നിശബ്ദത കൊണ്ടും സമരങ്ങളെ അടിച്ചമർത്താം..

ഇറോം ശർമിള ചാനു എന്ന സ്ത്രീയെപോലെ മറ്റൊരാളെ നമുക്ക് പരിചയമില്ല. മനുഷ്യന്‍റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും പാർപ്പിടവും മാത്രമല്ല, മുഴുവൻ സുഖസൗകര്യങ്ങളും ജീവിതം തന്നെയും സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സമർപ്പിച്ച ഒരു സ്ത്രീ ലോകചരിത്രത്തിൽ തന്നെ വേറെയില്ല. ഇന്ത്യൻ ഉപഭൂഖണ്ഡം എക്കാലവും വിസ്മരിച്ച മണിപ്പൂർ എന്ന സംസ്ഥാനത്തെ സഹനസമരം കൊണ്ട് അടയാളപ്പെടുത്തിയ ധീര വനിതയാണവർ.

ഇറോം ശർമിള തന്‍റെ16 വർഷം നീണ്ടുനിന്ന ഐതിഹാസികമായ പോരാട്ടത്തിന്‍റെ ഒരു ഘട്ടം അവസാനിപ്പിക്കുകയും പാർലമെന്‍ററി രാഷ്ട്രീയത്തിലേക്ക് ദിശമാറ്റുകയും ചെയ്യുമ്പോൾ സാമാന്യജനങ്ങൾക്കിടയിൽ ഉയർന്നുവരുന്ന നിരവധി ആശങ്കകളുണ്ട്. 2000ത്തിൽ മണിപ്പൂരിൽ നിലനിൽക്കുന്ന പ്രത്യേക സൈനികാധികാര നിയമം- അഫ്സപ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശർമിള സമരം ആരംഭിച്ചത്. ഇപ്പോഴും മണിപ്പൂരിലെ സ്ഥിതിഗതികൾക്ക് ഒരു മാറ്റവും വന്നിട്ടില്ല.  പക്ഷെ 28ാം വയസിൽ 10 നിരപരാധികളെ കൊന്നൊടുക്കിയ മാലോം കൂട്ടക്കൊലയിൽ രോഷം പൂണ്ട മണിപ്പൂരിലെ ഒരു സാധാരണക്കാരിയുടെ സമരം ചരിത്രത്തിന്‍റെ ഭാഗമായിരിക്കുന്നു. മണിപ്പൂരിലെ സൈന്യത്തിന്‍റെ പ്രത്യേക അധികാരം നിയമത്തിന്‍റെ സംസ്ഥാനത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ലോകം മുഴുവൻ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അതായിരുന്നു ഇറോം ശർമിളയുടെ നിയോഗവും.

ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് ഇറോം ശര്‍മിളക്ക് 44 വയസ്സ് പൂര്‍ത്തിയായി. ജീവിതത്തിന്‍റെ മൂന്നിലൊരുഭാഗവും ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലിലെ ജയിലാക്കി മാറ്റിയ വാർഡിലായിരുന്നു അവര്‍ ചെലവഴിച്ചത്. അന്നുമുതൽ 2014 മെയ് 28 വരെ 4776 ദിവസം ഇറോം ശര്‍മിള ജയിലില്‍ കിടന്നിട്ടുണ്ട് എന്നാണ് കണക്ക്. അതായിരുന്നു കഴിഞ്ഞ 16 വര്‍ഷമായി അവരുടെ വീട്.

രണ്ടായിരത്തിൽ സമരം ആരംഭിച്ചത് മുതൽ ഓരോ വര്‍ഷവും ഐ.പി.സി 309-ാം വകുപ്പ് പ്രകാരം ആത്മഹത്യാശ്രമത്തിന് ശര്‍മിളയുടെ മേല്‍ കുറ്റം ചാര്‍ത്തുന്നുണ്ട്. ആ വകുപ്പ് അനുസരിച്ചുള്ള പരമാവധി ജയില്‍ ശിക്ഷയായ 365 ദിവസം അവരെ ജയിലില്‍ പാര്‍പ്പിക്കും, അതിന് ശേഷം മോചിപ്പിക്കും, രണ്ട് ദിവസം കഴിഞ്ഞതിന് ശേഷം അതേ കുറ്റം തന്നെ ചുമത്തപ്പെട്ട് വീണ്ടും ജയിലില്‍. ഈ പ്രക്രിയയില്‍ നിയമത്തെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ് അവർ. പക്ഷെ ആ നിയമങ്ങള്‍ക്കും ശർമിളയെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം.

