സവർക്കറും കേരളവും തമ്മിലെന്ത്?

ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്ന് ഏറ്റവും വലിയ ശിക്ഷ കിട്ടിയ സ്വാതന്ത്ര്യസമരഭടനാണ് സവർക്കറെന്ന് സ്ഥാപിക്കുന്ന ഒരു ക്വിസ് കേരളത്തിൽ ഈയിടെ വിവാദമായിരുന്നു. പി.എം. ശ്രീ സ്കൂളുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണിത്. ആദ്യമേ ഒരു തെറ്റിദ്ധാരണ നീക്കട്ടെ-ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ചത് സവർക്കറല്ല. സവർക്കറും കേരളവും തമ്മിലുള്ള ചരിത്രപരമായ ഇടപാടുകൾ എന്താണെന്ന് ഇത്തരുണത്തിൽ ആലോചിക്കുന്നത് നന്നായിരിക്കും.

1940 മേയ് നാലിനാണ് വി.ഡി. സവർക്കറുടെ ആദ്യ കേരള സന്ദർശനം. ചങ്ങനാശ്ശേരിയിൽ നടന്ന നായർ സർവീസ് സൊസൈറ്റി രജതജൂബിലി ആഘോഷത്തിൽ വിശിഷ്ടാതിഥിയായാണ് സവർക്കറെ മന്നത്തു പത്മനാഭൻ കേരളത്തിലേക്ക് കൊണ്ടുവന്നത്. കൊളോണിയൽ ബ്രിട്ടീഷ് ഭരണകൂടത്തിന് രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികസേവനം ചെയ്യാൻ ഹിന്ദുമഹാസഭ നടത്തിയ ‘മിലിട്ടറൈസേഷൻ കാംപെയ്ൻ’ (സൈനികവേലാ പ്രചാരണം) ഭാഗമായി തമിഴ്നാട്ടിലെ മധുരയിലെത്തിയ സവർക്കറെ അവിടെനിന്ന് സ്വീകരിച്ചാനയിച്ച് ചെങ്കോട്ട വഴി കൊല്ലത്തു കൊണ്ടുവരികയും, തുടർന്ന് ചങ്ങനാശ്ശേരി സമ്മേളനത്തിലേക്ക് എത്തിക്കുകയുമാണുണ്ടായത്.

1925-ൽ ഔപചാരികമായി തുടങ്ങിയ ആർ.എസ്.എസിന്റെ താത്വികാധാരങ്ങളിലൊന്നായ ‘എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന ലഘുപുസ്തകം 1923-ലാണ് സവർക്കർ പ്രസിദ്ധീകരിച്ചത്. ‘‘രാഷ്ട്രീയത്തെ ഹിന്ദുവൽക്കരിക്കുക, ഹിന്ദുസമൂഹത്തെ സൈനികവൽക്കരിക്കുക’’ എന്ന സവർക്കറുടെ ആശയം ഹിന്ദുമഹാസഭ തങ്ങളുടെ പ്രധാന അടിത്തറയാക്കി.

