പഠിക്കുമോ ഇനിയെങ്കിലും കോൺഗ്രസ്

മുതിർന്ന പ്രവർത്തക സമിതി അംഗങ്ങളും മുൻ മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും അടക്കം മുതിർന്ന നേതാക്കൾ പുറത്തുവിട്ട കത്ത് ബോംബ് വൻ വിസ്ഫോടനമൊന്നും സൃഷ്​ടിച്ചില്ലെങ്കിലും അതിെൻറ തുടർ പ്രകമ്പനങ്ങളും പുകപടലങ്ങളും കോൺഗ്രസിനെ വിെട്ടാഴിയുന്ന മട്ട് കാണുന്നില്ല. പ്രവർത്തക സമിതി പതിവ് പോലെ സോണിയക്കും രാഹുലിനും ഗാന്ധി കുടുംബത്തിനും സ്തുതി പാടി പിരിഞ്ഞെങ്കിലും, നേതാക്കൾ ഉയർത്തിയ സുപ്രധാന വിഷയത്തിെൻറ മെറിറ്റിലേക്ക് ഇനിയെങ്കിലും ചർച്ച പോയില്ലെങ്കിൽ ഇന്ത്യയുടെ 'ഗ്രാൻഡ് ഒാൾഡ് പാർട്ടി'യുടെ ഉർധശ്വാസം കൂടുതൽ വേഗത്തിലാവുമെന്ന് ഇപ്പോഴത്തെ നീക്കത്തെ എതിർത്ത നേതാക്കൾ പോലും അടക്കം പറഞ്ഞുതുടങ്ങിയിട്ടുണ്ട്. പലവിധ സ്ഥാനനഷ്​ട ഭയങ്ങളും ഭൈമീകാമുക വിലാപങ്ങളും 'കത്ത് വിപ്ലവ'ത്തിനു കാരണമായിട്ടുണ്ടെങ്കിലും നൂറു കോടിയിലേറെ വോട്ടർമാരുള്ള രാജ്യത്ത് മുഖ്യ പ്രതിപക്ഷ കക്ഷിക്ക് പ്രസിഡൻറ് പദവിയിൽ ഉറച്ചിരിക്കാനും നേരേ ചൊവ്വേ പാർട്ടി കാര്യങ്ങൾ നോക്കാനും ആളില്ല എന്നു വരുന്നത് ജനാധിപത്യ, മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏത് ഇന്ത്യക്കാരനും ആശങ്ക പകരുന്ന വസ്തുതയാണ്.


കുടുംബാധിപത്യ ആരോപണങ്ങൾ ശക്തമാണെങ്കിലും കോൺഗ്രസിെൻറ സവിശേഷ രാഷ്​ട്രീയ ഘടനയിൽ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പറ്റിയ ചോയ്സ് രാഹുൽ, പ്രിയങ്കമാർ തന്നെയാണെന്നതിൽ ബഹുഭൂരിപക്ഷം പാർട്ടിക്കാർക്കും ഇപ്പോഴും എതിർപ്പില്ല. പക്ഷേ, ചുമതലകളിൽനിന്ന് പലപ്പോഴും ഒാടിയകലുന്ന നേതൃത്വം അവരുടെ പ്രതീക്ഷകളെയാണു തല്ലിക്കെടുത്തുന്നത്. തെരഞ്ഞെടുപ്പിൽ സ്ഥിരമായി തിരിച്ചടിയേൽക്കുന്ന സംസ്ഥാനങ്ങളിൽപ്പോലും പല തലങ്ങളിലും കോൺഗ്രസിനു കമ്മിറ്റികളോ ഭാരവാഹികളോ ഇല്ലെന്നതു രണ്ടു ദശകത്തിലേറെയായി തലപ്പത്തിരിക്കുന്നവരുടെ വീഴ്ച തന്നെയാണ്. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരായ പോരാട്ടത്തിൽ ഇപ്പോഴും അനിഷേധ്യ സ്ഥാനത്തു നിൽക്കുന്ന രാഹുൽ തന്നെ മുഴു സമയ പ്രസിഡൻറായി ചുമതലയേൽക്കുകയും താഴേത്തലത്തിൽ പാർട്ടി കെട്ടിപ്പടുക്കാൻ ആത്മാർഥമായി രംഗത്തിറങ്ങുകയും ചെയ്താൽ ഇപ്പോൾ പ്രതിഷേധം ഉയർത്തിയവർ പോലും കൂടെ നിൽക്കുമെന്നുതന്നെയാണ് അവരുടെ വാക്കുകൾ നൽകുന്ന സൂചന.

