ഗോളടിച്ചത് സി.പി.ഐ

പരിണാമഗുപ്തിയുടെ ക്രഡിറ്റ് സി.പി.ഐ കൊണ്ടുപോയി. തോമസ് ചാണ്ടിയുടെ രാജികാര്യത്തില്‍ ഇന്നലെ വരെ മുഖ്യമന്ത്രിയുടെ കാലില്‍ കിടന്ന പന്ത് എടുത്ത് ഗോളടിച്ചത് സി.പി.ഐ ആണ്. നാടകീയ നീക്കങ്ങളിലൂടെ മന്ത്രിസഭയിലെ ഏറ്റവും വിശ്വാസ്യതയുള്ള പാര്‍ട്ടി തങ്ങളാണെന്നു തെളിയിക്കാന്‍ സി.പി.ഐക്ക് കഴിഞ്ഞു. മുഖ്യമന്ത്രി കാട്ടിയ അനവധാനതയെ രാഷ്ട്രീയമായി മുതലെടുക്കാന്‍ സി.പി.ഐ ബോധപൂര്‍വം ശ്രമിച്ചു എന്നു പറയാനാവില്ലെങ്കിലും സംഭവിച്ചത് അതാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിപരാജയപ്പെടുകയും സി.പി.ഐ നേതൃത്വം വിജയിക്കുകയും ചെയ്തത് ഭാവിയില്‍ മന്ത്രിസഭയെയും ഇടതുമുന്നണിയെയും എങ്ങിനെ ബാധിക്കുമെന്ന് പറയാനാകില്ല. പ്രതികാര ബുദ്ധിയോടെ സി.പി.എം പെരുമാറുന്ന പക്ഷം അത് മുന്നണിയുടെ കെട്ടുറപ്പിനെ പോലും ബാധിക്കാം. 

ഇലക്കും മുള്ളിനും കേടില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ  പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷ തെറ്റിയത്, കഴിഞ്ഞദിവസം നടന്ന മന്ത്രിസഭായോഗത്തോടെയാണ്. അതുവരെ മുഖ്യമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു സി.പി.ഐ നേതൃത്വം.  ഇടതുമുന്നണിയോഗത്തില്‍ തീരുമാനത്തിന് മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കുന്നതില്‍ മറ്റു ഘടകകക്ഷികളെപോലെ സി.പി.ഐയും മുന്നില്‍ നിന്നിരുന്നു. ചാണ്ടി സുപ്രീം കോടതിയില്‍ പോയാല്‍ അതുവരെ മുഖ്യമന്ത്രി കാത്തുനില്‍ക്കുമെന്ന സൂചന വന്നതോടെ സി.പി.ഐക്ക് ക്ഷമ കൈവിട്ടുപോകുകയായിരുന്നു. 

1969നുശേഷം ഇതാദ്യമായാണ് ഇതുപോലെ മന്ത്രിസഭക്കുള്ളില്‍ വരെ പോര്‍മുഖം സംഘടിപ്പിക്കേണ്ട അവസ്ഥ കേരളത്തില്‍ ഉണ്ടായത്. 69ലും സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ഈഗോയായിരുന്നു, അടിസ്ഥാന കാരണമായത് എന്നതും വിചിത്രസത്യം. അന്നത് മന്ത്രിസഭാപതനംവരെ എത്തി. ഇക്കുറി അത്രക്കത് വഷളാകില്ല.  ഇക്കുറി, പ്രശ്‌നാധിഷ്ടിതമായി സി.പി.ഐ റവന്യുവകുപ്പില്‍ എടുത്ത നടപടികളില്‍ സി.പി.എമ്മും മുഖ്യമന്ത്രിയുമായിരുന്നു അസ്വസ്ഥരായത്. എല്ലാപ്രശ്‌നങ്ങളിലും കുട്ടായ തീരുമാനത്തിനായി സി.പി.ഐ കാത്തുനിന്നുവെന്നതും ചാണ്ടിയുടെ നിലപാടുകള്‍ അസഹ്യമാകുന്നതുവരെ ഒരു അസഹിഷ്ണുതയും അവര്‍ പ്രകടിപ്പിച്ചില്ലെന്നതും ഇവിടെ പരാമര്‍ശിക്കാതെ വയ്യ. സി.പി.ഐയുടെ അസ്ഥിത്വത്തെവരെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് പ്രശ്‌നം വളര്‍ന്നതോടെ കടുത്ത നിലപാടിലേക്കുതന്നെ അവര്‍ നീങ്ങുകയായിരുന്നു.  കേ ാടതി ചോദ്യം ചെയ്ത മന്ത്രിയെ തുടര്‍ന്നും മന്ത്രിസഭായോഗത്തില്‍ വിളിച്ചിരുത്തരുതെന്ന രണ്ടാം ഘടകകക്ഷിയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കാതെ വന്നപ്പോള്‍ അസാധാരണ നിലപാടിലേക്ക് അവര്‍ക്കു നീങ്ങേണ്ടിവന്നു. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അവര്‍ രേഖാമൂലം അറിയിച്ചപ്പോള്‍ അതിനുപോലും വിലകൊടുക്കാതെ ചാണ്ടിയെ വിളിച്ച് മന്ത്രിസഭയില്‍ ഇരുത്താനുള്ള മുഖ്യമന്ത്രിയുടെ നിലപാടാണ് കൂടുതല്‍ അസാധാരണമെന്നു തോന്നിയത്. ആത്മാഭിമാനത്തിനുപോലും വിലനല്‍കാത്ത മുഖ്യമന്ത്രിയൂട  നിലപാടിനുമുന്നില്‍ മന്ത്രിസഭയും തങ്ങള്‍ക്കു നിസാരമെന്ന നിലപാടിലേക്ക് സി.പി.ഐ വളരുകയായിരുന്നു. സി.പി.ഐ മുന്നണി വിട്ടാല്‍പോലും ഇടതുമുന്നണിക്ക് ഭരണത്തിനുള്ള ഭൂരിപക്ഷമുണ്ടെന്നിരിക്കെ, സി.പി.ഐ നേതൃത്വം എടുത്തത് ധീരമായ നിലപാടുതന്നെയായിരുന്നു. അന്തസുള്ള പാര്‍ട്ടി  എന്ന സല്‍പേര് വീണ്ടെടുക്കാനും ഈ നിലപാടുകൊണ്ട് കാനം രാജേന്ദ്രന്‍റെ നേതൃത്വത്തിനു കഴിഞ്ഞു. 

