നാമറിഞ്ഞ ടിപ്പുവും നമുക്കറിയാത്ത ടിപ്പുവും

പത്രപ്രവര്‍ത്തന മേഖലയിലേക്ക് കാലെടുത്ത് വെച്ച കാലം. ഒരു വിജയദശമി നാളില്‍ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശൃംഗേരി മഠത്തിലേക്ക് ഒരു യാത്ര തരപ്പെടുത്തിയത് ഇടക്കിടെ പ്രസ്ക്ളബില്‍ വരാറുള്ള ഒരു സ്വാമിയായിരുന്നു. സുന്ദര്‍ദാസിന്‍െറയും ശശിയുടെയുമെല്ലാം നേതൃത്വത്തില്‍ പുലരാംകാലത്ത് ഒരു വാനില്‍ യാത്ര പുറപ്പെട്ടു. ഋഷി ശൃംഗന്‍െറ നാട്ടിനെ കുറിച്ച് കേട്ടുകേള്‍വിയേ ഉണ്ടായിരുന്നുള്ളു. ശ്രീ ശങ്കരാചാര്യര്‍ രാജ്യത്തിന്‍െറ നാല് ദിക്കുകളില്‍ സ്ഥാപിച്ച മഠങ്ങളിലൊന്ന് എന്ന മിനിമം ധാരണയില്‍ പ്രകൃതിരമണീയമായ മലഞ്ചെരുവിലൂടെ യാത്ര തുടര്‍ന്നു. സൂര്യന്‍ ഉദിച്ചുപൊങ്ങിയിട്ടും അകവും പുറവും കുളിര്‍പ്പിച്ച നേരിയ മഞ്ഞ്. ശൃംഗേരി ശാരദാപീഠത്തിലെ ക്ഷേത്രാങ്കണത്തില്‍ എത്തിയപ്പോള്‍ വിജയദശമി നാളിലെ പ്രത്യേക പൂജ പുരോഗമിക്കുന്നുണ്ടായിരുന്നു. തുംഗഭദ്ര നദിയുടെ അക്കരെ നിന്ന് മഠാധിപതി മഞ്ചലിലേറി എത്തിയപ്പോള്‍ പരിസരമാകെ ഇളകിമറിഞ്ഞു. പൂജ കഴിഞ്ഞ ഉടന്‍ സ്വാമിജി വിശ്രമമുറിയിലേക്ക് നീങ്ങി, കേരളത്തില്‍നിന്നുള്ള അതിഥികളെ അകത്തേക്ക് വിളിപ്പിച്ചു. അതിരറ്റ സ്നേഹവായ്പയോടെയാണ് സ്വാമിജി ഞങ്ങളെ സ്വീകരിച്ചത്.  

