ആത്മഹത്യയല്ലാതെ എന്‍റെ മുന്നിൽ മറ്റ് വഴികളില്ലായിരുന്നു-ആർ.എൽ.വി രാമകൃഷ്ണൻ

സാംസ്ക്കാരിക കേരളത്തിന് തീരാകളങ്കം ചാർത്തിയ ദിവസങ്ങളാണ് കടന്നുപോകുന്നത്. കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ച കലാകാരന് ആത്മഹത്യ അഭയമായി കാണേണ്ടിവന്ന ഗതികേടുണ്ടായത് സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിലാണ്. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനാണ് സാംസ്ക്കാരികമായ ജാതിഭ്രഷ്ട് അനുഭവിക്കേണ്ടിവന്നത്. ഒരുപാട് പ്രയത്നിച്ച് കരസ്ഥമാക്കിയ ഡോക്ടറേറ്റ് അടക്കമുള്ള ബിരുദങ്ങൾക്ക് ഒരു വിലയുമില്ലെന്നും കുലവും ജാതിയും നോക്കിയാണ് സർക്കാർ സ്ഥാപനങ്ങളിൽ പോലും അംഗീകാരങ്ങളും പ്രവേശനം പോലും ലഭിക്കുന്നതെന്നും മനസ്സിലാക്കുകയായിരുന്നു ആർ.ആൽ.വി രാമകൃഷ്ണൻ. മണിക്കൂറുകളോളം കാത്തുനിന്നിട്ടും അക്കാദമിയുടെ സെക്രട്ടറി രാമകൃഷ്ണനെ ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല. താൻ അമ്മയെപോലെ കരുതിയിരുന്ന അക്കാദമി ചെയർപേഴ്സണായ കെ.പി.എസി ലളിത സെക്രട്ടറിയുടെ ആഗ്രഹപ്രകാരം തനിക്കെതിരെ സംസാരിച്ചതായിരുന്നു രാമകൃഷ്ണനെ യഥാർഥത്തിൽ വേദനിപ്പിച്ചത്. ആത്മഹത്യാശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ ആർ.എൽവി രാമകൃഷ്ണൻ 'മാധ്യമം ഓൺലൈനി'നോട് മനസ്സ് തുറക്കുന്നു.

സ്ത്രീകൾ മേധാവിത്തം പുലർത്തുന്ന മോഹിനിമാരുടെ ആട്ടത്തിലേക്ക് രാമകൃഷ്ണൻ ആകൃഷ്ടനാകുന്നത് എങ്ങനെയാണ്?

ചെറുപ്പം മുതൽ തന്നെ നൃത്തം വളരെയധികം ഇഷ്ടമായിരുന്നു. അതെന്‍റെ ഉള്ളിൽ എങ്ങനെ കയറിക്കൂടി എന്ന് എനിക്ക് തന്നെ നല്ല നിശ്ചയമില്ല. അതെന്നോടൊപ്പം എല്ലായ്പോഴും ഉണ്ടായിരുന്നു എന്നുതോന്നുന്നു. തേക്കിന്‍റെ കൂമ്പും പത്തുമണിപ്പൂവും ചാലിച്ച് മേക്കപ്പിട്ട് കുട്ടിക്കാലത്ത് നൃത്തത്തെ അനുകരിച്ചിട്ടുണ്ട്. ആരുടെയോ കാലിൽ നിന്നും വീണ ഒരു ചിലങ്കമുത്ത് വള്ളിയിൽ കോർത്തുകെട്ടി അന്ന് നൃത്തം ചെയ്തിട്ടുണ്ട്. നിങ്ങൾക്കെല്ലാം അറിയാമല്ലോ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായാണ് ജനിച്ചത്. അങ്ങനെയൊരാൾ കലാമണ്ഡലത്തിൽ നിന്നാണ് ഞാൻ ഡോക്ടറേറ്റ് എടുത്ത് ഇവിടെ എത്തിപ്പെടണമെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് സങ്കൽപ്പിക്കാമല്ലോ. സവർണമേധാവിത്തം വളരെയധികം പുലരുന്ന ക്ലാസിക്കൽകല കൂടിയാണ് മോഹിനിയാട്ടം. സത്രീകളുടെ സൗന്ദര്യത്തിന്‍റെ പ്രദർശനമാണ് മോഹിനിയാട്ടം എന്ന കാഴ്ചപ്പെടുള്ളവരുടെ ഇടയിലേക്കാണ് ഡോക്ടറേറ്റ് നേടി ഞാനെത്തിയത്.

