കൈലാസ് ജോഷി ബെഹ്റ നമ്മോടു പറയുന്നത്...

നടുക്കങ്ങളിലേക്കാണ് നമ്മുടെ ഓരോ ദിനവും പിടഞ്ഞുണരുന്നത്. മലയാളിയുടെ ജീവിത സാഹചര്യങ്ങള്‍ എത്രത്തോളം ഭീദിദവും അരക്ഷിതവും ആണെന്നതിനുള്ള തെളിവുകളായി ആ നടുക്കങ്ങള്‍ നമ്മെ വിടാതെ പിന്തുടരുന്നു. അശാന്തിയുടെ തീവ്ര പര്‍വത്തിലൂടെ കടന്നുപോകുകയാണ് ഇന്ന് ഓരോ മലയാളിയും.
ഫെബ്രുവരി മാസം വിഖ്യാത കലാകാരന്മാരുടെ വേര്‍പാട് കൊണ്ട് ദുഃഖ പൂരിതമായെങ്കില്‍ മന:സാക്ഷിയെ ഞെട്ടിക്കുന്ന അരും കൊലകളുടെ ചിത്രങ്ങളാണ് മെയ്മാസം വരഞ്ഞിട്ടത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ജിഷ എന്ന പെണ്‍കുട്ടിയുടെ  അതിക്രൂരമായ കൊലപാതകം ചിലരുടെ രാഷ്ര്ടീയ വിലപേശലുകള്‍ മറികടന്ന് കേസന്വേഷണം ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്ന അവസ്ഥയിലേക്ക് എത്തിചേര്‍ന്നിട്ടുണ്ടെന്നത് നേര്. ജിഷയുടെ കൊലപാതകം സംബന്ധിച്ച വാര്‍ത്തകള്‍ ചൂടുപിടിക്കുന്നതിന്നിടയിലാണ് മലയാളിക്ക് അത്ര രുചികരമായി തോന്നാത്ത മറ്റൊരു അരുംകൊല കോട്ടയത്ത് നടക്കുന്നത്. തൊഴില്‍ തേടി കേരളത്തിലേക്ക് വന്ന അസം സ്വദേശി കൈലാസ് ജോഷി ബെഹ്റയുടെ അതി ദാരുണമായ അന്ത്യം.

ഏറെ വൈരുധ്യം നിറഞ്ഞ കാഴ്ചയാണ് ഈ സംഭവം പകരുന്നത്. ജീവിതത്തിന്‍റെ പച്ചപ്പ് തേടി മലയാളികള്‍ വിദേശങ്ങളിലേക്ക് പലായനം ചെയ്യുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബംഗാളികളും ഒറിയക്കാരും ബീഹാറികളും ഹിന്ദിക്കാരും മറ്റും കേരളത്തിലേക്ക് ദിനം പ്രതി വന്നത്തെുന്നു. വരുന്നവരില്‍ പല തരക്കാരുമുണ്ട്. നീണ്ട കാലം വിശപ്പ് തന്നെ ഭക്ഷണമാക്കിയവര്‍. വലിയ കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും ചുമലിലേറ്റിവര്‍, വീട് നഷ്ടപ്പെട്ടവര്‍, മനോരോഗികള്‍, അക്രമികള്‍, കൊലപാതകികള്‍, സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിവര്‍ തുടങ്ങി ഇവിടെ വരുന്നവര്‍ ആരൊക്കെയെന്ന് നമ്മുടെ നിയമപാലകര്‍ക്ക് പോലും കൃത്യമായ തിട്ടമില്ല. അവര്‍ എല്ല് മുറിയെ പണിയെടുക്കുന്നു. മഴയോ വെയിലോ ബാധകമല്ല. കിടക്കാനുള്ള ഇടമോ രോഗമോ അവര്‍ വകവെക്കാറില്ല. ഏത് കടുത്ത ജോലിയും അവര്‍ ചെയ്യും.  അതുകൊണ്ടുതന്നെ അലസരായ 'മലയാളി തൊഴിലാളികളേക്കാള്‍ ' ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടുത്തെ തൊഴിലുടമകള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രിയപ്പെട്ടവരായി.
 
