ഫൗജാ സിങ്, വക്കം ഖാദർ, സത്യേന്ദ്ര ബർദാൻ

മറവിക്ക്​ വിട്ടുകൊടുക്കില്ല; ധീരസേനാനി

കാലവും ചരിത്രവും വിസ്മരിച്ച, സ്വാതന്ത്ര്യ സമരത്തിലെ ധീരരക്തസാക്ഷിയായ കേരളത്തിന്റെ വീരപുത്രന്‍ ഐ.എന്‍.എ ഹീറോ വക്കം ഖാദറിന്റെ ഓര്‍മകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. 1943 സെപ്റ്റംബര്‍ 10ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിക്കൊന്ന വക്കം ഖാദറിന്റെ സ്മാരകം 79 വര്‍ഷത്തിനുശേഷം പാളയം നന്ദാവനത്ത്​ ഇന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ആ ധീരരക്തസാക്ഷിയുടെ ഓർമകളോട് നീതിപുലര്‍ത്തുകയാണ്.

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍ മനോഹരമായ കൊച്ചുഗ്രാമമായ വക്കത്ത് അഞ്ചുതെങ്ങിലെ കായല്‍തീരത്തെ താമരക്കുളത്തിന്റെ കരയിലുള്ള ചെറിയ കുടിലില്‍ കടത്തുകാരന്‍ വാവക്കുഞ്ഞിന്റെയും ഉമ്മുസലുമ്മയുടെയും മകനായി 1917 മേയ് 25നാണ് ഖാദര്‍ ജനിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നടത്തിയ സ്വാതന്ത്ര്യ സമരത്തില്‍ വിദ്യാർഥികളെ സംഘടിപ്പിച്ച് നേതൃത്വം നല്‍കിയ ഖാദറിന് പഠനത്തേക്കാള്‍ താല്‍പര്യം രാജ്യകാര്യങ്ങളിലായിരുന്നു. 1936ല്‍ മെട്രിക്കുലേഷന്‍ പാസായ ഖാദറിന് വിദ്യാഭ്യാസം തുടരാനായില്ല. നാട്ടില്‍ നിന്നാല്‍ കേസും വഴക്കും അറസ്റ്റുമായി മകന്റെ ഭാവി തകരുമെന്നു ഭയപ്പെട്ട പിതാവ് വാവക്കുഞ്ഞ് മകനെ മലയായിലേക്ക് അയച്ചു. അവിടെ കുറച്ചുകാലം സര്‍ക്കാര്‍ ജോലി നോക്കിയെങ്കിലും ആ ധീര​ന്റെ മനസ്സ്​ നാടി​ന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ തന്നെയായിരുന്നു. രണ്ടാം ലോക യുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഐ.എന്‍.എ മലയായില്‍ ആരംഭിച്ച സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഖാദര്‍ അംഗമായി. സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിലൂടെ സ്വാതന്ത്ര്യ സമരത്തെ സഹായിക്കാനിറങ്ങിയ ഖാദര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ ആരംഭിച്ച ആത്മഹത്യ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ ചാരപ്രവര്‍ത്തനത്തിനായി കര്‍ശന വ്യവസ്ഥകളോടെ നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് ഖാദറെയും മറ്റു 19 പേരെയും ആത്മഹത്യ സ്‌ക്വാഡില്‍ തിരഞ്ഞെടുത്തത്. സത്യപ്രതിജ്ഞയില്‍ ഒപ്പിടേണ്ടത് സ്വന്തം രക്തം മഷിയായി ഉപയോഗിച്ചുവേണമെന്ന് നിഷ്‌കർഷിച്ചു.

പരിശീലനം കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ട 20 പേരില്‍ 11 പേരും കേരളീയരായിരുന്നു. അഞ്ചുപേര്‍ വീതമുള്ള നാലു സംഘങ്ങളായി തിരിച്ചു. രണ്ടുസംഘങ്ങള്‍ ബർമ വഴി കരമാർഗമായും രണ്ടുസംഘങ്ങള്‍ അന്തര്‍വാഹിനി വഴി കടല്‍ മാർഗമായുമാണ് ഇന്ത്യയിലെത്താന്‍ നിയോഗിച്ചത്. അതില്‍ അഞ്ചംഗ സംഘത്തിന്റെ നേതാവായിരുന്നു വക്കം ഖാദര്‍.