ഒരു മുന്നണിയെ നയിക്കുമ്പോള്‍ ചില വിട്ടുവീഴ്ചകള്‍ നേതാവിന് ആവശ്യമാണ്. എന്നാല്‍ ചെറുപാര്‍ട്ടികളോട് ഒരിക്കലും വിട്ടു വീഴ്ചകാട്ടാത്ത നിലപാടാണ് പിണറായി വിജയന്‍ എന്നും സ്വീകരിച്ചുവന്നത്. ആർ.എസ്.പിയും വീരേന്ദ്രകുമാറിന്‍റെ ജനതാദളും ഈ നിലപാടിന്‍റെ രക്തസാക്ഷികളാണ്. എന്നാല്‍ എൻ.സി.പിയോടുള്ള സമീപനം പിണറായിക്ക് എന്നും വ്യത്യസ്ഥമായിരുന്നു. തന്റെ പാര്‍ട്ടിയുടെ വിഭാഗിയതയിലും മുന്നണിയിലെ പ്രശ്‌നങ്ങളിലും അതിലെ ചില നേതാക്കള്‍ തന്നോടൊപ്പം നിന്നതിലെ താല്പര്യമാണിതെന്ന് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ബന്ധുക്കള്‍ കരുതുന്നുണ്ട്. എന്നാല്‍ ഇവിടെ പ്രശ്‌നം അതല്ല. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ കായൽ കൊള്ളക്കാരനെ എന്തിന് മുഖ്യമന്ത്രി സംരക്ഷിച്ചു എന്ന ചോദ്യമാണ്. കായല്‍ കൊള്ളയുടെ പുറത്തുവന്ന വിശദാംശങ്ങൾ പോലും ഞെട്ടിക്കുന്നതായിട്ടും പരിപൂര്‍ണ പിന്തുണ നല്‍കിയത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏറെ നിയമലംഘനങ്ങള്‍ നടത്തിയതിലുപരി, ഭരണഘടനയെവരെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് മന്ത്രി മാറി. പിന്നീട് സത്യ പ്രതിജ്ഞാലംഘത്തിലേക്കും കോടതിയെ പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിട്ടും മുഖ്യമന്ത്രി വിട്ടുവീഴ്ച ചെയ്തപ്പോള്‍ അത് മുന്നണി മര്യാദ മാത്രമാണ് എന്നാണ് സി.പി.ഐയും  കരുതിയത്. എന്നാല്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദത്വത്തെയും വിശ്വാസ്യതയെയും എന്നല്ല, ഭരണഘടനയെ പോലും ബാധിക്കുന്നതാണ്, മന്ത്രിയുടെ പ്രവര്‍ത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടും ചാണ്ടിയെ സംരക്ഷിക്കുമെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി നീങ്ങിയതാണ് പരസ്യമായ നിലപാടിലേക്ക് സി.പി.ഐയെ നയിച്ചത്. 


കാര്യങ്ങള്‍ ഇത്ര വഷളായതെന്തെന്നു സിപിഐക്കാരോടു ചോദിച്ചാല്‍ അവര്‍ക്ക് ഒന്നേ പറയാനുള്ളു. - 'സി.പി.ഐയുടെ നിലപാടിനെ അംഗീകരിക്കാനുള്ള പിണറായി വിജയന്‍റെ മടി!'