ഷര്‍ട്ടൂരി കൈയിയില്‍ പിടിച്ചാണ് എല്ലാവരും സ്വാമിജിയുടെ മുന്നില്‍ തൊഴുത് നിന്നത്. ഷര്‍ട്ടൂരുന്നതില്‍നിന്ന് എനിക്ക് ഇളവ് അനുവദിച്ചുതന്നത് സുന്ദര്‍ദാസാണ്. എന്‍െറ പേര് പറഞ്ഞ് സ്വാമിജിക്ക് പരിചയപ്പെടുത്തിയപ്പോള്‍ ആ മുഖത്ത് വല്ലാത്തൊരു മന്ദസ്മിതം!. ദര്‍ശനം കഴിഞ്ഞ് വിട പറയാനിരിക്കെ, മുന്നിലെ തളികയില്‍നിന്ന് ആപ്പിളെടുത്ത് സ്വാമിജി ഓരോരുത്തരുടെയും കൈയില്‍ വെച്ചുകൊടുത്തു. എന്‍െറ ഊഴം എത്തിയപ്പോള്‍ കൈയില്‍നിന്ന് വീണത് രണ്ടെണ്ണം. മുറിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ പിറകില്‍നിന്ന് സുഹൃത്തിന്‍െറ കമന്‍റ് വന്നു. കാസിമിന്‍െറ ശരീരം കണ്ട് സങ്കടം തോന്നിയിട്ടാണ് സ്വാമി രണ്ട് ആപ്പിള്‍ കൊടുത്തത്. ഞങ്ങളെ കൊണ്ടുപോയ സ്വാമി അപ്പോള്‍ തിരുത്തി: ‘‘ അല്ല, അത് സ്നേഹപ്രകടനത്തിന്‍െറ അടയാളമാണ്. വലിയൊരു പാരമ്പര്യത്തിന്‍െറ ഭാഗം.’’ ശാരദപീഠം ചുറ്റിക്കാണുന്നതിടിയില്‍ സ്വാമി വാചാലനായി: ‘‘ശൃംഗേരി സ്വാമികള്‍ എക്കാലവും മതമൈത്രിയുടെ സന്ദേശവാഹകരാണ്. ഇവിടെ ജാതിമതഭേദമില്ല. മൈസൂര്‍ ചക്രവര്‍ത്തി ടിപ്പുസുല്‍ത്താനോട് ശാരദാപീഠത്തിനു വലിയ കടപ്പാടുണ്ട്. സാമ്പത്തികമായി നിര്‍ലോഭം സഹായിച്ചുവെന്ന് മാത്രമല്ല, ശത്രുക്കള്‍ ആക്രമിച്ചപ്പോള്‍ രക്ഷകരായി എത്തി. മഠവുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ഖജനാവില്‍നിന്ന് പണം വാരിക്കോരി ചെലവിടുന്നതില്‍ വൈമനസ്യം കാണിച്ചില്ല.’’

 

ഞങ്ങള്‍ക്ക് വായിക്കാന്‍ തന്ന ശാരദാപീഠത്തിന്‍െറ ചരിത്രം വിവരിക്കുന്ന പ്രസിദ്ധീകരണങ്ങളിലെല്ലാം ടിപ്പുവിന്‍െറ പേര് സുലഭമായി കുറിച്ചിട്ടത് കണ്ടപ്പോള്‍ അദ്ഭുതം തോന്നി. മറാത്താ സൈന്യം ശൃംഗേരി മഠം ആക്രമിച്ച ഘട്ടത്തില്‍ അതിനു സുരക്ഷ നല്‍കാനും  വിഗ്രഹം പുന:സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കാനും ടിപ്പു പുറപ്പെടുവിച്ച ഫിറാമന്‍െറ (ഓഡര്‍) കോപ്പി ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.  മഠാധിപതിയുമായി നടത്തിയ കത്തിടപാടുകളുടെ ചരിത്രരേഖകളും ഞങ്ങളുടെ മുന്നില്‍ നിരത്തി. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും ധര്‍മസ്ഥാപനങ്ങള്‍ക്കും സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുന്ന വിഷയത്തില്‍ ടിപ്പുസുല്‍ത്താന്‍ കാണിച്ച വിശാലമനസ്കത കൂടുതല്‍ വെളിച്ചം തട്ടാത്ത ഒരധ്യായമാണ്.

