മേരിക്കൻ രാഷ്ട്രീയം തിരഞ്ഞെടുപ്പ് ചൂടിലാണ്. ട്രംപും ജോ ബൈഡനും തമ്മിലുള്ള വാദപ്രതിവാദങ്ങളും കോലാഹങ്ങളും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു . എന്നാൽ ഇത്തരം രാഷ്ട്രീയ നാടകങ്ങൾ ഒന്നും ഏശാതെ, ബ്ലാക്ക് ലൈവ്സ് മാറ്റർ (ബി.എല്‍.എം) എന്ന വിപ്ലവ സംഘടന അതിന്റെ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. സമകാലീന അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മൂല്യവത്തായ ഈ കൂട്ടായ്മ അതിന്റെ ചരിത്ര നിയോഗത്തിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നു.

കാതടപ്പിക്കുന്ന രാഷ്ട്രീയ കോലാഹലങ്ങളെയും , കോവിഡ് മഹാമാരിയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കിയ ട്രംപിന്റെ കുതന്ത്രങ്ങളെയും അവജ്ഞയോടെ അവഗണിക്കാം. എന്നിട്ടു ഏറെ ശ്രദ്ധ അർഹിക്കുന്ന ചില വിപ്ലവകരമായ മാറ്റങ്ങളെകുറിച്ച് ചർച്ച ചെയ്യാം.

സെപ്റ്റംബർ ഒന്നിന് ട്രംപ്, ബ്ലാക്ക് ലൈവ്സ് മാറ്റർ സംഘാടകരെ അപലപിച്ചുകൊണ്ടു വലിയൊരു പ്രസ്താവന നടത്തി. ഈ പ്രസ്തവനയ്ക്കു ഏതാനും ആഴ്ചകൾക്കു മുമ്പ് ട്രംപ്‌ ഒരു കൂട്ടം വംശവെറിയന്‍മാര്‍ക്ക്‌ അനുകൂലമായി സംസാരിക്കുകയുണ്ടായി. ഈ കൂട്ടം പരോക്ഷമായി അമേരിക്കയിലെ വിവിധ ഇടങ്ങളിൽ അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്ക്‌ പിന്തുണയും അറിയിച്ചു!

എന്നാൽ ബ്ലാക്ക് ലൈവ്സ് ആകട്ടെ, അങ്ങേയറ്റം വിവേചനം കൊണ്ടുനടക്കുന്നവരാണ് എന്നായിരുന്നു ട്രംപിന്റെ കണ്ടുപിടുത്തം. പോരാത്തതിന്, ഇവർ മാർക്സിസ്റ്റുകാരാണത്രെ. പല തരം വിവരണങ്ങളും ഇതിനു മുൻപ് കേട്ടിട്ടുണ്ടെങ്കിലും മാർക്സിസ്റ്റുകാർ എന്ന വിശേഷണം എവിടെ നിന്ന്‌ ലഭിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല . പക്ഷെ ട്രംപ് പറഞ്ഞ മറ്റൊരു കാര്യം ഉണ്ട്- "ബി.എല്‍.എം അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രസ്ഥാനം ആണ്". ഇത് ഒരു പക്ഷെ ശെരി ആയിരിക്കാം.


ചരിത്രത്തിന്‍റെ മുന്നേറ്റം

ചരിത്രം ഒരിക്കലും ഒരു നേർ രേഖയിലൂടെയല്ല സഞ്ചരിക്കുന്നത്. വൈജ്ഞാനികവും വിപ്ലവാത്മകവുമായ ഗതിമാറ്റം ഉണ്ടാകുന്നതു വരെ ചരിത്ര സഞ്ചാരം പലപ്പോഴും തട്ടിത്തടഞ്ഞും ക്രമരഹിതതമായും ആയിരിക്കും മുന്നേറുക.