1942 സെപ്റ്റംബര്‍ 18ാം തീയതി രാത്രി 10 മണിക്ക് പെനാങ്ക് തുറമുഖത്തുനിന്നും പുറപ്പെട്ട ഖാദര്‍ സംഘം ഒമ്പതാം ദിവസം കോഴിക്കോടിനു 33 കിലോമീറ്റര്‍ തെക്കുള്ള താനൂര്‍ കടപ്പുറത്ത് എത്തിച്ചേര്‍ന്നു. ആലപ്പുഴയിലും കൊച്ചിയിലും ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അനന്തര്‍വാഹിനിയില്‍നിന്നും അവരെ കൊണ്ടിറക്കിയത് താനൂര്‍ കടപ്പുറത്തിനടുത്താണ്. ഒരു ഡിഞ്ചിയില്‍ കയറി ഇവര്‍ അഞ്ചുപേരും തുഴഞ്ഞ് താനൂര്‍ കടപ്പുറത്തെത്തിയപ്പോള്‍തന്നെ കടപ്പുറത്ത് റോന്തുചുറ്റുന്ന പൊലീസിന് സംശയം തോന്നിയതോടെ ഇവര്‍ പിടിയിലായി. പിന്നീടിവരെ മദ്രാസിലെ സെന്‍ട്രല്‍ ജയിലായ സെന്റ് ജോര്‍ജ് കോട്ടയില്‍ കൊണ്ടുപോയി. സെന്റ് ജോര്‍ജ് കോട്ടയിലെ ഇരുട്ടറയില്‍ അതിക്രൂര മർദനം സഹിക്കേണ്ടിവന്നു. വിചാരണ തീരുംവരെ 105 ദിവസം കഠിനമായ ജയില്‍ശിക്ഷ അനുഭവിച്ച ഇവര്‍ക്ക് ബ്രിട്ടീഷ് കോടതി ഒടുവില്‍ വധശിക്ഷ വിധിച്ചു.

വക്കം ഖാദര്‍, അനന്തന്‍ നായര്‍, ബര്‍ധന്‍, ബോണി ഫെയ്ഡ്, ഫൗജാസിങ് എന്നിവരെ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി ഇന്ത്യയുടെ ഭരണ വ്യവസ്ഥിതിയെ തകര്‍ക്കാനും ബ്രിട്ടീഷ് ഗവൺമെന്റിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി ജപ്പാനു നല്‍കാനും ബ്രിട്ടീഷ് രാജാധികാരത്തെ മാനം കെടുത്താനും ലക്ഷ്യമിട്ട് രാജ്യദ്രോഹം ചെയ്തവരാണെന്ന് വിധിച്ചു.

തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യത്തിലെ പ്രജയായ ബോണി ഫെയ്ഡിനെ മറ്റൊരു നാട്ടുരാജ്യമായ ബറോഡയില്‍നിന്നും അറസ്റ്റ് ചെയ്തതിനാല്‍ അദ്ദേഹത്തെ ശിക്ഷിക്കാന്‍ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റിന് അധികാരമില്ലെന്ന സാങ്കേതിക വാദത്തില്‍ ബോണി ഫെയ്ഡിനെ കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചു. ധീരനായ ഈ സ്വാതന്ത്ര്യസമര സേനാനി 1990 ജൂണ്‍ 25 നാണ്​ ഇഹലോകവാസം വെടിഞ്ഞത്​.

വക്കം ഖാദര്‍, അനന്തന്‍ നായര്‍, ബര്‍ധന്‍, ഫൗജാസിങ് എന്നിവര്‍ക്ക് വധശിക്ഷ ഉറപ്പായി. 1943 സെപ്റ്റംബര്‍ 10ന് വധശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടു.

രാവിലെ അഞ്ചുമണിക്കും ആറിനും ഇടക്ക് സെന്‍ട്രല്‍ ജയിലില്‍ ഒരേസമയം രണ്ടുപേരെ മാത്രമേ തൂക്കിലിടാനുള്ള സൗകര്യമുള്ളൂ. ആദ്യം ഫൗജാസിങ്ങിനെയും ഖാദറിനെയും പിന്നീട് അനന്തന്‍ നായരെയും ബര്‍ധനെയും തൂക്കിലേറ്റാനാണ് ജയിലധികൃതര്‍ തീരുമാനിച്ചിരുന്നത്. തൂക്കിക്കൊല്ലുന്നതിന്റെ തലേദിവസം രാത്രി ഖാദര്‍ തന്റെ ആത്മമിത്രമായ ബോണി ഫെയ്ഡിനും പ്രിയപ്പെട്ട പിതാവ് വാവക്കുഞ്ഞിനുമെഴുതിയ കത്തുകള്‍ അത്യന്തം ഹൃദയസ്പൃക്കായിരുന്നു. തത്ത്വചിന്തകനും സ്വാതന്ത്ര്യദാഹിയും കവിയുമായ ഖാദറിന്റെ അന്ത്യലിഖിതം ഒരു ചരിത്രരേഖയാണ്.