മാസം ഒരു ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്ന് കേട്ടു. കിട്ടുന്ന പണം പലരും അപ്പപ്പോള്‍ തന്നെ നാട്ടിലേക്ക് അയക്കും. അതോടെ ഉത്തരേന്ത്യയിലെ പല വീടുകളില്‍ നിന്നും  സ്വാദുള്ള ഭക്ഷണത്തിന്‍റെ  മണം പുറത്തേക്ക് വരാനിടയായി. പലരുടെയും വീടുകള്‍ക്ക് അടച്ചുറപ്പുണ്ടായി. വീടില്ലാത്തവര്‍ വീട് വെച്ച് തുടങ്ങി. വീട്ടില്‍ കല്യാണ പ്രായം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പുതിയ പ്രതീക്ഷകള്‍ ഉണ്ടായി. മലയാളികള്‍ പിന്നിട്ടുപോന്ന, പിന്നിട്ടുകൊണ്ടിരികന്ന ഒരു കാലത്തിന്‍റെ നേര്‍പകര്‍പ്പു തന്നെയായിരുന്നു ഇവയെല്ലാം. ഇതേ അവസ്ഥ വിദേശത്തേക്ക് ജോലി തേടിപ്പോയ മലയാളികളുടെ കുടുംബങ്ങളിലും ഉണ്ടായിരുന്നു. രണ്ടു ദിശകളിലേക്ക് സഞ്ചരിച്ചവര്‍. ലക്ഷ്യം ഒന്ന് തന്നെ. പണം സമ്പാദിക്കണം. എന്നിട്ടും ഏറെ പ്രവാസത്തിന്‍റെ ഗന്ധമുള്ള മലയാളികള്‍ക്ക് മറുനാടന്‍ പ്രവാസികളെക്കാണുമ്പോള്‍ എവിടെയൊക്കയോ ഒരു ദഹനക്കേട് അനുഭവപ്പെടുന്നുണ്ട്. നിറത്തോടും ജാതിയോടും മതത്തോടും സ്ത്രീകളോടും  മലയാളിക്ക് തോന്നുന്ന അതേ  പുച്ഛഭാവം!
 

കൈലാസ് ജോഷി ബെഹ്റയുടെ മരണം നമ്മളില്‍ പലരേയും സ്പര്‍ശിക്കാതെ പോയതിന്‍റെ കാരണം അതേ  പുച്ഛഭാവം തന്നെയാകണം. കൊടും ചൂടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്നതിനേക്കാള്‍  കഠിന ജോലികള്‍ മലയാളികള്‍ പല വിദേശ രാജ്യങ്ങളിലും ചെയ്യുന്നുണ്ട്. അവരേക്കാള്‍ കഷ്ടമായ തൊഴിലിടങ്ങളില്‍ അവര്‍ താമസിക്കുന്നുമുണ്ട്. എന്നിട്ടും നമ്മുടെ കാഴ്ചകളും കാഴ്ചപ്പാടുകളും മാറുന്നതേയില്ല.
മെയ് 4 ന് ജോലി തേടി കൂട്ടുകാരോടൊപ്പം  കോട്ടയത്ത് വന്ന മുപ്പതുകാരനായ കൈലാസ് ജോഷി റെയില്‍വേ സ്റ്റെഷനില്‍ ഇറങ്ങിയ  ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. കൂട്ടുകാരില്‍ നിന്നും വിട്ടകന്ന കൈലാസ് മനോദൗര്‍ബല്യ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനത്തെുടര്‍ന്ന്  പല വീടുകളിലും അവിടുത്തെ ശുചിമുറികളിലും കയറിയിറങ്ങിയതാണ് പ്രശ്നത്തിന്‍്റെ തുടക്കമെന്ന് പറയുന്നു. തുടര്‍ന്ന്  കൈലാസിന്‍റെ രീതികളില്‍ അതൃപ്തി തോന്നിയ നാട്ടുകാര്‍ അയാളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം  കൈകാലുകള്‍ കെട്ടിയിട്ട് റോഡിലെ പൊരിവെയിലില്‍ കിടത്തുകയായിരുന്നു. കന്നുകാലികള്‍ പോലും ചത്തുപോകുന്ന കൊടും വെയിലില്‍ കൈലാസിന് അധികനേരം പിടിച്ചു നില്‍ക്കാനായില്ല. ഏതാണ്ട് ഒരു മണിക്കൂര്‍ നേരം കൊടും വെയിലത്ത് കഴിഞ്ഞ കൈലാസ് മരണത്തിലേക്കുള്ള പാതയിലേക്കാണെന്ന് ചുറ്റിലും കൂടി നിന്നവര്‍  മനസ്സിലാക്കാനും വൈകി. (അതോ മന:പൂര്‍വം മരണത്തിലേക്ക് തള്ളിവിടുകയായിരുന്നോ?) നാട്ടില്‍ നിന്ന് കാലു കുത്തിയ ആദ്യ ദിനം തന്നെ നമ്മള്‍ മലയാളികള്‍ ആ ചെറുപ്പക്കാരന് ‘സമ്മാനം’ നല്‍കി. പൊലീസ് കൈലാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവന്‍ രക്ഷിക്കാനായില്ല. ആ ശരീരത്തില്‍ 50 തിലേറെ മുറിവുകളും ചതവുകളും ആണ് കണ്ടത്തെിയത്. മനോവൈകല്യമുള്ള യുവാവിനെ ക്രിമിനലിനോടെന്ന പോലെ കൈകാര്യം ചെയ്യുന്ന മലയാളിയുടെ മനോവൈകൃതത്തെ എന്തുപേരിട്ടാണ് വിളിക്കുക? ഇങ്ങനെ പെരുമാറിയവരുടെ കൂട്ടത്തില്‍ അങ്ങകലെ നാടും വീടും വിട്ട് പൊരിവെയിലില്‍ പണിയെടുത്ത അനുഭവം പേറുന്ന ഒരാളെങ്കിലും ഇല്ലാതിരിക്കുമോ? ഒരു നേരത്തെ അന്നത്തിനായി അലഞ്ഞിട്ടില്ലാത്തവര്‍ ഇല്ലാതിരിക്കുമോ? കല്ളെറിഞ്ഞവര്‍ എല്ലാം വിശുദ്ധര്‍ മാത്രമായിരുന്നോ?
 
