അബുബാലക്ക് പിറകെ ‘ബംഗ്ലാദേശി’യാകാൻ ചന്ദ്രദാസും 

ബക്സയിലെ രാജവം​ശി സമുദായം തിങ്ങിത്താമസിക്കുന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ പൊലീസ് ജീപ്പ് എത്തിയതു കണ്ട് പുറത്തിറങ്ങി നോക്കിയ ചന്ദ്രദാസിനോട് ഭാര്യ അബുബാല റോയിയെ പുറത്തേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. അവർ പുറത്തെത്തിയതും വനിത പൊലീസ് അവരെ ജീപ്പിലേക്ക് പിടിച്ചുകയറ്റി. വട്ടംകൂടിയ ഗ്രാമവാസികള്‍ക്ക് നടുവില്‍ വാവിട്ടു കരയുന്ന അബുബാലയെ സമാശ്വസിപ്പിക്കാനാകാതെ തളർന്ന ചന്ദ്രദാസ് ഭാര്യയെ കൊണ്ടുപാകാന്‍ പറഞ്ഞ കാരണം കേട്ടാണ് തകര്‍ന്നത്. അബുബാല ഇന്ത്യക്കാരിയല്ലെന്ന് ഫോറിനേഴ്സ് ട്രൈബ്യൂണല്‍ വിധിയുണ്ടത്രേ. ഇങ്ങനെയൊരു കേസേ അറിഞ്ഞിട്ടില്ലല്ലോ എന്ന് കരഞ്ഞു പറഞ്ഞ് ചന്ദ്രദാസും പൊലീസിനൊപ്പം സ്​​റ്റേഷനിലേക്ക് പോയി. വിദേശികളാരെന്ന് തീര്‍പ്പുകല്‍പിക്കുന്ന ഫോറിനേഴ്സ് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാകാൻ 10 മാസം മുമ്പ് അബുബാലക്ക് നോട്ടീസ് അയച്ചിരുന്നുവെന്ന് അവിടെ ചെന്നപ്പോഴാണ് അറിയുന്നത്. നോട്ടീസ് അയച്ചിട്ടും അബുബാല ഹാജരാകാത്തതിനാല്‍ അവരുടെ ഭാഗം കേള്‍ക്കാതെ അവരെ വിദേശിയായി ട്രൈബ്യൂണല്‍ വിധിയെഴുതി. 

അസമില്‍ ജനിച്ചുവളര്‍ന്ന ത​​​​െൻറയും അബുബാലയുടെയും പൂര്‍വ പിതാക്കളുടെ പാരമ്പര്യമൊന്നും സ്​റ്റേഷനിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭാര്യയെ കൊക്രാജാറിലെ വിദേശി തടവുകാര്‍ക്കുള്ള തടവറയിലേക്ക് കൊണ്ടുപോകുകയാണെന്നും പൊലീസ് അറിയിച്ചു. ഗുവാഹതി ഹൈകോടതിയില്‍നിന്ന് അനുകൂല വിധി ലഭിക്കാതെ ഇനിയൊരിക്കലും പുറത്തിറങ്ങാനാവില്ലെന്നും ഓര്‍മിപ്പിച്ചു. ഭാര്യയെ പൊലീസ് പിടിച്ചുകൊണ്ടു​േപായ വീട്ടില്‍ ചന്ദ്രദാസിനെ കാണുമ്പോഴേക്കും ഒരു നോട്ടീസ് അയാളെയും തേടിയെത്തിയിട്ടുണ്ട്​. ഭാര്യയുടെ കേസ് നടത്താന്‍ പണമില്ലാതെ വിഷമിച്ച് കേസ് നടത്താന്‍ കഴിയില്ലെന്നു പറഞ്ഞ് നിസ്സഹായതയോടെ ഇരിക്കുന്നതിനിടയിലാണിത്. ജൂലൈ 30ന് പുറത്തിറങ്ങിയ ദേശീയ പൗരത്വപ്പട്ടികയില്‍നിന്ന് ഇരുവരും പുറത്തായിരിക്കുന്നു. ഇവരുടേതു മാത്രമല്ല, ഇതുപോലെ പൗരത്വ കേസില്‍ കുടുങ്ങിയ ആ ഗ്രാമത്തിലെ 35 ഹിന്ദു രാജവംശി സമുദായക്കാരുടെയും പേരുകള്‍ രജിസ്​റ്ററില്‍നിന്ന് മായ്ച്ചുകളഞ്ഞിരിക്കുന്നു.

