പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിെല ബഹാവൽപൂരിൽ ഓപറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിലൊന്ന്
ഇന്ത്യയും പാകിസ്താനും ലോകംതന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്ന ആക്രമണം നടന്നത് അപ്രതീക്ഷിത നേരത്ത്. രാജ്യമൊട്ടാകെ മോക് ഡ്രിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ദിവസത്തിന്റെ തലേന്നാൾ രാത്രി പ്രധാനമന്ത്രി സാധാരണപോലെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലായിരുന്നു തീരുമാനിച്ചുറപ്പിച്ച ആക്രമണം.
സമയവും സ്ഥലവും കൃത്യമായി നിർണയിച്ച് പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ചലനങ്ങൾ സസൂക്ഷ്മം പിന്തുടർന്ന് നടത്തിയ ആക്രമണമായിട്ടും വിവരം ചോർന്ന് ലക്ഷ്യം പിഴക്കാൻ ഒരു പഴുതും നൽകിയില്ല. അതുകൊണ്ടാണ് ഒമ്പത് കേന്ദ്രങ്ങൾക്കു നേരെ കേവലം 25 മനിറ്റ് കൊണ്ട് നടത്തിയ ആക്രമണം പാകിസ്താനും അപ്രതീക്ഷിതമായി മാറിയത്. ഇന്ത്യ ലക്ഷ്യമിട്ട ലശ്കറെ ത്വയ്യിബ തന്നെ നടന്ന ആക്രമണത്തിന്റെ ആഘാതം സ്വയം സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയുടെ തിരിച്ചടി വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ‘നടത്തിയ ആക്രമണം ഇന്ത്യയുടെ അവകാശമാണെ’ന്നാണ് വിദേശ സെക്രട്ടറി വിശേഷിപ്പിച്ചത്. അതിർത്തി കടന്നുള്ള കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനുള്ള അവകാശമാണ് ബുധനാഴ്ച പുലർച്ചെ ഇന്ത്യ പ്രയോഗിച്ചതെന്നും ഭീകര സംവിധാനങ്ങളെ തകർത്ത് ഇന്ത്യയിലേക്ക് അയക്കാനിരുന്ന ഭീകരരെ നിർവീര്യമാക്കുന്നതിലാണ് ഓപറേഷൻ കേന്ദ്രീകരിച്ചതെന്നും വിക്രം മിസ്രി പറഞ്ഞു.
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദികളുടെ തുടർ ആക്രമണങ്ങളുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിവരവും ലഭിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഭീകരർക്ക് പാകിസ്താനുമായി സമ്പർക്കത്തിലുള്ള വിവരം വ്യക്തമായെന്ന് വിദേശ സെക്രട്ടറി പറഞ്ഞു. പാകിസ്താൻ ലോകത്തെ ഭീകരർക്കുള്ള അഭയകേന്ദ്രമായി മാറിയിരിക്കുന്നു.
തങ്ങളുടെ ഭൂപ്രദേശത്തും നിയന്ത്രണത്തിലുള്ള ഭൂപ്രദേശത്തും തീവ്രവാദികളുടെ സംവിധാനങ്ങൾക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. മറിച്ച്, അവ തള്ളുകയും നിഷേധിക്കുകയുമാണ് പാകിസ്താൻ ചെയ്തത്. ഈ ആക്രമണം ‘‘ഈ ഭീകരപ്രവൃത്തിയുടെ ഗുഢാലോചകർ, സംഘാടകർ, പ്രായോജകർ, പണം നൽകിയവർ എന്നിവർ ഉത്തരവാദികളായി കണ്ട് അവരെ നീതിക്ക് മുന്നിൽ കൊണ്ടു വരേണ്ടതാണ്’’ എന്ന യു.എൻ രക്ഷാസമിതി ഏപ്രിൽ 25ന് പുറപ്പെടുവിച്ച പത്ര പ്രസ്താവന ഉദ്ധരിച്ച വിക്രം മിസ്രി ഇന്ത്യയുടെ നടപടി ഇത്തരമൊരു സാഹചര്യത്തിലാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
പതിവില്ലാതെ രണ്ട് ഉന്നത വനിത സൈനിക ഉദ്യോഗസ്ഥരുമായാണ് വിദേശ സെക്രട്ടറി വിക്രം മിസ്രി വിദേശ മന്ത്രാലയത്തിന്റെ വാർത്തസമ്മേളന ഹാളിലേക്കെത്തുന്നത്. ഇന്ത്യക്കാരായ നിരവധി സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച പഹൽഗാം ആക്രമണത്തിന് ഇന്ത്യയുടെ ഭാഗത്തുന്നിന്നു തിരിച്ചടി ഞങ്ങൾ രണ്ടു സ്ത്രീകളെക്കൊണ്ടുതന്നെ ലോകത്തെ അറിയിക്കാനായിരുന്നു അത്.
കേണൽ സോഫിയ ഖുറൈശിയുമായും വിങ് കമാൻഡർ വ്യോമികാ സിങ്ങുമായും വിദേശ സെക്രട്ടറി വിക്രം മിസ്രി അൽപം സംസാരിച്ചു. അതിനു ശേഷം മിണ്ടാതിരുന്നു. മൂവരും വാർത്തസമ്മേളനം തുടങ്ങുന്നത് വിഡിയോ കാണിച്ചുകൊണ്ടായിയിരുന്നു.