തൃപ്പൂണിത്തുറ ആർ.എൽ.വിയിൽ തന്നെയായിരുന്നോ പഠനം പൂർത്തിയാക്കിയത്?

എല്ലാ സ്ഥാപനങ്ങളും പൊതുവെ പഠിപ്പിക്കുന്നത് ഭരതനാട്യം ആയിരിക്കും. അഞ്ചാംക്ലാസ് മുതൽ ചാലക്കുടിയിലുള്ള ആനന്ദൻ മാഷിന്‍റെ അടുത്തുനിന്നാണ് ഭരതനാട്യം പഠിച്ചത്. പഠിക്കാൻ മിടുക്കനായിരുനനതിനാൽ ഡോക്ടർ ആകണമെന്നായിരുന്നു അന്നത്തെ ആഗ്രഹം. സെക്കന്‍റ് ഗ്രൂപ്പെടുത്ത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളജിൽ പഠിക്കുമ്പോഴാണ് തിരിച്ചറിയുന്നത് എന്‍റെ മേഖല ഇതല്ലെന്ന്. അങ്ങനെയാണ് ആർ.എൽ.വിയിൽ ചേർന്നത്. ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമക്കും ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് മോഹിനിയാട്ടം എം.എ ഒന്നാംറാങ്കോടെ പാസായി. ആർ.എൽ.വി കോളജിലെ ചരിത്രത്തിൽ ആദ്യമായി പുരുഷ അധ്യാപകനായി അവിടുത്തെ കളരിയിൽ മൂന്നുവർഷം പഠിപ്പിച്ചു. പിന്നീട് കാലടി സംസ്കൃത സർവകലാശാലയിൽ പഠിപ്പിച്ചു. കേരള കലാമണ്ഡലത്തിൽ എം.ഫിൽ പിഎച്ച്ഡി അനുവദിച്ചപ്പോൾ എം.ഫിൽ ടോപ്സ്കോറർ ആയിരുന്നു. 'ആട്ടത്തിലെ ആൺവഴികൾ' എന്ന വിഷയത്തിൽ മോഹിനിയാട്ടവുമായി ബന്ധപ്പെട്ട പഠനം ഡോ. എൻ.കെ ഗീത എന്ന ഗൈഡിന്‍റെ കീഴിലാണ് പൂർത്തിയാക്കിയത്. ഇപ്പോൾ കാലടി സർകലാശാലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാക്കൽറ്റി ആയിട്ട് ജോലി ചെയ്യുന്നു.

വിവാദങ്ങളിൽ താങ്കൾ അകപ്പെട്ടത് എങ്ങനെയാണ്?

