ആഴക്കടൽ മാപ്പിങ് കമ്പനിയായ മഗല്ലൻ ലിമിറ്റഡും അറ്റ്ലാന്റിക് പ്രൊഡക്ഷനും ചേർന്ന് ഡിജിറ്റൽ സ്കാൻ വഴി തയാറാക്കിയ ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന്റെ ചിത്രം

ടൈറ്റാനിക്കിൽ നിന്ന് ടൈറ്റനിലേക്ക് ദുരന്തത്തിന്റെ ആവർത്തനം

വിഖ്യാതമായ റോയൽ മെയിൽ ഷിപ്പ് (RMS) ടൈറ്റാനിക് അത്‍ലാന്റിക് സമുദ്രത്തിൽ മുങ്ങി 110 വർഷം കഴിഞ്ഞ് അതേസ്ഥലത്ത് ഇപ്പോഴിതാ മറ്റൊരു ദുരന്തം. ജൂൺ 18ന് കാനഡയിലെ ന്യൂഫൗണ്ട് ലാൻഡ് തീരത്തുനിന്ന് 700 കി.മീറ്റർ അകലെ, അഞ്ച് യാത്രികരുമായി പുറപ്പെട്ട ടൈറ്റൻ അന്തർവാഹിനിയാണ് ആഴക്കടലിൽ അപ്രത്യക്ഷമായത്.

1912 ഏപ്രിൽ 15ന് ഇംഗ്ലണ്ടിലെ സൗത്താംപ്ടണിൽനിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രക്കിടയിൽ അത്‍ലാന്റിക് സമുദ്രത്തിൽ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് ആഡംബര കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ടതാണ് ടൈറ്റനിലെ യാത്രക്കാർ. അവശിഷ്ടങ്ങൾ കടലിന്റെ അടിത്തട്ടിൽ 3800 മീറ്റർ താഴെയാണുള്ളത്.

ടൈറ്റൻ

ഒരിക്കലും മുങ്ങാൻ സാധ്യതയില്ല എന്നാണ് ടൈറ്റാനിക്കിന്റെ നിർമാതാക്കൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഒരു മഞ്ഞുപാളിയിൽ ഇടിച്ച് ആ കപ്പൽ തകർന്നപ്പോൾ അതിലുണ്ടായിരുന്ന 2240 യാത്രികരിൽ 1500 പേർക്കാണ് ജീവ നഷ്ടമുണ്ടായത്. ടൈറ്റാനിക് എന്ന പ്രസിദ്ധ ഹോളിവുഡ് സിനിമയുടെ പ്രമേയം ഈ അപകടത്തിന്റെ പശ്ചാത്തലവും അതിൽ അരങ്ങേറിയ, മറക്കാനാവാത്ത ഒരു പ്രണയവും ആയിരുന്നു.

ടൈറ്റൻ അപകടത്തിലുമുണ്ട് കണ്ണുനിറക്കുന്ന കഥകൾ. എടുത്തുപറയേണ്ടത് 19 കാരനായ സുലൈമാൻ ദാവൂദിനെക്കുറിച്ച്. വല്ലാതെ ഭയന്നിട്ടും, തന്റെ പിതാവിനുള്ള 'പിതൃദിന സമ്മാനമായാണ് സുലൈമാൻ ടൈറ്റനിൽ കയറിയത്. ടൈറ്റാനിക് സിനിമയുടെ നിർമാതാവും, സമുദ്രപര്യവേക്ഷകനുമായ ജെയിംസ് കാമറൂൺ എ.ബി.സി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു: ടൈറ്റാനിക് ദുരന്തവും, ടൈറ്റൻ ദുരന്തവും തമ്മിലെ സാദൃശ്യം എന്നെ അമ്പരപ്പിക്കുന്നു.

ടൈറ്റാനിക്കിന്റെ കപ്പിത്താന് മുന്നിലുള്ള മഞ്ഞുമലയെക്കുറിച്ച് അറിയിപ്പുകൊടുത്തിരുന്നു. എന്നിട്ടും നിലാവില്ലാത്ത രാത്രിയിൽ അയാൾ അതിവേഗത്തിൽ ആ ഇരുണ്ട രാത്രിയിൽ കപ്പലോടിക്കുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം. ഇത് ചരിത്രത്തിന്റെ ആവർത്തനം.

