ജീവിതവും മരണവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലാത്ത ഗസ്സയിലെ മനുഷ്യരുടെ അവസ്ഥയെ കുറിച്ച് എഴുതുന്നത് ഈ കാലത്തെ ഏറ്റവും ശ്രദ്ധേയനായ ഫലസ്തീൻ കവി മുസ്അബ് അബൂത്വാഹയാണ്. കുറേ കാലം കഴിഞ്ഞാൽ ഇങ്ങനെയൊക്കെ നടന്നിരുന്നോ എന്നുപോലും സംശയം തോന്നുംവിധം അവിശ്വസനീയമായ തരത്തിലാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുന്നത്. മരണത്തിനും നാശനഷ്ടത്തിനുമൊന്നും മുൻകാല യുദ്ധങ്ങളുമായി ഒരു താരതമ്യവുമില്ല.
കുറഞ്ഞത് 66,200 ലേറെ പേർ മരിച്ചിരിക്കുന്നു. 1,70,000ലേറെ പേർക്ക് പലതരത്തിൽ പരിക്കേറ്റു. 22 ലക്ഷത്തോളം ഗസ്സക്കാരിൽ യുദ്ധം ബാധിക്കാത്തവർ ആരുമില്ല. മൊത്തം ജനസംഖ്യയുടെ പത്തു ശതമാനത്തിലേറെ പേർ മരിക്കുകയോ മാരകമായി പരിക്കേൽക്കുകയോ ചെയ്തുവെന്നത് തന്നെയാണ് മറ്റേതു ആക്രമണത്തിൽ നിന്നും ഗസ്സയെ വേർതിരിച്ചുനിർത്തുന്നത്.
‘‘എന്‍റെ കരിയറിൽ ഇന്നേവരെ കണ്ടതിനൊക്കെ അപ്പുറമാണ് ഇവിടത്തെ സ്ഥിതി’’ എന്ന് പറഞ്ഞത് പെന്‍റഗൺ മുൻ സീനിയർ ഇൻറലിജൻസ് അനലിസ്റ്റ് മാർക് ഗാർലാസ്കോ ആണ്. യു.എസിന്‍റെ ഇറാഖ് അധിനിവേശത്തിലും ഈ കാലത്തെ യു.എസിന്‍റെ വിവിധയിടങ്ങളിലെ ബോംബിങ് കാമ്പയിനുകളിലും പങ്കാളിയായ, ലോകത്തിന്‍റെ പലഭാഗങ്ങളിലുണ്ടായ സായുധ സംഘർഷങ്ങളുടെ നിരീക്ഷകനായ ഗാർലാസ്കോ ഇപ്പോൾ മനുഷ്യാവകാശ പ്രവർത്തകനാണ്.
രണ്ടാം ലോകയുദ്ധത്തിലോ വിയറ്റ്നാമിലോ ഇറാഖിലോ പോലും ഗസ്സക്ക് വിദൂര താരതമ്യം ഇല്ലെന്ന് ഗാർലാസ്കോ പറയുന്നു. കണക്കിൽ ഭിന്നതയുണ്ടെങ്കിലും യു.എസിന്‍റെ ഇറാഖ് അധിനിവേശത്തിന്‍റെ ആദ്യഘട്ടത്തിലെ ഏരിയൽ ബോംബിങ്ങിലും മറ്റുമായി 7,700 സിവിലിയന്മാരാണ് മരിച്ചത്. (തുടർ വർഷങ്ങളിൽ അധിനിവേശ വിരുദ്ധ പ്രക്ഷോഭങ്ങളെ നിർദയം അടിച്ചമർത്താനുള്ള നീക്കത്തിന്‍റെ ഭാഗമായി മരണസംഖ്യ വർധിച്ചുവെന്നത് വേറെ കാര്യം.)
ഗസ്സയിലാകട്ടെ ഒന്നോ രണ്ടോ മാസം കൊണ്ടുതന്നെ സ്ത്രീകളുടെയും കുട്ടികളുടെയും മാത്രം മരണം 10,000 കടന്നു. യു.എസിന്‍റെ അഫ്ഗാനിസ്താനിലെ 20 വർഷത്തോളം നീണ്ട അധിനിവേശത്തിൽ നേരിട്ടുള്ള ആക്രമണത്തിൽ ആകെ മരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ഏതാണ്ട് ഇതിന് തൊട്ടടുത്തേ വരൂ.
ഗസ്സയിലാകട്ടെ ആകെ മരിച്ചവരിൽ 70 ശതമാനത്തിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 15,000ലേറെ ഹമാസ് പോരാളികളെ കൊന്നുവെന്നാണ് ഇസ്രായേൽ വാദം. മരിച്ച പുരുഷന്മാരെ മുഴുവൻ ഹമാസിന്‍റെ കള്ളിയിലിടുകയാണ് ഇസ്രായേൽ.
കൊടിയ ക്രൂരതക്ക് പേരുകേട്ട യു.എസ് സൈന്യം പോലും പരമാവധി 500 പൗണ്ടിന്‍റെ ബോംബുകളാണ് അഫ്ഗാനിൽ പലയിടത്തും പ്രയോഗിച്ചത്. ഇസ്രായേൽ ആകട്ടെ, ജനസാന്ദ്രതയേറിയ ഗസ്സക്കുമേൽ പലതവണ 2,000 പൗണ്ടിന്‍റെ ബോംബുകളിട്ടു. യുദ്ധത്തിന്‍റെ ആദ്യ രണ്ടാഴ്ച പ്രയോഗിച്ചവയിൽ 90 ശതമാനവും 1,000-2,000 പൗണ്ട് ഭാരമുള്ള സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളായിരുന്നു.
സിവിലിയൻ സംവിധാനങ്ങൾ പൂർണമായും തകർക്കുകയെന്നതും അതിനൊപ്പം പരമാവധി മനുഷ്യരെ കൊല്ലുകയെന്നതുമായിരുന്നു ലക്ഷ്യം. തലയിലും നെഞ്ചിലും വെടിയേറ്റ നൂറുകണക്കിന് കുട്ടികളുടെ മൃതദേഹങ്ങൾ തങ്ങൾ പരിശോധിച്ചതായി യൂറോപ്യൻ ഡോക്ടർമാരുടെ കൂട്ടായ്മ വെളിപ്പെടുത്തിയതും ഇതിനൊപ്പം വായിക്കണം.
ഗസ്സയിൽ നല്ലവരെന്ന ഒരു വിഭാഗമില്ലെന്നും കുട്ടികളൊക്കെ വളർന്ന് ഭീകരന്മാരാകാനുള്ളവരാണെന്നും പറഞ്ഞ് ഈ നൃശംസതയെ ന്യായീകരിച്ച മന്ത്രിമാർ വരെ ഇസ്രായേലി കാബിനറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.