ഗാന്ധി ഇന്നും ഒപ്പമുണ്ടായിരുന്നെങ്കിൽ...

പരമ്പരാഗത വസ്ത്രമായ ധോത്തിയും മുഖത്തൊരു വട്ടക്കണ്ണടയും ധരിച്ച ദുർബല ശരീരനായ മനുഷ്യൻ. മുളവടി കുത്തിപ്പിടിച്ച്, പല്ലുകളില്ലാതെ പുഞ്ചിരിതൂകിനിൽക്കുന്ന അദ്ദേഹം ഒരു ഹിന്ദു സന്യാസിയെപ്പോലെ തോന്നിച്ചു. അസാമാന്യമായ ധൈര്യവും അഹിംസയിലുറച്ചുള്ള നിശ്ചയദാർഢ്യവും കൊണ്ട് മോഹൻദാസ് കരംചന്ദ് ഗാന്ധി ലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യത്തിനെതിരെ പൊരുതുകയും ചെയ്തു.

തങ്ങളുടെ ഏറ്റവും വിലപ്പെട്ട കോളനിയായ ഇന്ത്യക്ക് 1947ൽ സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടനെ നിർബന്ധിതമാക്കിയ മുന്നേറ്റത്തിന് ഏകദേശം 30 വർഷമാണ് ഗാന്ധി നേതൃത്വം നൽകിയത്. സ്വാതന്ത്ര്യത്തിനൊപ്പം ഈ ഉപഭൂഖണ്ഡം ഇന്ത്യയും പാകിസ്താനുമായി വിഭജിക്കപ്പെട്ടു.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്നു, ഒപ്പം ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നുമാണ്. പക്ഷേ, ഭൂരിപക്ഷ-ന്യൂനപക്ഷ മതവിഭാഗങ്ങൾക്കിടയിൽ അസ്വാസ്ഥ്യങ്ങൾ ധാരാളമുണ്ട്, അതേ പോലെ ഇന്ത്യയും പാകിസ്താനും തമ്മിലും. ഗാന്ധി നിലകൊള്ളുകയും പൊരുതുകയും ചെയ്ത ആദർശങ്ങളിൽനിന്ന് അകന്നുപോകുന്നു ഇവിടമെന്ന് വിശ്വസിക്കുന്നു പലരും.

ലോകമൊട്ടുക്കും ഗാന്ധി ആദരിക്കപ്പെടുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ചെടുക്കാൻ സഹായിച്ചതിന്റെ പേരിൽ മാത്രമല്ല, മറിച്ച് അദ്ദേഹം മുന്നോട്ടുവെച്ച അഹിംസാത്മക പ്രതിരോധത്തിന്റെ പേരിലാണ്. ഒട്ടനവധി പൗരാവകാശ മുന്നേറ്റങ്ങൾക്ക് പ്രചോദനമായിട്ടുണ്ട് ഗാന്ധിയുടെ പാഠങ്ങൾ. അപരരോടും മൈത്രിയും തുറന്ന സമീപനവും സ്വീകരിക്കുന്ന ഒരു ലോകമാണ് ഗാന്ധി വിഭാവനം ചെയ്തിരുന്നതെന്ന് പ്രിൻസ്റ്റൺ സർവകലാശാല ചരിത്രവിഭാഗം പ്രഫസറും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഗ്യാൻ പ്രകാശ് നിരീക്ഷിക്കുന്നു. പൊതുസേവനവും രാഷ്ട്രീയ പ്രവർത്തനവും അധികാരത്തിനുവേണ്ടി മാത്രമല്ല, മറിച്ച് വിശാലതലത്തിൽ വേണ്ടതാണ് എന്ന സന്ദേശമാണ് ഗാന്ധിജി നൽകിയത്.