156ക്ഷേത്രങ്ങള്‍ക്ക് പണമായോ സ്വര്‍ണമായോ ടിപ്പുസുല്‍ത്താന്‍ സംഭാവനകള്‍ നല്‍കിയതിന്‍െറ ചരിത്രരേഖകള്‍ വിവിധ ആര്‍ക്കൈവ്സില്‍ കിടപ്പുണ്ട്. അക്കൂട്ടത്തില്‍ ശ്രീരംഗപട്ടണത്തെ  രംഗനാഥ സ്വാമി ക്ഷേത്രവും നഞ്ചഗുണ്ടയിലെ ശ്രീകണ്ഠേശ്വര ക്ഷേത്രവും പെടും. നമ്മളറിഞ്ഞ ടിപ്പുസുല്‍ത്താന്‍ എന്ന മൈസൂര്‍ രാജാവിന്‍െറ മുഖം ഇതൊന്നുമല്ലല്ലോ?അന്ന് കലപില കൂട്ടിയ മനസ്സ് ഇപ്പോഴും അതാവര്‍ത്തിക്കുന്നു. ശ്രീരംഗപട്ടണത്ത് ആ ചരിത്രപുരുഷനെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ പോലും പാടില്ല എന്ന് ശഠിക്കാന്‍ മാത്രം സംഘ്പരിവാരത്തിനെ കൊണ്ട് വിദ്വേഷം പറയിപ്പിക്കുന്ന ചേതോവികാരം എന്താണ്? മാതൃരാജ്യത്തിനു വേണ്ടി ടിപ്പുവിനെപോലെ  പടക്കളത്തില്‍ വീരമൃത്യുവരിച്ച എത്ര പേരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും? അധിനിവേശ ശക്തികളോട് മരണം വരെ പോരാടാന്‍ സ്വന്തം മക്കളെ അടര്‍ക്കളത്തിലേക്ക് പറഞ്ഞയച്ച ടിപ്പുസുല്‍ത്താനു പകരം വെക്കാന്‍ ഏത് രാജ്യസ്നേഹിയാണ് നമ്മുടെ ഓര്‍മയിലുള്ളത്? ചരിത്രം ടിപ്പുവിനോട് കാണിച്ചത്ര ക്രൂരത മറ്റൊരു കഥാപാത്രത്തോടും കാണിച്ചിട്ടുണ്ടാവണമെന്നില്ല.

ഗവര്‍ണരും ചരിത്രകാരനുമായിരുന്ന യശശ്ശരീരനായ പ്രഫ. ബി.എന്‍ പാണ്ഡെ ഒരു നാള്‍ രാജ്യസഭയില്‍ വക്രീകരിക്കപ്പെട്ട ചരിത്രത്തെ കുറിച്ച് വിലപിക്കവെ ടിപ്പുവുമായി ബന്ധപ്പെട്ട ഒരനുഭവം വിവരിച്ചു.  കൊല്‍ക്കത്ത യൂനിവേഴ്സിറ്റിയിലെ സംസ്കൃത വകുപ്പ് തലവന്‍ ഡോ.ഹര്‍പ്രസാദ് ശാസ്ത്രി എഴുതിയ ഒരു പുസ്തകം പാണ്ഡെ വായിക്കാനിടയായത്രെ. മതം മാറ്റത്തിനു ടിപ്പുനിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 3000ബ്രാഹ്മണര്‍ ആത്മഹൂതി നടത്തിയെന്നാണ് അതില്‍ എഴുതിവെച്ചിരിക്കുന്നത്. ടിപ്പുവിനെ രാക്ഷസീയവത്കരിക്കുന്ന ഒട്ടേറെ മറ്റു പരാമര്‍ശനങ്ങളും വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ പാണ്ഡെ ഉടന്‍ ഡോ. ശാസ്ത്രിയെ ബന്ധപ്പെട്ട് നിജസ്ഥിതി അറിയണമെന്ന് ആവശ്യപ്പെട്ടു. മൈസൂര്‍ ഗസറ്റിയറില്‍നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നായിരുന്നു മറുപടി. എന്നാല്‍, പാണ്ഡെ മുന്‍കൈ എടുത്ത് ബ്രിട്ടീഷുകാര്‍ തയാറാക്കിയ ഗസറ്റിയര്‍ മുഴുവനും പരതി നോക്കി. അതില്‍ ടിപ്പുവിനെ കുറിച്ച് അങ്ങനെയൊരു പരാമര്‍ശമേ ഇല്ല. പാണ്ഡെയിലെ നിഷ്പക്ഷ ചരിത്രകാരന്‍ ക്ഷുഭിതനായി. ടിപ്പുവിനെ കുറിച്ച്  ഇങ്ങനെ പരിഭവിക്കേണ്ട ആവശ്യമെന്ത് എന്നായിരുന്നുവത്രെ ഡോ. ശാസ്ത്രിയുടെ ചോദ്യം.

ക്ഷേത്രങ്ങളുടെ നഗരമായ ശ്രീരംഗപട്ടണമായിരുന്നു ജീവിതാവസാനം വരെ ടിപ്പുവിന്‍െറ രാജ്യതലസ്ഥാനം. മൈസൂരില്‍ പ്രഥമ ചര്‍ച്ച് പണിയാന്‍ ഒത്താശകള്‍ ചെയ്തുകൊടുത്തത് മറ്റാരുമായിരുന്നില്ല. പ്രമുഖ ചരിത്രകാരനായ ബി.എ സലറ്റോര്‍, ടിപ്പുവിനെ “defender of Hindu Dharma”എന്നാണ് വിശേഷിപ്പിച്ചത് .