ജനിച്ചുവളര്‍ന്ന മണ്ണില്‍നിന്ന് എടുത്തെറിയപ്പെടുമെന്ന ഭീതി ബംഗാളിയായ മുസ്​ലിമിനോ ഹിന്ദുവിനോ മാത്രമല്ലെന്നും ഹിന്ദു രാജവംശിയുടേതും കൂടിയാണെന്നറിയുന്നത് ആ ഗ്രാമത്തില്‍നിന്നാണ്.  ഇത്​ മറച്ചുവെച്ചാണ് അസമികളുടെ വംശീയ വിരുദ്ധതയെ മുസ്​ലിം വിരുദ്ധതയായി വഴിതിരിച്ചുവിടാനും അതിലൂടെ വര്‍ഗീയമായി നേട്ടം കൊയ്യാനുമുള്ള നീക്കങ്ങള്‍ പലരും നടത്തുന്നത്. വര്‍ഗീയതക്കായി വംശീയത ആളിക്കത്തിച്ചാല്‍ അത് തിരിച്ചുകടിക്കുമെന്ന മുന്നറിയിപ്പുകൂടിയാണ് പൗരത്വ രജിസ്​റ്റര്‍ എന്ന് അതിലൊഴിവായവരുടെ പേരുവിവരങ്ങള്‍ നോക്കിയാലറിയാം.
ബംഗ്ലാദേശി മുദ്രകുത്തി അബുബാലയെ തടവറയിലാക്കിയിട്ടും അവർക്കായുള്ള കേസ് നടത്താൻ പ്രയാസപ്പെട്ടിട്ടും ഹിന്ദുക്കൾക്ക് പൗരത്വം നൽകുമെന്ന് ഉറപ്പുനൽകിയ ബി.ജെ.പിയുടെ പോലും ഒരാളും ചന്ദ്രദാസി​​​​െൻറ അടുത്തോ വോട്ടർ പട്ടികയില്‍നിന്ന് പുറത്തായ ഈ ഗ്രാമത്തിലെ 35 രാജവംശികളുടെ അടുത്തോ ഇതുവരെയും വന്നിട്ടില്ല.  

‘ബംഗ്ലാദേശി കുടിയേറ്റ’ക്കാരെ പുറന്തള്ളണമെന്നാവശ്യപ്പെട്ട് രക്തരൂഷിത പ്രക്ഷോഭം നയിച്ച ഒാള്‍ അസം സ്​റ്റുഡൻറ്​സ്​ യൂനിയ​​​​െൻറ (ആസു) നേതാവായിരുന്ന പ്രഫുല്ലകുമാര്‍ മഹന്തയുമായി അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1985 ആഗസ്​റ്റ്​ 14ന് ഒപ്പിട്ട ഉടമ്പടിയിലുണ്ടാക്കിയ വ്യവസ്ഥയായിരുന്നു 1951ല്‍ അസമിലുണ്ടാക്കിയ പൗരത്വപ്പട്ടിക പുതുക്കി തയാറാക്കുക എന്നത്. അസമീസ്​ വംശീയത ആളിക്കത്തിച്ച നീണ്ട പ്രക്ഷോഭത്തി​​​​​െൻറ സംഭാവനയായിരുന്നു ആ കരാര്‍. അസമീസ് വംശജരുടേതായി അസം ഗണപരിഷത്ത് എന്നൊരു പാര്‍ട്ടി വന്ന്​ അസമി​​​​െൻറ ഭരണം പിടിക്കുകയും പ്രഫുല്ല കുമാര്‍ മഹന്ത മുഖ്യമന്ത്രിയാകുകയും ചെയ്തു. വര്‍ഗീയതക്കുള്ള വളമാക്കാമെന്ന് കരുതി അസമീസ് വംശീയവാദത്തെ കൂടെനിന്ന് ആളിക്കത്തിച്ച സംഘ്പരിവാര്‍ അവരെ കൂട്ടുപിടിച്ച് ഭരണം പിടിച്ച് ബംഗാളികള്‍ക്കെതിരായ വികാരം ബംഗാളി മുസ്​ലിംകള്‍ക്കെതിരായ വികാരമാക്കി മാറ്റാനുമുള്ള പരിശ്രമത്തിലായിരുന്നു. ബംഗാളികള്‍ക്കെതിരായ സമരത്തിനിറങ്ങിയ സര്‍ബാനന്ദ സോനോവാളിനെയും ഹേമന്ത ബിശ്വ ശര്‍മയെയും ബി.ജെ.പി സ്വന്തം പാളയത്തിലെത്തിച്ചതോടെ ഇതെളുപ്പമാകുമെന്ന് ആര്‍.എസ്.എസ് കണക്കുകൂട്ടി. 

