ഇനി എടപ്പാടിയുടെ നാളുകള്‍ 

ആറുപതിറ്റാണ്ടിന് ശേഷമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം പടിഞ്ഞാറേക്ക് അഥവാ കൊങ്കുനാടിലേക്ക് എത്തുന്നത്. എടപ്പാടി പഴനിസാമി മുഖ്യമന്ത്രിയാകുന്നതോടെ തമിഴ്നാടില്‍ രചിക്കപ്പെടുന്നത് പുതു ചരിത്രം. എം.കരുണാനധി, എം.ജി.രാമചന്ദ്രന്‍, ജയലളിത എന്നിവര്‍ മാറി മാറി അധികാരിത്തിലിരുന്ന തമിഴ്നാടില്‍ ഇടക്കാലത്ത് നെടുഞ്ചെഴിയനും ജാനകി രാമചന്ദ്രനും പന്നീര്‍ശെല്‍വവും മുഖ്യമന്ത്രിയായിരുന്നുവെങ്കിലും ഇപ്പോഴത്തെ  മാറ്റം തമിഴകത്ത് പുതിയതാണ്. പടിഞ്ഞാറന്‍ തമിഴ്നാടിലെ കൗണ്ടര്‍ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി എന്നതാണ് പ്രത്യേകത. ഇതിന് മുമ്പ് കൊങ്കുനാടിന്‍റ പ്രതിനിധിയായ സി.രാജഗോപാലചാരി 1952-1954 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരുന്നു. 

എടപ്പാടി പളനിസാമി പാർട്ടി നേതാക്കൾക്കൊപ്പം
 


എ.ഐ.ഡി.എം.കെ പ്രസിഡിയം ചെയര്‍മാന്‍ കെ.എ.ശെങ്കോട്ടയന്‍, ലോകസഭ ഡപ്യുട്ടി സ്പീക്കര്‍ എ.തമ്പദുരൈ എന്നിവരാണ് ഈ മേഖലയില്‍ നിന്നുള്ള മറ്റു പ്രമുഖര്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന പന്നീര്‍ശെല്‍വവും എടപ്പാടി പഴനിസാമിയും ജയലളിത മന്ത്രിസഭയിലെ പ്രധാനികളായിരുന്നുവെന്നതാണ് പ്രത്യേകത. കഴിഞ്ഞ വര്‍ഷം എ.ഐ.ഡി.എം.കെയില്‍ രൂപം കൊണ്ട അഞ്ചംഗ സംഘത്തിലും ഇവരുണ്ടായിരുന്നു. നത്തം വിശ്വനാഥന്‍, വൈദ്യലിംഗം, പഴനിയപ്പന്‍ എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍. അസുഖ ബാധിതയായ ജയലളിത ഭരണസിരാകേന്ദ്രമായ സെന്‍റ് ജോര്‍ജ് കോട്ടയില്‍വരാതെ പോയ്സ് ഗാര്‍ഡനിലിരുന്നു ഭരണം നിയന്ത്രിച്ച സമയത്തായിരുന്നു അഞ്ചംഗ സംഘത്തിന്‍റ പിറവി. ഈ സംഘം ജയലളിതക്ക് എതിരെ തിരിയുന്നുവെന്ന സൂചനയെ തുടര്‍ന്ന് ഇവരെ അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. ഇവര്‍ നിയമിച്ച പാര്‍ട്ടി ഭാരവാഹികളെയും ജയലളിത നീക്കം ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ശശികല അനുകൂലികള്‍ കടന്നു കൂടാന്‍ കാരണമായതും അഞ്ചംഗ സംഘത്തെ ജയലളിത മാറ്റി നിറുത്തിയതിനെ തുടര്‍ന്നായിരുന്നു. ഈ സംഘത്തിന്‍റ പട്ടികയിലുണ്ടായിരുന്ന പലര്‍ക്കും സീറ്റ് ലഭിച്ചില്ല. എന്നാല്‍, ജയലളിതയുടെ മരണത്തെ തുടന്ന് പകരം ആരെന്ന ചോദ്യം ഉയര്‍ന്നപ്പോഴും നിര്‍ദ്ദേശിക്കപ്പെട്ട രണ്ടു പേരുകള്‍ പന്നീര്‍ശെല്‍വത്തിന്‍റയും എടപ്പാടിയുടെതുമായിരുന്നു. മന്ത്രിസഭയിലെ സീനിയര്‍ എന്ന നിലയിലായിരുന്നു അതു. രണ്ടു തവണ മുഖ്യമന്ത്രിയായ പന്നീര്‍ശെല്‍വം മാറി നില്‍ക്കണമെന്ന് എടപ്പാടി നിര്‍ദ്ദേശിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇവര്‍ തമ്മില്‍ അകലാന്‍ കാരണമായതും ഈ തര്‍ക്കമാണത്രെ. 

