ആർ.എൽ.വി. രാമകൃഷ്​ണൻ നൃത്തവേഷത്തിൽ

കലയിലെ ജാതിചിഹ്നങ്ങളും സാംസ്കാരിക മൗനവും

    പല കാര്യത്തിലും മാതൃകയായ കേരളം ജാതിക്കെതിരായ പോരാട്ടത്തിലും ധീരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിന് സാക്ഷ്യംവഹിച്ച മഹദ്​വ്യക്തിത്വങ്ങൾ ഇപ്പോഴും കേരളത്തി​െൻറ വെളിച്ചമാണ്. അവരുടെ ഇടപെടൽ മൊത്തത്തിലുള്ള ജീവിതാവസ്ഥകളെ സ്വാധീനിച്ചിട്ടുമുണ്ട്. ഇതിനർഥം കേരളത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജാതിചിന്ത നിലനിൽക്കുന്നില്ല എന്നല്ല. കൃത്യമായ രീതിയിൽ പ്രത്യക്ഷത്തിൽ അല്ലെങ്കിലും സവർണ ജീവിതചിന്തകൾ വലിയ ശതമാനം മനുഷ്യരിൽ ഇപ്പോഴും നിലനിൽക്കുന്നു. അതി​െൻറ അപകടകരമായ ലക്ഷണങ്ങൾ കഴിഞ്ഞ കാലങ്ങളിൽനിന്നു വ്യത്യസ്തമായി സാംസ്​കാരിക ഇടങ്ങളിൽ നിറഞ്ഞാടാൻ തുടങ്ങിയിട്ടുണ്ട്​. അതിനെ ഗൗരവത്തിൽ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഭാവികേരളത്തിൽ അതുണ്ടാക്കുന്ന മനുഷ്യത്വവിരുദ്ധത ഭീകരമായിരിക്കും.

ഇന്ത്യയിലെയും കേരളത്തിലെയും രാഷ്​ട്രീയാധികാരത്തെ നിർണയിക്കുന്നതിൽ ജാതി വലിയ ഘടകമാണ്. ഇന്നതിന് ഭരണകൂടതാൽപര്യത്തെ നിർണയിക്കാനുള്ള ശക്തിയുണ്ട്. ഇതൊന്നും പുരോഗമനസമൂഹത്തിൽ നിലനിൽക്കില്ല എന്നൊരു ധാരണ കേരളീയ സാംസ്​കാരികപക്ഷത്തെ മുൻനിർത്തി വാദിച്ചവരുണ്ട്. ഈ പുരോഗമന ധാരണയിൽതന്നെ ഇടതുപക്ഷത്തെ ഒന്നുകൂടി സാംസ്​കാരിക ഔന്നത്യത്തിൽ സ്ഥാപിക്കാൻ ബുദ്ധിജീവികളും സാംസ്​കാരികപ്രവർത്തകരും ശ്രമിക്കാറുണ്ട്. എന്നാൽ, അതൊക്കെ പൊതുസമൂഹത്തി​െൻറ കൈയടിക്കാണ് എന്ന് ഏതാനും വർഷത്തെ അനുഭവം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. അതി​െൻറ ലക്ഷണങ്ങൾ പൊതുസമൂഹ ജീവിതത്തിലായിരുന്നില്ല, സാംസ്​കാരികപക്ഷത്തായിരുന്നു എന്നതാണ് ഞെട്ടിക്കുന്നത്​.