ബംഗ്ലാദേശില്‍നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയുന്ന തരത്തില്‍ 2016ലെ പൗരത്വ ഭേദഗതി ബില്‍ അസമിലെ പൗരത്വപ്പട്ടികയുടെ ബഹളത്തിനിടയില്‍ പാര്‍ലമ​​​െൻറില്‍ പാസാക്കിയെടുക്കാനായിരുന്നു പദ്ധതി. പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താകുന്ന ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് അസമില്‍ പൗരത്വം നല്‍കുമെന്നും കുടിയേറ്റക്കാരായ മുസ്​ലിംകളെ കൂട്ടത്തോടെ പുറത്താക്കുമെന്നും അവര്‍ ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം നടത്തി. ബറാക് വാലിയില്‍ ബംഗാളി, ബംഗ്ലാദേശി ഹിന്ദുക്കളെ ഒരുമിച്ചുനിര്‍ത്തി ഇതിനായി തെരുവിലിറക്കി. എന്നാല്‍, കടുത്ത ബംഗാളി വിരോധികളായിത്തീര്‍ന്ന അസമീസ് വംശജര്‍ അവിടെവെച്ച്​ സംഘ്പരിവാറുമായി ഉടക്കി. അസമി​​​​െൻറ വിഭവങ്ങള്‍ അസമികള്‍ക്കാണെന്നും ഒരു ബംഗ്ലാദേശിക്കും ഇനി അസമില്‍ പൗരത്വം നല്‍കാനാവില്ലെന്നും മുന്നറിയിപ്പ് നല്‍കി 2016ലെ പൗരത്വ ഭേദഗതി ബില്ലിനെതിരെ അവരും തെരുവിലിറങ്ങി. പൗരത്വ ഭേദഗതി ബില്ലില്‍ പരസ്പരം ഏറ്റുമുട്ടിയതോടെ അസമിലെ വംശീയ വാദം സംഘ്പരിവാറി​​​​െൻറ മുസ്​ലിം -ഹിന്ദു പ്രശ്​നത്തില്‍നിന്ന് പഴയ അസമീസ് -ബംഗാളി പ്രശ്​നമായി മാറിയതാണ്​ പിന്നെ കണ്ടത്​. അതിനിടയില്‍ ഇറങ്ങിയ കരട് പൗരത്വ പട്ടികയിലും സംഘ്പരിവാര്‍ വര്‍ഗീയതയെ മറികടന്നു അസമീസ് വംശീയത. അസമീസ് -ബംഗാളി വംശീയ വൈരത്തെ ഹിന്ദു -മുസ്​ലിം വര്‍ഗീയ വൈരത്തിലേക്ക്​ ആളിക്കത്തിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് അസമിലെ 2500 എന്‍.ആര്‍.സി കേന്ദ്രങ്ങളില്‍നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍.

പൗരത്വമില്ലാതായ ബംഗ്ലാദേശി ചാപ്പ കുത്തിയ ഹിന്ദുക്കളും മുസ്​ലിംകളുമെത്ര എന്നതല്ല, ബംഗ്ലാദേശികളല്ലാത്ത എത്ര ബംഗാളികളാണ് ആ പട്ടികയിലുള്ളത് എന്നതായി എല്ലാ ബംഗാളികളെയും അലട്ടുന്ന ചോദ്യം. പിടികൂടുന്ന ഓരോ ബ​ംഗ്ലാ​ദേശിക്കും പോകാന്‍ ആ പേരിൽ ഒരു രാജ്യമുണ്ട്. നുഴഞ്ഞുകയറിയ കുറ്റവാളികളെ ആ രാജ്യത്തിന് കൈമാറാന്‍ ഇന്ത്യയുമായി അവര്‍ക്ക് കരാറുമുണ്ട്. എന്നാല്‍, അസമിലെ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നു പറയുമ്പോള്‍ പൗരത്വമില്ലാതായ ബംഗാളി ഭാഷക്കാരായ ലക്ഷക്കണക്കിന് അസമുകാര്‍ എങ്ങോട്ട് പോകും? ഈയൊരു ചോദ്യത്തിനാണ് അസമിനും ഇന്ത്യക്കും ഉത്തരമില്ലാതാകുന്നത്.
(തുടരും)

Tags:    
News Summary - Assam NRC Row-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.