റായ്പുരിൽ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനെത്തിയ ​രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവർ

ഉദയ്പുരിൽനിന്ന് റായ്പുരിലേക്ക് പരിവർത്തനത്തിലേക്കുള്ള യാത്ര

ഉ​ദ​യ്പു​ർ ചി​ന്ത​ൻ ശി​ബി​റി​ലെ തീ​രു​മാ​ന​ങ്ങ​ൾ ഭാ​ര​ത് ജോ​ഡോ യാ​ത്രാ​ന​ന്ത​രം എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ അ​ത് കോ​ൺ​ഗ്ര​സി​ന്റെ സം​ഘ​ട​നാ​ശ്രേ​ണി​യെ​ത​ന്നെ​യാ​ണ് പു​ന​ർ​നി​ർ​മി​ച്ച​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി രാ​ഹു​ലി​ന് കൈ​വ​ന്ന പു​തി​യ പ്ര​തി​ച്ഛാ​യ​ത​ന്നെ​യാ​ണ് അ​തി​ൽ പ്ര​ധാ​നം. കോ​ൺ​ഗ്ര​സി​നെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന​വ​രു​ടെ​യും രാ​ഷ്ട്രീ​യ​മാ​യി കോ​ൺ​ഗ്ര​സി​നോ​ട് എ​തി​ർ​പ്പ് സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കു​പോ​ലും പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കാ​വു​ന്ന നേ​തൃ​ബിം​ബ​മാ​യി രാ​ഹു​ൽ മാ​റി. യാ​ത്ര​ക്കു​ശേ​ഷ​വും രാ​ഹു​ലി​ന്റെ അ​ത്ത​ര​ത്തി​ലു​ള്ള നേ​തൃ​മി​ക​വ് തു​ട​ർ​ന്ന​തി​ന്റെ ഒ​രു ഉ​ദാ​ഹ​ര​ണം മാ​ത്ര​മാ​ണ് അ​ദാ​നി​ക്കെ​തി​രാ​യി പാ​ർ​ല​മെ​ന്റി​ൽ ന​ട​ത്തി​യ പ്ര​സം​ഗം

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ അതിനു മുമ്പും ശേഷവും (Before and after) എന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു. യാത്രക്കു തൊട്ടു മുമ്പുവരെ രാഹുൽ ഗാന്ധിയുടെ നേതൃത്വശേഷിയെക്കുറിച്ച് നിഷേധാത്മകമായ നരേറ്റിവുകൾക്കായിരുന്നു മുൻതൂക്കം. ശിശുപ്രകൃതിയുള്ള രാഷ്ട്രീയക്കാരനായി ചിത്രീകരിക്കപ്പെട്ട രാഹുൽ നടത്തിയ ഇടപെടലുകളെ എപ്പോഴും കുട്ടികളുടേതുപോലുള്ള എടുത്തുചാട്ടമായാണ് വിലയിരുത്തപ്പെട്ടത്. ഏറ്റെടുത്ത കാര്യങ്ങളിൽനിന്ന് ഒളിച്ചോടുന്നവനായും രാഹുൽ പലവട്ടം ചിത്രീകരിക്കപ്പെട്ടു.

ഇതിന്റെയെല്ലാം ഫലമായി പാർട്ടി ദുർബലപ്പെടുന്നുവെന്നും മുതിർന്ന നേതാക്കന്മാർ ‘മുങ്ങാൻ പോകുന്ന കപ്പലിൽ’നിന്ന് രക്ഷപ്പെടാൻ നോക്കുന്നു എന്നുമുള്ള പ്രതീതിയാഖ്യാനങ്ങളും പ്രചരിപ്പിക്കപ്പെട്ടു. പലപ്പോഴും സംഘടനയെ രക്ഷിക്കാൻ എന്ന മട്ടിൽ പല മുതിർന്ന നേതാക്കളും നടത്തിയ പരസ്യ നീക്കങ്ങൾ, ഇത്തരം പ്രചാരണങ്ങൾക്ക് സംഘടനക്കുള്ളിൽ മാത്രമല്ല, പുറത്തും കരുത്തുപകർന്നു. അക്കാലയളവിൽ സംഘടനാപരമായി സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് കോൺഗ്രസ് അഭിമുഖീകരിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാണ് ഉദയ്പുർ ചിന്തൻ ശിബിർ പോലൊരു അടിയന്തര ശസ്ത്രക്രിയ സംഘടനക്കകത്ത് അനിവാര്യമായത്. ഉദയ്പുർ ചിന്തൻ ശിബിറിന്റെ ഊന്നൽ രണ്ടു കാര്യങ്ങളായിരുന്നു. ഒന്ന്, സംഘടന തെരഞ്ഞെടുപ്പ്. രണ്ട്, രാജ്യവ്യാപകമായി രാഹുലിന്റെ യാത്ര.