മൈസൂര്‍ രാജാക്കന്മാരായ ഹൈദരലിയെയും പുത്രന്‍ ടിപ്പുസുല്‍ത്താനെയും കുറിച്ച് നമുക്ക് കിട്ടിയ ചരിത്രാറിവുകള്‍ ഇവര്‍ പൊരുതിത്തോല്‍പിച്ച ബദ്ധശത്രുക്കളായ ബ്രിട്ടുഷുകാരില്‍നിന്നും അവരുടെ പിണിയാളുകളായ നാടന്‍ രാജാക്കന്മാരില്‍നിന്നുമാണ്. പില്‍ക്കാല ചരിത്രകാരന്മാരുടെ മുന്‍വിധിയും പക്ഷപാതിത്വവും അസത്യജഡിലമായ ചരിത്രത്തിനു ആധികാരികത നേടിക്കൊടുത്തു. യഥാര്‍ഥ ടിപ്പുവിനെ കുറിച്ച് ചിലരേ നമ്മോട് സംവദിച്ചിട്ടുള്ളൂ. വിദേശ അധിനിവേശ ശക്തികളുടെ മുന്നില്‍ എല്ലാം അടിയറവ് വെച്ച് കരാറിലേര്‍പ്പെടുകയും നികുതി പിരിക്കാനും നാട് ഭരിക്കാനും അനുമതി നല്‍കുകയും ചെയ്ത സംഘ്പരിവാര്‍ ശിരസ്സിലേറ്റി നടക്കുന്ന കുറെ ‘ധീരപരാക്രമി’കളുടെ കൂട്ടത്തില്‍പ്പെട്ടയാളല്ല ടിപ്പുസുല്‍ത്താന്‍. പ്ളാസിയുദ്ധത്തിലൂടെ സ്ഥാപിച്ചെടുത്ത ആധിപത്യം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിന് സൈനികമുഷ്ക്കും ഭീഷണിയും പുറത്തെടുത്ത് പടയോട്ടങ്ങള്‍ക്ക് തുനിഞ്ഞ വെള്ളക്കാരെ പൊരുതിത്തോല്‍പിക്കാനും ഇന്ത്യയുടെ യഥാര്‍ഥ കരുത്ത് കാണിച്ചുകൊടുക്കാനും ഹൈദരാലിയെയും ടിപ്പുവിനെയും പോലെ ആണത്തമുള്ള ഭരണകര്‍ത്താക്കള്‍ ഇവിടെ കൂടുതലൊന്നും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരെ ടിപ്പു വെള്ളം കുടിപ്പിച്ചു. ടിപ്പുവിന്‍െറ കരവാളിനു മുന്നില്‍ അവര്‍ പേടിച്ചരണ്ടു. മൈസൂര്‍ യുദ്ധങ്ങള്‍ തങ്ങളുടെ വാട്ടര്‍ലൂ ആവാന്‍ പോവുകയാണെന്ന് കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വെല്ലസ്ലി പ്രഭുവിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് തന്നെ ടിപ്പുവിനെ നേരിടാന്‍ സൈനിക കരുത്തന്‍ ആവശ്യമാണ് എന്ന കണക്കുകൂട്ടലിലാണ്. പട നയിച്ച രാജാക്കന്മാരെ കുറിച്ച് പെരുത്തും നമ്മള്‍ കേട്ടിട്ടുണ്ട്; എന്നാല്‍, അവസാനനിമിഷം വരെ ശത്രുസൈന്യത്തോട് പട പൊരുതി പടക്കളത്തില്‍ വീരമൃത്യു വരിച്ച എത്രപേരെ കുറിച്ച് പോയകാലത്തിനു പറയാനുണ്ട്?  മാതൃരാജ്യത്തെ ശത്രുക്കളില്‍നിന്ന് കാത്തുസൂക്ഷിക്കാന്‍ വിദേശ ശക്തികളുമായി ചേര്‍ന്നു തന്ത്രങ്ങളാവിഷ്കരിക്കുന്നതില്‍ ഇന്ത്യയുടെ ആദ്യ സ്വതന്ത്രസമര സേനാനി കാണിച്ച നൈപുണി തുല്യതയില്ലാത്തതാണ്.

