മോദിയുടെ വ്യാജ വാഗ്ദാനങ്ങള്‍ ഇനിയും വിശ്വസിക്കണോ?

സത്യാനന്തര കാലത്തെ രാഷ്ട്രീയം എങ്ങനെയാണ് മുന്നോട്ടുപോവുക എന്ന് മനസ്സിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പിണിയാളുകളുടെയും വാക്കുകള്‍മാത്രം പരിശോധിച്ചാല്‍ മതി. രാഷ്ട്രീയ ആയുധമായി ഇവര്‍ മുഖ്യമായും ആശ്രയിക്കുന്നത് നുണകളെയാണെന്നു കാണാം. നവംബര്‍ എട്ടിനു വന്‍മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ നിമിഷം തൊട്ട് ഡിസംബര്‍ 30 വരെ രാജ്യത്തെ 130 കോടി മനുഷ്യരെ കബളിപ്പിച്ചതും നിറവേറ്റപ്പെടാത്ത വ്യാജ വാഗ്ദാനങ്ങള്‍  മുന്നില്‍നിരത്തിയാണ്. റിസര്‍വ് ബാങ്കും സാമ്പത്തിക മേധാവികളും 60 തവണയിലേറെ ഈദിശയില്‍ വാക്കുകള്‍ മാറ്റിമാറ്റിപ്പറഞ്ഞത് അസത്യങ്ങളുടെമേല്‍ കെട്ടിപ്പൊക്കിയ സാമ്പത്തിക പരിഷ്കരണ പദ്ധതി പരാജയപ്പെട്ടപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പ് തേടുന്നതിനിടയിലാണ്. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ജനം അച്ചടക്കത്തോടെ ക്യൂനില്‍ക്കുന്നത് മഹത്തായ കാര്യമാണെന്നും തങ്ങള്‍ക്കതില്‍നിന്ന് എന്തോ നേടാനുണ്ടെന്നും മനസ്സിലാക്കിയതുകൊണ്ടാണെന്ന് തട്ടിവിടാന്‍ ഹിന്ദുത്വ സാമ്പത്തിക വിദഗ്ധന്‍ എസ്. ഗുരുമൂര്‍ത്തിക്ക് ധൈര്യം പകരുന്നത് നവഫാഷിസത്തിന്‍െറ ആധിപത്യമനോഘടനയാണ്.

കഴിഞ്ഞ 50 ദിവസം ജനം അനുഭവിച്ചുതീര്‍ത്ത ദുരിതങ്ങള്‍ക്ക് മാപ്പുപറയുന്നതു പോകട്ടെ, അങ്ങനെ ഒരു കാലം നമ്മുടെ നാട്ടില്‍ കടന്നുപോയിട്ടുണ്ടെന്ന് സമ്മതിക്കാന്‍ പോലും മോദിയോ കൂട്ടാളികളോ ഇപ്പോഴും തയാറല്ല. ബാങ്കുകളില്‍നിന്ന് പ്രതിവാരം 24,000 രൂപയും എ.ടി.എമ്മുകളില്‍നിന്ന് 4000 രൂപയും പിന്‍വലിക്കാം എന്ന് നല്‍കിയ വാഗ്ദാനം എത്ര നഗ്നമായാണ് ലംഘിക്കപ്പെട്ടത്? രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തോ നഗരത്തിലോ മോദിയുടെ വാക്ക് പാലിക്കപ്പെട്ടോ? 50ാം ദിവസവും നാലായിരവും പതിനായിരവുമൊക്കെയല്ളേ ബാങ്കില്‍നിന്ന് നിക്ഷേപകര്‍ക്ക് നല്‍കുന്നത്? എത്ര എ.ടി.എമ്മുകളുടെ ഷട്ടറുകള്‍ ഇന്നും തുറക്കാതെ കിടപ്പുണ്ട്? തുറന്ന കൗണ്ടറുകളില്‍നിന്നുതന്നെ 2000ത്തിന് മുകളില്‍ എപ്പോഴെങ്കിലും വിതരണം ചെയ്തിട്ടുണ്ടോ? അഞ്ഞൂറിന്‍െറ പുതിയ നോട്ടുകള്‍ രാപ്പകല്‍ അച്ചടിച്ച്, വ്യോമസേന വിമാനത്തില്‍ രാജ്യത്താകെ എത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തിയ റിസര്‍വ്ബാങ്ക് മേലാളന്മാര്‍ ഈ നോട്ടുകള്‍ ഏത് ഗുദാമിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് തുറന്നുപറയുമോ? നവംബര്‍ എട്ടിനു മോദി രാജ്യത്തോട് പറഞ്ഞത് ഏതാനും ദിവസംകൊണ്ട് പ്രയാസങ്ങളെല്ലാം തീരുമെന്നാണ്.