ഈജിപ്തിൽ, ജമാൽ അബ്ദുൽ നാസർ എന്ന കരിസ്മാറ്റിക് നേതാവിൽ നിന്നും അബ്ദുൽ ഫത്താഹ് സീസീ എന്ന സ്വേച്ഛാധിപതിയിലാണ് എത്തിയത്. ഇന്ത്യയിൽ, കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകിയ മഹാത്മാ ഗാന്ധിയുടെ ഐതിഹാസിക മുന്നേറ്റങ്ങൾ ഒടുവിൽ, നരേന്ദ്ര മോദിയുടെ ഹിന്ദു മേധാവിത്വ ഫാസിസത്തിലാണ് എത്തിച്ചേർന്നത്. ഇറാനിൽ, മുഹമ്മദ് മൊസാദെഗിന്റെ നേതൃത്വത്തിലുള്ള കൊളോണിയൽ വിരുദ്ധ പോരാട്ടം ക്രമേണ തീവ്ര മുല്ലകൾ നയിക്കുന്ന പിന്തിരിപ്പൻ ഇസ്ലാമിക് റിപ്പബ്ലിക്കായി രൂപാന്തരം പ്രാപിച്ചു. സിറിയയിൽ, മൈക്കൽ അഫ്‌ലാക്കിന്റെ ദാർശനിക രാഷ്ട്രീയ ചിന്തകള്‍ പിനീട്  ബശ്ശാര്‍ അൽ അസദ് നയിക്കുന്ന അതിക്രൂര ഭരണത്തിലാണ് കലാശിച്ചത്. ഈ നിലയിൽ അമേരിക്കൻ സമകലീന ചരിത്രം പരിശോധിക്കുമ്പോള്‍, മാൽകം എക്‌സ് എന്ന വിപ്ലവക്കാരിയുടെ ക്രിയാത്മക രാഷ്ട്രീയം, ബറാക്‌ ഒബാമയുടെ പിന്തിരിപ്പൻ ലിബറലിസത്തിലാണ് ചെന്നെത്തിയത് എന്ന് വിലയിരുത്താം.

ട്രംപ് ഭരണത്തിൽ വന്നതിനു ശേഷം മഹാമാരിപോലെ വ്യാപിപ്പിച്ച അസഹിഷ്ണുതയിലും അരാജകത്വത്തിലും അമേരിക്കയിലെ ജനാധിപത്യ വിശ്വാസികളുടെ മനസ്സ് മടുത്തിരിക്കുകയാണ്. ഈ അവസരത്തിൽ ഡമോക്രറ്റിക് പാർട്ടിയുടെ ദേശിയ കോൺവെൻഷനിൽ ബാരാക് ഒബാമ, ജോ ബൈഡനു പിന്തുണ പ്രഖ്യാപിച്ചപ്പോൾ അതിനെ അനുകൂലിച്ചവർ ഏറെയുണ്ട്. ഒബാമയുടെ പ്രഖ്യാപനം, അമേരിക്കയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുവാനുള്ള പോംവഴി ആയിട്ടാണ് ആഘോഷിക്കപ്പെട്ടത്‌.

എന്നാൽ ബൈഡനെ പോലെ ഒരു പാർട്ടി ഭക്തനെ അധികാര കസേരയിൽ ഇരുത്തിയാൽ തിരികെ ലഭിക്കുന്ന ഒന്നല്ല അമേരിക്കയുടെ പ്രതാപവും അന്തസ്സും. ആ അന്തസ്സ് ഇപ്പോൾ കുടികൊള്ളുന്നത് ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന മഹത്തായ കൂട്ടായ്മയിലാണ്. ഒബാമയും ബൈഡനും അടങ്ങുന്ന നവലിബറൽ ഭക്തന്മാർ, ബ്ലാക്ക് ലൈവ്സ് മുന്നോട്ടു വെക്കുന്ന ചടുലമായ രാഷ്ട്രീയ സന്ദേശത്തിനും, തെരുവിൽ ഉയർത്തുന്ന വിമോചന ശബ്ദങ്ങൾക്കും തടസ്സം നിൽക്കുന്നവരാണ് എന്നതാണ് വസ്തുത. 


ഒബാമ ഒരു വിലങ്ങു തടിയാണ്

2016 ലെ തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ച അമേരിക്കകാരിയിൽ പകുതിയിൽ അധികംപേർ ട്രംപിന് അനുകൂലമായിരുന്നു . 2020 ലെ തിരഞ്ഞെടുപ്പു ഫലം പ്രവചിക്കുവാൻ ആവില്ലെങ്കിലും ഒരു കാര്യം ഉറപ്പിക്കാം. ട്രംപിന്റെ വംശീയതക്കും വർണ്ണവിവേചനത്തിനും പിന്തുണ നൽകുന്ന ദശലക്ഷക്കണക്കിന്‌അമേരിക്കകാരുണ്ട് . അതായതു അമേരിക്കയിൽ ആഴത്തിൽ വേരൂന്നിയ വംശീയ ഫാസിസത്തെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നുണ്ട് ഈ രാജ്യത്തിൻറെ ഭരണ തലവൻ.

