ന്യൂഡൽഹി: തുടർച്ചയായി നാലാം തവണയും ഡൽഹിയിൽ അധികാരം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിൽ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് (ആപ്) നഷ്ടമായത് 40 സീറ്റുകൾ. പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രിയും കെജ്രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയ, മുൻ മന്ത്രിയും പാർട്ടി സ്ഥാപകരിലൊരാളുമായ സത്യേന്ദർ ജെയിൻ, പാർട്ടിയുടെ യുവ നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ്, പാർട്ടി സ്ഥാപകാംഗവും മുതിർന്ന നേതാവുമായ സോമനാഥ് ഭാരതി, ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള തുടങ്ങിയ മുൻനിര നേതാക്കളെല്ലാം അടിപതറി വീണു.
കൽക്കാജി മണ്ഡലത്തിൽ മത്സരിച്ച മുഖ്യമന്ത്രി അതിഷിക്കും മൂന്നുതവണയും ആപ് മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാൽ റായിക്കും മാത്രമാണ് മുൻനിര നേതാക്കളിൽ പിടിച്ചുനിൽക്കാനായത്. 3521 വോട്ടുകൾക്കാണ് അതിഷിയുടെ വിജയം.
2015ലും 2020ലും ഡൽഹിയിൽ പാർട്ടി നേടിയ വൻ വിജയങ്ങളിൽ പട്ടികവർഗ, മുസ്ലിം വിഭാഗങ്ങളിൽനിന്നു ലഭിച്ച വലിയ പിന്തുണ പ്രതിഫലിച്ചിരുന്നു. ഇത്തവണ വോട്ട് ഭിന്നിച്ചതോടെ ഭൂരിപക്ഷത്തിൽ ഇളക്കം തട്ടിയെങ്കിലും ആപിനെ ഡൽഹിയിൽനിന്നു തുടച്ചുനീക്കുന്നതിൽ തടഞ്ഞുനിർത്താൻ ഈ മേഖലക്ക് സാധിച്ചു.
ഗോപാൽറായി മത്സരിച്ച ബാബർപുർ, മന്ത്രി ഇംറാൻ ഹുസൈൻ ജനവിധി തേടിയ ബല്ലിമാരൻ, വഖഫ് ബോർഡ് മുൻ ചെയർമാൻ അമാനത്തുല്ല ഖാൻ മത്സരിച്ച ഓഖ്ല എന്നിവയും ചാന്ദ്നി ചൗക്, മതിയമഹൽ, സീലാംപുർ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ മേഖലകൾ ആം ആദ്മി പാർട്ടിയോടൊപ്പം നിന്നു. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം സ്ഥാനാർഥി താഹിർ ഹുസൈൻ 33,474 വോട്ട് പിടിച്ച മുസ്തഫാബാദാണ് മുസ്ലിം മേഖലയിൽ ആപിന് നഷ്ടമായത്. ഇവിടെ ആപ് സ്ഥാനാർഥി അദീൽ അഹ്മദ് ഖാൻ 17,578 വോട്ടുകൾക്ക് ബി.ജെ.പിയോട് പരാജയപ്പെട്ടു.
എസ്.സി സംവരണ മണ്ഡലങ്ങളായ 12 എണ്ണത്തിൽ എട്ട് സീറ്റുകളിൽ ആപിന് വിജയിക്കാനായി. മുൻ തെരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗം എസ്.സി സംവരണ സീറ്റുകളും ആപിനോടൊപ്പം നിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.