ഉസൈന്‍ ബോള്‍ട്ട് ഏതു കോളജിലാ പഠിക്കുന്നത് ‍?

ഒരു മിമിക്രി മത്സരവേദിയില്‍ കേട്ട തമാശയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 40ാം വയസ്സില്‍ കളിയില്‍ നിന്ന് വിരമിച്ചു എന്ന പത്രവാര്‍ത്ത കേട്ട ഒരു മധ്യവയസ്കന്‍െറ കമന്‍റ്. ‘ഹും, 40 വയസ്സുവരെ കളിച്ചു നടന്നിട്ട് ഇനിയെപ്പോഴാ പഠിച്ച് ഒരു ജോലിയൊക്കെ ലഭിക്കുക’. ശരാശരി മലയാളിയുടെ കായിക ബോധം ശരിക്കും വിളിച്ചുപറയുന്ന തമാശ. ജീവിത വിജയം നേടാന്‍ പഠിപ്പും ജോലിയും തന്നെ വേണമെന്ന ശാഠ്യം. ഉസൈന്‍ ബോള്‍ട്ട് കേരളത്തിലായിരുന്നു ജനിച്ചതെങ്കില്‍ സ്കൂളിലോ കോളജിലോ ഓടിയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ഏതെങ്കിലൂം മെഡിക്കല്‍ കോളജിലോ എന്‍ജിനീയറിങ് കോളജിലോ പഠിക്കുന്നുണ്ടാകും.

മലയാളി മധ്യവര്‍ഗം എപ്പോഴും മക്കളെ സ്പോര്‍ട്സില്‍ നിന്ന് അകറ്റാനാണ് ശ്രമിച്ചത്. പ്രത്യേകിച്ച് പെണ്‍മക്കളെ. കളിയൊന്നും അഭിമാനികള്‍ക്ക് പറഞ്ഞതല്ലെന്ന ചിന്തയാണ് ഇപ്പോഴും നമ്മെ ഭരിക്കുന്നത്. എന്നിട്ടിപ്പോള്‍ പി.വി.സിന്ധുവിനും സാക്ഷി മലികിനും കിട്ടുന്ന പണക്കിഴികള്‍ കണ്ടു കണ്ണു തള്ളി നില്‍ക്കുന്നു. ഹൈദരബാദിലേക്കും ഹരിയാനയിലേക്കുമൊന്നും പോകണ്ട. കേരളത്തിലും കളികളിലൂടെ ജീവിതം ശോഭനമാക്കിയവര്‍ നിരവധിയുണ്ട് . കൂടുതലും ദാരിദ്ര്യത്തിന്‍റെ പിടിയില്‍ നിന്ന് കുതറാന്‍ തെരഞ്ഞെടുത്ത വഴിയായിരുന്നു ട്രാക്കും ഫീല്‍ഡും മറ്റു കളിക്കളങ്ങളും.

മലയോരങ്ങളിലും കടലോരങ്ങളിലും നിന്നാണ് കേരളം സൃഷ്ടിച്ച വനിതാ കായിക താരങ്ങളെല്ലാം വന്നത്. പി.ടി ഉഷയും ഷൈനി വില്‍സണും എം.ഡി വല്‍സമ്മയും മെഴ്സിക്കുട്ടനും അഞ്ജു ബോബി ജോര്‍ജും ബോബി അലോഷ്യസുമെല്ലാം ഉദാഹരണങ്ങള്‍. ജീവിതം കരപറ്റിക്കാന്‍ ഏറ്റവും നല്ലത് സ്പോര്‍ട്സാണെന്ന തിരിച്ചറിവ് ഗ്രാമീണ മേഖലയിലെ നിരക്ഷരരായ മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. ഒളിമ്പിക് മെഡലൊന്നും അവരുടെ ആഗ്രഹങ്ങളിലുണ്ടായിരുന്നില്ല. മക്കള്‍ക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ ഒരു ജോലി. അതുവഴി കുടുബത്തിന് രക്ഷ. അത്രമാത്രമായിരുന്നു അവരുടെ ലക്ഷ്യം. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇടുക്കിയില്‍ നിന്നും വയനാട്ടില്‍ നിന്നും പാലക്കാട്ടുനിന്നും വരുന്ന കുട്ടികളോട് ചോദിച്ചുനോക്കൂ. പട്ടിണിയില്‍ നിന്ന് മോചനം തേടിത്തന്നെയാണ് അവര്‍ ഓടാനും ചാടാനും എറിയാനും വരുന്നത്. പക്ഷെ മുകളില്‍ പറഞ്ഞവരുള്‍പ്പെടെ നിരവധി പേര്‍ മാതാപിതാക്കളൂടെ പ്രതീക്ഷക്കപ്പുറം വളര്‍ന്ന് രാജ്യത്തിന്‍റെ അഭിമാനങ്ങളായി. ചെറുപ്പത്തിലെ കായിക മികവിന്‍റെ ബലത്തില്‍ ലഭിച്ച മികച്ച ജോലിയുടെ പിന്തുണയോടെ ഇന്നും അവര്‍ അന്തസ്സാര്‍ന്ന ജീവിതം നയിക്കുന്നു.