വംശീയത ഇത്രകണ്ട് വേരൂന്നിയ ഒരു സാമൂഹിക പശ്ചാത്തലത്തിൽ നിന്നുമാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന സംഘടനയുടെ ഉയർത്തെഴുന്നേല്‍പ്‌. മൂല്യാധിഷ്ടിതവും, ശക്തമായ നൈതികത ബോധവും മുറുകെ പിടിച്ച ബി.എല്‍.എമ്മിന്റെ പോരാട്ടം ട്രംപിനെതിരെ മാത്രമല്ല, ബറാക്‌ ഒബാമ പ്രതിനിധീകരിക്കുന്ന കപട രാഷ്ട്രീയത്തെയും ശക്തമായി ബ്ലാക്ക് ലൈവ്സ് വെല്ലു വിളിക്കുകയാണ്.

ആക്ടിവിസ്റ്റും, പ്രിൻസ്റ്റൺ സർവകലാശാലയിൽ ആഫ്രിക്കൻ - അമേരിക്കൻ പഠനങ്ങളുടെ പ്രൊഫസറുമായ കിയാംഗ-യമഹാത്ത ടെയ്‌ലർ, ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്: "ജോർജ്ജ് ഫ്ലോയിഡിനെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ ചെറുപ്പക്കാരായ കറുത്തവർഗക്കാരുടെ രോഷം അണപൊട്ടി ഒഴുകുകയാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വിശാലമായ പ്രതിഷേധ പ്രസ്ഥാനത്തിന് ഈ രാജ്യം സാക്ഷ്യം വഹിച്ചിട്ടും കറുത്തവർഗക്കാരായ രാഷ്ട്രീയക്കാര്‍ ഇതിനോട് പുറം തിരിഞ്ഞു നിൽക്കുകയും അങ്ങേയറ്റം നിസ്സംഗതയുമാണ് പ്രകടിപ്പിച്ചത്".

ബി.എല്‍.എമ്മിന്റെ പ്രക്ഷോഭങ്ങളെ, നിരർത്ഥകവും അപ്രധാനവുമായി കാണുന്നു എന്ന് ടൈലർ കറുത്ത വർഗക്കാരായ ജനപ്രധിനിതികളെ കുറിച്ച് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ അല്ലാതെ സാമൂഹിക ഉന്നമനം സാദ്യമല്ല എന്ന് വിശ്വസിക്കുന്ന ഈ ഭരണ വരേണ്യവര്‍ഗം ഒരു വലിയ ചരിത്ര യാഥാർഥ്യം മറക്കുന്നുണ്ട്. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പ്രക്ഷോഭങ്ങളെയും നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളേയും വഴി തെറ്റിച്ചു വിടുവാനും, അതിനെ നിർവീര്യമാക്കി പാർശ്വങ്ങളിലേക്കു തള്ളിമാറ്റുവാനും ഇതേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കൾ ശ്രമിച്ചിട്ടുണ്ട് എന്ന യാഥാർഥ്യം.



തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നിരർത്ഥകത

ബ്ലാക് ലൈവ്സ് മാറ്റർ എന്ന പ്രസ്ഥാനത്തിന്റെ ആഗമനവും അതിനു വഴിവെച്ച സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍, ബറാക് ഒബാമ ഒരു വലിയ പ്രശ്നമാണ്. അത് എങ്ങനെ എന്ന് ചോദിച്ചാൽ, ബി.എല്‍.എമ്മിലൂടെ അമേരിക്കയിലെ കറുത്ത വര്‍ഗക്കാർ അവരുടെ കാഴ്ച്ചപ്പാടുകളിൽ ചരിത്രപരമായ ഒരു ഗതിമാറ്റത്തിന് വിധേയമായിരിക്കുകയാണ്. ആ ഗതിമാറ്റം, ഒബാമ പ്രതിനിധികരിക്കുന്ന ലിബറൽ സാമ്രാജ്യത്വ സമവാക്യങ്ങളെ വലിച്ചെറിഞ്ഞു കൊണ്ട്, രക്തസാക്ഷിയും വിപ്ലവ നായകനും ആയിരുന്ന മാൽകം എക്‌സിന്റെ ധിഷണകളെയാണ് ചേർത്തുപിടിച്ചിരിക്കുന്നത്‌.

