന്ദ്രമാണെന്നും അവരിൽ ചിലർക്ക് ബൈപാസുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ബോധ്യപ്പെട്ടിട്ടില്ലെന്നുമാണ് നിയമസഭയിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ സി.പി.എമ്മുകാരായ കൃഷിക്കാർ കീഴാറ്റൂരിൽ നടത്തുന്ന സമരം തനിക്കു ബോധ്യപ്പെടാത്തതെന്താണെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി ബാധ്യസ്​ഥനാണ്. 

കൃഷിക്കാരുടെ സ്​ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സി.പി.എം ആവിഷ്​കരിച്ച നയമുണ്ട്.  നന്ദിഗ്രാമിലെയും സിംഗൂരിലെയും കൃഷിഭൂമി ഏറ്റെടുക്കലിനെതിരായ സമരം രൂക്ഷമാകുകയും ദേശീയ തലത്തിൽ ബംഗാളിലെ ഇടതുമുന്നണി ഗവ​ൺമ​​െൻറി​​​െൻറ പ്രതിച്ഛായ തകരുകയുംചെയ്ത പശ്ചാത്തലത്തിൽ  2010ൽ സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിപുലീകൃത യോഗം ചേർന്നാണ് അത് രൂപവത്​കരിച്ചത്.  കൃഷിക്കാരുടെ സ്​ഥലം ഏറ്റെടുക്കുന്നതിൽ  ദേശീയാടിസ്​ഥാനത്തിൽ സി.പി.എം നേതൃത്വം സ്വീകരിക്കേണ്ട വ്യവസ്​ഥകൾ അതിൽ പറയുന്നു: ‘‘....ചെറുകിട കൃഷിക്കാർക്ക് അവരുടെ കൃഷിഭൂമി മാത്രമാണ് ജീവനോപാധി.  വികസനത്തി​​​െൻറ പേരിൽ കൃഷിഭൂമി ഏറ്റെടുക്കുന്നത് ഈ പശ്ചാത്തലത്തിൽ കൃഷിക്കാരുടെ അടിസ്​ഥാന ആവശ്യങ്ങളുടെയും ജീവിതോപാധികളുടെയും മേലുള്ള കടന്നാക്രമണമാണ്.  ഇതു മനസ്സിൽവെച്ച്  കൃഷിക്കാരുടെ ഇച്ഛക്കെതിരായി ഫലഭൂയിഷ്ഠമായ കാർഷികഭൂമി ഏറ്റെടുക്കുന്നതിനെതിരെ നാം കടുത്ത നിലപാടെടുക്കണം’’. സി.പി.എം ദേശീയ നേതൃത്വമെടുത്ത ഈ നയത്തി​​​െൻറ ബലത്തിലാണ് കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരത്തിൽ സി.പി.എമ്മുകാരായ കൃഷിക്കാർ ദിവസങ്ങളോളം അണിനിരന്നത്; വയലിൽ ചെങ്കൊടിക്കു കീഴിൽ സമരപ്പന്തൽ ഉയർത്തിയതും.  സർക്കാർ നയം ഒരു വിഭാഗത്തിനു ബോധ്യമായില്ലെങ്കിലും അതുമായി മുന്നോട്ടുപോകുമെന്ന്​ മുഖ്യമന്ത്രി പറയുമ്പോൾ അദ്ദേഹം തള്ളിക്കളയുന്നത് സ്വന്തം പാർട്ടിയുടെ നിലപാടാണ്.

സുരേഷ്​ കീഴാറ്റൂർ
 

നന്ദിഗ്രാമിലെപോലെ ബംഗാളിലെ കൃഷിയിടങ്ങൾ ഏറ്റെടുത്ത വിവാദങ്ങളെ തുടർന്നാണ് 1894ലെ ഭൂമി ഏറ്റെടുക്കൽ നിയമം 2013ൽ യു.പി.എ ഗവൺമ​​െൻറ് കൃഷിക്കാർക്കനുകൂലമായ വ്യവസ്​ഥകളോടെ ഭേദഗതി ചെയ്തത്.  നന്ദിഗ്രാമിലും സിംഗൂരിലും കൈപൊള്ളിയ സി.പി.എമ്മും ഈ ഭേദഗതികൾക്കൊപ്പം നിന്നതാണ്. പുതിയ വ്യവസ്​ഥകളനുസരിച്ച് ന്യായമായ നഷ്​ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തണമെന്നു മാത്രമല്ല അതിൽ വ്യവസ്​ഥ ചെയ്തിട്ടുള്ളത്.  ദേശീയപാതപോലുള്ള ആവശ്യങ്ങൾക്ക് സർക്കാർ ഏറ്റെടുക്കുമ്പോഴും അത് സുതാര്യമായിരിക്കണം. തദ്ദേശ ഭരണ സ്​ഥാപനങ്ങളോ ഗ്രാമസഭകളോ ആയി കൂടിയാലോചിക്കണം. ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും വേണം. 