ഫ്രാന്‍സുമായി അടുത്തിടപഴകുകയും ആയുധ-സാങ്കേതിവിദ്യ ആര്‍ജിക്കുകയും പോര്‍മുഖത്ത് അത് വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ഫ്രഞ്ച്വിപ്ളവത്തിന്‍െറ സന്ദേശം ഇന്ത്യയിലത്തെിയത് ടിപ്പുവിലൂടെയാണ്. ആധുനികത ഇന്ത്യയിലത്തെിയതും ടിപ്പുവിലൂടെയാണെന്ന് ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തുന്നുണ്ട്. അസമത്വവും ജാതീയ ഉച്ചനീചത്വങ്ങളും കൊടികുത്തി വാണ ഇന്ത്യന്‍ മണ്ണിലും ഫ്രഞ്ച്വിപ്ളവത്തിന്‍െറ മാതൃക ആവര്‍ത്തിക്കപ്പെടേണ്ടതുണ്ടെന്ന് ടിപ്പു ആഗ്രഹിച്ചുവത്രെ. തന്‍െറ കാലഘട്ടത്തിലെ രാജാക്കന്മാര്‍ ഭരണത്തിന്‍െറ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നപ്പോള്‍ ലോകവിഹായസ്സിലേക്ക് കണ്ണും മനസ്സും പായിച്ച അപൂര്‍വ ക്രാന്തദര്‍ശിയാണ് ടിപ്പുസുല്‍ത്താന്‍. മിസൈല്‍ സാങ്കേതി വിദ്യ പഠിക്കുന്നതിനു തനിക്കു പ്രചോദനം നല്‍കിയത് 18ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് അധിനിവേശകര്‍ക്ക് ആഘാതമേല്‍പിക്കുന്നതിനു ടിപ്പു ഉപയോഗിച്ച മിസൈലുകളുടെ മാതൃകയാണെന്ന് യശ്ശശരീരനായ എ.പി.ജെ. അബ്ദുല്‍ കലാം ആത്മകഥയില്‍ പറയുന്നുണ്ട്.