സിവിൽ റൈറ്റ്സ് പ്രസ്ഥാനവും സങ്കുചിതത്വങ്ങളും

അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പൗരാവകാശനങ്ങൾക്കും വംശീയ അനീതിക്കുമെതിരെയും സമരം നടത്തിയ കൂട്ടായ്മ ആയിരുന്നു സിവിൽ റൈറ്റ് പ്രസ്ഥാനം. സിവിൽ റൈറ്റിന്റെ പ്രവർത്തന ചരിത്രം പരിശോധിക്കുമ്പോള്‍ വളരെ സങ്കുചിതമായ ചില നിലപാടുകൾ ഈ പ്രസ്ഥാനത്തില്‍ നിഴലിച്ചതായി കാണാം. വിറ്റ്‌നാം യുദ്ധത്തെ എതിർത്തത് ഒഴിച്ച് നിർത്തിയാൽ ആഗോള ശ്രദ്ധനേടിയ അനേകം വിഷയങ്ങളെ സംബന്ധിച്ചും സിവിൽ റൈറ്റ്‌സ്‌ പ്രസ്ഥാനം കുറ്റകരമായ മൗനം ദീക്ഷിച്ചിരുന്നു.

1967 ഏപ്രിൽ 4നു മാർട്ടിൻ ലൂതർ കിങ്‌ നടത്തിയ വിഖ്യാത പ്രസംഗത്തിൽ വംശീയത, ദാരിദ്ര്യം, സൈനിക ഇടപെടലുകൾ തുടങ്ങിയവയെ ശക്തമായി എതിർത്തു സംസാരിച്ചു. സിവിൽ റൈറ്റിസിനു ഒരു സാർവ്വലൗകികമായ മുഖം നൽകിയ അപൂർവ സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്. എന്നാൽ അതിക്രമങ്ങളുടെയും അനീതിയുടെയും പര്യയം ആയിരുന്ന ഇസ്രായേൽ എന്ന അപ്പാർത്തീഡ് രാജ്യത്തെ എതിർക്കുന്നതിൽ മാർട്ടിൻ ലൂതർ കിങ്‌, മിത സമീപനമാണ് സ്വീകരിച്ചത്. ഇസ്രായേലിനോട് അദ്ദേഹം കൈകൊണ്ട വക്രമായ നയം ധാർമിക നിലപാടുകളിൽ ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്നതിന്റെ സൂചനയാണ്. ഈ സന്ദർഭത്തിൽ മാൽകം എക്‌സ്‌ നടത്തിയ ശക്തവും സാർവ്വലൗകികവുമായ ഇടപെടലുകൾ സിവിൽ റൈറ്റിസിന്റെ സങ്കുചിതത്വക്കു വിരുദ്ധമായിരുന്നു.

മാൽകം എക്‌സ്‌ 


ഈ വസ്തുതകൾ സൂചിപ്പിക്കുന്നത്, ബി.എല്‍.എമ്മിന്റെ കർമ്മ മേഖലയെ നയിക്കുന്നത് മാൽകം എക്‌സ്‌ വരച്ചു കാണിച്ച വിമോചന സന്ദേശത്തിന്റെ ദിശയിലൂടെയാണ് എന്ന് വ്യക്തമാകുന്നു. മാത്രവുമല്ല, ഇതു യു.എസില്‍ മാത്രംപരിമിതമല്ല. മാൽകം എക്‌സ്‌ തന്റെ കർമ്മ മണ്ഡലം ആയി സ്വീകരിച്ച ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ തുടങ്ങിയിടങ്ങളിൽ ഈ വിമോചന സന്ദേശം അതിന്റെ സാനിധ്യം അറിയിച്ചു മുന്നേറുകയാണ്.

ബ്ലാക്ക് ലൈവസിന്റെ സമരങ്ങൾക്ക് മൂലശിലയായി വർത്തിക്കുന്നത് നീതിയെകുറിചുള്ള കൃത്യമായ കാഴ്ച്ചപ്പാടുകളാണ്. അതാകട്ടെ പ്രദേശിക വാദങ്ങൾക്കും, സങ്കുചിതമായ അജണ്ടകൾക്കും അപ്പുറം സർവ്വലൗകീക പരിപ്രേക്ഷ്യം കൈവരിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ, ബറാക് ഒബാമയും കൂട്ടരും പ്രതിനിധീകരിക്കുന്ന അരാഷ്ട്രീയ നവലിബറൽ നയങ്ങൾ, കാതലായ പല വിഷയങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചുവിടുന്ന അടവ് നയം ആയി മാറിയിരിക്കുന്നു.