പക്ഷേ, അതിനു പകരം നേതൃത്വം വൈരനിര്യാതനത്തിന് ഇറങ്ങിപ്പുറപ്പെട്ടാൽ പാർട്ടിക്ക് അധോഗതി തന്നെയാവും തുടർന്നും ഫലം. ഒരു ദശകത്തിലേറെയായി പാർട്ടി നേതൃത്വത്തിൽ തുടരുന്ന രാഹുൽ ഇനിയുമെത്താത്ത ലോക്സഭാ മണ്ഡലങ്ങളാവും ഒരുപക്ഷേ ഇന്ത്യയിൽ കൂടുതലുണ്ടാവുക. ജനത പാർട്ടി അധ്യക്ഷനായിരിക്കെ മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ നടത്തിയതുപോലെ പദയാത്രക്കൊന്നും മുതിർന്നില്ലെങ്കിലും രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലൂടെയും ദേശീയ അധ്യക്ഷൻ കടന്നുപോവുകയും അതിനോടനുബന്ധമായി വിവിധ പാർട്ടി ഘടകങ്ങൾക്ക് ഉൗർജം പകരുകയും ചെയ്തുകൊണ്ട് ജനങ്ങളിലേക്കിറങ്ങുന്ന രാഷ്​​്ട്രീയത്തിന് തുടക്കമിട്ടാൽ കോൺഗ്രസിെൻറ മടങ്ങിവരവ് ശ്രമങ്ങൾ തീർച്ചയായും ശക്തിപ്പെടുകതന്നെ ചെയ്യും. പകരം അണികളെയും ജനത്തെയും മറന്നു നേതാക്കൾ നീങ്ങിയാൽ ജനം പാർട്ടിയെ പടിയടച്ചു പിണ്ഡംവെക്കും.


ഗഹ്​ലോട്ടിന് നാട്ടുപ്രമാണിമാരുടെ പിന്തുണ

പാർട്ടിയിലെ പ്രഥമ കുടുംബത്തിനു വെളിയിൽനിന്നൊരാൾ മതി പ്രസിഡൻറ് പദവിയിൽ എന്ന് അന്തിമമായി തീരുമാനിച്ചാലും ഒറ്റ പേരിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്നതല്ല കോൺഗ്രസിെല പടലപിണക്കങ്ങളും ശാക്തിക ചേരികളും. ഇന്ദിര ഗാന്ധിയുടെ കാലം മുതലേ പാർട്ടിയിലെ രാജകുടുംബത്തിെൻറ അടുപ്പക്കാരനും നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ ഏറ്റവും തലമുതിർന്ന നേതാവുമായ അശോക് ഗഹ്​ലോട്ട് ആണു സാധ്യതാ പട്ടികയിൽ ഏറ്റവും മുന്നിൽ നിർത്താൻ പറ്റുന്ന ഒരു നേതാവ്. സംഘടനാ പ്രവർത്തനത്തിലും ഭരണ പാടവത്തിലും പരിചയ സമ്പന്നനായ ഗഹ്​ലോട്ടിെൻറ നേതൃത്വം പാർട്ടിക്കു പുത്തനുണർവ് പകരാൻ കരുത്തേകുമെന്നു കരുതാൻ ന്യായമേറെയുണ്ടുതാനും. 1971ൽ ബംഗ്ലാദേശ് അഭയാർഥി പ്രവാഹത്തിെൻറ നാളുകളിൽ അവരുടെ ക്യാമ്പുകളിലെ സന്നദ്ധ പ്രവർത്തനത്തിൽ ചുറുചുറുക്കോടെ ഒാടിനടന്ന വിദ്യാർഥിയെ ഇന്ദിര ഗാന്ധി നേരിട്ടാണു കോൺഗ്രസ് രാഷ്​ട്രീയത്തിലേക്കു കൈപിടിച്ചാനയിച്ചത്. എൻ.എസ്.യു സംസ്ഥാന പ്രസിഡൻറായി രാജസ്ഥാനിൽ കോൺഗ്രസിെൻറ വിദ്യാർഥി പ്രസ്ഥാനം കെട്ടിപ്പൊക്കിയ ഗഹ്​ലോട്ടിന് പിന്നീട് പാർട്ടിയിൽ എന്നും മുൻനിരയിൽതന്നെയായിരുന്നു സ്ഥാനം.