ആഡംബര ടൂറിസം

ഈ കപ്പൽ തകർച്ചയുടെ നശിച്ചു കൊണ്ടിരിക്കുന്ന അവശിഷ്ടങ്ങൾ നേരിട്ടുകാണാനുള്ള ആഗ്രഹം പലർക്കുമുണ്ട്. അതിനുള്ള വഴിയൊരുക്കിയതാണ് ഓഷ്യൻ ഗേറ്റ് എക്സ്​പെഡിഷൻ (Ocean Gate expedition) എന്ന കമ്പനി. 2019-ലാണ് എയ്റോ സ്പേസ് എൻജിനീയറായ 'സ്റ്റോക്ടൻ റഷ്' തന്റെയുള്ളിൽ ദീർഘകാലമായി കൊണ്ടുനടന്ന ആശയം നടപ്പാക്കിയത്. കടലിന്റെ അടിത്തട്ടിൽ ആഴ്ന്നുപോയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്ക് ഒരു "ആഡംബര ടൂറിസ യാത്ര.

പിന്നീട് ഓഷ്യൻ ഗേറ്റ് എക്സ്​പെഡിഷൻ കമ്പനിയുടെ അഭിമാന പ്രോജക്ട് ആയി ടൈറ്റൻ അന്തർവാഹിനി മാറി. സ്വകാര്യ ഉടമസ്ഥതയിലുള്ള ചുരുക്കം ചില മുങ്ങിക്കപ്പലുകളിലൊന്നാണ് ഓഷ്യൻ ഗേറ്റ് എക്സ്​പെഡിഷൻ ഉടമസ്ഥതിയിലുള്ള ടൈറ്റൻ, കാർബൺ-ഫൈബർ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഈ അന്തർവാഹിനി സാധാരണ സബ്മറൈനുകൾ അഥവാ മുങ്ങിക്കപ്പലുകളിൽ നിന്ന് വ്യത്യസ്തമാണ്.

നാവികസേനയും പര്യവേഷണ ഗവേഷകരും ഉപയോഗിക്കുന്ന മുങ്ങിക്കപ്പലുകൾക്ക് തുറമുഖത്തു നിന്ന് സ്വയം പുറപ്പെട്ട് കടലിൽ പലവട്ടം മുങ്ങാനും പൊങ്ങാനും കഴിയും. ഗവേഷണങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന മുങ്ങിക്കപ്പലുകൾക്ക് ദിവസങ്ങളോളം കടലിനടിയിൽ കഴിയാനാകും.

എന്നാൽ ടൈറ്റൻ സബ്മറൈനല്ല, ഒരു സബ് മേഴ്സിബിളാണ്. 9,525 കിലോ ഭാരമുള്ള ടൈറ്റൻ മണിക്കൂറിൽ 5.6 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. എൽ.ഇ.ഡി ലൈറ്റുകൾ, നാവിഗേഷനുള്ള സംവിധാനങ്ങൾ, അത്യാധുനിക കാമറ തുടങ്ങിയവയും ഇതിലുണ്ടെന്ന് അവർ അവകാശപ്പെടുന്നു.

ശക്തികുറവായ എൻജിനുപയോഗിച്ച് പ്രവർത്തിക്കുന്ന ഈ അന്തർവാഹിനിയെ മറ്റൊരു കപ്പലിന്റെ സഹായത്തോടെ കെട്ടിവലിച്ചുകൊണ്ടുപോകേണ്ടി വരും. നടുക്കടലിലെത്തിച്ചശേഷം, പ്രത്യേകം തയാറാക്കിയ ഒരു പ്ലാറ്റ്ഫോമിൽ നിന്നാണ് ഈ അന്തർവാഹിനിയെ ആഴക്കടലിലേക്കു വിക്ഷേപിക്കുക.

'ക്രൂ'വിനെയും യാത്രക്കാരെയും മുങ്ങിക്കപ്പലിനുള്ളിലാക്കി പുറത്തുനിന്ന് ബോൾട്ടിട്ടു മുറുക്കുന്നതുകൊണ്ട് അപകടസാഹചര്യങ്ങളിൽപോലും യാത്രക്കാർക്ക് പുറത്തേക്ക് കടക്കാനാവില്ല. ടൈറ്റൻ അന്തർവാഹിനിയിൽ അഞ്ച് ആളുകൾക്ക് സഞ്ചരിക്കാമെന്നും, 4000 മീറ്റർ ആഴത്തിൽ വരെ എത്താനാകുമെന്നുമാണ് നിർമാതാക്കളായ ഓഷ്യൻ ഗേറ്റ് എക്സ്​പെഡിഷൻ അവകാശപ്പെടുന്നത്.

