'വര്‍ഗീയ ധ്രുവീകരണത്തിനെതിരെയുള്ള എന്‍റെ നിലപാടാണ് ദൈവത്തിന്‍റെ പുസ്തകം'

ദൈവത്തിന്‍റെ പുസ്തകം മാത്രമല്ല, സൂഫി പറഞ്ഞ കഥ, ജീവിതത്തിന്‍റെ പുസ്തകം തുടങ്ങിയ താങ്കളുടെ നോവലുകളിലും കഥകളിലുമെല്ലാം ഒരു ഹിന്ദുമുസ് ലിം മൈത്രിയുടേതായ സന്ദേശം ഉണ്ടായിരുന്നു. പൊന്നാനിയില്‍ ജനിച്ചുവളര്‍ന്ന ഭൂരിപക്ഷ സമുദായത്തിലെ അംഗമായിട്ടും ലേഖനങ്ങളിലും സര്‍ഗാത്മക സാഹിത്യത്തിലും എപ്പോഴും മു സ്ളിങ്ങളോട് ഒരു പ്രത്യേക മമത പുലര്‍ത്തുന്നതായി തോന്നിയിട്ടുമുണ്ട്. ഇത് ഒരു പൊന്നാനിക്കാരന്‍്റെ മുസ് ലിം പക്ഷപാതമായി വ്യാഖ്യാനിക്കാമോ?

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് മത ഐക്യങ്ങളുടെ ഒരു ചരിത്രമുണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷത കൊണ്ടുകൂടിയാണിത്. കുടിയേറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ സാധാരണയായി തദ്ദേശീയരും കുടിയേറ്റക്കാരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുക സാധാരണമാണ്.  തങ്ങള്‍ക്കുള്ള പ്രകൃതിവിഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കേണ്ടി വരുമെന്ന പേടി കൊണ്ടാണിത്.
കേരളത്തിന്‍റെ എല്ലാ സ്ഥലങ്ങളും ഫലഭൂയിഷ്ടമായതിനാല്‍ കേരളത്തില്‍ മാത്രം പക്ഷെ ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളുണ്ടായില്ല. വന്നവരും തദ്ദേശീയരും തമ്മില്‍ സഹകരണ മനോഭാവമാണ് വളര്‍ന്നുവന്നത്. ഭൂലോകത്ത് ഒരു സ്ഥലത്തും ഇങ്ങനെയൊരു ചരിത്രം ഉണ്ടായിട്ടില്ല. ഈ പാരമ്പര്യം തന്നെയായിരുന്നു മറ്റു മതസ്ഥരോടും കേരളീയര്‍ തുടര്‍ന്നത്.  കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതയാണ് ഈ മതസൗഹാര്‍ദത്തിന്‍റെ  അടിസ്ഥാനം. ഇതിന്‍റെ കണ്ണാണ് പൊന്നാനി എന്ന സ്ഥലം.
സൈനുദീന്‍ മക്ദൂം വന്ന സമയത്ത് കേരളത്തില്‍ പലരും ഇസ് ലാം മത വിശ്വാസം സ്വീകരിച്ചു. വന്നവര്‍ക്ക് പെണ്ണുകെട്ടിച്ചുകൊടുക്കുകയും മറ്റും ചെയ്തുകൊണ്ട് അവരെ സ്വീകരിച്ച പാരമ്പര്യമായിരുന്നു നമ്മുടേത്. പിന്നെ കൊളോണിയല്‍ കാലഘട്ടത്തില്‍ മലബാര്‍ കലാപം ഉണ്ടായ സമയത്തും പൊന്നാനിയില്‍ വര്‍ഗീയ കലാപം ഉണ്ടായിട്ടില്ല. കലാപമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടും പൊന്നാനി തങ്ങള്‍ അവരെ തടയുകയായിരുന്നു. ഇതിന്‍റെ സ്നേഹം ഹിന്ദുക്കള്‍ക്ക് മുസ്ളിംങ്ങളോടുണ്ടായിരുന്നു. എന്‍റെ പൂര്‍വീകരില്‍ ഈ ഓര്‍മ ഇപ്പോഴും മായാതെ കിടപ്പുണ്ട്.
എന്‍റെ അമ്മ എപ്പോഴും പറയും കൃഷ്ണനെ പോലത്തെന്നെയാണ് നബിയുമെന്ന്. നബിസ്നേഹത്തിന്‍റെതായ ഒരു പാരമ്പര്യം എനിക്ക് ഉണ്ടായിരുന്നു. വര്‍ഗീയതക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇതൊരു കാരണമായിട്ടുണ്ട്. വര്‍ഗീയതക്കെതിരെയുള്ള പ്രതിരോധം തീര്‍ക്കാന്‍ പൊന്നാനിക്കാരന്‍ എന്ന അനുഭവമാണ് എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുള്ളത്. ദൈവത്തിന്‍്റെ പുസ്തകം എഴുതാനുള്ള ഒരു പ്രചോദനം നബിയോടുള്ള സ്നേഹമാണ്. ലോകമൊട്ടുക്ക് നബിനിന്ദ നടക്കുന്ന കാലമാണിത്. കൃഷ്ണനും നബിയും വിരുദ്ധശക്തികളാണ് എന്ന പ്രചരണം നടക്കുന്നു. ഈ സാഹചര്യത്തില്‍ നബിയും കൃഷ്ണനും സഹോദരരായി ചിത്രീകരിക്കുന്ന നോവലാണിത്. വര്‍ഗീയ ധ്രുവീകരണത്തിനെതിരായള്ള രാഷ്ര്ടീയമാണ് ഈ നോവല്‍. പൊന്നാനി സംസ്കാരത്തിന്‍റെ ഊര്‍ജമാണ് എന്നെ  ഇങ്ങനെയൊരു നോവല്‍ എഴുതാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. 