രാഹുലിെൻറയും പ്രിയങ്കയുടെയും വിശ്വസ്തനായ യുവ നേതാവ് സചിൻ പൈലറ്റിെൻറ കലാപനീക്കം അതിജീവിച്ചു മുഖ്യമന്ത്രി കസേരയിൽ മൂന്നാം വട്ടവും അമർന്നിരിക്കുന്ന ഗഹ്​ലോട്ട് രാജസ്ഥാെൻറ ഭരണസാരഥ്യത്തിൽ 12 വർഷമാണ് പിന്നിടാൻ പോകുന്നത്. രാജീവ് ഗാന്ധിയുടെയും പി.വി. നരസിംഹ റാവുവിെൻറയും മന്ത്രിസഭകളിൽ അംഗമായിരുന്ന ഗഹ്​ലോട്ട് 10 വർഷം പി.സി.സി പ്രസിഡൻറുമായിരുന്നു. അഞ്ചു വർഷത്തോളം അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന ഗഹ്​ലോട്ടിെൻറ ചുമതലയിൽ കഴിഞ്ഞ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചതും അദ്ദേഹത്തിെൻറ സംഘടനാ പാടവത്തിനു തെളിവ് തന്നെയാണ്. പാർട്ടിയിലാകമാനം പൊതുസ്വീകാര്യത ഉണ്ടെന്നതാണ് ഗഹ്​ലോട്ടിന് ഏറ്റവും അനുകൂലമായ ഘടകം. കോൺഗ്രസിലെ പ്രാദേശിക നാടുവാഴികളായ കമൽനാഥ്, അമരീന്ദർ സിങ്, അശോക് ചവാൻ എന്നിവരുമായെല്ലാം അദ്ദേഹത്തിനു നല്ല അടുപ്പമുണ്ട്.

പക്ഷേ, പ്രസിഡൻറ് പദവിയിൽനിന്നു മാറിനിന്നാലും കടിഞ്ഞാൺ കൈവിടാതിരിക്കാൻ ഗാന്ധി കുടുംബവും സ്തുതിപാഠക വൃന്ദവും മുന്നിൽതന്നെ ഉണ്ടാകുമെന്നതു ഗഹ്​ലോട്ടിെൻറ സാധ്യതക്കു മങ്ങലേൽപ്പിക്കുന്നതാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അടക്കം പാർട്ടിക്കേറ്റ തിരിച്ചടിയുടെ പേരിൽ മുതിർന്ന നേതാക്കളെ കുറ്റപ്പെടുത്തി പദവിയൊഴിഞ്ഞ രാഹുൽ അന്ന് ഉന്നംവെച്ചവരിൽ ഗഹ്​ലോട്ടുമുണ്ടായിരുന്നു എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്. ഗഹ്​ലോട്ടിെൻറ എതിരാളി സചിൻ പൈലറ്റിന് കരുത്തായതും ഗാന്ധി കുടുംബത്തിലെ ഇളംമുറക്കാരാണ്. അതുകൊണ്ടുതന്നെ അവരുടെ അകമഴിഞ്ഞ പിന്തുണ ഗഹ്​ലോട്ടിനു കിട്ടുെമന്നു പ്രതീക്ഷിക്കാനാവില്ല. ആ പിന്തുണയില്ലാതെ കോൺഗ്രസിെൻറ കുഞ്ചിക പദവിലേക്കുള്ള പ്രയാണം ഏതാണ്ട് അസാധ്യവുമാണ്. തന്നെയുമല്ല, മുഖ്യമന്ത്രി പദവിയിൽ മൂന്നു വർഷത്തോളം ബാക്കിയുള്ള ഗഹ്​ലോട്ട് അതു വിെട്ടറിഞ്ഞു അത്രയൊന്നും ശോഭനമല്ലാത്ത പാർട്ടി പ്രസിഡൻറിെൻറ മുൾക്കിരീടം അണിയാൻ സന്നദ്ധനാവുമോ എന്നും കണ്ടറിയണം.