അതിനു കാരണവും അവര്‍ക്കു പറയാനുണ്ട്. റവന്യു വകുപ്പ് വെറുതേയിരിക്കുന്ന വകുപ്പല്ല എന്നതാണത്. 'മൂന്നാറില്‍ മന്ത്രി എം.എം മണിയടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ കയ്യേറ്റത്തിനെതിരായ നടപടികള്‍ സ്വീകരിച്ചു. വേണ്ടിടത്ത് മുഖ്യമന്ത്രിയെ കണ്ണടച്ച് പിന്തുണക്കുമ്പോള്‍ തന്നെ എതിര്‍ക്കേണ്ടിടത്ത് ശക്തമായി എതിര്‍ത്തു. ഈ നിലക്ക് പാര്‍ട്ടി അതിന്‍റെ സ്വത്വം കാത്തു സൂക്ഷിക്കുന്നതില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം.'

ചരിത്രത്തില്‍ സി.പി.എമ്മിന് ഇതുവരെ സി.പി.ഐയുടെ സഹായമില്ലാതെ കേരളം ഭരിക്കാനായിട്ടില്ല. എന്നാല്‍ സി.പി.ഐ ആകട്ടെ, സി.പി.എമ്മിന്‍റെ സഹായം കൂടാതെ ഭരിച്ചിട്ടുണ്ട്. അതും മുഖ്യമന്ത്രി പദം പോലും കയ്യാളിക്കൊണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ സി.പി.എമ്മിന് വേണമെങ്കില്‍ സി.പി.ഐയുടെ പിന്തുണയില്ലാതെ മുന്നണി ഭരണം തുടരാനുള്ള ഭൂരിപക്ഷമുണ്ട്.  സി.പി.ഐയില്ലെങ്കിലും ഭരിക്കാനാകുമെന്ന് തെളിയിക്കാനുള്ള ഒരവസ്ഥയുണ്ടെന്ന് സാരം.  അതുകൊണ്ട് മുന്നണിയില്‍ നിന്ന് സി.പി.ഐ മാറിനില്‍ക്കുമെന്നോ അവരെ പുറത്താക്കുമെന്നോ അര്‍ത്ഥമില്ല. എന്നാല്‍ ഏതെങ്കിലും ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ അതുസംഭവിച്ചാല്‍ എൻ.സി.പിയും കടന്നപ്പിള്ളിയും അവശിഷ്ട ആർ.എസ്.പിയുടെ ഒരംഗമായ കോവൂര്‍ കുഞ്ഞുമോനുമൊക്കെ സി.പി.എമ്മിന് വിലപ്പെട്ടതാകും. അതിനാല്‍ സി.പി.ഐയെ സംശയത്തോടെ കാണുന്നപക്ഷം മുഖ്യമന്ത്രിക്ക് ചെറുകക്ഷികളെ കൈവിടാനാകില്ല. തോമസ് ചാണ്ടിയില്‍ മുഖ്യമന്ത്രി നല്‍കിയ പിന്തുണക്കും താല്പര്യത്തിനും മറ്റൊരു കാരണം കാണുന്നില്ല. അതിനാലാണ് എൻ.സി.പിയുടെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടിവന്ന രണ്ട് അംഗങ്ങളില്‍ ആരെങ്കിലും കുറ്റ വിമുക്തരായാല്‍ അവര്‍ക്ക് അപ്പോള്‍ തന്നെ മന്ത്രിപദം നല്‍കാമെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവരുന്നത്. 

 

എന്തായാലും ഇന്നലെ മന്ത്രിസഭായോഗത്തില്‍ നിന്നു മാറിനിന്ന സി.പി.ഐയുടെ ഇനിയുള്ള വഴികള്‍ സുഗമമാകില്ല. മന്ത്രിസഭയുടെ പൊതു വിശ്വാസ്യതയെയും കൂട്ടുത്തരവാദിത്വത്തെയും സി.പി.ഐ ഈ നടപടിയിലൂടെ ചോദ്യം ചെയ്തുകഴിഞ്ഞു. അതിനാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ഒരു സംശയദൃഷ്ടയോടെയാകും മേലില്‍ വീക്ഷിക്കുക എന്ന തോന്നല്‍ സി.പി.ഐ നേതാക്കളിലും ഉണ്ടായിട്ടുണ്ട്. സോളാര്‍ കേസുവഴി പ്രതിപക്ഷത്തിനുണ്ടായ ഇടിവില്‍ നിന്നു ചെറിയോരു ആശ്വാസം നല്‍കുന്നതാണ് മന്ത്രിയുടെ രാജിയിലേക്കു നയിച്ച സംഭവങ്ങളെങ്കിലും ചാണ്ടിക്കുവേണ്ടി ഹാജരായ വക്കീല്‍ കോണ്‍ഗ്രസ് എംപിയാണെന്നത് അവരെയും വിഷമിപ്പിക്കുന്നുണ്ട്. 

Tags:    
News Summary - CPI Victory on Thomas Chandy Issue-Open Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.