നിലവിലെ ഇന്ത്യൻസാഹചര്യങ്ങളിൽ ജാതിബോധവും അയിത്തചിന്തയും രാഷ്​​ട്രീയ അധികാരഘടനയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. അതാകട്ടെ, ഏതെങ്കിലും പ്രാദേശിക, സാംസ്കാരിക, രാഷ്​ട്രീയപരിധിക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതുമല്ല. മറിച്ച് കേരളത്തെപ്പോലുള്ള ഒരിടത്ത് അമർത്തിപ്പിടിച്ച ജാതിബോധത്തെ അത് പുതിയ ഉണർവിലേക്കാണ് നയിക്കുന്നത്. അതി​െൻറ കാരണം ഹിന്ദുത്വ രാഷ്​ട്രീയാധികാരം മേൽജാതിഘടനയെ അളവറ്റ രീതിയിൽ ഉയർത്തിക്കൊണ്ടുവരുന്നതാണ്. കേരളീയ നവോത്ഥാന ചിന്താധാരകളുണ്ടാക്കിയ സാമൂഹികപരിഷ്​കരണങ്ങളെപ്പോലും ഇത് അക്കാദമികതലം മുതൽ അട്ടിമറിക്കുകയാണ്. ഭൂരിപക്ഷം വരുന്ന മേൽജാതിയാൽ നിയന്ത്രിക്കപ്പെടുന്ന പൊതുസംവിധാനങ്ങളിൽ സവർണതാൽപര്യങ്ങൾ പെട്ടെന്ന് നടപ്പാക്കാൻ കഴിയുന്നു. ഏറ്റവും ഒടുവിൽ കേരള നാടക അക്കാദമിയിൽനിന്ന് നൃത്തകലയിൽ ഡോക്ടറേറ്റ് നേടിയ ആർ.എൽ.വി. രാമകൃഷ്ണ​െൻറ അനുഭവം അതാണ് തെളിയിക്കുന്നത്.

കുലമഹിമ അവകാശപ്പെടുന്ന ഭാരതീയ കലാരംഗം സവർണജാതിക്കാര​െൻറ കൈയിലാണ് എക്കാലത്തും. അപ്പോഴൊക്കെ ജാതികൊണ്ടു മാത്രം പിന്നാക്കംനിന്നവർക്ക് മുഖ്യധാരയിലെത്താൻ കഴിഞ്ഞിട്ടില്ല. അവരാകട്ടെ, മണ്ണിൽ പണിയെടുത്തതി​െൻറ നോവും നൊമ്പരവും പാടിക്കൊണ്ടിരുന്നു. കേരളത്തിൽ ഇങ്ങനെ നാടൻപാട്ടിനെ ജനകീയവത്​കരിച്ചതിൽ അന്തരിച്ച കലാഭവൻ മണിക്ക് വലിയ പങ്കുണ്ട്. മണിയുടെ അനുജനാണ് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ആർ.എൽ.വി. രാമകൃഷ്ണൻ. ആ അനുഗൃഹീത കലാകാരനാണ് കേരള നാടകകലാ അക്കാദമിയിൽനിന്ന് വിവേചനം നേരിടേണ്ടിവന്നത്.

രാമകൃഷ്ണന് നേരിടേണ്ടിവന്ന അവഗണന കേവലം അവസരനിഷേധം മാത്രമല്ല. അതൊരു സമ്പൂർണ ജാതിവിവേചനംതന്നെയാണ്. ദലിതനായ രാമകൃഷ്ണന് അവസരം നൽകിയാൽ അക്കാദമിക്ക് പേരുദോഷം സംഭവിക്കും എന്നു പറയാൻ മാത്രം ശക്തരാണ് അതി​െൻറ ചുമതലക്കാർ. പുരോഗമന ചിന്താഗതിക്കാരായ കമ്യൂണിസ്​റ്റ്​ സർക്കാർ ഭരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നത് അടിവരയിടണം. ഇത്തരമൊരു നിലപാട് എടുത്താൽ ഭരണകൂടത്തിന് തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന ഉത്തരവാദപ്പെട്ടവരുടെ ധാർഷ്​ട്യത്തിന് കാരണം തിരിച്ചറിയണം. സാംസ്​കാരികകേന്ദ്രങ്ങളുടെ നടത്തിപ്പിൽപോലും മേൽജാതി അധീശത്വം നിലനിൽക്കുന്നുണ്ട്. 2018 ജനുവരി 31നു മരിച്ച അശാന്തൻ എന്ന ചിത്രകലാകാര​െൻറ ഭൗതികശരീരത്തോട് കാണിച്ച അനാദരവ് കേരളം മറന്നിട്ടില്ല. അന്ന് അശാന്ത​െൻറ മൃതദേഹം ദർബാർ ഹാൾ ആർട്​സ്​ സെൻററിൽ പൊതുദർശനത്തിനു വെക്കാൻ തീരുമാനിച്ചു. എന്നാൽ, ഹാളിനു സമീപത്തെ ക്ഷേത്രഭാരവാഹികൾ അതിനെ എതിർത്തു. ആ വിവേചനത്തി​െൻറയും കാരണം അശാന്തൻ താഴ്ന്ന ജാതിക്കാരനായിരുന്നതാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളത്തിലെ സവർണ ജീവിതത്തിലെ ജാതിസ്വത്വത്തി​െൻറ ഉയിർത്തെഴുന്നേൽപിനെ പഠിക്കേണ്ടത്.

പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളെ രാഷ്​ട്രീയവിശകലനങ്ങൾക്ക് പാകപ്പെടുത്തിയ മണ്ണിലാണ് ജാതിസ്വത്വത്തി​െൻറ പേരിൽ നൃത്തകലയിൽ ഡോക്ടറേറ്റ് നേടിയ കലാകാരന് അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്. സംഭവം ഉണ്ടായശേഷം കേരളത്തിലെ കലാ, സാഹിത്യരംഗത്തെ പ്രമുഖർ അയാൾ​െക്കാപ്പം നിന്ന് അക്കാദമിയുടെ ഭാഗത്തെ തിരുത്തേണ്ടതായിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, അതി​െൻറ ചുമതലക്കാർ കുറ്റം നിഷേധിച്ച്​ പത്രവാർത്തയിലൂടെ പൊതുസമൂഹത്തിൽ ആ കലാകാരനെ വീണ്ടും വേദനിപ്പിച്ചു. മനുഷ്യമനസ്സിൽ ഊറിക്കൂടുന്ന ആത്മസംഘർഷങ്ങൾ മനുഷ്യരുടെ പ്രതീക്ഷക്ക് ഏൽപിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. ആത്മഹത്യചിന്തയിലേക്ക് ഒരു മനസ്സ് മാറുന്നത് ചുറ്റും ഇരുട്ട് വ്യാപിക്കുമ്പോഴാണ്. അതാകട്ടെ, വ്യക്തികേന്ദ്രീകൃതമായി ഉണ്ടായതല്ല, സാമൂഹികമാണെങ്കിൽ സമൂഹംതന്നെയാണ് കുറ്റക്കാർ.

സവർണർ മാത്രം ആസ്വദിച്ച പല കലാരൂപങ്ങളെയും സർവമനുഷ്യരുടെയും സ്വതന്ത്രമായ ആസ്വാദനത്തിന് പാകപ്പെടുത്തിയ മണ്ണാണ് കേരളം. എന്നിട്ടും ആർ.എൽ.വി. രാമകൃഷ്ണ​െൻറ വിഷയത്തിൽ എന്തുകൊണ്ട് സാംസ്​കാരികപക്ഷത്തുനിന്ന് ഈ മഹാമൗനമുണ്ടായി? അയാളെ അമിതമായ ഉറക്കുഗുളിക കഴിക്കാൻ പ്രേരിപ്പിച്ചത് ആ മൗനംകൂടിയായിരിക്കാം. 'ഞാൻ തെറ്റാണ്' എന്ന് ഒരു വ്യക്തിയെ തോന്നിക്കുന്നതിൽ സമൂഹത്തിന് വലിയ പങ്കുണ്ട്. അതിലും വലിയ പങ്കാണ് തിരുത്തുന്നതിലുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.