ബൗദ്ധിക പരിവേഷം തുണയ്ക്കുമോ തരൂരിനെ

രാഹുലോ പ്രിയങ്കയോ അല്ലെങ്കിൽ കോൺഗ്രസ് പ്രസിഡൻറ് എന്നു സ്വയം ഉറപ്പിച്ച നിലയിലാണ് മുൻ കേന്ദ്രമന്ത്രിയും എഴുത്തുകാരനും മുതിർന്ന നേതാവുമായ ശശി തരൂരിെൻറ വാക്കുകളെല്ലാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിയും സംഘ്പരിവാറും മുന്നോട്ടുവെക്കുന്ന വിദ്വേഷ രാഷ്​ട്രീയത്തിനും എതിരായ പോരാട്ടത്തിൽ അക്ഷരങ്ങൾ കൊണ്ടു വിസ്ഫോടനം തീർക്കുന്ന തരൂർ, പ്രധാനമായും അതുകൊണ്ടുതന്നെ ഇടതുപക്ഷം അടക്കം പ്രതിപക്ഷ പാർട്ടികൾക്കും നിഷ്പക്ഷമതികൾക്കും ഏറെ സ്വീകാര്യനുമാണ്. കക്ഷി രാഷ്​ട്രീയത്തിെൻറ കെട്ടുപാടുകളിൽ കുടുങ്ങിക്കിടക്കാത്ത വികസന കാഴ്ചപ്പാടും വികസന ചിന്തയും മുന്നോട്ടുവെക്കുന്ന തരൂർ, ഒരുപക്ഷേ കേരളത്തിൽ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഒരു ജനഹിത പരിശോധന നടത്തിയാൽ ഏറ്റവുമധികം വോട്ട് നേടാനിടയുള്ള നേതാവുമായിരിക്കും. കോൺഗ്രസ് പ്രസിഡൻറ് പദവി ചർച്ചകൾ വീണ്ടും സജീവമായതിനുശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന പേരും തരൂരിേൻറതുതന്നെ. പക്ഷേ, പ്രാദേശികതയും ജാതിസമവാക്യങ്ങളും ഉപജാപങ്ങളും ചരടുവലികളും ജനപ്രിയ ഗിമ്മിക്കുകളും ഗതി നിർണയിക്കുന്ന ഇന്ത്യൻ രാഷ്​ട്രീയത്തിെൻറ പത്മവ്യൂഹം ഭേദിച്ചു കോൺഗ്രസിെൻറ വിജയത്തേര് തെളിക്കാൻ ഇൗ ബൗദ്ധിക ബ്രഹ്മാസ്ത്രങ്ങളോ അക്ഷര പടവാളുകളോ മതിയാവുമെന്നു തോന്നുന്നില്ല.