കീഴാറ്റൂരിൽ വയലുടമകളോ എം.എൽ.എയോ തദ്ദേശ ഭരണസ്​ഥാപനങ്ങളോ അറിയാതെ ഒരു സ്വകാര്യസ്​ഥാപനം സർവേ നടത്തി കീഴാറ്റൂരി​​​െൻറ തലയിൽ അടിച്ചേൽപ്പിച്ച ഭൂമി ഏറ്റെടുക്കലാണിത്. ഇതിനുപിന്നിൽ അദൃശ്യമായ ഏതോ ഒരു ശക്​തിയുടെ ദുരൂഹപ്രവർത്തനം നടന്നിട്ടുണ്ട്.  അതുകൊണ്ടുകൂടിയാകണം രണ്ടാംഘട്ടംവരെ കീഴാറ്റൂരിലെ സമരം തുടർന്നുപോയത്. പിന്നീടാണ് മുഖ്യമന്ത്രിയുടെയും ജില്ലനേതൃത്വത്തി​​​െൻറയും വികസനനയത്തിന് എതിരാണ് സമരമെന്നു വന്നത്. മുകളിൽനിന്ന് കർശനനിർദേശമുണ്ടായപ്പോൾ സ്വാഭാവികമായും പാർട്ടി ഏരിയ നേതൃത്വം സമരത്തിൽനിന്നു പിന്മാറി. സി.പി.എമ്മി​​​െൻറ കൃഷിഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പാർട്ടി നയത്തിലും കൃഷിക്കാരുടെ വർഗനയത്തിലും വിശ്വാസമുണ്ടായിരുന്ന കർഷകർ വയൽക്കിളികളെന്ന നിലയിൽ സമരരംഗത്ത് പിന്നെയും ഉറച്ചുനിന്നു;  വർഗ–ബഹുജന സംഘടനയുടെ സ്വതന്ത്രമായ നിലപാടുകൾ സംബന്ധിച്ചുകൂടി  ബോധ്യമുള്ളവരായതുകൊണ്ട്.  കൃഷിഭൂമി നഷ്​ടപ്പെടുത്താതെ മൂന്നാമതൊരു ദിശയിലൂടെ ദേശീയപാത കീഴാറ്റൂരിൽ കൊണ്ടുപോകാൻ സാധിക്കുമെന്ന് അവർക്കു ബോധ്യമുണ്ടായിരുന്നു. 

സുരേഷ് കീഴാറ്റൂരടക്കം 10 സി.പി.എം പ്രവർത്തകരെ പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടും അവർ സമരം തുടർന്നു.  പൊലീസിനെ ഇറക്കി ബലംപ്രയോഗിച്ചിട്ടും പാടത്ത് പണിയെടുത്തും ചെങ്കൊടി പിടിച്ചും കൈകളിൽ തഴമ്പുള്ള 60ഉം 70ഉം വയസ്സുകടന്ന കർഷക സ്​ത്രീകളടക്കം സമരരംഗത്ത് ഉറച്ചുനിന്ന് ആത്​മാഹുതി ചെയ്യാൻപോലും തയാറായി. അവരെ അറസ്​റ്റു ചെയ്​തു പൊലീസ്​ വാഹനങ്ങളിൽ നീക്കം ചെയ്തതിനു പിറകെ സി.പി.എം പാർട്ടി പ്രവർത്തകർ സമരപ്പന്തൽ തകർത്തു തീവെച്ചു. 

ദേശീയപ്രസ്​ഥാനവും കമ്യൂണിസ്​റ്റു പാർട്ടിയും സംഘടിക്കാനും സമരംചെയ്യാനും നീണ്ടകാലം പൊരുതിനേടിയ അവകാശങ്ങളാണ് വികസനത്തി​​​െൻറ പേരിൽ മുഖ്യമന്ത്രിയുടെ പൊലീസും അതി​​​െൻറ പിൻബലത്തിൽ പാർട്ടി പ്രവർത്തകരും കീഴാറ്റൂരിൽ ചുട്ടെരിച്ചത്. സമാധാനപരമായി സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം കീഴാറ്റൂരിൽ പുനഃസ്​ഥാപിച്ചെടുക്കാനും നിയമവിരുദ്ധമായ കൃഷിഭൂമി ഏറ്റെടുക്കൽ നടപടി തടയാനുമാണ് ഞായറാഴ്ച വയൽക്കിളികൾ സമരത്തി​​​െൻറ മൂന്നാംഘട്ടം തുടങ്ങുന്നത്.  