ഇവ രണ്ടും അപ്രായോഗികമാണെന്ന് വിശ്വസിച്ചവരായിരുന്നു അധികവും. കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരത്തിലില്ലാത്ത ഒരു സംഘടന സംവിധാനത്തിന് ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാരം താങ്ങാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവർക്ക് അവരുടെ ന്യായീകരണങ്ങൾ ഉണ്ടായിരുന്നു. സ്വതവേ ദുർബലമായ സംഘടനാശരീരം അന്തശ്ഛിദ്രങ്ങൾകൊണ്ട് ശിഥിലമാവും എന്ന് അവർ ന്യായമായും വിശ്വസിച്ചു. പക്ഷേ, തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിന്നു. അങ്ങനെയെങ്കിൽ അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ രാഹുൽ ഗാന്ധിതന്നെ മത്സരിക്കണം എന്നതായിരുന്നു അടുത്ത ആവശ്യം. അതിനെ നിരാകരിക്കുന്നതിലൂടെ രാഹുൽ പ്രയോഗവത്കരിച്ചത്, കോൺഗ്രസിനെതിരെ രാഷ്ട്രീയ എതിരാളികൾ എപ്പോഴും ഉന്നയിക്കുന്ന വംശാധിപത്യ രാഷ്ട്രീയത്തിന്റെ അപനിർമാണമാണ്. അങ്ങനെയാണ് ഗാന്ധികുടുംബത്തിൽനിന്ന് ഒരാൾ മത്സരരംഗത്തില്ലാത്ത ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകുന്നതിലേക്കുള്ള സാഹചര്യം ഉണ്ടായതും.

രാജ്യവ്യാപകമായി രാഹുൽ യാത്ര നടത്തുന്നതിനെക്കുറിച്ച് പുറത്തറിഞ്ഞ നിമിഷം മുതൽ തടസ്സവാദങ്ങളും സജീവമായിരുന്നു. യാത്രയുടെ മുഖ്യസംഘാടകനായിരുന്ന സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വാക്കുകൾ കടമെടുത്താൽ ‘യാത്ര തുടങ്ങുന്നതിന്റെ തൊട്ട് തലേ ദിവസം വരെ അതേക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. രാഹുൽ ഗാന്ധിയെപ്പോലെ ഒരാളുടെ സുരക്ഷ ഏറ്റവും പ്രധാനമായിരുന്നു. യാത്ര വാഹനത്തിലാക്കണം എന്ന് പറഞ്ഞവരുണ്ട്. പക്ഷേ, രാഹുൽ അതിനെ എതിർത്തു. അതിലേറെ പ്രധാനമായിരുന്നു യാത്ര ആളുകളിലേക്ക് എത്തുമോ എന്ന ആശങ്ക.’ കേരളം കഴിഞ്ഞാൽ യാത്രയിൽ ആളുണ്ടാവില്ല എന്ന് പ്രവചിച്ചവരുണ്ട്.

അത്തരം പ്രവചനങ്ങളെ അസ്ഥാനത്താക്കിക്കൊണ്ട് ഓരോ ദിവസം കഴിയുംതോറും യാത്രയിലെ പങ്കാളിത്തം കൂടിവന്നു. അധികാരം ഇല്ലാത്തിടത്തും ആൾക്കൂട്ടം രൂപപ്പെടും എന്നതിന്റെ നിദർശനമായി യാത്ര മാറി. പാർലമെന്ററി രാഷ്ട്രീയത്തിലെ ഉയർച്ചതാഴ്ചകൾക്ക് അപ്പുറത്ത് കോൺഗ്രസിനും ദേശീയ പ്രസ്ഥാനം മുതലുള്ള അതിന്റെ മൂല്യമണ്ഡലത്തിനും ജനഹൃദയങ്ങളിൽ ഇപ്പോഴും സ്വാധീനമുണ്ടെന്നും യാത്ര തെളിയിച്ചു. അതാണ് യാത്രയിലുടനീളം രാഹുലിനോടുള്ള സ്നേഹമായി മാറിയത്. രാഹുൽ അതിനെ അതുവരെ പരമ്പരാഗത രാഷ്ട്രീയത്തിന് അപരിചിതമായ ആത്മീയമായ ധാരയിലേക്ക് വികസിപ്പിച്ചു. സംഘടനാശ്രേണികൾക്ക് അപ്പുറത്ത്, സംഘ്പരിവാർ ഫാഷിസത്തിന്റെ ഇരകളായ സമൂഹങ്ങളെയും വ്യക്തികളെയും അവരായിത്തന്നെ ആലിംഗനംചെയ്തു. നവസാമൂഹിക പ്രസ്ഥാനങ്ങളോട് സംവദിച്ചു. എല്ലായിടത്തും സ്നേഹത്തെക്കുറിച്ച് സംസാരിച്ചു.