12 വർഷത്തിലേറെയായി എം.പിയായിരിക്കുന്ന സ്വന്തം മണ്ഡലമായ തിരുവനന്തപുരത്തുപോലും സാധാരണ കോൺഗ്രസ് പ്രവർത്തകരുമായും നേതാക്കളുമായി തരൂരിനുള്ള ബന്ധം കണ്ടറിയേണ്ടതാണ്. മുൻ കേന്ദ്രമന്ത്രിയും കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമായ കൊടിക്കുന്നിൽ സുരേഷ് കഴിഞ്ഞദിവസം പൊട്ടിച്ച വെടി ആ നിലയ്ക്ക് ഒരു തുടക്കം മാത്രമാണെന്നു തോന്നുന്നു. പ്രസിഡൻറ് സ്ഥാനാർഥികൾ തമ്മിലുള്ള ടെലിവിഷൻ സംവാദത്തിൽ വോട്ടുകൾ അടിപടലേ മാറുന്ന അമേരിക്കൻ രാഷ്​ട്രീയാന്തരീക്ഷമായിരുന്നെങ്കിൽ തീർച്ചയായും തരൂർ തന്നെയാവുമായിരുന്നു പാർട്ടി അധ്യക്ഷ പദവിയിലേക്കു കോൺഗ്രസിെൻറ ബെസ്​റ്റ്​ ബെറ്റ് എന്നു നിസംശയം പറയാൻ കഴിയും. പക്ഷേ, ദൗർഭാഗ്യവശാൽ ഇത് ഇന്ത്യയും കേരളവുമായിപ്പോയി.

വിജൃംഭിതമായ ഇംഗ്ലീഷ് പദാവലികളുടെ പ്രയോഗങ്ങളാൽ ഒട്ടേറെ ആരാധകരെ നേടിയെടുത്ത തരൂരിന് പക്ഷേ ഹിന്ദി ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ ഹിന്ദി ഹൃദയ ഭൂമിയിലെ ജനസാമാന്യത്തിനിടയിലേക്ക് കടന്നുകയറുക വൈഷമ്യമായിരിക്കുമെന്നതും പാർട്ടിയിലെ ഒന്നാമൻ ആകാനുള്ള ശ്രമങ്ങൾക്ക് വലിയ പ്രതിബന്ധം ആണ് സൃഷ്​ടിക്കുന്നത്. ഹിന്ദിയുടെ പേരിൽ മാത്രം ഈ ദക്ഷിണേന്ത്യൻ പ്രതിഭയുടെ പേര് വെട്ടിമാറ്റാൻ എതിരാളികൾക്ക് അനായാസം കഴിയും.


ഖാർഗെയുടെ ബലം ഗാന്ധി കുടുംബം

സാധ്യതാ പട്ടികയിൽ മുന്നിലുള്ള മറ്റൊരു നേതാവാണ് മല്ലികാർജുൻ ഖാർഗെ. ഗാന്ധി കുടുംബവുമായുള്ള അടുപ്പം തന്നെയാണു ഖാർഗെയുടെ തുറുപ്പ്ശീട്ട്. കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസിെൻറ കക്ഷിനേതാവായിരുന്ന ഖാർഗെ ഇത്തവണ തെരഞ്ഞെടുപ്പിൽ തോറ്റുപോയിട്ടും രാജ്യസഭയിലൂടെ വീണ്ടും പാർലമെൻറിൽ എത്തിയത് ഇൗ അടുപ്പം ഒന്നുകൊണ്ടു മാത്രമാണ്. ദലിത് മുഖമായി ഉയർത്തിക്കാട്ടാൻ കഴിയുന്നു എന്നതും ഖാർഗെയുടെ നേട്ടമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാതെ വരികയും കോൺഗ്രസ് മികച്ച മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായാൽ രാഹുൽ മാറിനിന്ന് ഖാർഗെയെ പ്രധാനമന്ത്രിയാക്കിയേക്കുമെന്ന് അന്ന് ചർച്ച സജീവമാകാൻ കാരണവും ഇൗ ഘടകങ്ങൾ തന്നെയായിരുന്നു.