കോർണൽ വെസ്റ്റിന്റെ വാക്കുകൾ ശ്രദ്ധിക്കുക: "പൊലീസിന്റെ അതിക്രമങ്ങൾക്ക് എതിരെ പ്രതിഷേധിച്ചുകൊണ്ടു , ബ്ലാക്ക് ലൈവ്സ് മാറ്ററും അതുപോലെയുള്ള മറ്റു കൂട്ടായ്മകളും തെരുവുകളിൽ ശബ്ദം ഉയർത്തികൊണ്ടിരിക്കുന്നു. ഓരോ ദിവസവും പതിനായിരക്കണക്കിന് പ്രതിഷേധക്കാർ അറസ്റ്റ്‌ ചെയ്യപ്പെടുന്നു. ഇസ്രായേൽ സൈന്യം വെറും 50 ദിവസങ്ങൾക്കകം ആയിരകണക്കിന് ഫലസ്തീനികളെ (550 കുട്ടികളടക്കം) നിഷ്ഠൂരം വധിച്ചപ്പോൾ ഞങ്ങൾ പ്രതിഷേധങ്ങളുമായി വീണ്ടും തെരുവുകളിലേക്കു ഇറങ്ങി. എന്നാൽ ഈ സന്ദർഭത്തിലും ഒബാമയ്ക്ക് ആകെ പറയാൻ ഉണ്ടായിരുന്നത് പാവം പൊലീസുകാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചായിരുന്നു! ജീവൻ അറ്റു വീണ ഫലസ്തീനി കുട്ടികളെ കുറിച്ച് ഒരക്ഷരം മിണ്ടാൻ ഒബാമയ്ക്ക് തോന്നിയില്ല . അതും പോരാഞ്ഞു, ബാൾട്ടിമോറിലെ കറുത്ത വർഗ്ഗക്കാരായ യുവാക്കളെ തെമ്മാടികൾ എന്നും കുറ്റവാളികൾ എന്നും വിളിച്ചു!".

12 വർഷങ്ങൾക്കു മുൻപ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം, ഒബാമയെ സംഭാവന നൽകി. ഇന്ന് അത് കമല ഹാരിസ് എന്ന ഒബാമയുടെ പെൺ പതിപ്പിനെ നൽകിയിരിക്കുന്നു. ഇനി ഒബാമയെ ട്രംപുമായി താരതമ്യപ്പെടുത്തിയാൽ ഇരുവരും പിന്തിരിപ്പൻ ലിബറലുകളാണെന്നും, സയണിസത്തിനു സർവപിന്തുണയും നല്‍കിയവരാണെന്നും കാണാം. അകെ ഉള്ള വിത്യാസം, ട്രംപ് അക്രമാസക്തവും സൈനികവൽക്കരിക്കപ്പെട്ടതുമായ ഒരു പൊലീസ്‌ സേനയെ കറുത്തവർക്കു നേരെ അക്രമണങ്ങൾ അഴിച്ചുവിടുവാൻ അനുവദിച്ചു. ഒബാമ തന്റെ ഭരണ കാലയളവിൽ ഉടനീളം, കറുത്ത വംശജരായ യുവാക്കളെ കൂട്ടത്തോടെ തടവിലാക്കാനും കുറ്റവാളികളാക്കാനും കൂട്ടുനിന്നു

മാൽകം എക്‌സിനെ, ഒബാമയും കമല ഹാരിസും ചേർന്ന് ഒരു മ്യൂസിയത്തിൽ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹമാക്കി ചുരുക്കുവാനാണ് ശ്രമിക്കുന്നത്. എന്നാൽ സകല വിഗ്രഹങ്ങളെയും ഉടച്ചുകൊണ്ട് അമേരിക്കൻ രാഷ്ട്രീയം വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ആ മാറ്റത്തിന്റെ ഹൃദയമിടിപ്പ് ആകട്ടെ ബ്ലാക്ക് ലൈവ്സ് മാറ്ററും. ധീരരും മിടുക്കരുമായ ഒരു പുതിയ നേതൃനിര തന്നെ ഇതിനു ചുക്കാൻ പിടിക്കുന്നു .



 


അവർ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിലാണ്, എന്നാൽ ആ പോരാട്ടത്തിന്റെ കർമ്മഭൂമി പിന്തിരിപ്പൻ നവലിബറലുകളുടെ പ്രാദേശിക രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഈ പുതിയ രാഷ്ട്രീയ അവബോധത്തിൽ ഫലസ്തീനികളുടെ മനുഷ്യാവകാശ പോരാട്ടങ്ങൾ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പോരാട്ടങ്ങളിൽ നിന്നും വിഭിന്നമല്ല.


മൊഴിമാറ്റം: ടി.എസ്. സാജിദ്​​

കടപ്പാട്​: www.aljazeera.com




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.