ഹൃദയത്തില്‍ പെരുമഴക്കാലം നിറച്ച്...

സാഹിത്യത്തിലും സിനിമയിലും 'പെരുമഴ' ദു:ഖ സൂചകമായാണ് ഉപയോഗിക്കുന്നത്. കഥാപാത്രങ്ങളുടെ നൊമ്പരങ്ങളുടെ തീവ്രത കാണിക്കുന്നതിനായി സിനിമാക്കാര്‍ എപ്പോഴും പെരുമഴയെ കൂട്ടുപിടിച്ചു.  എന്നാല്‍ മിക്കപ്പോഴും ഇത് ക്ളീഷേ ആയി ആസ്വാദകരെ മടുപ്പിച്ചിരുന്നു. ഈ ക്ളീഷേ രീതിയെ മാറ്റി മറിച്ച സിനിമയായിരുന്നു ടി.എ റസാഖിന്‍റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം. ഗള്‍ഫില്‍ വധശിക്ഷ കാത്തു കഴിയുന്ന അക്ബറിന്‍റെ ഭാര്യയുടെയും മരണപ്പെട്ട രഘു രാമ അയ്യറിന്‍റെ ഭാര്യയുടെയും ദു:ഖത്തിലൂടെ പെയ്തിറങ്ങിയ ഓരോ പെരുമഴയും പ്രേക്ഷകരുടെ ഉള്ളിലും ശക്തമായി ഇടി വെട്ടി പെയ്യുകയായിരുന്നു. ഈ ചിത്രം കണ്ട് പൊട്ടിക്കരയാത്ത പ്രവാസികള്‍ അന്ന് കുറവായിരുന്നു. പ്രത്യേകിച്ചും മലബാറുകാര്‍ക്ക് ടി.എ റസാഖിനെ പ്രിയങ്കരനാക്കി മാറ്റാന്‍ പെരുമഴക്കാലത്തിനായി.  അത്രക്ക് ജീവിതഗന്ധിയായിരുന്നു ചിത്രം. ടി.എ റസാഖിന്‍റെ തിരക്കഥയിലെല്ലാം ഈ ഘടകം നമുക്ക് കാണാനാകും. വലിയ വാണിജ്യ സിനിമ ചെയ്യുന്നതിനോ അതിന് വേണ്ടി തൂലിക ചലിപ്പിക്കാനോ അദ്ദേഹം ഒരിക്കല്‍ പോലും തയാറായില്ല. തനിക്ക് പറയാനുള്ള കാര്യങ്ങളാകണം തന്‍റെ സിനിമ എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അതിനായി മാത്രം അദ്ദേഹം ജീവിച്ചു.


1987ല്‍ എ.ടി. അബുവിന്‍റെ 'ധ്വനി' എന്ന സിനിമയില്‍ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. ജി.എസ്. വിജയന്‍റെ ഘോഷയാത്രക്ക് തിരക്കഥയൊരുക്കിയാണ് റസാഖ് സിനിമാ ലോകത്ത് ഇരിപ്പുറപ്പിച്ചത്. എന്നാല്‍ ആദ്യം റിലീസ് ചെയ്തത് രണ്ടാമത് തിരക്കഥയൊരുക്കിയ കമലിന്‍റെ വിഷ്ണുലോകം. സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവിനു (1977) മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. ഇതേ സിനിമക്ക് മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. പെരുമഴക്കാലവും ഗസലും വേഷവും ബസ് കണ്ടക്ടറുമെല്ലാം നൊമ്പരങ്ങളാണ് മലയാളിക്ക് സമ്മാനിച്ചത്. നൊമ്പരങ്ങളിലൂടെയായിരുന്നു അദ്ദേഹം കഥ പറഞ്ഞത്. വിഷ്ണു ലോകത്തിലെ വിഷ്ണുവും ബസ് കണ്ടക്ടറിലെ കുഞ്ഞാക്കയും പെരുമഴക്കാലത്തിലെ റസിയയുമെല്ലാം ഒരു നൊമ്പരമായി മലയാളീ മനസുകളില്‍ ഇന്നും ജീവിക്കുന്നു.

മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നവരായിരുന്നു അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍. ഒരോരുത്തരും മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി ജീവിക്കുമ്പോള്‍ മാത്രമേ മനുഷ്യരാകൂ എന്ന് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ എന്നും വിളിച്ചു പറഞ്ഞു. ആത്യന്തികമായി നന്മ മാത്രമായിരുന്നു കഥാകൃത്തിന് പറയാനുണ്ടായിരുന്നത്. എല്ലാവരുടെയും പ്രതിനിധിയായിരുന്നു അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍. നമുക്ക് ചുറ്റും ജീവിക്കുന്നവരെ വെള്ളിത്തിരയില്‍ കണ്ട് നൊമ്പരപ്പെട്ടാണ് മലയാളികള്‍ ടി.എ റസാഖ് എന്ന തിരക്കഥാകൃത്തിനെ ഇഷ്ടപ്പെട്ടത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും കരിയറിലെ മികച്ച സിനിമകള്‍ സമ്മാനിക്കാനും അദ്ദേഹത്തിനായി. കഥാപാത്രങ്ങളെല്ലാം തന്‍റെ നാടായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ അദ്ദേഹം കണ്ട മുഖങ്ങളായിരുന്നു. ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തിലെ കുഞ്ഞാക്കയെ അങ്ങിനെ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സിനിമയില്‍ വെറുതെ വന്നു പോകുന്നവരായിരുന്നില്ല റസാഖിന്‍റെ കഥാപാത്രങ്ങള്‍. പൊലീസ് സ്റ്റേഷനില്‍ വളര്‍ന്ന ഉത്തമന്‍, തിലകന്‍ അവതരിപ്പിച്ച സാഫല്യത്തിലെ മുത്തച്ഛന്‍, പെരുമഴക്കാലത്തില്‍ റസിയയുടെ ഉപ്പയായി വന്ന മാമുക്കോയ ഇവരെല്ലാം കേന്ദ്ര കഥാപാത്രങ്ങള്‍ അല്ലാതെ തന്നെ കഥാപാത്രങ്ങളായിരുന്നു. പ്രണയവും വാത്സല്യവും ത്യാഗവും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവുമെല്ലാം ഭാഷയുടെ തോരണങ്ങളില്ലാതെ സിനിമാ ആസ്വാദകര്‍ക്ക്  മുന്നില്‍ തുറന്നുകാണിച്ച ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത സ്നേഹം. താലോലം എന്ന ചിത്രം മൗനങ്ങളിലൂടെ പോലും സംവദിച്ചു. വാക്കുകള്‍ ഏറിയോ കുറഞ്ഞോ പോകാതെ പ്രമേയത്തിന്‍്റെ ആഴം കൂട്ടാന്‍ അദ്ദേഹത്തിന്‍്റെ തൂലികക്ക് കഴിയുമായിരുന്നു.

എന്നാല്‍ പുതിയ കാല ചലച്ചിത്ര ഭാഷയോട് റസാഖ് പുറം തിരിഞ്ഞ് നിന്നു. സിനിമയിലുണ്ടായ ഡിജിറ്റല്‍ വിപ്ളവത്തോടൊപ്പം മത്സരിക്കാന്‍ അദ്ദേഹം തയാറായില്ല. അതിനാല്‍ തന്നെയാവണം പുതുതലമുറക്ക് ജീവിതഗന്ധിയായ സിനിമകള്‍ സമ്മാനിക്കുവാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത്. അദ്ദേഹം സംവിധാനം ചെയ്ത മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുക്കാഞ്ഞതും ഇതാനാലാവും. പുതിയ കാല ചലച്ചിത്ര ലോകത്തിന് സാങ്കേതിക മികവ് മാത്രമാണുള്ളതെന്നും കാമ്പില്ലാതെ ആയെന്നും അദ്ദേഹം ചില അഭിമുഖങ്ങളില്‍ പറഞ്ഞത്.

സഹോദരങ്ങളെ... ഞാന്‍ ഇരുപത്തിയെട്ട് മുതല്‍ കൊച്ചി അമൃതാ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. രണ്ടാമത്തെ ലിവര്‍ ശസ്ത്രക്രിയ. ഇടക്ക് കുറച്ചുനാള്‍ നമുക്കിടയില്‍ ഒരു മൗനത്തിന്‍റെ പുഴ വളര്‍ന്നേക്കാം. കണ്ണേ അകലുന്നുള്ളൂ. ഖല്‍ബ് അകലുന്നില്ല എന്നായിരുന്നു ജൂലൈ മുപ്പതിന് അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചത്. മലയാളിയുടെ പ്രിയ തിരക്കഥാകൃത്ത് ഓര്‍മയാകുമ്പോഴും അദ്ദേഹം സമ്മാനിച്ച സിനിമകളില്‍ നിന്ന് ഖല്‍ബകലുന്നില്ല.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.