പക്ഷേ, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുമായി നേർക്കുനേർ എതിരിടുകയാണു പുനഃസംഘടന കൊണ്ടു കോൺഗ്രസ് ഉദ്ദേശിക്കുന്നതെങ്കിൽ 78 കാരനായ ഖാർഗെക്ക് എത്രകണ്ട് അതിന് പാർട്ടിയെ സജ്ജമാക്കാൻ കഴിയും എന്നതു കണ്ടുതന്നെ അറിയണം. എങ്കിലും പകരമൊരാൾ എന്ന തീരുമാനത്തിൽ രാഹുലും പ്രിയങ്കയും ഉറച്ചുനിന്നാൽ ഖാർഗെ മുൻനിരയിൽ തന്നെയുണ്ടാവും.


കത്ത് വിവാദം ശർമക്കു തിരിച്ചടി

കത്ത് വിവാദത്തിെൻറ പിന്നണിക്കാരൻ എന്ന പേര് മറ്റു പ്രകാരങ്ങളിൽ മുൻനിരക്കാരനാവാമായിരുന്ന ആനന്ദ് ശർമയുെട സാധ്യതകളെയും പിറകോട്ട് അടിക്കുന്നുണ്ട്. കോൺഗ്രസിെൻറ വിദ്യാർഥി വിഭാഗമായ എൻ.എസ്.യുവിെൻറ സ്ഥാപക നേതാക്കളിലൊരാളും യൂത്ത് കോൺഗ്രസ് മുൻ ദേശീയാധ്യക്ഷനും പാർട്ടി വക്താവും മുൻ കേന്ദ്രമന്ത്രിയുമെന്ന നിലയിൽ അണികൾക്കും ജനങ്ങൾക്കും സുപരിചിത മുഖവുമാണെന്നത് ശർമക്ക് വളരെ അനുകൂലമായ മുൻതൂക്കം നൽകുന്ന ഘടകമായിരുന്നു.

രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവും മുൻ വാണിജ്യ, വ്യവസായ മന്ത്രിയുമെന്ന നിലയിൽ പാർലമെൻററി രംഗത്തും ഭരണരംഗത്തും ശർമയുടെ പരിചയം പാർട്ടിക്ക് ഉപകാരപ്രദമാക്കാമായിരുന്നു എന്നു വിശ്വസിക്കുന്ന കോൺഗ്രസുകാർ ഇപ്പോഴും ഏറെയുണ്ട്. പക്ഷേ, പ്രസിഡൻറ് പദ വിവാദത്തിനു ശേഷം പാർട്ടിയുടെ പാർലമെൻററി സമിതി പുനഃസംഘടനയിൽ ശർമക്കടക്കം ക്ലിപ്പ് ഇട്ട കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നടപടി ആനന്ദ് ശർമക്കും അത്ര ശുഭ സൂചനയല്ല നൽകുന്നതെന്നു വ്യക്തം.


വരുമോ ക്യാപ്റ്റൻ

രാജപാരമ്പര്യ സിരകളിലേറുന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംഘടനാ പാടവത്തിലും ഭരണപാടവത്തിലും പ്രഗൽഭനും ജനപ്രിയ രാഷ്​ട്രീയത്തിെൻറ ചേരുവകൾ അറിയുന്ന സമർഥനായ രാഷ്​ട്രീയക്കാരനും ആണെങ്കിലും ഒരു പാൻ ഇന്ത്യൻ മുഖമല്ല എന്നത് പ്രസിഡൻറ് പദവിയിലേക്കൊരു വെല്ലുവിളിയാണ്. മുതിർന്ന നേതാക്കൾ ഉയർത്തിയ കലാപത്തിലും രാഹുലിനും സോണിയക്കും ഉറച്ച പിന്തുണ പ്രഖ്യാപിച്ച ക്യാപ്റ്റൻ ഗാന്ധി കുടുംബത്തിെൻറ വിശ്വസ്തൻ ആണെന്നത് തീർച്ചയായും അദ്ദേഹത്തിന് പ്രബലമായ സാധ്യത നൽകുന്നുണ്ട് എന്നു നിസംശയം പറയാം. പക്ഷേ, മുഖ്യമന്ത്രി കസേര വിട്ടുകൊടുത്തു പാർട്ടി പ്രസിഡൻറിെൻറ ഉറപ്പില്ലാത്ത കസേരയിേലക്കു വരാൻ അമരീന്ദർ സന്നദ്ധനാവുമോ എന്നതിലാണു പ്രധാന സംശയം.


