കാർമേഘങ്ങൾക്കിടയിലെ വെള്ളിരേഖകൾ

വെള്ളം പോലും തന്നില്ല. മത്സരത്തിനിടെ ഞാന്‍ മരിച്ചു പോകുമായിരുന്നു. ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. ഇതെന്‍െറ രണ്ടാം ജന്മമാണ്. മാരത്തണ്‍ മത്സരത്തിന്‍െറ ഇന്ത്യന്‍ കൗണ്ടറുകളില്‍ പതാകയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മാരത്തണ്‍ മത്സരത്തിനു ശേഷം താരം ഒ.പി. ജെയ്ഷ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യന്‍ കായിക രംഗത്തിന്‍െറ അവസ്ഥ മനസ്സിലാക്കാന്‍ അധികം ഉദാഹരണങ്ങളിലേക്കും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളിലേക്കുമൊന്നും പോകേണ്ട ആവശ്യമില്ലെന്ന് തെളിയിക്കുന്ന സംഭവം. ഒരു കാര്യം വ്യക്തം, ഇന്ത്യ എന്ന വലിയ രാജ്യത്ത് കായിക മത്സരങ്ങള്‍ക്കും താരങ്ങള്‍ക്കും വലിയ സ്ഥാനമോ പരിഗണനയോ ഇല്ല എന്നതാണ് വാസ്തവം. അവരുടെ പേരിലുള്ള അസോസിയേഷനുകളും സംഘടനകളും അക്കാദമികളും ആര്‍ക്കൊക്കെയോ കൊഴുക്കാനുള്ള വെള്ളാനകള്‍ മാത്രമാണ്.

പി.വി സിന്ധു
 


ഒളിമ്പിക് ആരവങ്ങള്‍ക്ക് തിരശീല വീണു. രണ്ടു മെഡലുമായി ഇന്ത്യന്‍ താരങ്ങളും തിരിച്ചെത്തി. മെഡല്‍ ജേതാക്കളെ വരവേല്‍ക്കലും സമ്മാനങ്ങള്‍ പ്രഖ്യാപിക്കലും അവസാനിക്കുന്നു. ഒളിമ്പിക്സ് നടന്നു കൊണ്ടിരിക്കെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളുടെ തോല്‍വിയെ തുടര്‍ന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ശോഭാ ഡേ നടത്തിയ വിവാദ പരാമര്‍ശവും അതിനെ തുടര്‍ന്നുണ്ടായ പുകിലുകളും ഇപ്പോഴും അവശേഷിക്കുകയാണ്. സെല്‍ഫിയെടുക്കാനും ആഘോഷിക്കാനുമാണ് ഇന്ത്യന്‍ താരങ്ങള്‍ റിയോയിലെത്തിയത് എന്നായിരുന്നു ശോഭാ ഡേയുടെ വിവാദ പ്രസ്താവന. സാക്ഷി മല്ലികും പി.വി. സിന്ധുവും മെഡലുകള്‍ നേടിയതോടെ അമിതാഭ് ബച്ചന്‍, വിരേന്ദ്ര സെവാഗ് തുടങ്ങിയ സെലിബ്രിറ്റികളുടെ പട തന്നെ അവര്‍ക്കെതിരെ രംഗത്തെത്തി എന്നത് ശ്രദ്ധേയം.

സാക്ഷി മല്ലിക്
 


പതിവ് ഒളിമ്പിക്സുകള്‍ക്ക് വിപരീതമായി ജംബോ പടയെ തന്നെ റിയോയിലേക്ക് അയച്ച ഇന്ത്യക്ക് വെറും രണ്ട് മെഡലുകള്‍ കൊണ്ട് മാത്രമാണ് തിരിച്ചുവരാനായത് എന്ന യാഥാര്‍ഥ്യത്തെ എങ്ങനെ അവഗണിക്കാനാകും. അതും മെഡല്‍വേട്ടയില്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലുള്ള ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ അധികം വലിയ സംഘമല്ല എന്ന് ശ്രദ്ധിക്കേണ്ടത്. അത് ലറ്റിക് അടക്കമുള്ള ഇനങ്ങളില്‍ സമീപകാലങ്ങളില്‍ ഒരു മെഡല്‍ നേടുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണെന്ന് വിവേകമായി ചിന്തിക്കുന്നവര്‍ക്ക് അറിയാം. എന്നാല്‍, ഇന്ത്യക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന ഷൂട്ടിങ്, ഗുസ്തി, ബോക്സിങ്, ബാഡ്മിന്‍റണ്‍, അമ്പെയ്ത്ത്, ടെന്നീസ് ഇനങ്ങളില്‍പോലും ബഹുദൂരം പിന്നിലായിപ്പോകുന്ന ദൈന്യകാഴ്ചയും റിയോയില്‍ നാം കണ്ടു.

ദിപാ കര്‍മാകർ
 


ലണ്ടന്‍ ഒളിമ്പിക്സില്‍ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്. റിയോയില്‍ മെഡല്‍ എണ്ണം രണ്ടക്കത്തിലേക്ക് കടക്കുമെന്നാണ് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മല്ലിക്, ബാഡ്മിന്‍റണില്‍ വെള്ളി നേടിയ പി.വി സിന്ധു, ജിംനാസ്റ്റികില്‍ നാലാം സ്ഥാനത്തെത്തിയ ദിപാ കര്‍മാകര്‍, സ്റ്റീപ്ള്‍ ചേസില്‍ ഫൈനലില്‍ പ്രവേശിച്ച ലളിതാ ബാബര്‍ എന്നിവരുടെ പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ ഏകദേശം 117 താരങ്ങളും ഒഫീഷ്യലുകളുമായി റിയോയിലേക്ക് പറന്ന സംഘത്തിന്‍െറ സംഭാവന വട്ടപൂജ്യമായിരുന്നു.

ലളിതാ ബാബര്‍
 

പുരുഷ താരങ്ങളായ അഭിനവ് ബിന്ദ്ര, ഗഗന്‍ നാരംഗ്, യോഗേശ്വര്‍ ദത്ത്, വികാസ് കൃഷന്‍, ശിവ ഥാപ്പ, മനോജ് കുമാര്‍, രഞ്ജിത് മഹേശ്വരി, വികാസ് ഗൗഡ, ജീതു റായ് തുടങ്ങിയ വമ്പന്മാരെല്ലാം അടിതെറ്റി. മരുന്നടി വിവാദത്തില്‍പ്പെട്ട ഗുസ്തി താരം നര്‍സിങ് യാദവിന് മത്സരിക്കാന്‍ വാഡ യോഗ്യത നല്‍കാത്തതും റിയോയില്‍ ഇന്ത്യക്ക് നാണക്കേടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.