വക്കം സുകുമാരന്‍ രചിച്ച ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ എന്ന ജീവചരിത്ര ഗ്രന്ഥത്തിലൂടെയാണ് മലയാളികള്‍ക്ക് വക്കം ഖാദറിന്റെ ജീവിതകഥ അറിയാനിടയായത്. ആ ജീവചരിത്രത്തില്‍ ഖാദറിന്റെ കരളലിയിക്കുന്ന രണ്ടുകത്തുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൂക്കിക്കൊല്ലുന്നതിന്റെ തലേദിവസം ഇരുമ്പഴികള്‍ക്കുള്ളിലിരുന്നു ഇന്ത്യയുടെ അഖണ്ഡതയെയും ദേശീയതയെയുംകുറിച്ച് തീവ്രമായി ആലോചിച്ച ഖാദറിന് ജാതിമതാന്ധതകള്‍ സൃഷ്ടിക്കുന്ന ഭിന്നതകള്‍ ഭാരതാംബക്ക് ഭീഷണിയാകുമെന്നു തോന്നിയിരുന്നു. ഈ ഭിന്നത ഇല്ലാതാക്കി മതമൈത്രിയുടെ സന്ദേശത്തിന് പ്രചോദനമേകാന്‍ തന്റെ മരണം ഉപകരിക്കണമെന്ന് അദ്ദേഹത്തിനുതോന്നി. തന്റെ അന്തിമാഭിലാഷം ഖാദര്‍ ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു. ''ഹിന്ദു-മുസ്‍ലിം മൈത്രിയുടെ പ്രതീകമായി എന്നോടൊപ്പം ഒരു ഹിന്ദുവിനെ തൂക്കിലിടണം''.

അത് നിഷേധിക്കാന്‍ ജയില്‍ സൂപ്രണ്ടിന് കഴിഞ്ഞില്ല. അങ്ങനെ ഖാദറിനെയും അനന്തന്‍ നായരെയും ഒന്നിച്ച് ആദ്യവും ഫൗജാസിങ്ങിനെയും ബര്‍ധനെയും ഒന്നിച്ച് പിന്നീടും തൂക്കിലേറ്റാന്‍ തീരുമാനിച്ചു. 26 വയസ്സുള്ള വക്കം ഖാദറും മറ്റു മൂന്നു യുവാക്കളും കൊലമരച്ചുവട്ടിലേക്കു നടക്കുമ്പോഴും അവരുടെ മുഖത്ത് നിരാശയോ ദുഃഖമോ നിഴലിച്ചില്ല. ഉറച്ച കാലടികളോടെ, വീരന്മാര്‍ക്ക് മാത്രം ചേര്‍ന്ന മന്ദഹാസത്തോടെ മരണത്തിന്റെ കരങ്ങളിലേക്ക് നടന്നടുക്കുമ്പോള്‍ ആ ധീരവിപ്ലവകാരികള്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഭാരത് മാതാ കീ ജയ്! ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ! ഭഗത്‌സിങ്ങിനെപ്പോലെ ഈ രാജ്യം ഓർമിക്കേണ്ട രക്തസാക്ഷികളാണ് ഇവര്‍. കേരളത്തിന്റെ വീരപുത്രനായ ഐ.എന്‍.എ ഹീറോ വക്കം ഖാദറിന്റെ ഓർമകളിലൂടെ നമുക്ക് സ്വാതന്ത്ര്യ സമരത്തില്‍ ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെയും അവരുടെ ത്യാഗപൂര്‍ണമായ രാജ്യസേവനത്തെയും പുതിയ തലമുറയെ ഓർമിപ്പിക്കാം.

(ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ നാഷനല്‍ ഫൗണ്ടേഷന്‍ അധ്യക്ഷനാണ്​ മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ ലേഖകൻ)

Tags:    
News Summary - Article about the life of Vakkom Abdul Khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.