അക്കാദമിയുടെ പരിപാടികൾ കാണാറുണ്ട് എന്നല്ലാതെ അവിടെ എങ്ങനെയാണ് പ്രവേശനം കിട്ടുക എന്നത് ചോദ്യചിഹ്നമായിരുന്നു. സാധാരണമായ സുതാര്യമായ ഇടപാടല്ല അക്കാദമി അതിന് കൈക്കൊണ്ടിട്ടുള്ളത് എന്നെനിക്ക് പിന്നീട് മനസ്സിലായി. ഏതെങ്കിലും കലാകാരനെ തെരഞ്ഞെടുക്കുന്നതിനുള്ള അംഗീകൃത മാനദണ്ഡങ്ങൾ ഒന്നുമില്ല. അവിടത്തെ ഭരണസമിതിയിലുള്ള അംഗങ്ങളുടെ ശിഷ്യഗണങ്ങളോ അവരുടെ പരിചയക്കാരോ നേരിട്ട് വിളിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ഞാൻ ബയോഡാറ്റ സമർപ്പിക്കാറുണ്ട്. പക്ഷെ വിളിക്കാറില്ല. കോവിഡ് കാലത്ത് സർഗഭൂമി എന്നു പറയുന്ന പരിപാടിയുണ്ടെന്നും ഷൂട്ടിങ് തുടങ്ങിയെന്നും പത്രത്തിൽ കണ്ടപ്പോൾ അതിൽ എങ്ങനെ പങ്കെടുക്കണം എന്നറിയാനായി ലളിതചേച്ചിയെ വിളിച്ചു. ശിപാർശക്ക് വേണ്ടിയായിരുന്നില്ല, എങ്ങനെയാണ് പങ്കെടുക്കുക എന്നറിയാനായാണ് ചേച്ചിയെ വിളിച്ചത്. ലളിതചേച്ചി അപേക്ഷ കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ നേരിട്ട് അപേക്ഷ കൊണ്ടുപോയി കൊടുക്കാൻ വേണ്ടി സംഗീത നാടക അക്കാദമിയിലെത്തി. വളരെ മോശം അനുഭവമായിരുന്നു അത്. 

ഓഫിസിലെ മനോജ്കുമാർ എന്ന ഒരു വ്യക്തി ഭയങ്കമായ ഇന്‍റർവ്യൂ ചെയ്തു. ഭരതമുനിയാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭാവം. മോഹിനിയാട്ടം ആണുങ്ങൾ ചെയ്താൽ ശരിയാവില്ല എന്നൊക്കെ പറഞ്ഞ് ഭയങ്കര അധിക്ഷേപമായിരുന്നു. സംസാരിച്ചിട്ട കാര്യമില്ല എന്ന് മനസ്സിലായി ഞാൻ അവിടെ നിന്ന് ഇറങ്ങി. എന്നിട്ട് ലളിതചേച്ചിയെ വിളിച്ചുപറഞ്ഞു. തരാൻ സാധ്യതയില്ല എന്നാണ് അയാളുടെ സംസാരത്തിൽ നിന്ന് മനസ്സിലായത് എന്നു പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് വരാമെന്ന് ലളിതചേച്ചി പറഞ്ഞു. ഞാൻ ചേച്ചിയെ അവിടെ കാത്തിരുന്നു. ഒന്നര, രണ്ടുമണിക്കാണ് ചേച്ചി വന്നത്. ഏകദേശം പത്തരമണിക്ക് ഓഫിസിലെത്തിയതായിരുന്നു ഞാൻ. ചേച്ചി സെക്രട്ടറിയെ കാണാൻ പോയി. ഏകദേശം ഒന്നര രണ്ടുമണിക്കൂറോളം അവർ സംസാരിച്ചിട്ടുണ്ടാകും. ശരിക്കും ബ്രെയിൻ വാഷ് നടന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. കാരണം അതുവരെ എനിക്ക് അനുകൂലമായി സംസാരിച്ചിരുന്ന ചേച്ചി മറ്റൊരു തരത്തിലാണ് പിന്നീട് സംസാരിച്ചത്. സാധാരണ നൃത്തം ചെയ്യാനായിട്ട് പെൺകുട്ടികളെ മാത്രമേ സമ്മതിക്കൂ എന്ന് സെക്രട്ടറി പറഞ്ഞതായി ചേച്ചി പറഞ്ഞു. ആൺകുട്ടികളെ അനുവദിക്കില്ല. പിന്നെയും കുറേകാര്യങ്ങൾ പറഞ്ഞു. രാമകൃഷ്ണനെ നൃത്തം ചെയ്യാൻ അനുവദിക്കില്ല. പ്രഭാഷണം തരാമെന്ന് പറഞ്ഞു.