നിരന്തരം തുടരുന്ന ഈ നാടകം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? സംസ്ഥാനത്തും കേന്ദ്രത്തിലും ഇതിനിടെ പലതവണ സർക്കാറുകൾ മാറിമാറിവന്നു. ആരും ഇറോം ശർമിളയുടെ ആവശ്യങ്ങളോട് അനുഭാവപൂർവം പ്രതികരിക്കാനോ അവരുമായി ഒരു സംഭാഷണത്തിന് പോലുമോ തയാറായില്ല.

അഫ്സ്പ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിലെ സ്ത്രീകൾ നഗ്നരായി നടത്തിയ സമരം
 

തന്‍റെ നിരാഹാരം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് ഇറോം ശര്‍മിള പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആവശ്യപ്പെട്ടിരുന്നു. 'പ്രത്യേക അധികാരം ഉപയോഗിച്ച് മണിപ്പൂരില്‍ ആയിരങ്ങളെയാണ് സൈന്യം കൊന്നൊടുക്കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ വേര്‍തിരിച്ചു നിര്‍ത്തി സൈന്യത്തിന് പ്രത്യേക അധികാരം നല്‍കി, കൊലപാതകവും മാനഭംഗവും നടത്താന്‍ പാര്‍ലമെന്‍റ് അനുവദിക്കുന്നത് ആശ്ചര്യമാണ്. പ്രത്യേക അധികാര നിയമം റദ്ദാകുന്നതോടെയുള്ള സ്വാതന്ത്ര്യത്തിന്‍റെ ദിനങ്ങള്‍ താന്‍ എണ്ണുകയാണ്' ശർമിള പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു. ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കായി സമയം ചോദിച്ചിരുന്നുവെങ്കിലും മോദി അതിന് തയാറായതുമില്ല.

അഫ്‌സ്പ അതിഭീകരമായ ഒരു ചൂഷണ നിയമമാണെമന്നും അത് പിന്‍വലിക്കേണ്ടത് അനിവാര്യമാണെന്നും വിവിധ സര്‍ക്കാര്‍ കമീഷനുകളും മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും നിയമവിദഗ്ധരും ഐക്യരാഷ്ട്രസഭാ വക്താക്കളും പറഞ്ഞ് കഴിഞ്ഞു. എന്നാൽ നമ്മുടെ ഭരണകൂടം മാത്രം ഇത് ചെവികൊള്ളാൻ തയാറല്ല.

ശര്‍മിള മണിപ്പൂരിന്‍റെ ശബ്ദം എല്ലാവരെയും കേള്‍പ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്ന് പല തവണ കോടതികളിൽ നിന്നുതന്നെ കേള്‍ക്കാനിടയായി. ആത്മഹത്യക്ക് ശ്രമിക്കുകയാണെന്ന കേസ് പരിഗണിക്കുന്നതിനിടെ 'ഇറോം ശാര്‍മിള സ്വയം കൊല്ലാനോ നശിപ്പിക്കാനോ അല്ല ശ്രമിക്കുന്നത്. മറിച്ച് തന്‍റെ ശബ്ദവും ആവശ്യങ്ങളും എല്ലാവരും കേള്‍ക്കാനും അവ സഫലീകരിക്കാനും വേണ്ടി എല്ലാ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും സ്വയം സഹിക്കുകയാണ് ചെയ്യുന്നതെന്ന് ജഡ്ജി പറഞ്ഞു.