ദൈവത്തിന്‍റെ പുസ്തകം എന്ന നോവലിന്‍റെ ഏറ്റവും വലിയ പ്രത്യേകത നബിയുടെ ജീവിതകഥയുടെ ഫിക്ഷന്‍ രൂപമാണ് ഇതെന്നതാണ്. ലോകത്തില്‍ ഒരു ഭാഷയിലും നബിയെ കേന്ദ്ര കഥാപാത്രമാക്കി പുസ്തകം ഇറങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നില്ല.

നബിയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ഒരു പുസ്തകം ലോകത്തില്‍ തന്നെ ഉണ്ടായിട്ടില്ല. അത് എന്‍്റെ നോവലാണ് എന്ന അഹങ്കാരമല്ല എനിക്കുള്ളത്, മലയാളത്തില്‍ നിന്ന് തന്നെയാണ് അതുണ്ടാകേണ്ടത്  എന്ന തോന്നലാണ്. ലോകത്തെവിടെയുമില്ലാത്ത മതസഹിഷ്ണുതയുടെ പാരമ്പര്യം നമുക്കുണ്ട്. ഡൊമിനിക് സിലാഖാന്‍ എന്ന ജൂതസ്ത്രീ എഴുതിയ ‘സേക്രഡ് കേരള’ വായിച്ചാലറിയാം. പുസ്തകത്തില്‍ അവര്‍ പറയുന്നത് ഇത്രയധികം വ്യത്യസ്ത മതസ്ഥര്‍ സ്വന്തം സഹോദരരെ പോലെ ജീവിക്കുന്ന മറ്റൊരു സ്ഥലം  ഭൂലോകത്തില്‍ ഒരിടത്തും ഇല്ല എന്നാണ്. ഇവിടെ ആത്മീയകാര്യങ്ങളില്‍ പോലും മറ്റു മതസ്ഥര്‍ പങ്കാളികളാകാറുണ്ട്. പള്ളികളിലെ നേര്‍ച്ചകളില്‍ ഹിന്ദുക്കള്‍ പങ്കുചേരുന്നു. പല ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും മുസ്ളിംങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. അവരും കൂടി പങ്കെടുത്താണ് ഉത്സവം നടക്കുന്നത്. മത കാലുഷ്യത്തിന് എതിരെ നില്‍ക്കുകയും എല്ലാ മതസ്ഥരും ദൈവത്തിന്‍റെ മക്കളാണ്എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്ന ഭൂമിയാണ് കേരളം. അവിടെനിന്ന് തന്നെ വേണം പ്രവാചകനെ ചിത്രീകരിക്കുന്ന ഒരു നോവലുണ്ടാകാന്‍. അത് നമ്മുടെ ഭാഷയുടെ ചരിത്രനിയോഗമാണ്.