അക്കാദമിയുടെ പരിപാടിയിൽ എന്നെ ഉൾപ്പെടുത്തുകയാണെങ്കിൽ അക്കാദമിക്ക് വിമർശനങ്ങൾ നേരിടേണ്ടിവരും. രാമകൃഷ്ണന് അവസരം തന്നാലുണ്ടാകുന്ന വിമർശനങ്ങൾ നേരിടാൻ അക്കാദമി അധ്യക്ഷ തയാറാണെങ്കിൽ അവസരം തരാമെന്ന് സെക്രട്ടറി പറഞ്ഞതായും ചേച്ചി പറഞ്ഞു. 'അത് ചെയ്യണോ രാമകൃഷ്ണാ' എന്നും ചേച്ചി ചോദിച്ചു. 'അതുവേണ്ടാ' എന്ന് അപ്പോൾ തന്നെ ഞാൻ മറുപടി നൽകി. ചേച്ചിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പരിപാടി എനിക്ക് വേണ്ട എന്ന് പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും പോന്നു. വീട്ടിലെത്തി ഞാൻ വിളിക്കുകയും ചെയ്തു. 'എനിക്ക് വേണ്ടി സംസാരിച്ചതിന് നന്ദിയുണ്ട്. പ്രഭാഷണത്തിന് ഞാൻ വരില്ല. പക്ഷെ ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്' എന്ന് ചേച്ചിയോട് പറഞ്ഞിട്ടാണ് ഫോൺ കട്ട് ചെയതത്.

പിന്നീട് ഫേസ്ബക്കിൽ ഇക്കാര്യം രേഖപ്പെടുത്തിയപ്പോൾ ഒട്ടേറ പേർ ഐക്യദാർഢ്യവുമായി വന്നു. അതിനൊക്കെ ശേഷം കെ.പി.എ.സി ലളിതയുടേതായി പറയുന്ന ഒരു പ്രസ്താവന പുറത്തിറങ്ങി. എന്നെക്കണ്ടിട്ടില്ല, അപേക്ഷ സമർപ്പിക്കാൻ പറഞ്ഞിട്ടില്ല, ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല, ഞാൻ പറയുന്നത് സത്യവിരുദ്ധമായ കാര്യങ്ങളാണ് എന്നൊക്കെയായിരുന്നു അതിന്‍റെ ഉള്ളടക്കം. എല്ലാ പത്ര മാധ്യമങ്ങളിലേക്കും മെയിലയച്ചിരുന്നു. എന്നെ നുണയനായി ചിത്രീകരിച്ചത് എനിക്ക് ഭയങ്കര വിഷമുണ്ടാക്കി. എനിക്ക് അവസരം തന്നില്ലെന്നതോ പോകട്ടെ വീണ്ടും വീണ്ടും എന്നെ മോശക്കാരനാക്കുന്ന രീതിയിൽ ഉണ്ടായ പ്രസ്താവനയിൽ എനിക്ക് വലിയ ിഷമമുണ്ടായി. മണിച്ചേട്ടന്‍റെ പ്രോത്സാഹനം കൊണ്ടാണ് ഇതുവരെ ഞാനെത്തിയത്. അത് കേട്ടതിനപ്പുറം എനിക്ക് ഒന്ന് ചിന്തിക്കാൻ കഴിഞ്ഞില്ല. അപ്പോഴുണ്ടായ ഡിപ്രഷനിലാണ് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചത്.

അന്ന് അക്കാദമിയിൽ പോയപ്പോൾ സെക്രട്ടറിയെ കാണാൻ ശ്രമിച്ചില്ലേ?

അന്ന് സെക്രട്ടറിയെ കാണാൻ ശ്രമിച്ചിരുന്നു. പക്ഷെ കാണാൻ പോലും സമ്മതിച്ചില്ല. സെക്രട്ടറി മുറിയിലേക്ക് കയറ്റാൻ സമ്മതിച്ചില്ല. പിന്നെ സെക്രട്ടറി ഊണുകഴിക്കാൻ പുറത്തിറങ്ങിയ സമയത്ത് മുമ്പിലേക്ക് എഴുന്നേറ്റുനിന്ന് തൊഴുതപ്പോൾ അദ്ദേഹം കാണാത്ത മട്ടിൽ പോയി. കോവിഡ് കാരണം എന്നെ കാണാൻ കൂട്ടാക്കിയില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇങ്ങനെ ഒരു അയിത്തജാതിക്കാരൻ വന്നതിനാലാകാണം കാണാതെ പോയത്.