ടിപ്പുസുല്‍ത്താന്‍ കേരളത്തില്‍ സാധിച്ചെടുത്ത സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങളുടെ തിളക്കമാര്‍ന്ന അധ്യായം ഇന്നേവരെ സത്യസന്ധമായി വിലയിരുത്തപ്പെട്ടിട്ടില്ല.  ടിപ്പുവിന്‍െറ പടയോട്ടത്തെ കുറിച്ച് മാത്രമേ നാം കേള്‍ക്കാറുള്ളൂ. നെപ്പോളിയന്‍ ബോണാപാര്‍ട്ടിനെ പോലെ ടിപ്പുവും പടയോട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നും മതത്തിന്‍െറയോ മറ്റേതെങ്കിലും വിഭാഗീയ ചിന്താഗതിയുടെയോ പേരിലായിരുന്നില്ല. തീര്‍ത്തും രാഷ്ട്രീയലക്ഷ്യത്തോടെ. സവന്നുര്‍, കടപ്പ, കര്‍ണൂല്‍ നവാബ്മാര്‍ക്കെതിരെയും ഹൈദരാബാദ് നൈസാമിനെതിരെയുമാണ് അദ്ദേഹം പോരാട്ടവീര്യമത്രയും പുറത്തെടുത്തത്. കേരളത്തില്‍ സാമൂതിരിയുമായി ഏറ്റുമുട്ടിയ ടിപ്പുവിന്‍െറ സൈന്യം മഞ്ചേരിയില്‍ കുരിക്കൾമാരെയും വെറുതെ വിട്ടില്ല. പിടിച്ചടക്കിയ ഭൂപ്രദേശത്തുനിന്ന് കിട്ടുന്നതെല്ലാം കൊള്ളയടിച്ചു പോകുന്ന അക്കാലഘട്ടത്തിലെ കീഴ് വഴക്കമായിരുന്നില്ല മൈസൂര്‍ സിംഹം പിന്തുടര്‍ന്നത്. കാല്‍ കുത്തിയ മണ്ണിലെല്ലാംപാദമുദ്രകള്‍ പതിപ്പിച്ച ഈ ധീരയോദ്ധാവ് വിപ്ളവകരമായ മാറ്റങ്ങളിലുടെ പുതിയൊരു അരുണോദയത്തിന് നാന്ദികുറിച്ചു. ജാതീയ ഉച്ചനീചത്വങ്ങളുടെ ഭ്രാന്തന്‍ ഭൂമികയിലേക്കാണ് ഹൈദരലിയും ടിപ്പുസുല്‍ത്താനും പട നയിച്ചുകയറിവരുന്നത്. യുദ്ധത്തിലൂടെ നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു ഇവിടങ്ങളില്‍ വാഴാന്‍ അവര്‍ താല്‍പര്യം കാണിച്ചില്ല. നാട്ടുരാജാക്കന്മാര്‍ കപ്പം കൊടുക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചപ്പോള്‍ സമാധാനപരമായി തിരിച്ചുപോയി. ചിറക്കല്‍ രാജാവിനെ പുനര്‍വാഴിച്ചു.മഞ്ചേരിയില്‍ കുരിക്കള്‍മാരുടെ ദുര്‍ഭരണത്തിനെതിരെ മതം നോക്കാതെ സൈനിക നടപടി സ്വീകരിച്ചു.

ആധിപത്യം സ്ഥാപിച്ച പ്രദേശങ്ങളില്‍ മദണ്ണ, ശ്രീനിവാസറാവു എന്നീ ഗവര്‍ണമാരെ നിയമിച്ചാണ് ഭരണം നിയന്ത്രിച്ചത്. ബ്രാഹ്മണപ്രതിനിധികളിലൂടെ എന്തു മതഭ്രാന്താണ് പരത്തേണ്ടത്? മാറ് മറക്കാനും മാന്യമായി വസ്ത്രധാരണം ചെയ്യാനും പ്രജകളോട് ആജ്ഞാപിച്ചത് നാണവും മാനവും ഉന്നതകുലജാതരുടെ കുത്തകയാണെന്ന് വിശ്വസിച്ചുപോന്ന കാലഘട്ടത്തിന്‍െറ ജീര്‍ണതയോട് സമത്വത്തിന്‍െറ ജീവിതകാഴ്ചപ്പാട് കൊണ്ട് പൊരുതിയാണ്.  മലബാറിന്‍െറ ഭരണം  ഏകീകരിക്കപ്പെടാന്‍ തുടങ്ങിയത് ടിപ്പുവിന്‍െറ ആഗമനത്തോടെയാണ്. സുസംഘടിതമായ ഒരു രാഷ്ട്രീയസംവിധാനത്തിന്‍ കീഴിലേക്ക് നൂതനമായൊരു ഭരണരീതി നടപ്പാക്കാനാണ് തുടക്കത്തിലേ ശ്രമമുണ്ടായത്. യഥാര്‍ഥത്തില്‍ അന്ന് മലബാറില്‍ ഭരണം എന്നൊരു ഏര്‍പ്പാട് താഴേതട്ടിലേക്ക് ആഴത്തില്‍ വേരൂന്നിയിരുന്നില്ല. നികുതി സമ്പ്രദായത്തെ കുറിച്ചോ മറ്റു നിയമങ്ങളെ കുറിച്ചോ ജനം തീര്‍ത്തും അജ്ഞരായിരുന്നുവെന്നും ഫ്യൂഡല്‍ വ്യവസ്ഥിയില്‍ അധിഷ്ഠിതമായ ഗവണ്‍മെന്‍റായിരുന്നു ഇവിടെ നിലനിന്നിരുന്നതെന്നും സഞ്ചാരിയായ ഫ്രാന്‍സിസ് ബുക്കാനന്‍ രേഖപ്പെടുത്തുന്നുണ്ട്.