ഒരു മുന്നേറ്റത്തിന്റെ മുഖമായി മാറണമെന്ന് ഗാന്ധിജി ഒരിക്കലും നിനച്ചിട്ടുണ്ടാവില്ല. എന്നാൽ, നിയമബിരുദമെടുക്കുകയും ഇന്ത്യൻ വ്യവസായിയുടെ അഭിഭാഷകനാവാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയും ചെയ്ത ശേഷം അദ്ദേഹം തന്റെ ദൗത്യം തിരിച്ചറിഞ്ഞു. ഫസ്റ്റ് ക്ലാസ് ട്രെയിനിൽ യാത്രചെയ്യവെ വെള്ളക്കാരനായ യാത്രികന് സീറ്റ് നൽകാൻവേണ്ടി മൂന്നാം ക്ലാസിലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ പുറത്തേക്ക് തള്ളിയിടുകയും ചെയ്ത സംഭവത്തെ തുടർന്നാണ് വർണ വിവേചനത്തിന്റെ ഭീകരത അദ്ദേഹം സ്വയം അനുഭവിച്ചത്. ബ്രിട്ടീഷ്-ഡച്ച് ഭരണം നടമാടിയിരുന്ന ദക്ഷിണാഫ്രിക്കയിൽ ഒന്നര ലക്ഷം ഇന്ത്യക്കാരെയാണ് അക്കാലത്ത് ഭൃത്യവേലകൾക്കായി കൊണ്ടുപോയിരുന്നത്. പല പ്രവിശ്യകളിലും അവർക്ക് സ്വത്തവകാശമോ വോട്ടവകാശമോ ഇല്ലായിരുന്നു.

21 വർഷം ഈ അനീതിക്കെതിരെ ഗാന്ധി പൊരുതി. മാറ്റങ്ങളുണ്ടാക്കാനുള്ള ഏക വഴി ബഹിഷ്കരണം, മാർച്ച്, ധർണ തുടങ്ങിയ സമാധാന മാർഗത്തിലുള്ള പ്രതിഷേധരീതികളാണെന്ന അഹിംസയുടെ തത്ത്വശാസ്ത്രം വികസിപ്പിച്ചെടുത്തതും അക്കാലത്താണ്. അപമാനിക്കുന്ന സർവ സംഗതികളോടുമുള്ള നിസ്സഹകരണമാണ് അഹിംസ പ്രവർത്തനങ്ങളുടെ ആദ്യ തത്ത്വമെന്ന് ഗാന്ധി എഴുതി. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരെ ഉന്നംവെച്ച് നിലനിന്നിരുന്ന കഠോര നിയമങ്ങൾക്കെതിരെ പ്രയോഗിച്ച അഹിംസയുടെ ആയുധങ്ങൾ പിന്നീട് അദ്ദേഹം ഇന്ത്യയിലും ആവിഷ്കരിക്കുകയായിരുന്നു. 1920ൽ ഉൽപന്നങ്ങൾ, കോടതികൾ, സ്കൂളുകൾ, നികുതികൾ തുടങ്ങി ബ്രിട്ടീഷുകാർ മുന്നോട്ടുവെക്കുന്ന സകലതിനോടും ഗാന്ധിജി നിസ്സഹകരണം പ്രഖ്യാപിച്ചു. രാജ്യത്തെ നിശ്ചലമാക്കാൻ ഈ പ്രഖ്യാപനത്തിന് സാധിച്ചു. മറ്റു പല നേതാക്കളിൽനിന്നും ഭിന്നമായി സമ്പന്ന-ദരിദ്രഭേദമില്ലാതെ, ഹിന്ദു-മുസ്ലിം വ്യത്യാസമില്ലാതെ രൂപംകൊള്ളുന്ന

ഒരു വലിയ ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ ഇന്ത്യക്ക് സ്വാതന്ത്ര്യം സാധ്യമാവൂ എന്ന് ഗാന്ധിജി വിശ്വസിച്ചു. ആധുനിക ജീവിതരീതികളെ തിരസ്കരിച്ച് പാവങ്ങളോട് താദാത്മ്യപ്പെടുന്നതിനായി ലളിത വസ്ത്രങ്ങൾ ധരിച്ചു, ദലിതർക്കുവേണ്ടി സംസാരിച്ചു. 61ാം വയസ്സിൽ 78 അനുയായികളോടൊപ്പം അഹ്മദാബാദിൽ നിന്ന് ദണ്ഡിയിലേക്ക് 240 മൈൽ കാൽനടയായി ദണ്ഡിയാത്ര നടത്തവെ ഒരുപിടി ഉപ്പ് കൈക്കുടന്നയിലെടുത്തുപിടിച്ച് അദ്ദേഹം പ്രഖ്യാപിച്ചു -ഇതുകൊണ്ട് ഞാൻ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്തിവാരമിളക്കും. ഗാന്ധി അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ, പതിനായിരക്കണക്കിന് ഇന്ത്യക്കാർ ബ്രിട്ടീഷ് മർദനങ്ങളിലും തടവറയിലും പതറാതെ അദ്ദേഹത്തിന്റെ മാതൃക പിൻപറ്റി, രണ്ടാം ലോകയുദ്ധം തുടങ്ങിയ ഘട്ടത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടാത്തിടത്തോളം അവരെ പിന്തുണക്കേണ്ടതില്ല എന്നായിരുന്നു ഗാന്ധിജിയുടെയും മറ്റു നേതാക്കളുടെയും നിലപാട്. ക്വിറ്റ് ഇന്ത്യ മുന്നേറ്റത്തിന്റെ പേരിൽ ഗാന്ധിജിയെയും ഒരുലക്ഷത്തിലധികം സമര സേനാനികളെയും ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു. ഈ മുന്നേറ്റം യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്ക് ബ്രിട്ടനുമേൽ സ്വാതന്ത്ര്യം തേടി സമ്മർദം ചെലുത്താൻ പ്രചോദിപ്പിച്ചു. യുദ്ധശേഷം സാമ്പത്തികമായി തകർന്ന ബ്രിട്ടന് അതു ചെയ്യേണ്ടിയും വന്നു. എന്നാൽ ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യമായി വിഭജിച്ചുകൊണ്ടുള്ള ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിനാണ് ബ്രിട്ടീഷ് പാർലമെൻറ് അംഗീകാരം നൽകിയത്. ദശലക്ഷക്കണക്കിന് മനുഷ്യർ മതത്തിന്റെ പേരിൽ അതിർത്തികൾ താണ്ടേണ്ടിവന്നു. എത്രയോ അധികം പേർ കൊല്ലപ്പെട്ടു. കോടിയിലേറെ ആളുകൾ അഭയാർഥികളായി.