ബാഗൽ ബെസ്റ്റ് ബെറ്റ്

പാർട്ടിയിലെ പ്രമുഖരുടെയെല്ലാം ശക്തിദൗർബല്യങ്ങൾ വിലയിരുത്തി വരുേമ്പാഴാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിെൻറ പേരിനു പ്രസക്തിയേറുന്നത്. പ്രായവും ജനപ്രീതിയും സംഘാടന മികവും സർവോപരി ഗാന്ധി കുടുംബവുമായുള്ള അടുപ്പവുമെല്ലാം പരിഗണിച്ചാൽ തീർച്ചയായും കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കു പരിഗണിക്കപ്പെടേണ്ടയാളാണ് ബാഗൽ. അഭിഭക്ത മധ്യപ്രദേശിൽ ദിഗ്​വിജയ് സിങ് മന്ത്രിസഭയിൽ അംഗമായിരുന്ന ബാഗൽ ഛത്തീസ്ഗഡിെൻറ പ്രഥമ റവന്യു മന്ത്രിയെന്ന നിലയിലും ഭരണപാടവം തെളിയിച്ചു. ദീർഘകാലം ബി.ജെ.പി ഭരണത്തിൻകീഴിലായ സംസ്ഥാനത്തു മുൻനിര നേതാക്കൾ ഒന്നടങ്കം നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നു നേതൃദാരിദ്ര്യത്തിൽ പകച്ചുപോയ കോൺഗ്രസിനെ ചാരത്തിൽനിന്നു പുനരുജ്ജീവിപ്പിച്ചതു മാത്രം മതി ബാഗലിെൻറ സംഘാടന മികവിനു നക്ഷത്ര തിളക്കമേവാൻ.

ദർഭ താഴ്വരയിൽ 2013ലുണ്ടായ നക്സൽ ആക്രമണത്തിൽ മുൻ കേന്ദ്രമന്ത്രി വിദ്യാചരൺ ശുക്ല, പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ, മുതിർന്ന നേതാവായ നന്ദകുമാർ പേട്ടൽ എന്നിവരടക്കം 28 നേതാക്കളാണ്​ മാവോവാദികളാൽ കൊല്ലപ്പെട്ടത്. തുടർന്നു പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ ബാഗലിെൻറ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം േപാലെ പ്രവർത്തിച്ചാണ് ഒന്നര പതിറ്റാണ്ടിനു ശേഷം സംസ്ഥാനത്തു കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ അധികാരം തിരിച്ചുപിടിച്ചത്. മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷവും ജനപ്രിയ നടപടികളുമായി ബാഗൽ ജനങ്ങളെ കൈയിൽ എടുക്കുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ കാർഷിക കടാശ്വാസം നടപ്പാക്കാൻ സത്യപ്രതിജ്ഞ ചെയ്തു മണിക്കൂറികൾക്കകം ഉത്തരവിറക്കിയ ബാഗലിെൻറ നടപടി കടുത്ത കോൺഗ്രസുകാരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. നെല്ല് സംഭരണ വില 50 ശതമാനം വർധിപ്പിച്ചതടക്കം കാർഷിക സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കുന്നതിനും ആദിവാസി ക്ഷേമത്തിനും കൊണ്ടുവന്ന പദ്ധതികൾ നെഹ്റുവിയൻ കാലത്തു കോൺഗ്രസ് പിന്തുടർന്ന സോഷ്യലിസ്​റ്റ്​ ചിന്താഗതിയുടെ ആശയം പിൻപറ്റുന്ന നടപടികളായിരുന്നു.