‘‘ലോകം പുതിയ സഹസ്രാബ്ദത്തെ പുൽകിയപ്പോഴും അതിർത്തി കടന്നുള്ള ഭീകരതക്ക് ഇന്ത്യ വിധേയമായിക്കൊണ്ടിരുന്നു’’ എന്ന ആമുഖത്തോടെ രാജ്യം നേരിട്ട ഭീകരാക്രമണങ്ങൾ ലോകത്തെ കാണിച്ച ശേഷമായിരുന്നു പഹൽഗാമിന്റെ തിരിച്ചടി വിശദീകരിച്ച് അതിന്റെ ദൃശ്യങ്ങൾകൂടി കാണിച്ചത്.
2001ലെ പാർലമെന്റ് ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ തുടങ്ങി 2002ലെ അക്ഷർധാം ആക്രമണത്തിന്റെയും 2008ലെ മുംബൈ ആക്രമണത്തിന്റെയും 2016ലെ ഉറി ആക്രമണത്തിന്റെയും 2019ലെ പുൽവാമ ആക്രമണത്തിന്റെയും കാഴ്ചകളിലൂടെയാണ് ഏറ്റവുമൊടുവിൽ നടന്ന പഹൽഗാം ആക്രമണത്തിലേക്ക് ഇന്ത്യ ശ്രദ്ധ ക്ഷണിച്ചത്.
അതിർത്തി കടന്നുള്ള ഭീകരതയിൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ 600 സുരക്ഷഭടന്മാർക്കും 350ലേറെ സാധാരണ പൗരന്മാർക്കും ജീവൻ നഷ്ടമാകുകയും 1400 സുരക്ഷ ജീവനക്കാർക്കും 800 സാധാരണ പൗരന്മാർക്കും പരിക്കുകളേറ്റുവാങ്ങേണ്ടി വരുകയും ചെയ്തതിലേക്ക് ശ്രദ്ധക്ഷണിച്ച് അതിനുള്ള മറുപടിയാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന് വ്യക്തമാക്കിയാണ് വിഡിയോയുടെ ആദ്യ ഭാഗം അവസാനിപ്പിച്ച് വിദേശ സെക്രട്ടറി വാർത്തസമ്മേളനത്തിലേക്ക് കടന്നത്.
പഹൽഗാം ഭീകരാക്രമണം 2008ലെ മുംബൈ ആക്രമണത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് എന്ന് മിസ്രി പറഞ്ഞു. പഹൽഗാം ആക്രമണം വേദനജനകമായിരുന്നു. അവിടെയുണ്ടായിരുന്ന ആളുകളുടെ അടുത്ത് ചെന്ന് അവരുടെ കുടുംബങ്ങൾക്ക് മുന്നിൽ വെച്ചാണ് തലയിലേക്ക് നിറയൊഴിച്ചത്.
ആരാണെന്ന് ചോദിച്ചറിഞ്ഞ് അവരെ പരിഭ്രാന്തരാക്കിയെന്ന് മാത്രമല്ല, ‘മടങ്ങിപ്പോയി തങ്ങളുടെ ഈ സന്ദേശം അവിടെയെത്തിക്കൂ’ എന്ന ഉപദേശംകൂടി ഭീകരർ നൽകിയെന്നും ജമ്മു-കശ്മീരിലും മറ്റു സംസ്ഥാനങ്ങളിലും വർഗീയ കലാപംകൂടി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ആക്രമണമെന്നും മിസ്രി പറഞ്ഞു.
ആക്രമണ ലക്ഷ്യങ്ങൾ നിർണയിച്ചത് എങ്ങനെയെന്ന് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്രിയും കേണൽ സോഫിയ ഖുറൈശിയും വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നിവയുടെ ആസ്ഥാനങ്ങൾ തെരഞ്ഞെടുത്തത് ബോധപൂർവമാണ്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത ‘ടി.ആർ.എഫ്’ (റസിസ്റ്റന്റ് ഫ്രന്റ്) പാകിസ്താനിലെ തീവ്രവാദി സംഘടന ലശ്കറെ ത്വയ്യിബയുമായി ബന്ധപ്പെട്ടതാണ്.
2024 മേയ്, നവംബർ മാസങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ ഉപരോധ നിരീക്ഷണ സമിതിക്ക് ടി.ആർ.എഫിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യ നൽകിയിരുന്നതാണെന്ന് വിക്രം മിസ്രി പറഞ്ഞു. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളെ മറച്ചുപിടിക്കുന്ന ഒരു സംഘടനയാണ് ടി.ആർ.എഫ് എന്നാണ് മനസ്സിലായത്. 2025 ഏപ്രിൽ ടി.ആർ.എഫിനെക്കുറിച്ചുള്ള പരാമർശം നീക്കംചെയ്യാൻ പാകിസ്താൻ ശ്രമിച്ചത് ഭരണകൂടത്തിന് ഭീകരതയോടുള്ള സമ്പർക്കമായും മിസ്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.