വിഡിയോ ഗെയിം നിയന്ത്രിക്കുന്നതുപോലെയാണ് ദൂരെയുള്ള കപ്പലിൽനിന്ന് ടൈറ്റന്റെ സഞ്ചാരം നിയന്ത്രിക്കുന്നത്. ടൈറ്റന്റെ സ്ഥാനം അറിയുകയും പൈലറ്റിന് നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നതും ഈ കപ്പലിൽ നിന്നുതന്നെ. അടിയന്തരഘട്ടത്തിൽ മുകളിലേക്ക് ഉയർത്താനുള്ള സംവിധാനങ്ങളും ടൈറ്റനിൽ ഉണ്ട് എന്നാണ് ഒരു മുൻ യാത്രക്കാരന്റെ അനുഭവം.

ഒരു സ്വപ്നത്തിന്റെ അന്ത്യം

ഓഷ്യൻ ഗേറ്റ് എക്സ്​പെഡിഷൻ നടത്തിയ മൂന്നാമത്തെ യാത്രയായിരുന്നു ഏതാനും മണിക്കൂറിൽ അവസാനിച്ചത്. 2021 ലും 2022 ലും ഈ കമ്പനി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്ക് വിജയകരമായ ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. ഉൾവലിഞ്ഞുള്ള അപകടകാരിയായ ഒരു സ്ഫോടനത്തിൽ (impolsion) ടൈറ്റൻ പൊട്ടിത്തെറിച്ചിരിക്കാം എന്നാണ് നിഗമനം. സമുദ്രത്തിന്റെ ആഴങ്ങളിലെ ഉയർന്ന മർദം താങ്ങാനാവാതെവരുമ്പോഴാണ് ഇത്തരം സ്ഫോടനമുണ്ടാവുക.

ടൈറ്റാനിക് ദുരന്താവശിഷ്ട്ടങ്ങൾക്കു സമീപം റോബോട്ട് കണ്ടെത്തിയ അവശിഷ്ടങ്ങൾ ടൈറ്റന്റേതുതന്നെയാണെന്ന് അമേരിക്കയുടെ കോസ്റ്റ് ഗാർഡ് അറിയിക്കുന്നു. ആഴക്കടൽ യാത്രകൾ ഒരു ഹരമായി കണ്ടിരുന്ന, ഓഷ്യൻ ഗേറ്റ് എക്സ്​പെഡിഷൻ സി.ഇ.ഒ., സ്റ്റോക്ടൻ റഷും ടൈറ്റനോടൊപ്പം അപ്രത്യക്ഷമായി.

ഒരിക്കൽ ടൈറ്റനിൽ ആഴക്കടലിൽ പോയിട്ടുള്ള സിബിഎസ് ലേഖകന്റെ അഭിപ്രായത്തിൽ അതൊരു സീറ്റില്ലാത്ത മിനിവാനിൽ യാത്രചെയ്യുന്നതുപോലെയാണ്. 42 വയസ്സുകാരനായ, ഡിസ്കവറി ചാനലിലെ കാമറ ഓപറേറ്റർ ബ്രയാൻ വീഡ് കഴിഞ്ഞ മേയ് മാസം ഒരു ടെസ്റ്റ് ഡ്രൈവ് നടത്തിയതോർക്കുന്നു, അന്ന് ഒന്നും ശരിയായില്ല എന്ന് അദ്ദേഹം പറയുന്നു. ചുരുണ്ടു കൂടിയിരിക്കുന്ന താറാവുകളെപ്പോലെയാണ് അവർ അതിലിരുന്നത്.

