‘‘ഉന്നത സ്ഥാനങ്ങളിലെ വിഡ്ഢികൾ വിനാശകാരികളാണ്’’ എന്നൊരു ചൊല്ലുണ്ട്. അത്യാഗ്രഹിയായ ഒരു ആത്മരതിക്കാരനാണ് ലോകത്തെ ഉയർന്ന പദവിയിലെങ്കിൽ അത് അതീവ വിനാശകരമാകുമെന്ന് നമുക്ക് കൂട്ടിച്ചേർക്കാം.
മോദിജി ചേർത്ത് കെട്ടിപ്പിടിക്കുന്ന, ഒരിക്കൽ അമേരിക്കയിൽ പോയി പരസ്യമായി പ്രചാരണം നടത്തിയ അദ്ദേഹത്തിന്റെ ഫ്രണ്ട് ട്രംപ് നമ്മെ സഹായിക്കുകയായിരുന്നുവോ അതോ കൗശലം പ്രയോഗിക്കുകയാണോ?- തീർച്ചയായും രാജ്യം അതറിയേണ്ടതുണ്ട്.
ഒന്നാമതായി, ലോകചരിത്രം സംബന്ധിച്ച അദ്ദേഹത്തിന്റെ അറിവിന്റെ കാര്യത്തിൽ, പ്രിയപ്പെട്ട ഡോണൾഡ് അടുത്തിടെ നമ്മോട് പറഞ്ഞു: ഇന്ത്യയും പാകിസ്താനും തമ്മിലെ ‘കശ്മീർ തർക്കം’ ‘ആയിരം വർഷം പഴക്കമുള്ളതാണ്’ എന്ന്.
അടുത്തതായി, ഇന്ത്യയും പാകിസ്താനും തമ്മിലെ വെടിനിർത്തൽ സാധ്യമാക്കിയത് തന്റെ മധ്യസ്ഥതയിലൂടെയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു - ട്രംപും പാകിസ്താനും ‘വെടിനിർത്തൽ’ എന്ന് വിളിക്കുന്ന ഉടമ്പടിയെ, ഇന്ത്യ ‘ഓപറേഷൻ സിന്ദൂറി’ന്റെ ഇടവേളയായാണ് കണക്കാക്കുന്നത്. അവകാശവാദത്തിന്റെ പരിണതഫലമെന്നോണം ആയിരം വർഷങ്ങൾ എടുത്താലും ‘കശ്മീർ തർക്കം’ പരിഹരിക്കപ്പെടുന്നത് ഉറപ്പാക്കുമെന്നും ട്രംപ് പ്രഖ്യാപിക്കുന്നു.
മേയ് 12ാം തീയതി രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള് തന്റെ വാദങ്ങൾക്ക് കടകവിരുദ്ധമായി മോദി എന്തെങ്കിലും പറഞ്ഞേക്കുമെന്ന മുൻവിചാരത്തിൽ ആ പ്രസംഗത്തിന് ഏകദേശം 15 മിനിറ്റുമുമ്പ്, അമേരിക്കയുമായുള്ള എല്ലാ വ്യാപാരവും നിര്ത്തിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ്, യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങളും നല്ലതും നേരുമായ തീരുമാനത്തിലെത്തിയെന്ന് പറഞ്ഞു ട്രംപ്.
ഈ അവകാശവാദങ്ങളെല്ലാം ഉയർത്തിയിട്ടും ട്രംപ് പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചും മോദി ഒരു പരാമർശം പോലും നടത്തിയില്ല. പകരം, ഭീകരവാദത്തെ സംരക്ഷിക്കുന്നതിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ച് പറയാതെ ഇന്ത്യയെയും പാകിസ്താനെയും വീണ്ടും പിരിച്ചുപറയാൻ ട്രംപിന് സാധിച്ചു.
എന്തുകൊണ്ടാണെന്ന് ഈ നിശ്ശബ്ദത എന്നറിയാൻ ഈ രാഷ്ട്രം ആഗ്രഹിക്കുന്നത് അപരാധമല്ലെന്ന് കരുതട്ടെ.
അതിശക്തനായ അമേരിക്കൻ നേതാവിനെ നോവിക്കാൻ മോദി ആഗ്രഹിക്കാത്തതുകൊണ്ടാണോ, അതോ ട്രംപ് പറഞ്ഞതിൽ നേരുണ്ട് എന്ന് അദ്ദേഹത്തിന് അറിയുന്നതുകൊണ്ടാണോ?
ആദ്യത്തേതാണ് കാരണമെങ്കിൽ, ട്രംപിന്റേതിനേക്കാൾ ഒട്ടും കുറഞ്ഞതല്ലാത്ത ദേശീയതയിൽ ഉൾച്ചേർന്നിരിക്കുന്ന അദ്ദേഹത്തിന്റെ ശക്തമായ പ്രതിച്ഛായക്ക് യോജിച്ചതല്ല മോദിയുടെ മൗനം.