ഈ നോവല്‍ എന്ത് രാഷ്ട്രീയ ദൗത്യമാണ് നിര്‍വഹിക്കുന്നത്?

ഈ നോവലില്‍ നബിയെ ഏറ്റവും സ്നേഹസമ്പന്നനായ ഒരുവനായിട്ടാണ് ചിത്രീകരിക്കുന്നത്. പ്രസവസമയത്ത് പോലും അമ്മക്ക് പ്രസവവേദന അനുഭവപ്പെടാതിരിക്കാന്‍ പ്രയത്നിച്ച കുഞ്ഞ്. അതൊന്നും ചരിത്രത്തിലില്ല. എന്നാല്‍ ചരിത്രത്തില്‍ സ്ത്രീകളെ ഏറ്റവും അധികംപരിഗണിക്കുന്ന ഒരാളായിട്ടാണ് നബിയെ കണക്കാക്കുന്നത്. നബിയോട് ഏറ്റവുമധികം ആരാധിക്കേണ്ടതാരെ എന്ന ചോദ്യത്തിന് ഉമ്മ എന്നായിരുന്നു ഉത്തരം പറഞ്ഞത്. രണ്ടാമതും മൂന്നാമതും ആദരിക്കേണ്ടതാരെ എന്ന ചോദ്യത്തിനും നബി പറഞ്ഞ ഉത്തരം ഉമ്മ എന്നു തന്നെയായിരുന്നു. ഉമ്മയുടെ കാല്‍ക്കീഴിലാണ് സ്വര്‍ഗം എന്നും നബി പറയുന്നുണ്ട്. ഉമ്മയെ അത്രമാത്രം പരിഗണിക്കുന്ന പ്രവാചകനെ ഫിക്ഷനില്‍ ഇങ്ങനെ ചിത്രീകരിക്കുന്നതാവും ഉചിതം എന്നായിരുന്നു എന്‍്റെ തോന്നല്‍.
ജീവിക്കുന്ന കാലത്ത് അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെട്ട ഒരു ചരിത്രപുരുഷന്‍ ഉണ്ടായിട്ടില്ല എന്ന് ശത്രുക്കള്‍ പോലും രേഖപ്പെടുത്തപ്പെടുത്തിയിട്ടുണ്ട്. ഈയിടെയായി പലപ്പോഴുമുണ്ടാകുന്ന നബിനിന്ദ സാധാരണ മുസ് ലിം സമൂഹത്തിന് ഹൃദയവേദന ഉണ്ടാക്കുന്ന കാര്യമാണ്. ഈ നോവല്‍ മാധ്യമം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോള്‍ എന്നെ വികാരം കൊള്ളിച്ച ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും മറ്റും പലരും എന്നെ വിളിച്ചു. സ്വന്തക്കാരനായി നബിയെ തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ നബിയെ ചിത്രീകരിച്ചതില്‍ അവര്‍ എന്നെ അഭിനന്ദിച്ചു. അതുകൊണ്ടായിരിക്കണം നബിയെക്കുറിച്ച് നല്ലതുമാത്രം പറയുന്ന ഒരു നോവല്‍ അവരില്‍ ഇത്രയധികം സന്തോഷം ഉണ്ടാക്കിയിരിക്കുക എന്ന് ഞാന്‍ കരുതുന്നു.