പക്ഷേ ആ പഴയ ടൈറ്റാനിക് ദുരന്തം നടന്ന സ്ഥലം കാണാനുള്ള ആവേശം, അതാണ് വീഡിനെ ആകർഷിച്ചത്. അദ്ദേഹം പറയുന്നു: ടൈറ്റാനിക്കിന്റെ ദൃശ്യങ്ങൾ കാണുക എന്ന ചിന്തതന്നെ മനസ്സിനെ മയക്കുന്നു. എങ്ങനെയും അത് സാധ്യമാക്കണം എന്ന ചിന്ത വളരുമ്പോൾ നമ്മെ തുറിച്ചുനോക്കുന്ന പ്രശ്നങ്ങളെ അവഗണിച്ചുപോകുന്നു. ടൈറ്റാനിക് എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ആവേശം.

അപകടമാണെന്നറിയാമെങ്കിലും എന്തോ ഒരു മാസ്മരികതയോടെ മുന്നോട്ടു നയിക്കുന്നു. കിളിവാതിലിലെന്നപോലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുക എന്നതാണ് വിനോദയാത്രയുടെ ലക്ഷ്യം. ഒരു പക്ഷേ, അപകടകരമായ ഈ യാത്രക്ക് ശേഷം മടങ്ങിവരാനായേക്കില്ല എന്നുപോലും ഈ യാത്രികർ കണക്കുകൂട്ടുന്നുണ്ടാകാം.

സാഹസിക ടൂറിസത്തിലുള്ള താൽപര്യം ഏറുമ്പോൾ പലപ്പോഴും സുരക്ഷ പരിഗണനക്കും അപ്പുറത്താകുന്നു ആവേശം. പക്ഷേ ഇത് അതിസമ്പന്നർക്കുമാത്രം സാധ്യമാകുന്ന ഒന്നാണ് എന്നോർക്കണം. ടൈറ്റൻ യാത്രക്ക് ഓരോ യാത്രികനും ചെലവാക്കുന്നത് 2,50,000 അമേരിക്കൻ ഡോളറാണ്.

6.5ദശലക്ഷം ഡോളറാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ഇതിനകം പലരാജ്യങ്ങൾ ചേർന്ന് ചെലവാക്കിയത്. ടൈറ്റനിൽ കുടുങ്ങിപ്പോയ അഞ്ചുയാത്രികർക്കായുള്ള തിരച്ചിലിന് ഇത്രയേറെ വാർത്തപ്രാധാന്യം ലഭിക്കുമ്പോൾ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ബോട്ടപകടത്തിന്റെ കാര്യം മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഓർമിപ്പിക്കുന്നു.

നൂറുകണക്കിന് അഭയാർഥികളുമായി ഗ്രീസിന് സമീപം ഉണ്ടായ ബോട്ടപകടത്തിൽപെട്ട എഴുനൂറിലധികം യാത്രികരുടെ അവസ്ഥയിലേക്കാണ് ഒബാമ ശ്രദ്ധ ക്ഷണിക്കുന്നത് . എത്രയോ ജീവനുകൾ അവിടെ കടലിൽ പൊലിഞ്ഞു. ലോകമിന്ന് വല്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്.

യുദ്ധം, കാലാവസ്ഥ വ്യതിയാനങ്ങൾ, പകർച്ചവ്യാധികൾ, ദാരിദ്ര്യം എല്ലാം ചേർന്ന് ലോകത്തിന്റെ ഭാവിയെതന്നെ ആശങ്കയിലാക്കുന്നു. ലോകത്തിലെ സമ്പത്തിന്റെ ഏറിയപങ്കും അതിസമ്പന്നരിലേക്ക് ചുരുങ്ങുന്ന ഇക്കാലത്ത് ഭാവിയെ സംരക്ഷിക്കേണ്ടുന്ന ചുമതലയും ഈ അതിസമ്പന്നർക്കുതന്നെയാണ്. അതുതന്നെയാണ് ടൈറ്റൻ-ഗ്രീസ് അപകടങ്ങളെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് ഒബാമ നൽകുന്ന സന്ദേശം.

(പ്രമുഖ ​ഭൗമശാസ്ത്രജ്ഞയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ എർത്ത് സയൻസസിൽ മുൻ പ്രഫസറുമായ ലേഖിക ഇപ്പോൾ ​അമേരിക്കയിലെ കൺസോർട്ട്യം ഫോർ സസ്റ്റയ്നബ്ൾ ​െഡവലപ്മെന്റിന്റെ ഭാഗമാണ്)

Tags:    
News Summary - A repeat of the disaster from Titanic to Titan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.