'സീസർ റൂബിക്കോൺ കടന്നു' എന്നത് ഒരു ചൊല്ലാണ്. റൂബിക്കോൺ ഒരു തോടാണ്; അത് ഒരു അതിർത്തിയുമായിരുന്നു. അതു കടന്നപ്പോൾ ഉണ്ടായത് അതിർത്തിലംഘനവും യുദ്ധവുമാണ്. കേരളത്തിലെയും ഇന്ത്യയിലേയും ജനാധിപത്യത്തിന്റെ അധികാരത്തിലേക്ക് കയറാൻ ശ്രമിക്കുന്ന സീസർമാരുടെ മുന്നോട്ടുള്ള പ്രയാണത്തിൽ റൂബിക്കോൺ കടക്കുന്നു എന്ന ഗൗരവമായ ആശങ്കക്കു വിരാമമിടണം എന്നുപറയുന്ന വിധിയായി തൃക്കാക്കര അസംബ്ലി തെരഞ്ഞെടുപ്പ് ഫലത്തെ ഞാൻ വായിക്കുന്നു. നാടിന്റെ ജനാധിപത്യ ആരോഗ്യനിലയെ വീണ്ടെടുക്കാനുള്ള ഒരു സമൂഹത്തിന്റെ നിശ്ചയമായി അതിനെ വിലയിരുത്താം.

എന്ത് അതിർത്തിലംഘനങ്ങളാണ് സംഭവിക്കുന്നത്? ജനാധിപത്യ ഭാഷയുടെ അതിക്രമങ്ങൾ പലതാണ്. ഒന്നാമതായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗൗരവമായ ഒരു സാമൂഹിക പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും വിഷയമാകാതെ വെറും തൊലിപ്പുറ പ്രശ്നങ്ങളിൽ കെട്ടിമറിയുന്നതാണ് നാം കണ്ടത്. അതിൽ അശ്ലീല വിഡിയോയും ഉൾപ്പെടുന്നു. ഗൗരവമായ വിഷയങ്ങൾ ചർച്ചചെയ്തില്ല എന്നതു മാത്രമല്ല. മറിച്ച് വിദ്വേഷപ്രസംഗങ്ങളും കടന്നുകൂടി എന്നതാണ് ഗുരുതരമായ പ്രശ്നം. കുറ്റാരോപിതനെ അവിടെ എഴുന്നള്ളിച്ചു നടന്നു. വിദ്വേഷം പ്രസംഗിക്കുന്നവർ ഏതു മതത്തിന്റെ പേരുള്ളവരായാലും മനുഷ്യത്വത്തിൽ ശോഷണം സംഭവിച്ചവരാണ്. അവരതു ചെയ്താൽപോലും പക്ഷേ, ബാക്കിയുള്ളവർ നിർബന്ധമായി പുലർത്തേണ്ട വിവേകമുണ്ട്. വെറുപ്പും വിദ്വേഷവും സമൂഹത്തിൽ പ്രസംഗിക്കുന്നവർ ആരായാലും അവരെ അകറ്റിനിർത്തേണ്ടതു സമൂഹത്തിന്റെ നിലനിൽപിനു അനിവാര്യമാണ്. പക്ഷേ, ഇങ്ങനെ വിദ്വേഷം വഹിച്ചു നടക്കുന്നവരെ പിൻതാങ്ങുന്ന ജനസമൂഹങ്ങളും പാർട്ടികളും ഉണ്ടാകുന്നു എന്നതാണ് ആപത്കരമായ സൂചന. ഇത്തരക്കാരാണ് മനുഷ്യശവങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറിയിലെ തൊഴിലാളികളായി മാറുന്നത്. ഇങ്ങനെ വെറുപ്പ് വിളമ്പി അധികാരത്തിലേക്കു കയറാം എന്ന എളുപ്പവഴി കണ്ടുപിടിക്കുന്നവരുണ്ട്. ഇവിടെയാണ് സാമാന്യജനത്തിന്റെ പൊതുബോധവും ധർമബോധവും ഉണർന്നു പ്രവർത്തിക്കേണ്ടത്. അതു തൃക്കാക്കര നിയോജകമണ്ഡലത്തിൽ പ്രകടമായി എന്നാണ് വെറുപ്പിന്റെ പ്രവാചകരെ തള്ളുന്ന വിധി വ്യക്തമാക്കുന്നത്. ഈ നിയോജകമണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. അവിടെയുള്ളവരിൽ അധികവും പല സ്ഥലങ്ങളിൽനിന്നു കുടിയേറിയ അഭ്യസ്തവിദ്യരായ നാനാ ജാതി മതസ്ഥരാണ്. അവർ തങ്ങളുടെ നാടിന്റെ രാഷ്ട്രീയം ആരോഗ്യം മനസ്സിലാക്കി ചികിത്സിക്കാൻ തീരുമാനിച്ചു എന്നതല്ലേ നാം കണ്ടത്?