ലിംഗവിവേചനത്തേക്കാൾ ജാതിവിവേചനമാണ് ഇത് എന്നല്ലേ മനസ്സിലാക്കേണ്ടത്?

എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ ജാതി എന്താണെന്ന് പറയാൻ എനിക്കൊരു മടിയുമില്ല. രാമൻ നായർ, രാധാകൃഷ്ണൻ നായർ എന്നൊക്കെ പറയുന്ന പോലെ എന്‍റെ അച്ഛന്‍റെ പേര് രാമൻ പറയൻ എന്നായിരുന്നു. അതിൽ എനിക്കൊരു നാണക്കേടുമില്ല. പട്ടിക ജാതിക്കാരനായ ഒരാളുടെ അവസരം ഇ്ലലാതാക്കൻ ശ്രമിക്കുക, പൊതുജനമധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ സംസാരിക്കുക ഇതെല്ലാം അത് ജാതിപീഡനം തന്നെയാണ്. അക്കാദമിക്ക് വിമർശനം ഉണ്ടാകും എന്ന് പറഞ്ഞാൽ, അക്കാദമിയുടെ വേദിയിൽ ഞാൻ നൃത്തം ചെയ്താൽ അവിടെ ചാണകവെള്ളം തളിക്കണമെന്നല്ലേ അതിനർഥം? എനിക്ക് അങ്ങനെയാണ് മനസ്സിലാകുന്നത്.


ആർ.എൽ.വി, കലാമണ്ഡലം എന്നീ സ്ഥാപനങ്ങളിലെല്ലാം സ്ത്രീകളും പുരുഷന്മാരും മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ടോ?

ആർ.എൽ.വിയിൽ പഠിപ്പിക്കുന്നുണ്ട്. കലാമണ്ഡലത്തിന്‍റെ പ്രത്യേകത എന്താണെന്നുവെച്ചാൽ കേരളീയരായ പുരുഷന്മാരെ അവിടെ നൃത്തം അഭ്യസിപ്പിക്കില്ല. വിദേശീയരായ പുരുഷന്മാരെ പഠിപ്പിക്കും. കലാമണ്ഡലത്തിൽ കേരളത്തിലെ സ്ത്രീകളെ കഥകളിയും പഠിപ്പിക്കില്ല. പക്ഷെ വിദേശീയായ സ്ത്രീകളെ കഥകളിയും പഠിപ്പിക്കും. ലിംഗവിവേചനം നിലനിൽക്കുന്നുണ്ട് അവിടെ. പക്ഷെ കലാമണ്ഡലമല്ലാത്ത ഇതര സ്ഥാപനങ്ങളിൽ ഈ കലകളെല്ലാം സ്ത്രീപുരുഷ ഭേദമെന്യേ പഠിപ്പിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയുന്നില്ല. കാലടി സർവകലാശാലയിലും ആർ.എൽ.വിയിലും സ്ത്രീപുരുഷ സമത്വം ഉണ്ട് എന്ന് വസ്തുത ഇദ്ദേഹം മനസ്സിലാക്കിയിട്ടില്ല. ഇദ്ദേഹത്തിന് കലാമണ്ഡലത്തെക്കുറിച്ച് മാത്രമേ അറിയൂ.

കെ.പി.എ.സി ലളിത എന്തുകൊണ്ടാണ് താങ്കളുടെ പക്ഷത്ത് നിൽക്കാതിരുന്നത്?