മൂന്നു നേരം സുഭിക്ഷമായി ഉണ്ടുകഴിയാന്‍ സാധിക്കുന്നവര്‍ പിന്നെയെന്തിന് കളിക്കളത്തിലിറങ്ങണം. മധ്യവര്‍ഗം സ്പോര്‍ട്സില്‍ താല്‍പര്യം കാണിച്ചത് ഗ്രേസ് മാര്‍ക്കും സ്പോര്‍ട്സ് ക്വാട്ടയും കണ്ടാണ്.  മെഡിസിനും എന്‍ജിനീയറിങ്ങിനും എളുപ്പം സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശം ലഭിക്കാനുള്ള വഴി മാത്രം. സംശയമുണ്ടെങ്കില്‍ ഈ കോഴ്സുകള്‍ക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശം ലഭിച്ചവരുടെ പട്ടികയെടുത്ത് നോക്കുക.  എളുപ്പം കയറിപ്പറ്റാവുന്ന കളികളുണ്ടെങ്കില്‍ അതിലായിരിക്കും ശ്രദ്ധ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ട് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നടന്നപ്പോള്‍ യോഗ്യത നേടാനാവാത്തവര്‍ക്ക് 15,000 രൂപ നല്‍കിയാല്‍ മത്സരിക്കാന്‍ അവസരം നല്‍കുന്ന ഒരു വകുപ്പുണ്ടായിരുന്നു. അതിലേക്കുള്ള തിരക്ക് അന്വേഷിച്ചപ്പോള്‍ ഈ സ്പോര്‍ട്സ് ക്വാട്ട ലക്ഷ്യമിട്ടു വരുന്ന ഉന്നത-മധ്യവര്‍ഗ കുടുംബത്തില്‍പ്പെട്ടവരായിരുന്നു കൂടുതലും. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍  സ്പോര്‍ട്സ് ക്വോട്ടയില്‍ ഏതു കോഴ്സിനും പ്രവേശം ഉറപ്പ്.

കേരളീയര്‍ കൂടുതല്‍ കരിയറിസത്തിലേക്ക് മാറിയതോടെ സ്പോര്‍ട്സ് വീണ്ടും തഴയപ്പെടുന്നതായാണ് കാണുന്നത്. ഒരുകാലത്ത് കേരളം അടക്കിവാണ കായിക ഇനങ്ങളിലെല്ലാം ഇപ്പോള്‍ മലയാളികളുടെ സാന്നിധ്യം ശുഷ്കമാണ്. ഫുട്ബാളിലും ബാസ്ക്കറ്റ്ബാളിലും വോളിബാളിലുമെല്ലാം ലോകമെങ്ങും കായിക മേഖലക്ക് പ്രാധാന്യം കൊടുക്കുമ്പോഴാണ് ഈ പിന്നോട്ടടി.

വിദ്യാസമ്പന്നരുടെ മധ്യവര്‍ഗ കുടുംബത്തില്‍ പിറന്നവരാണ് സാനിയ മിര്‍സയും സൈന നെഹ് വാളും പി.വി സിന്ധുവുമെല്ലാം. മക്കളെ പ്രഫഷണല്‍ രീതിയില്‍ മികച്ച അക്കാദമിയില്‍ പറഞ്ഞയച്ച് ലോകതലത്തിലേക്ക് വളര്‍ത്തിയെടുക്കുകയായിരുന്നു അവര്‍. സര്‍ക്കാര്‍ സ്പോര്‍ട്സ് ഹോസ്റ്റലുകളിലെയും സ്പോര്‍ട്സ് സ്കൂളുകളിലെയും പരിമിത സൗകര്യങ്ങളില്‍ തങ്ങളുടെ മക്കള്‍ കഴിയേണ്ടെന്ന് തോന്നുന്ന പണമുള്ളവര്‍ക്ക് പിന്തുടരാവുന്ന ഈ രീതിക്കും കേരളത്തില്‍ ആളില്ല.

രാജു നാരായണ സ്വാമിക്ക് ഐ.എ.സില്‍ ഒന്നാം റാങ്ക് കിട്ടിയപ്പോള്‍ മക്കളെ ഐ.എ.എസുകാരാക്കാന്‍ കുറേപേര്‍ മുന്നോട്ടുവന്നു. അതിന് ഫലവുമുണ്ടായി. മെഡിസിനും എന്‍ജിനീയറിങ്ങിനുമൊപ്പം സിവില്‍ സര്‍വീസും മലയാളിയുടെ മോഹവലയത്തില്‍ ഉള്‍പ്പെട്ടു. എന്നാല്‍ കളിയിലുടെ ജീവിതം ശോഭനമാക്കിയവരുടെ കഥകള്‍ കണ്ടിട്ടും കേട്ടിട്ടും കായിക മേഖല നമ്മുടെ അജണ്ടയില്‍ വരുന്നില്ല. യഥാര്‍ഥത്തില്‍ പഠിച്ചു വളരുന്നതിനേക്കാള്‍ എളുപ്പത്തില്‍ കളിച്ചു വളരാനാകും. സഞ്ജു സാംസണ്‍ എന്ന തിരുവനന്തപുരത്തെ ക്രിക്കറ്റ് കളിക്കാരന്‍ പയ്യന്‍ ഇപ്പോള്‍ തന്നെ വര്‍ഷം കൈപറ്റുന്നത് കോടികളാണ്. മറ്റേത് പ്രഫഷണിലാണെങ്കിലും ആജീവനാന്തം ലഭിക്കുന്ന വരുമാനം സഞ്ജുവിന് സ്വന്തമാക്കാന്‍ ഏതാനും വര്‍ഷം മാത്രം മതി.

ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള ലോക വേദികളില്‍ രാജ്യത്തിന്‍റെ അഭിമാനം കാക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍ എന്തു സൗകര്യവും സഹായവും ചെയ്യാന്‍ സര്‍ക്കാരുകളും സ്വകാര്യ മേഖലയുമെല്ലാം തയാറായി മുമ്പോട്ടുവരുന്ന കാലമാണിത്. പക്ഷെ നമ്മള്‍ മക്കളെ വടിയെടുത്ത് കളിക്കളത്തില്‍ നിന്ന് ഓടിച്ചുകയറ്റുന്ന തിരക്കിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.