ഹെഡ്‌ലിയെ പിടിവള്ളിയാക്കി ബി.ജെ.പി

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്രത്ത് ജഹാന്‍ ലശ്കറെ ത്വയ്യിബ തീവ്രവാദി ആയിരുന്നുവെന്ന മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്‌ലിയുടെ മൊഴി ചൂടു പിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. പതിവു ചര്‍ച്ചകള്‍ പോലെ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വിഷയത്തിന്‍െറ തലനാരിഴ കീറിയുള്ള വിശകലനത്തിലാണ്. കാര്യത്തിന്‍െറ കാതല്‍ കണ്ടത്തെുന്നതിനപ്പുറം മാധ്യമ ചര്‍ച്ചകളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുന്നതില്‍ ഒരിക്കല്‍ കൂടി സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ എംബഡഡ് ആക്ടിവിസ്റ്റുകളുടെ സ്പോണ്‍സേഡ് പ്രതികരങ്ങള്‍ വേറെ. നവമാധ്യമങ്ങളുടെ ഊതിവീര്‍പ്പിച്ച പൊലിമയില്‍ നിലനില്‍ക്കാനാശ്രഹിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് അങ്ങിനെ ഹെഡ്‌ലിയും പിടിവള്ളിയായി തീരുന്നതാണ് ഏറ്റവും പുതിയ കാഴ്ച. തീവ്രവാദ ആക്രമണങ്ങളുടെ പേരില്‍ 35 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് അമേരിക്കയില്‍ തടവില്‍ കഴിയുന്ന ഹെഡ്‌ലിയുടെ വാക്കുകള്‍ ബി.ജെ.പിക്ക് പഥ്യമാവുന്നത് വിരോധാഭാസമായ തോന്നാം.

അമിത് ഷാ, നരേന്ദ്ര മോദി

എന്നാല്‍, പതിറ്റാണ്ടിലേറെയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ വേട്ടയാടുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖം രക്ഷിക്കാന്‍ കിട്ടിയ അപ്രതീക്ഷിത കച്ചിത്തുരുമ്പാണ് ഈ മൊഴി. ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നയുടന്‍ ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍ നടത്തിയ പ്രതികരണം ഇതു വ്യക്തമാക്കുന്നു. ഹെഡ്‌ലിയുടെ വെളിപ്പെടുത്തലോടെ വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തില്‍ ബി.ജെ.പി കുറ്റ വിമുക്തരായിരിക്കുന്നുവെന്നായിരുന്നു ഷാനവാസിന്‍െറ പ്രസ്താവന. കോണ്‍ഗ്രസും സോണിയയും മാപ്പു പറയണമെന്നും ഷാനവാസ് ഹുസൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, 2014 ജൂണ്‍ 15ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പൊലീസ് ഇശ്രത്ത് ജഹാനടക്കം നാലു പേരെ കൊലപ്പെടുത്തിയ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സി.ബി.ഐ കണ്ടത്തെിയട്ടുള്ളതാണ്. എന്നാല്‍, കേസില്‍ ഗുജ്റാത്ത് ഹൈകോടതിയൂടെ അന്തിമ വിധി പുറത്തുവന്നിട്ടില്ല. ഹെഡ്‌ലിയുടെ അഭിപ്രായം മുഖവിലക്കെടുത്താല്‍ തന്നെ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ ഏറെയാണ്. ഒന്നാമത്തേത് കൊല്ലപ്പെട്ട ഇശ്റത്ത് ജഹാനൊഴിച്ച് മറ്റുള്ളവര്‍ ലശ്കര്‍ പ്രവര്‍ത്തകരാണെന്ന് ഹെഡ്‌ലി മൊഴി നല്‍കിയിട്ടില്ല. ഇശ്രത്തിനൊപ്പം വ്യാജ ഏറ്റുമുട്ടലില്‍ മരിച്ച പ്രാണേഷ് പിള്ള എന്ന ജാവേദ് ഗുലാം ശൈഖ്, അംജദ് അലി, സീഷന്‍ അലി എന്നിവരുടെ വധത്തെ എങ്ങിനെ ന്യായീകരിക്കാനാവും എന്ന ചോദ്യം പ്രസക്തമാണ്. അതോടൊപ്പം ലശ്കര്‍ തീവ്രവാദിയാണെങ്കില്‍ തന്നെ വിചാരണ കൂടാതെ വധിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ആക്ടിവിസ്റ്റുകളുടേയും ചോദ്യവും നിലനില്‍ക്കുന്നു.