യാത്ര അതിന്റെ ട്രാക്കിൽ എത്തിച്ചേർന്ന സന്ദർഭത്തിലാണ് അടുത്ത വൈതരണി സംഘടന തെരഞ്ഞെടുപ്പിന്റെ രൂപത്തിൽ വരുന്നത്. തെരഞ്ഞെടുപ്പ് യാത്രയുടെ സുഗമമായ മുന്നോട്ടുപോക്കിനെ ബാധിക്കും എന്നു കരുതിയവർ നിരവധി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതൽ, അതുവരെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിലും അനുവർത്തിച്ചിട്ടില്ലാത്ത തരത്തിൽ മാധ്യമങ്ങൾ ഇടപെട്ടുകൊണ്ട് അജണ്ട തീരുമാനിക്കാൻ തുടങ്ങി. മല്ലികാർജുൻ ഖാർഗെയെപ്പോലെ സമ്പൂർണ കോൺഗ്രസുകാരനായ ഒരാൾ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ, അദ്ദേഹം ഗാന്ധികുടുംബത്തിന്റെ കളിപ്പാവയാണെന്ന അത്യന്തം തരംതാണ പ്രചാരണമുയർന്നു.

ഖാർഗെയെപ്പോലെ ഒരാളുടെ പതിറ്റാണ്ടുകൾ നീണ്ട പൊതുജീവിതവും രാഷ്ട്രീയ കർത്തൃത്വംതന്നെയുമാണ് അതിലൂടെ അപമാനിക്കപ്പെട്ടത്. ശശി തരൂരിനെപ്പോലെ ഒരാൾ മത്സരിക്കാൻ സ്വയം മുന്നോട്ടുവന്നത് സ്വാഗതാർഹമായിരുന്നെങ്കിലും, തരൂർ തോറ്റാൽ കോൺഗ്രസ് തീർന്നുപോവുമെന്ന മാധ്യമ മുൻവിധികൾ കാര്യങ്ങളെ ഒരു സാധാരണ മത്സരത്തിന് അപ്പുറത്തേക്ക് സങ്കീർണമാക്കി. മത്സരത്തിന് മുന്നോട്ടുവന്ന തരൂരിനെതിരെ സംഘടനക്കകത്ത് പ്രതികാരനടപടികൾ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ സൃഷ്ടിക്കപ്പെട്ടു. മത്സരം നടക്കുമ്പോൾതന്നെ കോൺഗ്രസിന് ലഭിച്ച ഒരേ ഒരു പാർലമെന്ററി പാർട്ടി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം അദ്ദേഹത്തിന് നൽകിക്കൊണ്ടാണ് പാർട്ടി അതിന് മറുപടി പറഞ്ഞത്.

ഭാരത് ജോഡോ യാത്രക്കിടയിലെ ഏറ്റവും മനോഹര ദൃശ്യങ്ങളിൽ ഒന്ന് സംഘടന തെരഞ്ഞെടുപ്പിൽ വരിയിൽ നിന്ന് വോട്ട് ചെയ്യുന്ന രാഹുൽ ഗാന്ധിയുടേതുകൂടിയാണ്. മാധ്യമ അജണ്ടകൾ പരാജയപ്പെടുകയും ജനാധിപത്യം വിജയിക്കുകയും ചെയ്തു. കന്യാകുമാരിയിൽനിന്ന് യാത്ര കശ്മീരിലെത്തുന്നത്, അതുവരെ മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ സാക്ഷാത്കരിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് ആദ്യമൊക്കെ യാത്രയെ അവഗണിച്ചവർ അവസാനമായപ്പോഴേക്കും അപകടഭീതിയുള്ള സ്ഥലങ്ങളിൽ സുരക്ഷപോലും പിൻവലിച്ച് യാത്രയെ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. പക്ഷേ, അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് യാത്ര അതിന്റെ ലക്ഷ്യസ്ഥാനത്തുതന്നെ എത്തിച്ചേർന്നു. ഉദയ്പുർ ചിന്തൻ ശിബിറിലെ തീരുമാനങ്ങൾ ഭാരത് ജോഡോ യാത്രാനന്തരം എത്തിനിൽക്കുമ്പോൾ അത് കോൺഗ്രസിന്റെ സംഘടനാശ്രേണിയെതന്നെയാണ് പുനർനിർമിച്ചത്. രാജ്യവ്യാപകമായി രാഹുലിന് കൈവന്ന പുതിയ പ്രതിച്ഛായതന്നെയാണ് അതിൽ പ്രധാനം.