ഒരിക്കല്‍ ഗള്‍ഫില്‍ നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. പ്രവാചകനെ പട്ടിയായും പന്നിയായും ചെകുത്താനായും ചിത്രീകരിക്കുന്നതിനിടക്ക് നബിയെ ഒരു മഹാത്മാവായി ചത്രീകരിക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് കരഞ്ഞുകൊണ്ടാണ് അയാള്‍ എന്നോടു പറഞ്ഞത്. ആരാണ് വിളിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും അയാള്‍ ഫോണ്‍ കട്ട് ചെയ്തു. എന്നെ അത് വല്ലാതെ സ്പര്‍ശിച്ചു. ഇങ്ങത്തേലക്കിലിരുന്ന് കരയാനാണ് എനിക്ക് തോന്നിയത്. ഇതു പോലെയുള്ള നിരവധി പ്രതികരണങ്ങളുണ്ടായി. എന്‍്റെ എഴുത്ത് ജീവിതത്തിലെ ഒരു സായൂജ്യമായും ഞാനിതിനെ കാണുന്നുണ്ട്.
അന്യമതസ്ഥനെ പീഡിപ്പിക്കുന്നവനെതിരെ സ്വര്‍ഗത്തില്‍ ആദ്യം സാക്ഷി പറയുന്നത് ഞാനായിരിക്കും എന്നു പറഞ്ഞ നബിയുടെ പേരിലാണ് ഇന്ന് ഏറ്റവുമാധികം ഹിംസ നടക്കുന്നത് എന്നതിലും വല്ലാത്ത വൈരുദ്ധ്യമുണ്ട്. ഒരു ഭാഗത്ത് ഇസ് ലാമിനെ വികൃതപ്പെടുത്തി ഭീകരവാദം വരുകയുംമറുഭാഗത്ത് അതിനെ വളംവെക്കുന്ന രീതിയില്‍ ഇസ് ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്ന ഭീകരമായ അവസ്ഥയുണ്ട്. ഈയവസ്ഥയില്‍ ഈ നോവല്‍ വലിയൊരു രാഷ്ര്ടീയദൗത്യമാണ് നിര്‍വഹിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

? ദൈവത്തിന്‍റെ പുസ്തകം എന്ന പേരില്‍ നിന്നുതന്നെ മനസ്സിലാക്കാം ഈ നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയമെന്തായിരിക്കുമെന്ന്. എന്നാല്‍ പുസ്തകം വായിക്കുന്നവര്‍ തമോഗര്‍ത്തം, സ്പേസ് സെന്‍റെര്‍, സാറ്റലൈറ്റ് വിക്ഷേപണങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍, അത് കൈകാര്യം ചെയ്തതിലെ സൂക്ഷ്മത ഇവയെല്ലാം വായിച്ച് അദ്ഭുതപ്പെടും. എപ്പോഴും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ദൈവവും സയന്‍സും തമ്മില്‍ ബ്ളെന്‍ഡ് ചെയ്യാനുള്ള ശ്രമമാണ് ഈ നോവലില്‍.

ദൈവദൂതരെല്ലാം സഹോദരതുല്യരാണ് എന്ന് പറഞ്ഞുകൊണ്ട് വിഭാഗീയതക്കെതിരെയും മുതലാളിത്തത്തിനെതിരെയും പൊരുതുക എന്നതായിരുന്നു നോവലിലൂടെ എന്‍റെ ഉദേശ്യം. അതെങ്ങനെ ആവിഷ്ക്കരിക്കണം എന്ന് ഞാന്‍ ചിന്തിച്ചു. നബിയെയും കൃഷ്ണനെയും ഒരുമിച്ച് ചിത്രീകരിക്കണം, ഇവര്‍ സംസാരിക്കണം, ഒരുമിച്ച് നടക്കണം. അതിന് കെട്ടുറപ്പുള്ള ഒരു പ്ളോട്ട് വേണം. അതിന് ഉതകുന്ന ഒരു സാങ്കല്‍പിക കാലത്തെ ചിത്രീകരിക്കാന്‍ വേണ്ടിയായിരുന്നു ഞാന്‍ തമോഗര്‍ത്തത്തെ കൂട്ടുപിടിച്ചത്. തമോഗര്‍ത്തത്തില്‍ കാലം കൂടിക്കുഴയും, വീണ്ടും ആവര്‍ത്തിക്കും. സാഹിത്യപരമായ വിശ്വസനീയത ഉണ്ടാക്കാനായിരുന്നു അത്. നമ്മുടെ ഇന്നത്തെ കാലഗണനയെ തെറ്റിക്കുന്ന പല പ്രതിഭാസങ്ങളും ഉണ്ടാകുമെന്ന് ശാസ്ത്രം തന്നെ പറയുന്നു. ഫാന്‍റസി ചിത്രീകരിക്കുമ്പോള്‍ ഏറ്റവും സൂക്ഷ്മമായ യാഥാര്‍ഥ്യങ്ങള്‍ കൂടി ചിത്രീകരിച്ചില്ലെങ്കില്‍ വിശ്വസനീയമായിരിക്കില്ല.
പണ്ടത്തെ നമ്മുടെ തോന്നല്‍ നോവല്‍ കവിതയോടടുക്കണം എന്നായിരുന്നു. കവിതയോടടുക്കുകയല്ല, വലിയ കാന്‍വാസില്‍ കുറേ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതായിരിക്കണം നോവല്‍. വളരെയധികം വിജ്ഞാനമണ്ഡലങ്ങള്‍ കൈകാര്യം ചെയ്താലെ നമ്മുടെ ഭാഷക്ക് അതിനുള്ള ശേഷിയുണ്ടാകൂ. ദൈവശാസ്ത്രം, ഫിസിക്സ്, ചരിത്രം എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഇതില്‍ വരുന്നുണ്ട്. അതേക്കുറിച്ച് പഠിച്ചിട്ട് തന്നെയാണ് നോവലെഴുതിയതും.