ജയിലിൽ നിന്ന് മോചിപ്പിച്ച് പിറ്റേന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിന് തൊട്ടടുത്ത ദിവസം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് മണിപ്പൂര്‍ ഉപമുഖ്യമന്ത്രി ഗൈഖന്‍ഗാം ഗാംമെയ് പറഞ്ഞത് 'നമുക്കെന്താണ് ചെയ്യാന്‍ കഴിയുക, അവരെ മരിക്കാന്‍ അനുവദിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇങ്ങനെയൊക്കെയാണ് അവരുടെ ജീവിതം.' എന്നാണ്. ഒരു സ്ത്രീയുടെ ജീവിതം സ്വയം എരിഞ്ഞടങ്ങുമ്പോഴും സംവാദത്തിനോ ചർച്ചക്കോ രാഷ്ട്രീയ ഇടപെടലിനോ ഒരു സാധ്യതയില്ലെന്നുമാണ് ഉത്തരവാദിത്തപ്പെട്ടവർ കരുതുന്നത് എന്നതാണ് വിചിത്രം.

ശര്‍മിളയോട് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന മോചിപ്പിക്കുക-അറസ്റ്റ് ചെയ്യുക-വീണ്ടും മോചിപ്പിക്കുക-അറസ്റ്റ് ചെയ്യുക എന്ന നയം കൊണ്ട് കാഴ്ച ബംഗ്ളാവിൽ സൂക്ഷിക്കാൻ ഒരു ചിറകൊടിഞ്ഞ പക്ഷിയെ നമുക്ക് ലഭിച്ചു. അവരെ ഇങ്ങനെ അറസ്റ്റ് ചെയ്യുന്നതിന് പകരം അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുകയും അവരോട് സംവദിക്കുകയുമാണ് ചെയ്യേണ്ടതെന്ന സാമാന്യബോധം ഇല്ലാത്തവരാണോ നമ്മുടെ ഭരണാധികാരികൾ? ജീവിതകാലം മുഴുവന്‍ മൂക്കിലൂടെ കുഴലിട്ട് കിടന്നാലും അറസ്റ്റ് ചെയ്യുക, മോചിപ്പിക്കുക എന്ന നയമല്ലാതെ മറ്റെന്താണ് മണിപ്പൂരിനും ഇറോം ശർമിളക്കും ലഭിക്കുക? ഇവിടെയാണ് ഇറോം ശർമിളക്ക് മുന്നിൽ മറ്റൊരു മാർഗമില്ല എന്ന് നാം തിരിച്ചറിയുന്നത്.  

അടുത്ത മാസം നടക്കുന്ന മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പോരാട്ടത്തെ മറ്റൊരു ദിശയിലേക്ക് വ്യാപിപ്പിക്കാനാണ് ഇറോം ശര്‍മിളയുടെ തീരുമാനം. നെൽസൺ മണ്ഡേലയും ഓങ് സാൻ സൂചിയും പോലുള്ള തനിക്ക് മുൻപേ നടന്ന മനുഷ്യാവകാശ പ്രവർത്തകർ വെട്ടിത്തെളിച്ച പാതയിലൂടെ മുന്നേറാനുള്ള ശർമിളയുടെ തീരുമാനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

മണിപ്പൂർ പ്രശ്നവും ശർമിളയുടെ സമരവും മുഖ്യധാരാ ഇന്ത്യയിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാതിരുന്നതും അത് നമ്മുടെ നീറുന്ന പ്രശ്നമായി മാറാതിരുന്നതും എന്തുകൊണ്ടാണ്? ഒരു സ്ത്രീ 16 വർഷത്തെ ജീവിതം ആത്മബലിയായി നൽകിയിട്ടും വിഷയം ഉയർത്തിക്കൊണ്ടുവരാൻ മാധ്യമങ്ങളും മനുഷ്യാവകാശപ്രവർത്തകരും രാഷ്ട്രീയക്കാരും തോറ്റുപോയി എന്നതായിരിക്കുമോ ഈ സമരാന്ത്യം ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പ്. നിശബ്ദത കൊണ്ടും സമരങ്ങളെ അടിച്ചമർത്താമെന്ന തെറ്റായ സന്ദേശവും ഇത് ഭരണകൂടത്തിന് നൽകുന്നു എന്നതിൽ അഭിമാനിക്കാൻ തെല്ലും വകയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.