കോൺഗ്രസിനെ പ്രതീക്ഷയോടെ കാണുന്നവരുടെയും രാഷ്ട്രീയമായി കോൺഗ്രസിനോട് എതിർപ്പ് സൂക്ഷിക്കുന്നവർക്കുപോലും പ്രതീക്ഷയർപ്പിക്കാവുന്ന നേതൃബിംബമായി രാഹുൽ മാറി. യാത്രക്കുശേഷവും രാഹുലിന്റെ അത്തരത്തിലുള്ള നേതൃമികവ് തുടർന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് അദാനിക്കെതിരായി പാർലമെന്റിൽ നടത്തിയ പ്രസംഗം. അതുപോലെതന്നെ പ്രധാനമാണ് തെരഞ്ഞെടുപ്പിലൂടെ കൈവന്ന കോൺഗ്രസിന്റെ പുതിയ സംഘടനാനേതൃത്വം. സംഘ്പരിവാറിനെ പേരെടുത്തുപറഞ്ഞ് പാർലമെന്റിൽ നടത്തിയ ശക്തമായ പ്രസംഗത്തിലൂടെ വൃദ്ധനേതൃത്വം എന്ന് പരിഹസിച്ചിരുന്നവരെക്കൊണ്ട് മല്ലികാർജുൻ ഖാർഗെ മറുത്ത് പറയിച്ചു.

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രചാരണ നേതൃത്വം അതിനെ സാധ്യമാക്കുന്ന മല്ലികാർജുൻ ഖാർഗെ നയിക്കുന്ന, കെ.സി. വേണുഗോപാൽ കാര്യനിർവഹണം നടത്തുന്ന സംഘടനാനേതൃത്വം പ്രതിസന്ധിയുടെ കാലത്ത് കോൺഗ്രസിനും കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കുന്നവർക്കും പ്രത്യാശ നൽകുന്ന നേതൃത്വസമവാക്യമായി മാറിക്കഴിഞ്ഞു. ആ നേതൃത്വത്തെ മുന്നിൽനിർത്തിതന്നെയാണ്, കോൺഗ്രസിന്റെ ചരിത്രത്തിൽ നിർണായക ചർച്ചകൾക്ക് റായ്പുരിൽ തുടക്കമായിരിക്കുന്നത്.

ഇപ്പോഴും കോൺഗ്രസിനെയും രാജ്യത്തെ ജനങ്ങളെയും സംബന്ധിച്ച് പരിപൂർണ ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലല്ല കാര്യങ്ങൾ. ആർ.എസ്.എസിന്റെ ഹിന്ദുത്വ ഫാഷിസവും അദാനിമാരുടെ കോർപറേറ്റ് ഫാഷിസവും ഒരുപോലെ ജനങ്ങളുടെമേൽ ഇരട്ടഭാരം ഏൽപിക്കാൻ മത്സരിക്കുകയാണ്. അതിനെ എങ്ങനെ നേരിടണം എന്ന കാര്യത്തിലും ആരുടെ കൈയിലും എളുപ്പവഴികളില്ല. നെഹ്റുവിന്റെ പ്രസ്ഥാനം ഇപ്പോൾ നേരിടുന്ന സാഹചര്യത്തെ സമർഥമായി പ്രതിനിധാനംചെയ്യാൻ അനുയോജ്യമായത് നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട, അവസാന നിമിഷത്തിലും നെഹ്റു കൂടെ കൂട്ടിയ റോബർട്ട് ഫ്രോസ്റ്റിന്റെ പ്രശസ്തമായ ആ കവിതാശകലം തന്നെയായിരിക്കും.

The Woods are Lovely dark and deep,

But i have promises to Keep,

And miles to go before i sleep,

And miles to go before i sleep.

അതെ, രാഹുലിനും സംഘത്തിനും ഇനിയും ഒരുപാട് ദൂരം നടന്നുതീർക്കാനുണ്ട്. പക്ഷേ, അവസാനം അതിജീവിക്കുകതന്നെ ചെയ്യും.

(രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഇൻചാർജും കേരള ഹൈകോടതി അഭിഭാഷകനുമാണ് ലേഖകൻ)

Tags:    
News Summary - Journey to transition from Udaipur to Raipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.