കൃഷ്ണനും നബിയും മാത്രമല്ല, ഗാന്ധിയും മാര്‍ക്സും ഹിറ്റ്ലറും ഇതില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. അതിന്‍റെ സാംഗത്യമെന്താണ്?

തമോഗര്‍ത്ത സ്വാധീനത്താല്‍  സംഭവിക്കുന്ന കൃഷ്ണനബി പ്രഭാവം കൊണ്ട് ഭൂലോകം നവീകരിക്കപ്പെടുന്ന രീതിയിലാണ് നോവല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതിന്‍്റെ ഭാഗമായി മാനവചരത്രം ഉണ്ടായതുമുതലുള്ള കാര്യങ്ങളെല്ലാം കൃഷ്ണന്‍്റെയും നബിയുടേയും മുന്നില്‍ ഒരു വേദിയിലെന്ന പോലെ ചിത്രീകരിക്കപ്പെടുന്നു. അപ്പോള്‍  അവര്‍ക്ക് തോന്നുകയാണ്, വര്‍ത്തമാനകാല ശുദ്ധിക്ക് ഭൂതകാല ശുദ്ധിയും ആവശ്യമാണെന്ന്. അങ്ങനെ പഴയ ചരിത്ര നായകരെല്ലാം സ്വയം തിരുത്തുകയും നവീകരിക്കുകയും ചെയ്യുന്നു. ആ പ്രക്രിയയുടെ ഭാഗമായാണ് ഹിറ്റ്ലറും മാര്‍ക്സും ഗാന്ധിജിയുമെല്ലാം നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിറ്റ്ലര്‍ തന്നെ സ്വയം നശിപ്പിച്ച ചരിത്രനിയോഗങ്ങളെ മുഴുവന്‍ തിരുത്താന്‍ ശ്രമിക്കുന്നു. മാര്‍ക്സ് ഭാവിയിലൊരു സ്റ്റാലിന്‍ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത മൂലധനത്തിന്‍റെ തുടര്‍വോള്യങ്ങളില്‍ പുലര്‍ത്തുന്നു. ഗാന്ധിജി ഇന്ത്യാവിഭജനം സംഭവിക്കാതിരിക്കാനുള്ള മുന്‍കൂര്‍ കരുതലുകള്‍ എടുക്കുന്നു. ലോകചരിത്രത്തെ അതിന്‍റെ വര്‍ത്തമാനവും ഭൂതവും വെച്ച് രാഷ്ട്രീയമായി വിശകലനം ചെയ്യാനുള്ള സാഹിത്യസങ്കേതമായാണ് ഇത്തരം ഫാന്‍റസികള്‍ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഫോട്ടോ: അജീബ് കൊമാച്ചി

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.