സംഗീത നാടക അക്കാദമി ചെയർപേഴ്സൺ സ്ഥാനം നൽകിയിട്ടുണ്ട് എങ്കിലും കെ.പി.എ.സി ലളിത എന്ന സ്ത്രീക്ക് അധികാരം നൽകാൻ ഇവർ തയാറല്ല. സെക്രട്ടറി തന്നെയാണ് അധികാരം കയ്യാളുന്നത്. വിവേചനം അവിടെയുമുണ്ട്. ആ സ്ത്രീക്ക് സ്വതന്ത്രമായി തീരുമാനം എടുണ്ടാക്കാൻ സെക്രട്ടറി അവസരം നൽകുന്നില്ല എന്നതാണ് വാസ്തവം. സെക്രട്ടറിയുടെ ഏകാധിപത്യഭരണമാണ് സംഗീത നാടക അക്കാദമിയിൽ നടക്കുന്നതെന്ന് നേരത്തേയും വിമർശനങ്ങളുണ്ടല്ലോ. ഭരണസമിതിയെയോ പ്രസിഡന്‍റിനെയോ ഇദ്ദേഹം തീരുമാനങ്ങളെടുക്കാൻ അനുവദിക്കുന്നുണ്ടാവില്ല.

തീറ്റ റപ്പായി എന്ന ചിത്രത്തിൽ ആർ.എൽ.വി രാമകൃഷ്ണൻ

ആത്മഹത്യാ ശ്രമത്തിന് ശേഷം കെ.പി.എ.സി ലളിത വിളിച്ചിരുന്നോ?

ഇല്ല വിളിച്ചിട്ടില്ല. ലളിത ചേച്ചിയുടേതാണ് ആ പ്രസ്താവനയെന്ന് ഞാൻ ഇപ്പോഴും വിചാരിക്കുന്നില്ല. അതും സെക്രട്ടറിയുടെ പണിയായിരിക്കും എന്ന് ഞാൻ കരുതുന്നു. ഇ മെയിൽ അയക്കുകയാണ് ചെയ്തത്. ചേച്ചി അങ്ങനെ പറയുമെന്ന് ഞാൻ വിചാരിക്കുന്നില്ല. വളരെ ആത്മാർഥമായി എനിക്ക് അവസരം ലഭിക്കണമെന്ന് ആഗ്രഹിച്ച ആളാണ് ചേച്ചി.

പക്ഷെ ആത്മഹത്യ എന്നത് വളരെ കടുത്ത ഒരു തീരുമാനമായി പോയില്ലേ?

ഞാൻ വിചാരിച്ചത് ഡോക്ടറേറ്റ് കിട്ടിക്കഴിഞ്ഞാൽ പിന്നെ എനിക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്നാണ്. ഒരു അസിസ്റ്റന്‍റ് പ്രഫസറായി ജോലി ലഭിക്കാൻ വേണ്ട എല്ലാ യോഗ്യതയും എനിക്കുണ്ട്. യു.ജി.സി നെറ്റ് പരീക്ഷകൾ പാസായിട്ടുണ്ട്. ഇപ്പോഴും സ്ഥിരം ജോലിയില്ല, നൃത്തം അവതരിപ്പിക്കുന്നതിനുള്ള വേദി നിഷേധിക്കുന്നു. ഇങ്ങനെ പോയാൽ നാളെ നിഷേധങ്ങളുടെ ബാക്കിപത്രമായിരിക്കും എന്‍റെ ജീവിതം. എന്‍റെ അവസരങ്ങൾ ഇവിടത്തെ സാംസ്ക്കാരിക നായകർ എന്ന് വിളിക്കുന്നവർ തട്ടിതെറിപ്പിക്കുമ്പോൾ മറ്റെന്ത് വഴിയാണ് എന്‍റെ മുന്നിലുള്ളത്? ഞാൻ തളർന്നുപോയി എന്നതാണ് സത്യം.

അടുത്ത പ്ലാൻ എന്താണ്?

ഒരുപാട് കലാകാരന്മാർക്ക് വേദനയുണ്ടാക്കിയിട്ടുള്ള വ്യക്തിയാണ് സെക്രട്ടറി. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇനി എനിക്ക് അവസരം ലഭിക്കുക എന്നതല്ല ആവശ്യം. ഇദ്ദേഹത്തെ പുറത്താക്കണം എന്നതാണ് ആവശ്യം. അന്വേഷണത്തിന് തീർച്ചയായും സമയം വേണം. അതിനുശേഷം പുറത്താക്കിയില്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.