ഇതോടൊപ്പം കാണേണ്ട, എന്നാൽ പലപ്പോഴും പാർട്ടികൾ ബോധപൂർവം ലംഘിക്കുന്ന വിഷയമാണ് മതവും രാഷ്ട്രീയവും തമ്മിലെ ബന്ധം. മതനിരപേക്ഷത എന്ന പദം ഇഷ്ടപ്പെടാത്തവരുണ്ട്. സെക്കുലർ എത്രമാത്രം സെക്കുലറാണ് എന്നു ചോദിക്കുന്നവരുമുണ്ട്. പക്ഷേ, മതം കക്ഷിരാഷ്ട്രീയത്തിൽനിന്നും രാഷ്ട്രീയം മതങ്ങളിൽനിന്നും ആരോഗ്യകരമായ അകലത്തിൽ നിൽക്കണം. ഈ രാഷ്ട്രീയ റൂബിക്കോൺ നമ്മുടെ നാട്ടിൽ നിരന്തരം ലംഘിക്കപ്പെടുന്നു; രണ്ടു വിധത്തിലും, മതാധികാരികൾ രാഷ്ട്രീയാധികാരികളാകാൻ തുടങ്ങി. മതത്തിന്റെയും മതപ്രസ്ഥാനങ്ങളുടെയും മണ്ഡലത്തിലേക്ക് ഭരണാധികാരികൾ പ്രത്യക്ഷമായും പരോക്ഷമായും കടന്നുകയറാൻ തുടങ്ങി. പച്ചയായി പറഞ്ഞാൽ സർക്കാർ പള്ളിയിൽ പ്രവേശിക്കരുത്, മതാധികാരികൾ രാഷ്ട്രീയക്കാരുടെ അടുക്കളക്കാരാകരുത്. ഇവിടെയൊക്കെ നടക്കുന്നതു കൊടുക്കൽ വാങ്ങലിന്റെ കച്ചവടമാണ്. ആത്മാവുള്ളവർക്ക് ഇതു ചെയ്യാൻ കഴിയില്ല; ഇതു ചെയ്യുന്നവർ ആത്മാവുള്ളവരുമല്ല. ആത്മാവ് സ്വാതന്ത്ര്യത്തിൽമാത്രം വസിക്കുന്നു. കോൺഗ്രസ് പാർട്ടിക്കും പഠിക്കാനുണ്ട്. അച്ചടക്കവും നേതൃത്വവും ആദർശനിഷ്ഠയും ഉണ്ടെങ്കിൽ ജനങ്ങൾ അധികാരം അവർക്കും നൽകും. പി.ടി. തോമസ് മുന്നോട്ടുവെച്ച മഹത്തായ മാതൃക തുടരാനും ഒരുപക്ഷേ അതിലും മെച്ചമായ നേതൃത്വം കാഴ്ചവെക്കാനും കഴിയുന്ന ആളാണ് ഉമയെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ടായി. ഞാനൊരു വൈദികനാണ്. എനിക്കു രാഷ്ട്രീയമുണ്ടോ? അതു കക്ഷിരാഷ്ട്രീയമല്ല. ജനാധിപത്യമാണ് സാഹിത്യം, സാഹിത്യമാണ് ജനാധിപത്യം എന്നു പറയുന്ന ദരീദയുടേതുപോലുള്ള രാഷ്ട്രീയം. ഞാൻ പഠിച്ച രാഷ്ട്രീയം യേശുക്രിസ്തുവിന്റേതാണ്. യേശുവിന്റെ വീക്ഷണത്തിൽ ഹിന്ദുവും മുസ്‍ലിംകളും ക്രിസ്ത്യാനികളും മതമില്ലാത്തവരും എല്ലാം ദൈവമക്കളാണ്. യേശു പഠിപ്പിച്ച നല്ല സമറിയക്കാരന്റെ കഥ എന്റെ ജീവിതകഥയാക്കാൻ ഞാൻ ശ്രമിക്കുന്നു. ആ കഥയിൽ ദൈവമുണ്ടോ മതമുണ്ടോ? അതിൽ മനുഷ്യരുണ്ട്, ധർമമുണ്ട്. അധർമമുണ്ട്. ധർമാധർമങ്ങളുടെ മനുഷ്യകഥകൾ - അതിൽ പലരുണ്ട്, പല പെരുമാറ്റങ്ങൾ. മനുഷ്യബന്ധത്തിനാണ് ധർമം എന്നു പറയുന്നത്. ധർമം ചോദിക്കുന്ന ഒരു നാടാണിത് - ധർമക്കാരുടെ നാട്. സമൂഹത്തിന്റെ ധർമമാണ് രാഷ്ട്രീയം എന്നു ഞാൻ കരുതുന്നു.

ബൃഹദാരണ്യക ഉപനിഷദിൽ കേട്ട ഇടിവെട്ടിന്റെ വെളിപാട് കവി വിവരിച്ചിട്ടുണ്ട്. ദയയുടേയും ദാനത്തിന്റേയും സംയമനത്തിന്റെയും ധർമ വെളിപാടാണ് (''ദത്ത, ദയധ്വം, ദമ്യത; ശാന്തി! ശാന്തി! ശാന്തി!'') കവി കേട്ടത്. മോസസ് സീനായ് മലമുകളിൽ ഇടിവെട്ടിൽ കേട്ടതു പത്തു കൽപനകളായിരുന്നു. ധർമത്തിന്റെ മനുഷ്യത്വം സമൂഹത്തിൽ മരണപ്പെടാൻ പാടില്ല. അധികാരം ഈ ധർമശബ്ദത്തെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു. ധർമം നാലുകാലിൽ നിൽക്കട്ടെ എന്നു ജനം പറയേണ്ട കലികാലത്തിലാണ് നാം. സത്യമാണ് ധർമം. സത്യം ബലഹീനമാണ്. ജനാധിപത്യം സത്യത്തിനു ബലം കൊടുക്കണം. ജനങ്ങൾ സത്യം ആശ്ലേഷിക്കുമ്പോൾ സത്യം ബലവത്താകും. അധികാരത്തിലാകും. ജനം സത്യത്തിനു മുന്നിൽ ചെവികൊട്ടിയടച്ചില്ല എന്നതാണ് തൃക്കാക്കരയിലെ ജനങ്ങൾ നൽകിയ സന്ദേശം. അതു വലിയ പ്രതീക്ഷ നമുക്കു തരുന്നു. 

Tags:    
News Summary - Caesar Do not cross the Rubicon paul thelakkat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.