വിഭജനത്തെ ഗാന്ധിജി എതിർത്തു. ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം സ്നേഹിക്കാനും സഹിഷ്ണുത പുലർത്താനും വിശ്വസിക്കാനും തക്ക രീതിയിൽ ധീരരായിത്തീരണമെന്ന് അദ്ദേഹം ഉണർത്തി. അതിക്രമങ്ങൾ തടയാൻ അദ്ദേഹം പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിച്ചു, നിരാഹാരമനുഷ്ഠിച്ചു. 1948ൽ ഗാന്ധി മുസ്ലിംകളോട് സഹിഷ്ണുത പുലർത്തുന്നതിൽ സഹിക്കവയ്യാതെ ഒരു ഹിന്ദു തീവ്രവാദി അദ്ദേഹത്തെ വെടിവെച്ചുകൊന്നു. അകലങ്ങളിലെ ഇന്ത്യയിലുള്ള ഒറ്റമുണ്ടുകാരനായ വയോധികൻ, അദ്ദേഹത്തിന്റെ മരണം ലോകത്തിന്റെ വിലാപമാവുന്നു- അമേരിക്കൻ മാധ്യമപ്രവർത്തകൻ ലൂയി ഫിഷർ കുറിച്ചിട്ടു. ഗാന്ധി സംബോധന ചെയ്യാൻ ശ്രമിച്ച പല വിഷയങ്ങളുമായും ഇന്ത്യ ഇന്നും മല്ലിടുന്നു. ഹിന്ദു-മുസ്ലിം ധ്രുവീകരണം നിലനിൽക്കുന്നു ഇപ്പോഴും. ഇന്ത്യയിലെ ഭരണമാറ്റത്തോടെ അത് വഷളാവുകയും ചെയ്തിരിക്കുന്നു.

ഗാന്ധി ഇപ്പോഴും ജീവിച്ചിരുന്നുവെങ്കിലോ? ഗ്യാൻ പ്രകാശ് പറയുന്നു: അദ്ദേഹം വിഭാഗീയതകൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങളുമായി സജീവമായിരുന്നേനെ. ഇന്ത്യയെ തകർത്തുകൊണ്ടിരിക്കുന്ന അസമത്വവും ജാതി സമ്പ്രദായവും ഇല്ലാതാക്കാൻ ശ്രമിച്ചേനെ. പരസ്പരം ഏറ്റുമുട്ടൽ വഴിയാവില്ല, അദ്ദേഹം അന്ന് നീതി തേടിയ സംവാദത്തിന്റെയും സ്നേഹത്തിന്റെയും മാർഗംതന്നെയാവും ഗാന്ധി ഇന്നും പ്രയോഗിക്കുന്നുണ്ടാവുക.

(മാധ്യമപ്രവർത്തകനും കൊളംബിയ സർവകലാശാല വിദ്യാർഥിയുമായ ലേഖകൻ ദ ന്യൂയോർക് ടൈംസിന്റെ അപ്ഫ്രണ്ട് മാഗസിൻ സീനിയർ എഡിറ്ററായിരുന്നു)
Tags:    
News Summary - If Gandhi was still with us today...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.