ഇറോം ശര്‍മിള സമരമവസാനിപ്പിക്കുമ്പോള്‍

പട്ടാളക്കാര്‍ക്ക് ആരെയും തന്നിഷ്ടം പോലെ പിടികൂടാനും കൊല്ല്ളാനും ഭോഗിക്കാനുമൊക്കെ അനുവാദം നല്‍കുന്ന നിയമമായി അഫ്സ്പ മാറിയ കാലം. അതിനെതിരെ ആരംഭിച്ച നിരാഹാര സമരത്തിനൊടുവിലാണ് ഇറോം ശര്‍മിള മണിപ്പൂരിലെ ജവാഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തടവുകാരി ആയി മാറുന്നത്. പട്ടാളം പിടിച്ചു കൊണ്ടുപോയ താംഗ്ജാം മനോരമ എന്ന യുവതി 2004ല്‍ ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ട സംഭവം മണിപ്പൂരിനെ പിടിച്ചു കലുക്കിയത് ഈ തടവു കാലത്തിനിടയിലായിരുന്നു.

ഇംഫാലിലെ പട്ടാള ബാരക്കുകളിലൊന്നില്‍ കൊല്ലപ്പെട്ട മനോരമയുടെ രഹസ്യ ഭാഗങ്ങളില്‍ പക്ഷെ 16 വെടിയുണ്ടകള്‍ ഏറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് കാംഗ്ല കോട്ടയുടെ നേരെ മധ്യവയസ്കരായ 12 അമ്മമാര്‍ ഉടുതുണിയുരിഞ്ഞു പ്രകടനം നടത്താനത്തെി. ‘ഇന്ത്യന്‍ പട്ടാളമേ വന്നു ബലാല്‍സംഗം ചെയ്യൂ’ എന്ന പ്ളക്കാര്‍ഡായിരുന്നു അവരുടെ നാണം മറക്കാനുണ്ടായിരുന്ന ഏക വസ്ത്രം. തരുണി, ജമിനി, ഇബെമാല്‍, മേമന്‍, രമണി, ഇബെട്ടോമി, ജബന്‍മാല, ലോമോ....

ഇന്ന് പ്രായം 70 പിന്നിട്ടു തുടങ്ങിയ ആ അമ്മമാരില്‍ മിക്കവരും തളരാത്ത പേരാട്ടവീര്യവുമായി മണിപ്പൂരില്‍ ജീവിച്ചിരിപ്പുണ്ട്. പക്ഷെ അവരുടെയെല്ലാം പോരാട്ടത്തെ തടവില്‍ കിടന്ന് ജ്വലിപ്പിച്ചു നിര്‍ത്തിയ ഇറോം ശര്‍മിള ഒടുവില്‍ സ്വയം പിന്‍വാങ്ങുകയാണ്. 16 വര്‍ഷം പിന്നിട്ട നിരാഹര സമരം ഒരു ഫലവും നേടിത്തന്നില്ളെന്നും പോരാട്ടത്തെ പുതിയ സമര മുഖങ്ങള്‍ തുറന്ന് ശക്തമാക്കാനാണ് പുറത്തേക്കിറങ്ങുന്നതെന്നുമാണ് ശര്‍മ്മിള ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറോം ശര്‍മിള പഴയ പോരാളി സുഹൃത്തുക്കള്‍ക്ക് മുഖം നല്‍കാറുണ്ടായിരുന്നില്ല. അവരെ കാണാന്‍ പോയ ലോമോയും മേമനുമൊക്കെ ദുരനുഭവങ്ങളാണ് നേരിട്ടത്. ജവാഹര്‍ലാല്‍ ആശുപത്രിയില്‍ നിന്നും ഇറോം ശര്‍മിള പ്രഭാതത്തില്‍ ചെടികള്‍ക്കു വെള്ളമൊഴിക്കാനായി പുറത്തിറങ്ങുന്ന സമയത്ത് അവരുടെ മുമ്പില്‍ ചെന്നു പേരെടുത്തു വിളിച്ചിട്ടും പുറം തിരിഞ്ഞ് വഴിമാറി പോവുകയായിരുന്നു ശര്‍മിള. ഇന്നും എല്ലാ സായന്തനങ്ങളിലും മണിപ്പൂരിലെ സമരപ്പന്തലിലത്തെി ഇറോം ശര്‍മിളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വാര്‍ധക്യമാണ് മേമന്‍േറത്.

ഇറോമിന്‍െറ പ്രക്ഷോഭത്തെ ആശുപത്രിക്കു പുറത്ത് ഇക്കഴിഞ്ഞ 16 വര്‍ഷവും ഏകോപിപ്പിച്ച ബബ്ലൂ ലോയിട്ടോഗ്ബാം പുതിയ സംഘടന പ്രഖ്യാപിച്ച് വഴിപിരിഞ്ഞു നീങ്ങി. വ്യാജ ഏറ്റുമുട്ടലുകളില്‍ സൈന്യം വധിച്ച 1500ലേറെ പേരുടെ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് ബബ്ലു ഇപ്പോള്‍. ആരും ഇറോം ശര്‍മിളയെ കുറിച്ച് വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നില്ല.