എടപ്പാടി പളനിസാമി ജയലളിതക്കൊപ്പം
 


ഈ റോഡ് ശ്രീവാസവി കോളജില്‍ നിന്നും ബി.എസ്സി പുര്‍ത്തിയാക്കി കൃഷിയും ശര്‍ക്കര വ്യാപാരുമായി കഴിഞ്ഞിരുന്ന പഴനിസാമി 1980ലാണ് എ.ഐ.എ.ഡി.എം.കെയില്‍ ചേരുന്നത്. 1986ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. എം.ജി.ആറിന്‍റ മരണത്തെ തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ പിളര്‍ന്നപ്പോള്‍ ജയലളിത പക്ഷത്ത് എത്തി പഴനിസാമി. അന്ന് ജാനകിക്കൊപ്പമായിരുന്നു പന്നീര്‍ശെല്‍വമെന്ന വിത്യാസമുണ്ട്. ബോഡിനായ്ക്കനൂരില്‍ മല്‍സരിച്ച ജയലളിതക്കെതിരെ വോട്ട്പിടിക്കാനും പന്നീര്‍ശെല്‍വമുണ്ടായിരുന്നു.1989ലെ തെരഞ്ഞെടുപ്പില്‍ ജയ വിഭാഗത്തിന്‍റ സ്ഥാനാര്‍ഥിയായി എടപ്പാടിയില്‍ മല്‍സരിച്ചതോടെ പഴനിസാമി എടപ്പാടി പഴനിസാമിയായി. അത്തവണ കന്നി വിജയം നേടി. 1999ലും 2011ലും 2016ലും എടപ്പാടിയില്‍ നിന്നും നിയമസഭയിലത്തെി. 2011ലാണ് ആദ്യമായി മന്ത്രിയായത്. 1998ല്‍ ലോകസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.  രണ്ടു തവണ ലോകസഭയിലേക്ക് മല്‍സരിച്ച് പരാജയപ്പെട്ടു. ക്ഷീര കര്‍ഷകനായ എടപ്പാടി പഴനിസാമി 1992-96 കാലഘട്ടത്തില്‍ തമിഴ്നാട് ക്ഷീരോല്‍പാദക യൂണിയന്‍ (ആവിന്‍) ചെയര്‍മാനുമായിരുന്നു. 

തന്നെ പിന്തുണക്കുന്ന എം.എൽ.എമാരുടെ ലിസ്റ്റ് ഗവർണർക്ക് പളനിസാമി കഴിഞ്ഞ ദിവസം കൈമാറിയപ്പോൾ
 


എ.ഐ.ഡി.എം.കെയുടെ താഴത്തെട്ടില്‍ നിന്നും തുടങ്ങി നിയോജകമണ്ഡലം സെക്രട്ടറി, ജില്ല സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചാണ് ഇപ്പോള്‍ മുഖ്യമന്ത്രിയാകുന്നത്. തിരുപ്പുര്‍, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ധര്‍മ്മപുരി, നീലഗിരി, കൃഷ്ണഗിരി ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് കൊങ്കുനാട്. എ.ഐ.ഡി.എം.കെയുടെ ശക്തി കേന്ദ്രങ്ങളാണിവിടം. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് 1989ലെ തെരഞ്ഞെടുപ്പിനെ നേരിട്ട  ജയലളിതക്ക് കരുത്ത് പകര്‍ന്നതും ഈ മേഖലയാണ്. എടപ്പാടി പഴനിസാമിയുടെ ഊഴത്തിനാണ് തുടക്കം കുറിച്ചതെങ്കിലും മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന ലോകസഭ ഡപ്യുട്ടി സ്പീക്കര്‍ എം.തമ്പദുരൈ അടക്കമുള്ളവരുണ്ട്. സഭയില്‍ വിശ്വാസവോട്ട് നേടി കഴിഞ്ഞാലും മുഖ്യമന്ത്രി പദവി നിലനിര്‍ത്താന്‍ കരുതല്‍ വേണ്ടി വരും. 

 

Tags:    
News Summary - edappadi palanisamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.