ഇശ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ (‍ഫയൽ ചിത്രം)

ഹെഡ്‌ലിയുടെ മൊഴിയെ കുറിച്ച് വ്യത്യസ്തങ്ങളായ റിപോര്‍ടുകളാണ് പുറത്തുവന്നിടടുള്ളത്. ഇശ്രത്ത് ജഹാന്‍ ലശ്കര്‍ ചാവേറാണെന്ന് ഹെഡ്‌ലി മൊഴി നല്‍കിയിട്ടില്ലെന്നാണ് വാര്‍ത്തകള്‍. പ്രോസിക്യൂഷന്‍െറ  ചോദ്യത്തിന് ലശ്കറില്‍ വനിത ചാവേറുകളുള്ളതായി അറിയില്ലെന്നായിരുന്നു ഹെഡ്‌ലിയുടെ ആദ്യ മറുപടി. പരാജയപ്പെട്ട ഭീകരാക്രമണങ്ങളില്‍ വനിതാ ചാവേറുകളുണ്ടയിരുന്നോ എന്ന് ചോദിച്ചപ്പോള്‍ നാകയിലെ പൊലീസ് വെടിവെപ്പില്‍ ഒരു ലശ്കര്‍ വനിതാ പോരാളി കൊല്ലപ്പെട്ടതായി സാകിയു റഹ്മാന്‍ പറഞ്ഞിരുന്നുവെന്ന് ഹെഡ്ലി പറയുന്നുണ്ട്.  അതോടൊപ്പം പ്രോസിക്യൂഷന്‍ നല്‍കിയ മൂന്നു പേരില്‍ ഇശ്രത്തിന്‍െറ പേര് തെരഞ്ഞെടുക്കുക മാത്രമാണ് ഹെഡ്‌ലി ചെയ്തതെന്നും റിപോര്‍ടുണ്ട്. ഇശ്റത്ത്ജഹാന്‍ ലശ്കര്‍ ചാവേറായിരുന്നുവെന്ന് ഹെഡ്‌ലിയുടെ മൊഴി ആദ്യം റിപോര്‍ട് ചെയത് 'ദ ഹിന്ദു' പത്രം പിന്നീട് ട്വിറ്ററിലൂടെ അത് തിരുത്തി.

ഇശ്രത്ത് ജഹാന്‍ അടക്കമുള്ളവരെ വധിച്ചത് വ്യാജ ഏറ്റുമുട്ടലായിരുന്നോ എന്ന് വിധി പറയുക സാധ്യമല്ല. അത് കോടതിയുടെ തീര്‍പ്പിന് വിധേയമാണ്. എന്നാല്‍, മുംബൈ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഒരു അന്താരാഷട്ര പ്രതിയുടെ മൊഴി രാഷ്ട്രീയ പിന്‍ബലമായി എടുത്തുകാണിക്കുന്നതിലെ പാപ്പരത്തമാണ് ചര്‍ച്ചക്ക് വിധേയമാവേണ്ടത്. അതോടൊപ്പം നവമാധ്യമങ്ങളിലുടെ നടത്തുന്ന സ്പോണ്‍സേഡ് പ്രചാരണവും കാണാതിരുന്നുകൂട. നവമാധ്യമങ്ങളിലുടെ രാഷ്ട്രീയ എതിരാളികളെ സംഘടതിമായി തകര്‍ക്കുകയാണ് രീതി. അതിന് ഏത് കച്ചിത്തുരുമ്പും സ്വീകാര്യമാണ്. വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞ പോലെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.