ജപ്പാന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവന്ന ഉടന്‍ പനാജിയില്‍ താന്‍ ചെയ്ത ത്യാഗത്തെക്കുറിച്ച് കണ്ണീര്‍വാര്‍ത്ത് വിവരിക്കുന്നതിനിടയിലാണ് ഡിസംബര്‍ 30 വരെ രാജ്യത്തിനുവേണ്ടി ചില ത്യാഗങ്ങള്‍ സഹിക്കണമെന്ന് ഗദ്ഗദകണ്ഠനായി അപേക്ഷിച്ചത്. ഇതാ ഡിസംബര്‍ 30ഉം കഴിഞ്ഞു. സമ്പദ്വ്യവസ്ഥ നേരെയാകാനും ജനങ്ങള്‍ക്ക് അവരുടെ ജീവിതസമ്പാദ്യം ഇഷ്ടാനുസരണം വിനിയോഗിക്കാനും എത്ര ദിവസവുംകൂടി കാത്തിരിക്കണം? ആര്‍.എസ്.എസിന്‍െറ സാമ്പത്തിക മസ്തിഷ്കമായ എസ്. ഗുരുമൂര്‍ത്തി ഇന്നലെ ഒരു കാര്യം സമ്മതിച്ചു; ഡിമോണിറ്റൈസേഷന്‍െറ ദുരിതം ആറു മാസം നീണ്ടുനില്‍ക്കുമെന്ന്. അതായത്, മാര്‍ച്ച് 31 വരെയെങ്കിലും സഹിക്കണമെന്ന്. പക്ഷേ, ജനങ്ങള്‍ അനുഭവിച്ചുതീര്‍ക്കുന്ന പ്രയാസങ്ങളെ ഒരു പ്രശ്നമായി കാണരുതത്രെ.

‘‘മാധ്യമങ്ങള്‍ അതിനെ പ്രശ്നമായി കാണുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ അതിനെ പ്രശ്നമായി കാണുന്നു. സുപ്രീംകോടതിയും അതിനെ പ്രശ്നമായാണ് നിരീക്ഷിക്കുന്നത്. പക്ഷേ, ജനം അങ്ങനെയല്ല. അവര്‍ ക്യൂവില്‍ ക്ഷമയോടെ നില്‍ക്കുന്നത് അതിലൂടെ എന്തോ ഗുണം ലഭിക്കുന്നുണ്ട് എന്ന ബോധ്യത്താലാണ്. അല്ളെങ്കില്‍ അവര്‍ സഹകരിക്കാന്‍ പോകുന്നില്ല.’’ എത്ര ബാലിശവും യുക്തിഹീനവുമായ വാദം! ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന ജനം ജീവിതസമ്പാദ്യത്തിന്‍െറ ഒരംശം കൈയില്‍ കിട്ടാന്‍ ഇങ്ങനെ കഷ്ടപ്പെടുന്നത് മോദിവാഴുന്ന കാലത്ത് ഈ രാജ്യത്ത് ജീവിക്കേണ്ടിവരുന്ന ഒരു പൗരന്‍െറ തലയിലെഴുത്ത് ഇതാണല്ളോ എന്ന കടുത്ത ആധിയോടെയാണ്. ഒരവസരം ഒത്തുവന്നാല്‍, തങ്ങളുടെ ജീവിതം അട്ടിമറിച്ച, അഭിലാഷങ്ങള്‍ ചൂഴ്ന്നെടുത്തവര്‍ക്കെതിരെ അവര്‍ ജനാധിപത്യത്തിന്‍െറ അവസാന ആയുധമെടുത്ത് പോരാടുമെന്നുറപ്പ്.