ഇംഗ്ലണ്ടിൽ പഠനത്തിനു പോയി ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട സവർക്കർ, നാസിക് കളക്ടർ വധക്കേസിൽ ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവിലാവുകയും നിരവധി മാപ്പപേക്ഷകൾ കൊളോണിയൽ ഭരണകൂടത്തിന് എഴുതി നൽകി മോചനം നേടി 1924-ൽ മഹാരാഷ്ട്രയിലേക്ക് തിരികെ വരികയുമാണുണ്ടായത്. അതിനുശേഷം ഹിന്ദുത്വത്തിന്റെയും കൊളോണിയൽ ഭരണകൂടത്തിന്റെയും പ്രചാരകനായാണ് അദ്ദേഹം വർത്തിച്ചത്. കൊളോണിയൽ ഭരണകൂടത്തിൽ നിന്ന് ഭീമമായ പെൻഷനും വലിയൊരു ബംഗ്ലാവും അദ്ദേഹം കൈപ്പറ്റി. തെന്നിന്ത്യയിലേക്കു വന്നതും യുദ്ധത്തിലേക്ക് ഹിന്ദു യുവാക്കളെ ആകർഷിക്കാനുള്ള കൊളോണിയൽ ഭരണകൂട സൈനിക പ്രചാരണത്തിനായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഭരണാധികാരങ്ങൾ രാജിവെച്ചപ്പോൾ സവർക്കറും ഹിന്ദുമഹാസഭയും ബ്രിട്ടീഷുകാരുമായി ചേർന്ന് മുന്നോട്ടുപോയി. ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയപ്പോൾ സവർക്കർ അതിനെയും ബഹിഷ്കരിച്ചു. ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സെ കൊലപാതകത്തിന് തൊട്ടുമുമ്പ് നടത്തിയ സന്ദർശനവും സവർക്കറുടെ ജീവിതത്തിലെ നിർണായക മുഹൂർത്തമാണ്. ഗോഡ്സെയുടെ പ്രധാന ആദർശ മാതൃക സവർക്കറായിരുന്നു. 1948-ൽ ഗാന്ധിവധ ഗൂഢാലോചനക്കേസിൽ സവർക്കറെ പ്രതിചേർത്തെങ്കിലും നേരിട്ടുള്ള വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. തുടർന്നും സ്വതന്ത്ര ഇന്ത്യയിൽ ഹിന്ദുത്വ പ്രചാരണവുമായി ബന്ധപ്പെട്ട് അദ്ദേഹം തടവിലായിട്ടുണ്ട്. 1956-ൽ ലക്ഷക്കണക്കിന് ദലിത് ജനവിഭാഗങ്ങളുമായി ചേർന്ന് ഡോ. ബി.ആർ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ചപ്പോൾ സവർക്കർ അതിനെ രൂക്ഷമായി എതിർത്തു.

ആൻഡമാൻ സെല്ലുലാർ ജയിലിലെ സവർക്കറുടെ ജീവിതം ചിത്രീകരിക്കുന്ന ‘കാലാപാനി’ എന്ന സിനിമ 1996-ൽ കേരളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്തു പുറത്തിറക്കി. സവർക്കറെ മലയാളികളുടെ ഭൂതകാല വീരസ്മൃതികളിലേക്കും അധിനിവേശ വിരുദ്ധ ധാരയിലേക്കും ചേർത്തുവെക്കാനും ഹിന്ദുത്വ വ്യവഹാരങ്ങളെ ചർച്ചയാക്കാനും ഈ ജനപ്രിയ സിനിമ സഹായകമായി. മൂന്ന് ദേശീയ പുരസ്കാരങ്ങളും ആറ് സംസ്ഥാന അവാർഡുകളും നൽകിയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ഈ ചിത്രത്തെ ആദരിച്ചത്. ബ്രിട്ടീഷ് ഭരണകൂട സേവകനായി വർത്തിച്ച സവർക്കറുടെ ചിത്രം പാർലമെന്റ് സെൻട്രൽ ഹാളിൽ ഇടംപിടിച്ചതുപോലും അതിനു പിന്നാലെയാണ്.

തുടർന്ന് കേരളത്തിലെ ഹിന്ദുത്വ കൂട്ടായ്മകളിലെ പോസ്റ്റർ മുഖമായി സവർക്കർ മാറി. ഏതാനും വർഷം മുൻപ് തൃശൂർ പൂരത്തിലെ കുടമാറ്റത്തിന് ഒരുക്കിയ കുടകളിലൂടെ സവർക്കറെ ഒളിച്ചുകടത്താൻ ശ്രമമുണ്ടായി. ഇന്ത്യൻ യുവതയെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും ഹിന്ദുത്വ വംശീയതയുടെയും കൂലിപ്പടയാളികളാക്കാൻ ജീവിതത്തിന്റെ വലിയൊരു പങ്കും ചെലവിട്ട ഒരാളെ വീരദേശാഭിമാനിയാക്കി കെട്ടിയെഴുന്നള്ളിക്കാനുള്ള ഏതൊരു നീക്കവും ചെറുക്കപ്പെടേണ്ടതുണ്ട്.

Tags:    
News Summary - I'm having a hard time fulfilling your request

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.