ഡച്ച് ഗവര്‍ണര്‍ സ്റ്റീന്‍വാന്‍ അന്നത്തെ കേരളത്തിന്‍െറ സാമൂഹിക -രാഷ്ട്രീയ അവസ്ഥാവിശേഷത്തെ കുറിച്ച് 1743ല്‍ കുറിച്ചിട്ട് ഇങ്ങനെ: കേരളത്തില്‍ നാല് പ്രധാന രാജസ്ഥാനങ്ങളും 42ചെറുകിട നാടുകളുമുണ്ട്. രാജ്യം നിരവധി നാടുകളായി വിഭജിച്ചു. നാടുകളെ ദേശങ്ങളായി വിഭജിച്ചു. ’ ഈ ദേശങ്ങളെ ചെറിയ ചെറിയ തുണ്ടുകളായി വിഭിജിച്ച് ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭരിച്ചിരുന്നത്. ഗ്രാമങ്ങള്‍ ബ്രാഹ്മണമരുടെയും തറകള്‍ നായന്മാരുടെയും ചേരികള്‍ ഹീനജാതിക്കാരുടെയും ആവാസവ്യവസ്ഥകളായി നിലനിന്നപ്പോഴാണ് ആധുനിക ഭരണസംവിധാനത്തിന്‍െറ അടിസ്ഥാന കാഴ്ചപ്പാടായ പൗരന്മാരെ ഒന്നായി കണ്ട് മൈസൂർ രാജാക്കന്മാര്‍ പുതിയ ഭരണപരിഷ്കാരം നടപ്പാക്കുന്നത്. സാമൂഹികവും ഭരണപരവുമായ ഒരു ഉടച്ചുവാര്‍ക്കലാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. നാടുവാഴികളില്‍നിന്നും ദേശവാഴികളില്‍നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ജാതീയമായ ജീര്‍ണതകള്‍ മുഴുവന്‍ ജനങ്ങളുടെമേല്‍ കെട്ടിയേല്‍പിക്കുകയും ചെയ്ത തറകളെയും ഗ്രാമങ്ങളെയും കേന്ദ്രീകൃത ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നതോടെ ഫ്യൂഡല്‍ അരാജകത്വത്തിന്‍െറ കടക്കാണ് കത്തിവെച്ചത്. ഈ കേന്ദ്രീകൃതഭരണത്തെ നായര്‍ പ്രഭുക്കന്മാരും ഇടപ്രഭുക്കന്മാരും നഖശിഖാന്തം എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശക്തനായ ടിപ്പുവിന്‍െറ മുമ്പില്‍ അശേഷം വിലപ്പോയില്ല.

മലബാറിലെ സവര്‍ണ, ഫ്യൂഡല്‍ തലവന്മാരാണ് ടിപ്പുവിനെ വര്‍ഗീയവാദിയായും ഹിന്ദുവിരുദ്ധനായും ചിത്രീകരിച്ചതും പ്രചരിപ്പിച്ചതുമെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ.കെ എന്‍ കുറുപ്പ് അടിവരയിടുന്നുണ്ട്. തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മയും കൊച്ചിയില്‍ പാലിയത്ത് കോമ്പിയച്ചനും കഠിനശ്രമത്തിലൂടെ നേടിയെടുത്ത മാറ്റമാണ് മൈസൂരിലിരുന്ന് ഹൈദരാലിയും പുത്രനും ഇവിടെ കൈവരിച്ചത്. ആ ചരിത്രം നിഷ്പക്ഷബുദ്ധിയാൽ വിലയിരുത്താന്‍ ഇന്നും ഒരു വിഭാഗത്തിന് സാധിക്കുന്നില്ല. അതിന്‍െറ പ്രതിഫലനമാണ് കര്‍ണാടകയില്‍ ഇന്നു കാണുന്നതും ടിപ്പുവിനെതിരെ കുരച്ചുചാടാന്‍ ചിലരെ പ്രേരിപ്പിക്കുന്നതും.

 

Tags:    
News Summary - All about Tipu Sultan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.