നിരാഹാര സമരം അവസാനിച്ച് മണിപ്പൂരിന്‍െറ രാഷ്ട്രീയ ഭൂമികയില്‍ ആകാശം തൊടാനൊരുങ്ങുന്ന ഇറോം ശര്‍മിളയെ അവരുടെ അമ്മ ഇറോം സാഖി പോലും അംഗീകരിക്കുന്നില്ളെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്സ്പ നിയമം അവസാനിപ്പിക്കാനായിരുന്നല്ളോ ഈ സുദീര്‍ഘമായ കാലമത്രയും ശര്‍മിള സമരം ചെയ്തത്. ആ നിയമം എടുത്തു കളഞ്ഞ് വീട്ടില്‍ മടങ്ങിയത്തെുന്ന ദിവസം ആദ്യത്തെ ഉരുള ഭക്ഷണം സ്വന്തം കൈകൊണ്ട് നല്‍കാനായി കാത്തിരുന്ന ആ അമ്മക്ക് വെറും കയ്യോടെ ശര്‍മിള മടങ്ങി വരുന്നതു കാണാന്‍ താല്‍പര്യമില്ല. അതവര്‍ മാധ്യമ പ്രവര്‍ത്തരോടു പറയുകയും ചെയ്യുന്നു.

അപ്പോള്‍ ആര്‍ക്കു വേണ്ടിയാണ് ഇറോം ശര്‍മിള സമരം അവസാനിപ്പിക്കുന്നത്? ഇറോമിന്‍െറ നിയുക്തവരനും ഗോവയില്‍ വേരുകളുള്ള ബ്രിട്ടീഷ് പൗരനുമായ ഡെസ്മണ്ട് കുടിഞ്ഞോ ആണ് ഒരുപക്ഷേ വില്ലനായി ചിത്രീകരിക്കപ്പെടുന്നത്. ഒപ്പം പൊലിസിനും പങ്കുണ്ടെന്ന് ഇത്രയും കാലം ഒപ്പം നടന്നവര്‍ ആരോപിക്കുന്നു. ഒടുവിലൊടുവിലായി ഇറോം സമരസഖാക്കളോട് സംസാരിക്കാതായതിനു പിന്നില്‍ പൊലിസിന്‍െറ ഭീഷണികളാണെന്നാണ് മേമനും മറ്റും പറയുന്നത്.

തടവുകാരിക്ക് ഭരണകൂടം ലാപ്ടോപ് നല്‍കിയ അപൂര്‍വ്വതയും ഈ മനംമാറ്റത്തിന്‍െറ അടിത്തറയൊരുക്കുന്നതില്‍ പങ്കുണ്ടായിരിക്കാമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. വേദാന്തം ഖനി വിരുദ്ധ സമരത്തിനിടെ പോസ്കോ കമ്പനി യുവാക്കള്‍ക്ക് നല്‍കിയ ബൈക്കുകളെയാണ് ഈ ലാപ്ടോപ്പ് അങ്ങനെയെങ്കില്‍ അനുസ്മരിപ്പിക്കുന്നത്. പക്ഷെ സമരത്തിന്‍െറ രൂപം മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും നിരാഹാര സമരം ഒന്നും നേടിത്തരാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ സമരത്തിന് തുടക്കമിടുകയാണ് താനെന്നും ഇറോം പറയുന്നു. അതിനിടെ ഒരു സ്ത്രീ എന്ന നിലയില്‍ ജീവിക്കാനുള്ള മോഹത്തെ കുറിച്ചും അവര്‍ പറയുന്നുണ്ടായിരുന്നു.

16 വര്‍ഷം നീണ്ട ലോകചരിത്രത്തിലെ സമാനതകളില്ലാത്ത സഹനസമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിന്‍െറ നെറികെട്ട സമരവേദിയിലേക്കാണ് അഫ്സ്പ വിരുദ്ധസമരം ചുടവു മാറുന്നത്. ഈ നിയമത്തിന്‍െറ കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തിന് ഒന്നും ചെയ്യാനില്ളെന്ന് ഏറ്റവുമൊടുവിലെ കശ്മീര്‍ സംഘര്‍ഷങ്ങള്‍ അടിവരയിടുമ്പോഴാണ് ഈ പരീക്ഷണമെന്നത് കാണാതിരിക്കാനാവില്ല.

മുഖ്യധാരാ രാഷ്ട്രീയത്തില്‍ പുരുഷായുസ് മുഴുക്കെ നിലയുറപ്പിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഇഫ്തിഖാര്‍ ഹുസൈന്‍ ഒടുവില്‍ സായുധ സമരത്തിന്‍െറ വഴിയിലേക്കാണ് കശ്മീരില്‍ ചുവടു മാറിയത്. 64 ശതമാനം ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിലേറിയ ബി.ജെ.പി-പി.ഡി.പി സര്‍ക്കാറിനു പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത അഫ്സ്പയിലേക്കു തന്നെയാണ് ഇന്നത്തെ സംഘര്‍ഷങ്ങളുടെ അടിവേരുകള്‍ ചെന്നത്തെുന്നതും. ഈ യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ളെന്നു നടിച്ചാണ് ഒരു പുതിയ മുഖ്യമന്ത്രിക്ക് മണിപ്പൂരിന്‍െറ തലവര മാറ്റാനാവുമെന്ന പ്രതീക്ഷയോടെ ഇറോം ശര്‍മിള സമരമവസാനിപ്പിക്കുന്നത്. അവര്‍ക്ക് നല്ലതു വരട്ടെയെന്ന് ആശംസിക്കുക. പക്ഷെ മണിപ്പൂരിന്‍െറ വിഖ്യാതമായ ആ നിരാഹാര സമരത്തോളം ശക്തമായി മറ്റൊന്നും ഇറോമിന് ചെയ്യാനാവുമായിരുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.