സമരരംഗത്തുള്ളവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും ഭൂമി വിട്ടുകൊടുക്കുന്ന സമ്മതപത്രത്തിൽ ഒപ്പുവെപ്പിക്കാനും പൊലീസും ഭരണവും നിയന്ത്രിക്കുന്ന കണ്ണൂരിലെ സി.പി.എം നേതൃത്വത്തിന് എളുപ്പം കഴിയും. കീഴാറ്റൂരിലെ സമരം പരാജയപ്പെട്ടാൽ, വയലുകളും തണ്ണീർത്തടങ്ങളും കുന്നുകൾ ഇടിച്ചുനിരത്തി മണ്ണിട്ടുമൂടിയാൽ അത് കേരളത്തി​​​െൻറ നാശമായിരിക്കും എന്നാണ് വയൽക്കിളികൾ നൽകുന്ന മുന്നറിയിപ്പ്.  പരിസ്​ഥിതി തകർക്കുന്ന സർക്കാറി​​​െൻറ റിയൽ എസ്​റ്റേറ്റ്​ വൻകിടക്കാരുടെ താൽപര്യങ്ങൾക്കുവേണ്ടിയുള്ള വികസന നയത്തിനെതിരെ കേരളത്തിൽ മറ്റൊരു സമരം പിന്നീട് തലപൊക്കില്ല.

അധികാര പിൻബലംകൊണ്ടും സംഘടിതശക്​തി കൊണ്ടും വയൽക്കിളികളുടെ സമരം പരാജയപ്പെടുത്താൻ സാധിച്ചേക്കാം. പക്ഷേ, ആ വിജയത്തി​​​െൻറ  രാഷ്​ട്രീയപ്രത്യാഘാതം എന്താകുമെന്ന് എൽ.ഡി.എഫ് ഗവ​ൺമ​​െൻറിനെ നയിക്കുന്നവർ ബംഗാളിലേക്കുനോക്കി ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. ജനങ്ങളുടെ വീക്ഷണങ്ങൾ കേൾക്കാനും കണക്കിലെടുക്കാനും തയാറാകാതിരുന്നതും ഭരണകക്ഷിയാണെന്ന ഭാവവും റിയൽ എസ്​റ്റേറ്റ്​ നിർമാതാക്കളടക്കമുള്ളവരുമായുള്ള ബന്ധങ്ങളുമാണ് ബംഗാളിൽ ഇടതു ഗവൺമ​​െൻറിനെ ജനങ്ങൾ തോൽപിച്ചതി​​​െൻറ കാരണം – പിന്നീട് സി.പി.എം  ഖേദിച്ചത് അങ്ങനെയാണ്; ഭരണപരവും രാഷ്​ട്രീയവുമായ തെറ്റുകൾ വമ്പിച്ച നഷ്​ടംവരുത്തിയെന്ന് ആവർത്തിച്ചതും. നന്ദിഗ്രാമിലെ സംഭവങ്ങളും പൊലീസ്​ വെടിവെപ്പും ബുദ്ധിജീവിക​െളയും ഇടത്തരക്കാരെയും ഇടതുപക്ഷത്തുനിന്ന്​ ഇപ്പോഴും അകറ്റി നിർത്തിയിരിക്കയാണെന്നും അവർ വിലപിക്കുന്നു. അത്തരമൊരു അവസ്​ഥയിലേക്ക് കേരളത്തെയും നയിക്കാനാണോ കീഴാറ്റൂരിൽ മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്?  ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സി.പി.എമ്മി​​​െൻറയോ ഇടതുപക്ഷത്തി​​​െൻറയോ ഭാഗത്തുനിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത രാഷ്​ട്രീയ വിഡ്ഢിത്തമാണ് കീഴാറ്റൂരിലെ കർഷകപ്രശ്നം സങ്കീർണമാക്കി അവർ ചെയ്യുന്നത്.
 

Tags:    
News Summary - Keezhattoor Strike - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.