പാർട്ടിയിൽനിന്നകന്ന പഴയ വോട്ട്ബാങ്കുകൾ തിരിച്ചുപിടിക്കാനുതകുന്നതായിരുന്നു ബാഗൽ നടപ്പാക്കിയ പദ്ധതികളെല്ലാം. അത്തരമൊരു നേതാവ് ദേശീയതലത്തിൽ തലപ്പത്തുവന്നാൽ പാർട്ടിയുടെ നയനിലപാടുകളിലും പരിവർത്തനങ്ങൾ ഉണ്ടാകുമെന്നു തീർച്ചയാണ്. ബാഗലിനെപ്പോലെ മുഴുസമയം പ്രവർത്തിക്കുന്ന ഉൗർജസ്വലനായ നേതാവിന് തീർച്ചയായും കോൺഗ്രസിെൻറ തലവര മാറ്റിയെഴുതാൻ കഴിയും. ജനകീയ മുഖങ്ങളായ രാഹുൽ, പ്രിയങ്കമാരും ഞണ്ട് ശൈലി മാറ്റി ഇതര നേതാക്കളും കട്ടയ്ക്കു കുടെ നിൽക്കണമെന്നു മാത്രം.


എവിടെയുമെത്തിക്കില്ല റബർ സ്​റ്റാമ്പുകൾ

മുെമ്പാരവസ്ഥയിലായിരുന്നെങ്കിൽ ഹൈക്കമാൻറുമായുള്ള അടുപ്പംവെച്ചു സ്വാഭാവിക ചോയ്സ് ആയി മാറുമായിരുന്ന ആളാണ് ഗുലാം നബി ആസാദ്. അസ്വസ്ഥതയുണ്ടാകുന്ന പാർട്ടി ഘടകങ്ങളിലെല്ലാം ഹൈക്കമാൻറിെൻറ ട്രബ്ൾ ഷൂട്ടറായിരുന്ന ഗുലാം നബി ഇപ്പോൾ കത്ത് ബോംബിെൻറ പ്രധാന സൂത്രധാരനെന്ന നിലയിൽ അനഭിമതനായെന്നു മാത്രമല്ല, ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്​്ട്രീയം വൻ വിളവെടുപ്പ് നടത്തുന്ന സമകാലിക ഇന്ത്യൻ പരിസ്ഥിതിയിൽ മുസ്​ലിമായ ഗുലാം നബിയെ തെരഞ്ഞെടുക്കുക എന്ന സാഹസത്തിനു കോൺഗ്രസുകാർ മുതിരുമെന്നു കരുതുക വയ്യ. രാഹുൽ ഗാന്ധിക്ക് പ്രിയങ്കരനല്ലാത്തത് കമൽനാഥിെൻറ സാധ്യതക്കും മങ്ങലേൽപ്പിക്കുന്നു.

പദവിയേൽക്കുന്നില്ലെങ്കിൽ പ്രാപ്തിയുള്ളവരെ കണ്ടെത്തി നേതൃസ്ഥാനത്ത് ഇരുത്തുകയും പാർട്ടിയെ ശക്തിപ്പെടുത്താൻ അവർ കറകളഞ്ഞ പിന്തുണ നൽകുകയുമാണ് ഗാന്ധി കുടുംബം അടക്കം കോൺഗ്രസുകാർ ചെയ്യേണ്ടത്. അതിനു പകരം ഒളിച്ചുകളി നാടകം തുടരാനും റബർ സ്​റ്റാമ്പുകളെ അവരോധിക്കാനുമാണ് ഇനിയും ശ്രമിക്കുന്നതെങ്കിൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ മുഖ്യപ്രതിപക്ഷമെന്ന സ്ഥാനം പോലും ഏതെങ്കിലും പ്രാദേശിക കക്ഷിക്കു മുന്നിൽ അടിയറ വെക്കേണ്ട ഗതികേടിലാവും കോൺഗ്രസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.