ആദ്യ ഘട്ടത്തില്‍ പോലീസ് കൈലാസിന്‍റെ കൊലയാളികളെ കണ്ടത്തൊന്‍ ശ്രമിച്ചതേയില്ല. സമാനമായ  പോലീസ് രീതി തന്നെയാണ് ജിഷയുടെ കാര്യത്തിലും നമ്മുടെ നിയമപാലകര്‍ കാട്ടിയത് . സംഭവം നടന്ന മൂന്നാം നാള്‍ കൈലാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്യുകയുണ്ടായി! പുറമ്പോക്കില്‍ താമസിക്കുന്ന ഒരു ദളിത് പെണ്‍കുട്ടിയോടും നമ്മുടെ രാജ്യത്ത് ജീവിക്കുന്ന, ജീവിക്കാന്‍ ഗതികെട്ട് ഇങ്ങോട്ട് വരുന്ന ഇതര സംസ്ഥാന തൊഴിലാളിയോടും നമ്മുടെ നിയമത്തിന് എന്തെകിലും അയിത്തമുണ്ടോ? ഉത്തരേന്ത്യയിലെ പല നടുക്കുന്ന സംഭവങ്ങളും പറഞ്ഞ് അവിടുത്തുകാരുടെ മനുഷ്യത്വരാഹിത്യം, നിരക്ഷരത, ജീര്‍ണ സംസ്കാരം, മാടമ്പിത്തരം തുടങ്ങി പലതും തങ്ങള്‍ക്കില്ളെന്ന് മേനി പറയുന്ന മലയാളികള്‍ ചെയ്തു കൂട്ടുന്നതെന്താണ് ? ചുരുങ്ങിയ പക്ഷം പ്രവാസത്തിന്‍റെ ജീവിതോഷ്മാവ് അതിന്‍റെ അങ്ങേയറ്റം വരെ അതി ഭീകരമായി അനുഭവിച്ച മലയാളികളില്‍ നിന്നുതന്നെ ഉണ്ടാവുന്ന ഈ ക്രൂരതയെ വിശേഷിപ്പിക്കാന്‍ മറ്റെന്തെങ്കിലും വാക്കുണ്ടോ?
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.