രണ്ടാമത്തേതാണ് കാരണമെങ്കിൽ, നിലവിലെ ദേശസ്നേഹം പറഞ്ഞുനടക്കുന്ന ആളുകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചോദ്യങ്ങൾ ഉയർന്നുവരണം.
ഉദാഹരണത്തിന്, ഇന്ത്യയുടെ പ്രഖ്യാപിതവും മാറ്റംവരുത്താത്തതുമായ ഒരു നയമാണ്, ഇന്ത്യയും പാകിസ്താനും തമ്മിലെ പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ സംബോധന ചെയ്യുകയുള്ളൂ എന്നത്. പാർലമെന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ ആ നയത്തിൽ മാറ്റിത്തിരുത്തലുകൾ വരുത്തിയിട്ടുണ്ടോ?
കശ്മീർ ഒരു തർക്ക വിഷയമാണ് എന്ന് മോദി മൗനമായി സമ്മതിക്കുകയാണ് എന്നാണോ നമ്മൾ മനസ്സിലാക്കേണ്ടത്?
അങ്ങനെയല്ല കാര്യങ്ങളെന്നും ഭീകരവാദത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കുക, കശ്മീരിന്റെ പാകിസ്താൻ അധീനപ്പെടുത്തിവെച്ചിരിക്കുന്ന പ്രദേശങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുക എന്നിവ മാത്രമേ ഇനി വിഷയങ്ങളായി പരിഗണിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറയുന്നു. അപ്പോൾ പിന്നെ എങ്ങനെയാണ് ഈ വിഷയത്തിൽ ട്രംപ് പറയുന്നതിനോട് ഇന്ത്യക്ക് എതിർപ്പില്ലാതെ തുടരാൻ സാധിക്കുക?
കശ്മീരിനെക്കുറിച്ചുള്ള ട്രംപിന്റെ വികലമായ പറച്ചിലുകൾക്കെതിരെ ഈ നിമിഷം വരെ ഇന്ത്യൻ പ്രധാനമന്ത്രി ഒരു പ്രസ്താവന പോലും നടത്താത്തത് എന്തുകൊണ്ടാണ്?
സാഹചര്യങ്ങൾ ഇങ്ങനെയെല്ലാമാണെന്നിരിക്കെ, ഈ ഗുരുതര വ്യതിയാനങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെയും പാർലമെന്റിനെയും വിശ്വാസത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് രാഷ്ട്രീയ പ്രതിപക്ഷത്തെയും വിവേകമുള്ള പൗരജനങ്ങളെയും കുറ്റം പറയാൻ കഴിയുമോ?
നാം നമ്മളെത്തന്നെ സൗമ്യമായി ഓർമിപ്പിക്കേണ്ട ഒരു കാര്യമുണ്ട്: പാർലമെന്റിലെ സംയുക്ത രാഷ്ട്രീയ പ്രതിപക്ഷം സമ്മതിദായകരിൽ ഏകദേശം 60 ശതമാനത്തെ പ്രതിനിധാനംചെയ്യുന്നു, ആകയാൽ ഭരണകക്ഷിയായ ബി.ജെ.പിയെ മാത്രം ഇന്ത്യൻ റിപ്പബ്ലിക്കുമായി ചേർത്തു പറയരുത്.
വാലറ്റം:
‘ആവിഷ്കാര സ്വാതന്ത്ര്യം’ ഇല്ലാതെ സ്വാതന്ത്ര്യം ഉണ്ടാകില്ലെന്നും, സത്യം എവിടേക്ക് നയിച്ചാലും സത്യസന്ധമായ വിവരം അറിയാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന പൗരർക്ക് ജനാധിപത്യവും സത്യവും ഉറപ്പുവരുത്താൻ കഴിയില്ലെന്നും ലിയോ പതിനാലാമൻ മാർപാപ്പ ലോകമൊട്ടുക്ക് നിന്നുമുള്ള മാധ്യമ പ്രതിനിധികളുമായുള്ള സംവാദത്തിൽ അടിവരയിട്ടു പറഞ്ഞു.
മതമേധാവിയായി കണക്കാക്കപ്പെടുന്ന ഒരാളുടെ വികാരം ഇപ്രകാരമാണെങ്കിൽ ലോകത്തിലെ രാഷ്ട്രീയ നേതാക്കൾ ആ ചിന്താലോകത്തെ എത്രകണ്ട് പിന്തുണക്കണം?
അധികാര കേന്ദ്രങ്ങൾക്കുമുന്നിൽ സത്യം പറഞ്ഞതിന്റെ പേരിൽ ജയിലിലടക്കപ്പെട്ട എല്ലാ മാധ്യമപ്രവർത്തകരെയും മോചിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. നാം ഹല്ലേലൂയയും ആമേനും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.