 മോദി ഇന്ന് രാജ്യത്തിനു കൈമാറുന്ന ഒരു വാഗ്ദാനവും ജനം വിശ്വസിക്കാന്‍ പോകുന്നില്ല. പരാജയം സ്വയം സമ്മതിച്ച് രാജ്യത്തോട് ക്ഷമാപണം നടത്തുന്നതിനു പകരം വീണ്ടും വീണ്ടും പൗരന്മാരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന ഗീബല്‍സിയന്‍ ശൈലി തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. വിശ്വപ്രശസ്തരായ സാമ്പത്തിക വിദഗ്ധര്‍  പങ്കുവെച്ച അഭിപ്രായപ്രകടനങ്ങള്‍ നമ്മള്‍ എത്തിപ്പെട്ട ദുരന്തത്തിന്‍െറ ആഴം ഓര്‍മിപ്പിക്കുന്നുണ്ട്. ‘ഫോബ്സ്’ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീവ് ഫോബ്സ് മോദിയുടെ നടപടിയെ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്ന, അധാര്‍മിക ചെയ്തിയായാണ് വിശേഷിപ്പിച്ചത്. ‘‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും ഭാവിനിക്ഷേപങ്ങളെയും തകര്‍ത്തു. കര്‍ക്കശ നിയന്ത്രണം അടിച്ചേല്‍പിച്ചതിലൂടെ സാധാരണക്കാരുടെ സ്വകാര്യജീവിതത്തിന്മേല്‍ കടുത്ത ആഘാതമുണ്ടാക്കി. സമ്പദ്വ്യവസ്ഥയെ അപകടപ്പെടുത്തുകയും കോടിക്കണക്കിനു പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിനു ഭീഷണി ഉയര്‍ത്തുകയും വഴി സര്‍ക്കാര്‍ നടപ്പാക്കിയ കേട്ടുകേള്‍വിയില്ലാത്ത ഈ പരിഷ്കാരം അധാര്‍മികതയുടെ കാര്യത്തില്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു.

’’അസംഘടിത മേഖലയില്‍ ജീവസന്ധാരണം തേടുന്ന 42 കോടി മനുഷ്യരുടെ കഞ്ഞിയിലാണ് നരേന്ദ്ര മോദി മണ്ണുവാരിയിട്ടത്്. ഇവരുടെ ശരാശരി പ്രതിദിന വരുമാനം 272 രൂപയാണത്രെ. കറന്‍സിയുടെ ഒഴുക്ക് നിലച്ചതോടെ, തെരുവുകളും കൃഷിയിടങ്ങളും പണിശാലകളും വറ്റിവരണ്ടപ്പോള്‍ ഈ ജനവിഭാഗത്തിന്‍െറ ജീവിതമാര്‍ഗമാണ് കൊട്ടിയടക്കപ്പെട്ടത്. ജി.ഡി.പിയില്‍ രണ്ടു ശതമാനത്തിന്‍െറ കുറവ് രേഖപ്പെടുത്തപ്പെടുമ്പോള്‍ രാജ്യത്തിനു നഷ്ടപ്പെടുന്നത് രണ്ട്-രണ്ടര ലക്ഷം കോടി രൂപയാണ്. പുതിയ കറന്‍സി അച്ചടിക്കാന്‍ മാത്രം 40,000-50,000 കോടി ചെലവാക്കേണ്ടിവരുമ്പോള്‍ നഷ്ടം പെരുകുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഭീകരവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന കള്ളനോട്ട് തടയാനുള്ള മഹായജ്ഞത്തിനാണ് താന്‍ തുടക്കംകുറിക്കുന്നതെന്നാണ് നവംബര്‍ എട്ടിനു മോദി തട്ടിവിട്ടത്.

ഇപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ പറയുന്നത് രാജ്യത്ത് മൊത്തം 29.64 കോടി രൂപയുടെ കള്ളനോട്ടേ മാര്‍ക്കറ്റിലുണ്ടായിരുന്നുള്ളൂവെന്നാണ്. അത് കണ്ടുപിടിക്കാന്‍ നൂതന യന്ത്രങ്ങളും സംവിധാനങ്ങളും ഇവിടെ ഉണ്ടുതാനും. പിന്നെന്തേ, എലിയെ പേടിച്ച് ഇല്ലം ചുടാന്‍ മോദിയും ആര്‍.എസ്.എസും ഉദ്യുക്തരായി എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ്, രാജ്യത്തിന്‍െറ സമ്പദ്ഘടന പിടിച്ചെടുക്കാനും അതുവഴി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനും സംഘ്പരിവാര്‍ മസ്തിഷ്കങ്ങള്‍ രൂപംകൊടുത്ത വലിയൊരു അട്ടിമറി പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന അനുമാനത്തില്‍ എത്തിപ്പെടുന്നത്. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു ഭരണകൂടത്തിന് എക്കാലവും പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന ബോധ്യമാണ് നവഫാഷിസത്തിന്‍െറ വിനാശകരമായ പാത പിന്തുടരാനും ജനാധിപത്യത്തെ അട്ടിമറിക്കാനും വ്യാജ ദേശീയതയുടെ മതിഭ്രമം പരത്താനും മോദിയെയും കൂട്ടരെയും പ്രേരിപ്പിക്കുന്നത്. രാജ്യ സ്നേഹത്തിന്‍െറയും ത്യാഗത്തിന്‍െറയും പല്ലവി പാടി തുടങ്ങിയ ‘ഡിമോണിറ്റൈസേഷന്‍’ പ്രക്രിയ പരാജയത്തോട് അടുക്കുന്നത് കണ്ടപ്പോള്‍തന്നെ, കളം മാറ്റി ചവിട്ടിയ മോദിയും അരുണ്‍ ജെയ്റ്റ്ലിയും വെങ്കയ്യ നായിഡുവുമൊക്കെ, ഹൈന്ദവ മിത്തോളജിയില്‍നിന്ന് പദാവലികള്‍ കടമെടുത്ത് സാമാന്യജനത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചു.

മോദിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും അടുത്ത ചങ്ങാതി, മഹേഷ് ഷാ എന്ന ഗുജറാത്ത് ബിസിനസ്മാന്‍ നവംബര്‍ എട്ടിനുശേഷം ബാങ്കില്‍ നിക്ഷേപിച്ച 1300 കോടി കള്ളപ്പണത്തെക്കുറിച്ച് പ്രതിപക്ഷം ബഹളംവെക്കുമ്പോഴേക്കും കേസ് കൊടുക്കും എന്ന് പറഞ്ഞ് വിരട്ടുന്ന തന്ത്രം ശ്രദ്ധിച്ചില്ളേ? മോദി നടത്തുന്ന ‘മഹായജ്ഞ’ത്തിനു വിഘ്നം വരുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ‘അസുരന്മാരാ’ണത്രെ പ്രതിപക്ഷനേതാക്കള്‍! പൊളിഞ്ഞുപാളീസായ ഒരു പരീക്ഷണത്തിനെതിരെ ശബ്ദിക്കുന്നവര്‍ രാജ്യദ്രോഹികളും കള്ളപ്പണക്കാരുടെ ദാസന്മാരുമാണെന്നും കള്ളപ്രചാരണം നടത്തി വീണിടത്തുനിന്ന് ഉരുളുകയാണ് ബി.ജെ.പിയും ആര്‍.എസ്.എസും. ഡിസംബര്‍ 30ന് കഴിഞ്ഞതോടെ, ‘ഇനി വിളപ്പെടുപ്പ്’ നടത്താമെന്ന് കുമ്മനം രാജശേഖരന്‍െറ ജിഹ്വക്ക് വിഡ്ഢിത്തം വിളമ്പാന്‍ സാധിക്കുന്നതുതന്നെ സത്യത്തോട് മുഖംതിരിച്ചുനില്‍ക്കുന്ന സംഘ്പരിവാറിന്‍െറ ജന്മസ്വഭാവമാണെന്ന് സമാധാനിക്കുകയേ നിര്‍വാഹമുള്ളൂ.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.